Sunday, April 10, 2011

പൊന്നില്‍ തീര്‍ത്ത ഉറുമി



ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാവുക എന്നത് ഭാഗ്യമുള്ളൊരു കാര്യമാണ്.
രണ്ടാഴ്ച്ചകള്‍ക്ക് മുന്പ് ഇന്ത്യ ലോക ചാംപ്യന്മാരായത് സാക്ഷ്യം വഹിക്കാനായി. ഇന്നലെ കേരളത്തിന്‍റെ ക്രിക്കറ്റ് ചരിത്രത്തില്‍ മാറ്റം വരുത്താവുന്നൊരു സംഭലത്തിനും സാക്ഷ്യം വഹിക്കുകയുണ്ടായി. മലയാളി താരങ്ങള്‍ വെറും മൂന്ന് പേരാണെങ്കിലും, കേരളത്തിന്‍റെ ടീമെന്ന് പറയാവുന്ന ഒരു ടീം ഐപിഎല്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നു, തോല്‍വിയൊടെയാണെങ്കിലും. ഇന്ന് മറ്റൊരു ചരിത്ര സത്യം(?) വീക്ഷിക്കുവാനുമിടയായി. ഉറുമി.........




പിഎസ്സി പരീക്ഷ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണിന്നലെ പഴയ ഓഫീസിലെ ഒരു
സുഹൃത്തിനെ വഴിയില്‍ വെച്ച് കണ്ടത്. അവന്‍റെയൊപ്പം ഞായറാഴ്ച പടം കാണാനിറങ്ങാമെന്ന്
തീരുമാനിച്ചെങ്കിലും. ഉറക്കത്തെ വെല്ലി രാവിലെ സിനിമക്ക് പോകാനാവുമെന്ന ഉറപ്പ്
തീരെയുണ്ടായിരുന്നില്ല.കൊച്ചിയുടെ തോല്‍വിയും കണ്ട് കിടന്നപ്പോള്‍ പ്രതീക്ഷിച്ച പോലെ രാവിലെ ഏണീറ്റത് വൈകി. 9.30ക്ക് ഉണര്‍ന്ന് മൊബൈല്‍ നോക്കിയപ്പോള്‍ ജുനിലിന്‍റെ മിസ്സ് കോള്‍ . അവര്‍
വെള്ളയന്പലത്തെത്തിയിരിക്കുന്നു. ടിക്കറ്റ് അവരെടുത്തോളാം ഞാന്‍ തിയേറ്ററിലെത്തിയാല്‍ മതിയെന്ന്.

കുളിയും ബ്രേക്ക്ഫാസ്റ്റുമെല്ലാം കഴിഞ്ഞ് വീണ്ടും ജുനിലിനെ ട്രൈ ചെയ്തു. ഉറുമി ഓടുന്ന തിയേറ്ററില്‍
(ഏതാണെന്ന് അറിയില്ല) രണ്ടു ടിക്കറ്റ് മാത്രമേയുള്ളുവെന്നും. അതിനാല്‍ ശ്രീയിലേക്ക് (അവിടെയും ഷോ ഉണ്ടത്രേ) നടക്കുകയാണെന്നവന്‍ പറഞ്ഞു. പടം കാണാന്‍ നമ്മള്‍ രണ്ടുപേരെ കൂടാതെ ലിബിനും ഓസ്റ്റിനും ഉണ്ടെന്ന കാര്യം ജുനില്‍ സൂചിപ്പിച്ചു.

തിയേറ്ററിലെത്തി. സിനിമ തുടങ്ങാന്‍ അരമണിക്കൂറിലധികം ഇനിയുമുണ്ട്. സുഹൃത്തുക്കളെല്ലാം അകത്ത് കയറിയിരിക്കുന്നെന്ന് തോന്നുന്നു. ടിക്കറ്റ് കൊണ്ടറിലൊന്നും വേണ്ടത്ര തിരക്കില്ല. ഈ ഉരുകുന്ന ചൂടത്തും എസി ഓണാക്കാന്‍ മടിക്കുന്ന തിയേറ്ററുകാരെ വെല്ലുവിളിച്ചുകൊണ്ടെന്ന പോലെ കുറച്ചാളുകള്‍ തിയേറ്ററില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. പതുക്കെ പതുക്കെ ശ്രീ തിയേറ്റര്‍ നിറയുന്നു. ഏറെ സ്ത്രീപ്രേക്ഷകര്‍ ചിത്രം കാണാന്‍ എത്തിയിട്ടുണ്ട്.

ഒരു പിരീഡ് ചിത്രത്തിനെ പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നത് ഏറെ ശ്രമപ്പെട്ട പണിയാണ്.ലഗാനില്‍ അമിതാഭ് ബച്ചന്‍റെ ശബ്ദത്തിലുടെ തുടങ്ങുന്നത് പോലെ, ഇവിടെ കെപിഎസി ലളിതയുടെ ശബ്ദമാണ് നമ്മളെ വരവേല്‍ക്കുന്നത്. അതൊരു പുരുഷ ശബ്ദമായിരുന്നെങ്കില്‍ കുറച്ചു കൂടി മികച്ച് നിന്നേനെയെന്ന് തോന്നി. ഉറുമി എന്നൊരു ചിത്രം സന്തോഷ് ശിവന്‍റെ വിഷ്വല്‍ ട്രീറ്റ്മെന്‍റിന്‍റെ പേരില്‍ നമുക്കെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ചിത്രമാണ്.

ജെനീലിയ, ജഗതി എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും ചിറയ്ക്കല്‍ തന്പുരാനെ അവതരിപ്പിച്ച
നടനും ഏറെ മികച്ച് നിന്നു. ബബിളി കാരക്ടറായി മാത്രം നാമെല്ലാം കണ്ടിട്ടുള്ള ജെനീലിയയുടെ
കരിയറിലെ മികച്ചൊരു കഥാപാത്രമാണിതെന്ന് പറയേണ്ടതില്ലല്ലോ. ജഗതിയുടെ സ്ത്രൈണ സ്വഭാവമുള്ള കഥാപാത്രത്തിന്‍റെ അവസാന രംഗങ്ങളിലെ ഭാവമാറ്റം ശരിക്കും ഈ അതുല്യ നടന് മാത്രം കഴിയുന്നതാണ്.

ആര്യ, നിത്യമേനോന്‍ , വാസകോഡ ഗാമയും, അദ്ദേഹത്തിന്‍റെ പുത്രനായി എത്തുന്ന വിദേശികളും.
ചിറക്കല്‍ തന്പുരാന്‍റെ പുത്രനായി എത്തുന്ന അഭിനേതാവ് എല്ലാവരും വളരെ ഭംഗിയായി തന്നെ
അഭിനയിച്ചു എന്ന് പറയണം. ഏറെയൊന്നും ചെയ്യാനില്ലെങ്കിലും വിദ്യാബാലനും,തബുവും(ഒരു പാട്ടില്‍ മാത്രം) ഈ ചിത്രത്തില്‍ തലകാണിക്കുന്നുണ്ട്. ചിത്രത്തിലെ പാട്ടുകളൊക്കെ ഇപ്പോള്‍ത്തന്നെ നമുക്കെല്ലാം സുപരിചിതമായി കഴിഞ്ഞിരിക്കുന്നു.

പൃഥ്വിരാജും പ്രഭുദേവയും അവതരിപ്പിക്കുന്ന കേളു നയനാരും, വവ്വാലിയും ഇനിയും കുറേനാള്‍ നമ്മുടെ
മനസ്സുകളില്‍ തങ്ങുമെന്നത് തീര്‍ച്ച. ഒരു മോഹന്‍ലാല്‍ ആരാധകനായ എനിക്ക്, പൃഥ്വിയുടെ
ഇഷ്ടചിത്രങ്ങള്‍ വര്‍ഗം, വാസ്തവം, ക്ലാസ്മേറ്റ്സ് എന്നിവയാണ്. ആ പട്ടികയിലേക്ക് ഞാന്‍ ഉറുമിയെയും
ചേര്‍ക്കുന്നു.

ഇതുപോലൊരു ചിത്രം നമുക്കിനി കാണുവാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം, ചിലപ്പോള്‍
കണ്ടെന്ന് തന്നെ വരില്ല. സന്തോഷ് ശിവന്‍ ഒരു മികച്ച ഡയറക്ടറാണെന്ന് പറയനാവില്ലെങ്കിലും ഈ
ചിത്രത്തിലെ ഓരോ ഫ്രെയിമും അദ്ദേഹത്തിന്‍റ പ്രതിഭയെ വിളിച്ചറിയിക്കുന്നതാണ്.

പറങ്കിയായാലും ബ്രിട്ടീഷായാലും ഫ്രഞ്ചായാലും കച്ചവടക്കണ്ണുകളോടെ ഭാരതിലെത്തിയ ഈ
വിദേശീയര്‍ക്കെതിരെ നാട്ടുകാരില്‍ നിന്ന് ചെറുത്ത് നില്പുണ്ടായിട്ടുണ്ടെന്നുള്ളത് സത്യം.
ഈ ചിത്രത്തില്‍ പറഞ്ഞിരിക്കുന്ന ചരിത്രം ശരിയോ തെറ്റോ എന്നെനിക്കറിയില്ല. പക്ഷേ
ഐലന്‍റ്എക്സ്പ്രസ് എന്ന ചിത്രത്തിലൂടെ ശങ്കര്‍ രാമകൃഷ്ണന്‍റെ തിരക്കഥയില്‍ പൂര്‍ത്തിയായ ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടും എന്നത് തീര്‍ച്ച.

വാല്‍ : കാര്യമിതൊക്കെയാണെങ്കിലും, രാത്രി ജീവന്‍വയ്ക്കുന്ന നാഗത്തെ കാട്ടിത്തരാമെന്ന് പറഞ്ഞ്
പറ്റിച്ചത് വല്ലാത്തൊരു കഷ്ടമായിപ്പോയി.

കഷ്ണം : ഷോ കഴിഞ്ഞിറങ്ങിയപ്പോള്‍ അടുത്ത ഷോയ്ക്കായി സാമാന്യം നല്ല തിരക്കുണ്ടെന്നുള്ളത്
സന്തോഷം തരുന്നൊരു കാഴ്ച്ചയായിരുന്നു.

Saturday, February 26, 2011

തടസ്സങ്ങളില്ലാതെ ട്രാഫിക്


വെള്ളിയാഴ്ച്ചയുണ്ടായിരുന്ന പരീക്ഷയ്ക്ക് ലീവെടുത്തെത്തിയ ഞാന്‍ പരീക്ഷ കഴിഞ്ഞ് ബാക്കി സമയം, പതിവ് പരിപാടികളായ ചാറ്റ്, ട്വീറ്റ്, ബ്ലോഗ് വായന, കമന്‍റ് എന്നിവയില്‍ ബിസി ആയിരിക്കുന്പോളാണ് ഒരു ചാറ്റ് പോപ് ചെയ്ത വന്നത്....

'നിങ്ങളീ ആഴ്ച്ച വരുന്നുണ്ടെങ്കില്‍ ട്രാഫിക്കിന് പോയാലോ? നിങ്ങളും ഉണ്ടെങ്കില്‍ നമുക്ക് രാവിലത്തെ ഷോക്ക് പോകാം' ചാറ്റിലൂടെ മജോണിന്‍റെ ക്ഷണം.

'പിന്നെന്താ, പോണെന്നുറപ്പാണെങ്കില്‍ നേരത്തെ പറയണം, കുളിക്കണോ വേണ്ടയോന്ന് തീരുമാനിക്കാനുള്ളതാ' തിരിച്ച് ഞാനും പിംഗ് ചെയ്തു.

'കോയന്പത്തൂര്‍ പോയതിന് ശേഷം കുളിയൊന്നുമില്ലേ മനുഷ്യാ'

'അതല്ലടേയ്, നാളെ മുടിവെട്ടിക്കണമെന്ന് വിചാരിച്ചിരുന്നതാ, സിനിമക്ക് പോകുവാണേല്‍ അത് പിന്നെപ്പോളെങ്കിലും ആക്കാം'

'ഉം ഉം, ഞാനിത് നാലാളോട് പറയട്ടേ'

'നീ ആരോട് വേണമെങ്കിലും പറഞ്ഞോ, വേറെ ആരൊക്കെ വരുന്നുണ്ട്' വിഷയം മാറ്റി ഞാന്‍ രക്ഷപ്പെടാനൊരു ചെറിയ ശ്രമം നടത്തി.

'വേറെ എല്ലാവന്മാരും കണ്ടു, ഞാനും സുള്ളനും പിന്നെ ഹൃദയവും കാണും...'

'ആര് നിധീഷോ, അവന്‍ സിനിമയ്ക്കൊക്കെ വരുമോ?' മജോണിന് മറുപടി കേട്ട് ഞാനൊന്ന് ഞെട്ടി.....

'കല്യാണം കഴിഞ്ഞ് സിനിമക്കൊക്കെ പോകാനുള്ളതല്ലേ, അതിന്‍റെ പ്രാക്ടീസാവും' മജോണ്‍ സംഭാഷ്ണത്തിന് മേന്പൊടി ചേര്‍ത്തു


'നീ പ്രോഗ്രാമെന്താണെന്ന് കറക്ടായി വിളിച്ച് പറ, ഞാന്‍ സൈന്‍ഔട്ട് ചെയ്യുകയാ, സിസ്റ്റം തൂങ്ങുന്നു പണ്ടാരം വൈറസുകളെല്ലാം കൂടി ഇത് കുളമാക്കുമെന്നാ തോന്നണേ' ചാറ്റ് വിന്‍ഡോകളിലെ ക്ലോസ് ബട്ടണുകളില്‍ ക്ലിക്കമര്‍ന്നു....


മലയാള സിനിമ പ്രേക്ഷകരില്‍ ഭൂരിഭാഗവും നല്ലതെന്ന് പറഞ്ഞ ട്രാഫിക് എന്ന ചിത്രം എനിക്കിതുവരെ കാണാനായിട്ടില്ല. ഈ വരവിന് ആ കുറവ് നികത്തണമെന്ന് വിചാരിച്ചിരുന്നതാണ്. പഴയ സിനിമാ മേറ്റ് രമേഷന്‍ ചെന്നൈക്ക് കടന്നതിന് ശേഷം സിനിമ കാണല്‍ കുറഞ്ഞിട്ടുണ്ട്.

പിറ്റേന്ന് രാവിലെ(9.30 എന്ന് വായിക്കുക) എണീറ്റ് കുളിയും കാര്യങ്ങളുമെല്ലാം കഴിഞ്ഞ് ആന്‍റിവൈറസും അപ്ഡേറ്റ് ചെയ്തിരിക്കുന്പോള്‍ മജോണിന്‍റെ കോള്‍

'നിന്നെ വിളിക്കണമെന്ന് വിചാരിച്ചതേ ഉള്ളു, ഏതാ തിയേറ്റര്‍ ' മജോണിനോട് ഞാന്‍ ചോദിച്ചു

'ചേട്ടാ ഒരു പ്രശ്നമുണ്ട്, സുള്ളന് രാവിലെ എത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല, ഇന്ന് ഓഫീസുള്ളതല്ലേ, ഹൃദയവും ഉണ്ടാവില്ലെന്ന് പറഞ്ഞു'

'ഹൃദയത്തിനെന്താ പ്രശ്നം'

'അവനിപ്പോ കിടന്നിട്ടേ ഉണ്ടാവുള്ള രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഫോണിന്‍ പരിപാടിയല്ലേ'

'ശരി ശരി, വൈകുന്നേരമായാല്‍ രണ്ടുപേര്‍ക്കും ഓക്കെ ആയിരിക്കുമല്ലോ'

'സുള്ളന്‍ ഓക്കെയായിരിക്കും, പക്ഷേ ഹൃദയം....'

'അവനെന്താ പ്രശ്നം?'

'വൈകുന്നേരം വീണ്ടും, ഫോണിന്‍ പ്രോഗ്രാം തുടങ്ങുമല്ലോ...'

'എന്തുവാടേയ് കല്യാണം ഉറപ്പിച്ചാല്‍ എല്ലാവനും ഇങ്ങനെയാവുമോ?'

'ആരും ഒന്നും പറയേണ്ട, അധികം വൈകാതെ നമ്മളും നിങ്ങളോട് ഈ ചോദ്യം ചോദിക്കുന്നത് കാണാം....' മജോണ്‍ നമുക്കിട്ടൊന്ന് ചാന്പി

'ശരി ശരി, വൈകുന്നേരം കാണാം ' കോള്‍ കട്ട് ചെയ്ത്, ഞാന്‍ വൈറസ് പിടുത്തത്തിലേക്ക് നീങ്ങി.....


ട്രാഫിക്കിനെക്കുറിച്ച് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാര്‍ക്കും അറിയാം, നല്ലതും ചീത്തയും(http://malayal.am എന്ന സൈറ്റില്‍ വന്ന റിവ്യൂ) നിങ്ങള്‍ വായിച്ചതാണ്. ബിജെപിയുടെ രക്ഷായാത്ര(ഇപ്പോള്‍ യാത്രകളുടെ സീസണാണല്ലോ) സൃഷ്ടിച്ച ട്രാഫിക്ക് ബ്ലോക്കില്‍ നിന്ന് രക്ഷപ്പെട്ട് തിയേറ്ററിലെ ടിക്കറ്റ് കൌണ്ടറിലെത്തിയ നമ്മള്‍ വ്യത്യസ്തമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചു. 'ട്രാഫിക്ക് ഫ്രണ്ടസ്' എന്ന പേരില്‍ രാജേഷ്പിള്ളയുടെ(സംവിധായകന്‍ ) സുഹൃത്തുക്കളുടെ വക രൂപികരിച്ച ഒരു സൌഹൃദ കൂട്ടായമയുടെ വക ട്രാഫിക്കിന്‍റെ 51ാമത് ദിവസത്തിന്‍റെ ആഘോഷ പരിപാടികള്‍ നടക്കുകയായിരുന്നു അവിടെ(രമ്യ-ധന്യ തിയേറ്റര്‍ ).


മലയാള സിനിമയുടെ കാര്‍ണവര്‍ മധു, ഡയറക്ടര്‍ രാജേഷ്പിള്ള, തിരക്കഥാകൃത്ത് സഞ്ജയ്, സംഗീതസംവിധായകന്‍ മെജോ ജോസഫ്-സാംസണ്‍കോട്ടൂര്‍‍ , സിനിമയില്‍ അഭിനയിച്ച ചില സഹനടി-നടന്മാര്‍ക്കും, മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കുമായി ഒരു സ്വീകരണം(മുന്‍ നിര നടന്മാരാരും ചടങ്ങില്‍ എത്തിയിട്ടില്ലായിരുന്നു). കൂട്ടത്തില്‍ എടുത്ത്ശ്രദ്ധിക്കപ്പെട്ടത് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന ചെറുപ്പക്കാരനായ ഈ ചിത്രത്തിന്‍റെ പ്രൊഡ്യൂസറെയാണ്. മുപ്പതിന് താഴെ മാത്രം പ്രായം വരുന്ന ഈ ചെറുപ്പക്കാരനാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ചിത്രത്തില്‍ റഹ്മാനെ കാണിക്കുന്ന ആദ്യ സീനുകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ലിസ്റ്റിന്‍ . ലിസ്റ്റിന്‍ പറഞ്ഞത് പോലെ സാധാരണ ഒരു ചിത്രത്തിന്‍റെ പ്രോഡ്യൂസറാണ് ആ ചിത്രത്തിന്‍റെ വിജയം ആഘോഷിക്കാനായി ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കാറ്. പക്ഷേ ഇവിടെ അവരുടെ സുഹൃത്തുക്കള്‍ അവര്‍ക്കായി ഒരു സ്വീകരണം ഒരുക്കിയിരിക്കുന്നു. അപ്രതീക്ഷിതമായെങ്കിലും എനിക്കും അതില്‍ പങ്കുചേരാനായി എന്നുള്ളതില്‍ സന്തോഷമുണ്ട്.


ഒരു സിനിമ വിജയിക്കുന്നത്, പ്രേക്ഷകരെയും ആ കഥ പറച്ചിലിനൊപ്പം കൊണ്ടു പോകാന്‍ കഴിയുന്പോളാണ്. സ്ക്രീനില്‍ തെളിയുന്ന ചിത്രങ്ങളില്‍ അത്രമാത്രം ലയിച്ചിരുന്ന് കണ്ട ചിത്രങ്ങളാണ് ലഗാനും, ചക്ദേ ഇന്ത്യയുമെല്ലാം. അവയ്ക്കൊപ്പം വയ്ക്കാനാവുമോ എന്നൊരു ചോദ്യം ബാക്കി നില്‍ക്കുന്പോഴും, ഒന്ന് തീര്‍ച്ചയാണ് ദൈനംദിന ജീവിതത്തിലെ ട്രാഫിക്ക് മലയാളികള്‍ക്ക് സുപരിചിതമാണ്. പക്ഷേ മലയാളസിനിമയിലെ ഈ ട്രാഫിക്ക് അവര്‍ക്കെന്നും വ്യത്യസ്തമായിരിക്കും. ഈ ചിത്രത്തിലെ ആക്സിഡന്‍റ് സീനുകള്‍ മാത്രം മതി അത് തെളിയിക്കാന്‍


വാല്‍ : ചിത്രം തുടങ്ങുന്നതിന് മുന്പ് ചാക്കോച്ചന്‍ ഫാന്‍സ് അസോസിയേഷന്‍കാരുടെ ലഡ്ഡുവിതരണം ഉണ്ടായിരുന്നു. അവധി ദിവസമായതോണ്ടായിരിക്കാം ബാല്‍ക്കണി ഹൌസ്ഫുള്ളുമായിരുന്നു......

ഇതൊക്കെയാണെങ്കിലും പറയാതെ വയ്യ, തിരക്കുള്ള കോളനിയിലെ ആളുകളെ ഒഴിപ്പിക്കാനായി കാറിനെക്കാളും വേഗത്തിലോടി വഴി ക്ലിയറാക്കുന്ന ആസിഫ് അലിയുടെ കഥാപാത്രം വിചാരിച്ചിരുന്നേല്‍ ഈ ബുദ്ധിമുട്ടൊന്നുമില്ലാതെ കൊച്ചി ടു പാലക്കാട് ഓടിയെത്താമായിരുന്നില്ലേ എന്നൊരു സംശയം തോന്നും പ്രേക്ഷകര്‍ക്ക് ചില സീനുകള്‍ കാണുന്പോള്‍


ക്കഷ്ണം : സിനിമയില്‍ ഏറ്റവും ഫീല്‍ ചെയ്തത് റെയ്ഹാന്‍റെ അച്ഛനെയും അമ്മയേയും ഓര്‍ത്താണ്. ഒരു മാതാപിതാക്കള്‍ക്കും അങ്ങനൊരു അവസ്ഥയിലൂടെ സഞ്ചരിക്കേണ്ടി വരരുതേയെന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.....


ഒരു No പ്രത്യേകിച്ചൊരു മാറ്റവും കൊണ്ടുവരില്ല, എന്നാലൊരു Yes പുതിയൊരു തുടക്കം കുറിച്ചേക്കാം. നാളെ അത് ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടേണ്ട ഒന്നായി മാറാം.


നമ്മളെല്ലാരും നല്‍കിയ ഈ യെസ് ഇനിയും ഇത് പോലുള്ള ചിത്രങ്ങളെടുക്കാന്‍ പലരെയും പ്രേരിപ്പിക്കട്ടെ.......


Wednesday, January 5, 2011

പുതുവര്‍ഷ ചിന്തകള്‍

ലക്ഷങ്ങള്‍ ചിലവാക്കി ചാന്ദ്രയാനും മറ്റു പരീക്ഷണങ്ങളും നടത്തിയപ്പോള്‍, പലരും പറഞ്ഞു എന്തിനിത്രയും പണം ഇതിനായി ചിലവാക്കുന്നു, അത് പാവങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികള്‍ക്ക് ഉപയോഗിച്ചൂടെ....
അന്നെനിക്കറിയാമായിരുന്നു ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഇത് അത്യാവശ്യമായിരുന്നു(പാവങ്ങള്‍ക്ക് അനുവദിച്ച പദ്ധതികള്‍ കൈയ്യിട്ടു വാരി തീര്‍ക്കുന്നു, ഇനി ഇതിലും കൂടി കൈയ്യിടണമോ?)

കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഇത്രയധികം പണം ചിലവാക്കുന്നതിനെ മുന്‍ സ്പോര്‍ട്സ് മന്ത്രി തന്നെ എതിര്‍ത്തപ്പോളും, എന്റെ തോന്നല്‍ ഇന്ത്യയുടെ കായിക വളര്‍ച്ചയ്ക്ക് ഈ കായിക മാമാങ്കം സഹായകരമാകുമെന്ന്(പലരുടെയും വളര്‍ച്ചയ്ക്കൊപ്പം ഇന്ത്യന്‍ കായിക രംഗവും, കോമണ്‍വെല്‍ത്ത് ഗെയിംസോട് കൂടി ചെറുതായി വളര്‍ന്നുവെന്ന് വിശ്വസിക്കുന്നു ഞാന്‍)

പക്ഷേ ഒന്നു മാത്രം എനിക്ക് മനസ്സിലാകുന്നില്ല

അജ്മല്‍ കസബിനായി എന്തിന് ലക്ഷങ്ങളും കോടികളും ചിലവാക്കുന്നു.

മുംബൈ ആക്രമണത്തില്‍, എത്ര തെളിവുകള്‍ കൊടുത്താലും, തെളിവ് പോരാ തെളിവ് പോരാ എന്ന് പറയുന്ന പാക്കിസ്ഥാന്റെ പങ്കു വെളിപ്പെടുത്തുവാനുള്ള ഏക തെളിവാണെന്ന് മാത്രം പറയരുത്....


സംശയം പിന്നെയും ബാക്കി

ഒരു വിമാനറാഞ്ചലിന് കൂടി അവസരം ഉണ്ടാക്കാനോ? അതുവഴി മേജര്‍ രവിക്ക് വീണ്ടും ഒരു 'ക'മാന്‍ഡോ ചിത്രം ഒരുക്കുവാനുള്ള അവസരത്തിനായോ?

Saturday, October 30, 2010

തൃശ്ശൂരില്‍ നിന്ന് സ്വന്തം പ്രാഞ്ചിയും പുണ്യാളനും

കണ്ടും കേട്ടും പറഞ്ഞും നിങ്ങളിത് കുറേ കേട്ടതാണെങ്കിലും, എന്താണെന്നറിയില്ല, പടം കണ്ട ശേഷം എന്റെ വകയും ഒന്നാവാന്ന് ഭയങ്കര പൂതി. എന്നാല്‍ പിന്നെ എങ്ങനാ തൊടങ്ങല്ലേ പ്രാഞ്ചിയുടെ വിശേഷം.





പൊതുവേ മമ്മൂട്ടി പടങ്ങള്‍ തിയേറ്ററില്‍ പോയി കാണുന്ന പതിവ് എനിക്ക് കുറവാണ് . ഇത് പിന്നെകാണാനുള്ള കാരണം എന്താച്ചാല്‍ , ഒന്ന് പൂനെയില്‍ നിന്ന് നാട്ടിലെത്തിയ ഷംനാറുമൊത്ത് ഫിലിം കാണുക(അതും തമാശ പടം) എന്നതിന്റെ ഒരു രസം. പിന്നെ മ്മടെ തൃശ്ശൂര് ഭാഷയില്‍ മമ്മൂട്ടിയങ്ങ് കാച്ചുകയാണെന്ന് പരക്കെയുള്ള റിപ്പോര്‍ട്ട്. തൃശ്ശൂരിനോട് എന്താണെന്നറിയില്ല, ഭയങ്കര ഒരു ഇതാണ്. അതിപ്പോ തൃശ്ശൂര്‍ റൌണ്ടായാലും, വടക്കുന്നാഥന്‍ ക്ഷേത്രമായാലും
ഒറ്റ തവണ കണ്ട പൂരമാണോ, അതോ അവിടത്തെ ക്ടാങ്ങളയാലും ശരി, ആ ഒരിതുണ്ടല്ലോ, അത് വല്ലാത്തൊന്നാണ്. അതോ തൂവാനത്തുമ്പികളിലൂടെ "നമുക്കൊരു നാരങ്ങാ വെള്ളമായാലോ, ഐസിട്ട് " എന്ന് ലാലേട്ടന്‍ പറയണ കേട്ടത് മുതലുള്ള ഇഷ്ടാണോന്നറിയില്ല. പൂരത്തിനായി തൃശ്ശൂര്‍ക്കാരന്‍ ഷോബിയുടെ വീട്ടില്‍ തങ്ങിയ ആ മൂന്ന് നാളും ദാ ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു.


ഒരു പേരിലെന്തിരിക്കുന്നു എന്ന് ഷേക്ക്സ്പിയറിന് പറയാം ചോദിക്കാം, പക്ഷേ അരിപ്രാഞ്ചിക്ക് അതങ്ങട് സമ്മതിച്ച് കൊടുക്കാനാവില്ല. കാരണം ഗുമ്മുള്ള ഒരു പേരിനായുള്ള നെട്ടോട്ടതിനിടയില്‍ സംഭവിച്ച അക്കിടികളല്ലേ മൂപ്പര് ഫ്രാന്‍സിസ് പുണ്യാളനോട് പറയണേ. പള്ളിയില്‍ വെച്ച് അവര്‍

തമ്മില്‍ കാണണ മുതല്‍ മമ്മൂട്ടി തൃശ്ശൂര്‍ സ്ലാംഗില്‍ അങ്ങ് കസറാണ്. സംഭവത്തിന്റെ കളി മുഴുവനും ഡയലോഗിലാണ് അതിന്റെ ക്രഡിറ്റ് ഫുള്ള് രഞ്ജിത്തിനാണ് പക്ഷേ മറന്നുകൂടാത്ത പ്രകടനം മമ്മൂട്ടിയുടെ കൈയ്യില്‍ നിന്നുണ്ട്. ഒന്നിന്ന് പുറകെ ഒന്നന്നായി വരുന്ന ഡയലോഗുകള്‍ കേട്ട്

മാലപ്പടക്കത്തിന് തിരികൊളുത്തിയ പോലെ ചിരിക്കുന്ന ഷംനാറിനെ (അവനെ നമ്മള്‍ ചിരിക്കുടുക്കയെന്നാണ് വിളിക്കാറ്) മുന്നിലിരുന്ന ഫാമിലി ഇടയ്ക്കിടയ്ക്ക് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.

രാജമാണിക്യമെന്ന ചിത്രത്തില്‍ മമ്മൂട്ടി ഇതിന് മുമ്പ് ഈ കളി കളിച്ചിട്ടുണ്ട്, പക്ഷേ അന്ന് പുള്ളി ഒറ്റയ്ക്കായിരുന്നു, പക്ഷേ രഞ്ജിത്തിന്റെ പടത്തില്‍ സ്ക്രീനില്‍ വരുന്ന ഓരോരുത്തരും പറയണത് നല്ല കിണ്ണംകാച്ചിയ തൃശ്ശൂര്‍ ഭാഷയാണ്. അത് തന്നെയാണ് ചിത്രത്തിന്റെ വിജയമെന്നും പറയാം.

ഇന്നസെന്റും പ്രിയാമണിയും സിദ്ദിക്കും ഖുശ്ബുവും ടിനിടോമും,ഗണപതിയും പിന്നെ അങ്ങനെയങ്ങനെ കുറെയധികം ആര്‍ടിസ്റ്റുകളഭിനയിക്കുന്ന ഈ ചിത്രം രണ്ടാം പകുതിയില്‍ എന്തോ ഒന്ന് മിസ്സ് ചെയ്യണ ഫീലിംഗ്സ് ഉണ്ടാക്കുന്നുണ്ടെങ്കിലും, മോശം പറയാനാവാത്ത ഒരു ചിത്രം.

പല ഡയലോഗും ഇവിടെ പറയണമെന്നുണ്ടെങ്കിലും, അതിന്റെ ആ സുഖം അനുഭവിക്കണമെങ്കില്‍ നിങ്ങള്‍ അത് രഞ്ജിത്ത് രചിച്ച്, മമ്മൂട്ടിയുടെ തൃശ്ശൂര്‍ സ്ലാംഗില്‍ തന്നെ കേള്‍ക്കണം.


ജോലിത്തിരിക്കില്‍ നിന്നും മറ്റും ഒന്ന് റിലാക്സ് ചെയ്യാന്‍ പ്ലാനുള്ളവര്‍ക്ക് നല്ല ഡീസന്റായി ചിരിച്ച് മറിഞ്ഞ് രണ്ട് രണ്ടര മണിക്കൂറ് ടിമ്മീന്ന് പറഞ്ഞ് കളയാനുള്ള ബെസ്റ്റ് വഴിയാണ് രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ്.


മമ്മൂട്ടിയെന്ന നടന്റെ മികച്ച വേഷങ്ങളെന്ന്(മുഖ്യധാരാ ചിത്രങ്ങളില്‍) എനിയ്ക്ക് തോന്നിയ ചുരുക്കം ചില ചിത്രങ്ങളെയുള്ളു(ഹിറ്റ്ലര്‍ , അമരം,മൃഗയ) (മനസ്സില്‍ തോന്നിയ ഒന്നുരണ്ടെണ്ണം പറഞ്ഞുവെന്നേയുള്ളു) അതിന്റെയൊപ്പം കണ്ണുമടച്ച് ഞാന്‍ പ്രാഞ്ചിയേട്ടനെയും ഉള്‍പ്പെടുത്തും.


മമ്മൂട്ടി ചിത്രമല്ലേ, റിവ്യൂവിന്റെ ആവശ്യമൊന്നുമില്ല എന്ന് കട്ട(കടുത്ത) ലാല്‍ ഫാനായ മനസ്സ് പറഞ്ഞെങ്കിലും, ഓരോ ദിവസവും, അന്നാ തിയ്യേറ്ററിലിരുന്ന ചിരിച്ച നിമിഷങ്ങള്‍ ഓര്‍മ്മ വരുമ്പോള്‍, ഇത്രയെങ്കിലും ഇവിടെ വന്ന് പറഞ്ഞില്ലെങ്കില്‍, അത് ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന ചതിയായിരിക്കും. അതോണ്ട് മാത്രം പറയുന്നു.


'ഗഡി കിണ്ണംകാച്ചീട്ടാ..... '


വാല്‍ക്കഷ്ണം:ഷംനാറുമായി(അവനെ പരിചയമുള്ളവര്‍) സിനിമ കാണാന്‍ ഒരു ചാന്‍സ് കിട്ടിയാല്‍ മിസ്സാക്കരുത്(ചിരിക്കാന്‍ വകയുള്ള സിനിമികള്‍). ഞാനീ പറയുന്നത് ടിക്കറ്റിന്റെ പൈസ അവന്‍ കൊടുക്കുമെന്നുള്ളത് കൊണ്ട് മാത്രമല്ല..............................






Saturday, September 25, 2010

എല്‍സമ്മ : ബാലന്‍പിള്ള സിറ്റിയിലെ ആണ്‍കുട്ടി



വീക്കെന്‍ഡാവുമ്പോള്‍ നാട്ടിലേക്കോടാനുള്ള വെമ്പലാണ് മനസ്സില്‍. കോയമ്പത്തൂരുള്ള കൂട്ടുകാര്‍ ചോദിച്ചാല്‍ വീട്ടില്‍ പോണമെന്ന് പറയുമെങ്കിലും, നാട്ടിലെത്തിയാല്‍ വീട്ടിലിരിക്കുന്നത് ചുരുക്കം ചില അവസരങ്ങളില്‍ മാത്രമാണ്.

നാട്ടിലേക്കുള്ള ഈ വരവ് എല്‍സമ്മയോടൊപ്പം ചെലവഴിക്കുവാനുള്ള തീരുമാനത്തിന് പ്രധാനകാരണം ലാല്‍ജോസ് എന്ന സംവിധായകന്‍ തന്നെയാണ്. പിന്നെ ടിവിയിലും മറ്റും കണ്ട പടത്തിന്റെ ട്രെയിലറുകളും.




ഒരു ലാല്‍ജോസ് ചിത്രം റിലീസ് ആവുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഞാനാദ്യം ശ്രദ്ധിക്കുന്നത് അതിന്റെ ടൈറ്റില്‍ എഴുതുന്ന രീതിയെയാണ്. ഇത് വരെയുള്ള എല്ലാ ചിത്രങ്ങളുടെ ടൈറ്റിലിലും ആ ലാല്‍ജോസ് ടച്ച് നമ്മള്‍ കണ്ടിട്ടുണ്ട്.


എല്‍സമ്മയുടെ ജീവിതരീതി ഒരു ഗാനത്തിലൂടെ പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങുന്ന ചിത്രം, ഈയടുത്തിറങ്ങിയ ശിക്കാറിനെപ്പോലെത്തന്നെ

ഇടുക്കിയുടെ പ്രകൃതിഭംഗി നമുക്കായി വീണ്ടും കാട്ടിത്തരുന്നുണ്ട്. ബാലന്‍പിള്ള സിറ്റിയെന്ന മലയോര ഗ്രാമം, ശിക്കാറിലെ ചിറ്റാഴ പോലെത്തന്നെ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമെന്ന തോന്നല്‍ നമ്മിലുളവാക്കുന്നതാണ്. മലയാള സിനിമയ്ക്ക് ഇപ്പോള്‍ കഥയും തിരക്കഥയും തിരഞ്ഞെടുക്കുന്നതില്‍ തെറ്റിയാലും ലൊക്കേഷന്‍ സെലക്ഷനില്‍ നൂറില്‍ നൂറാണ് മാര്‍ക്ക്.

ആന്‍ അഗസ്റ്റിന്‍ എന്ന പുതുമ താരം അവതരിച്ച, ഇത്തിരി പത്രംവിതരണം,ഇത്തിരി ലോക്കല്‍ റിപ്പോര്‍ട്ടിംഗ്, ഇത്തിരി സാമൂഹ്യപ്രവര്‍ത്തനം ഇതെല്ലാം കൈവശമുള്ള എല്‍സമ്മയെന്ന കേന്ദ്രകഥാപാത്രമുള്‍പ്പടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പിടി കഥാപാത്രങ്ങളെ നമുക്ക് ബാലന്‍പിള്ള സിറ്റിയില്‍ കാണാം.

എല്‍സമ്മയെ ആശ്രയിച്ച് ഒരു കുടുംബം മാത്രമല്ല, ഒരു ഗ്രാമം തന്നെയുണ്ടെന്ന് ചിത്രം നീങ്ങിത്തുടങ്ങുമ്പോള്‍ നമുക്ക് മനസ്സിലാവും. എല്‍സമ്മയായി ആന്‍ നല്ല പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ ഡബ്ബിംഗില്‍ ചേര്‍ച്ചക്കുറവനുഭവപ്പെടുന്നുണ്ടായിരുന്നു.

എടുത്ത് പറയേണ്ട മറ്റ് രണ്ട് അഭിനേതാക്കള്‍ ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബ്ബനുമാണ്.

ഇന്ദ്രജിത്ത് എന്ന നടനിലെ കഴിവ് ഇത്തിരിയെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് ലാല്‍ജോസാണെന്ന കാര്യം പറയാതെ വയ്യ. ലാല്‍ജോസ് ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം അതിനുദാഹരണമാണ്. കുഞ്ചാക്കോ ബോബനും പാലുണ്ണി എന്ന തന്റെ കഥാപാത്രത്തെ ഭംഗിയാക്കി അവതരിപ്പിച്ചു.

കുറെ നല്ല രംഗങ്ങളും ഓര്‍ത്തിരിക്കാന്‍ ചില നല്ല ഡയലോഗുകളുള്ള(നര്‍മ്മം) ഈ ചിത്രത്തില്‍ ജഗതിയും സുരാജും ബോറാക്കിയില്ല. അത് പോലത്തന്നെ വിജയരാഘവനും, മണിയന്‍പിള്ള രാജുവും, ജനാര്‍ദ്ദനനും, നെടുമുടിവേണുവുമെല്ലാം എല്‍സമ്മയോടൊപ്പം സ്ക്രീനിലെത്തുന്നുണ്ട്.

ഡബ്ബിംഗ് പ്രശ്നവും, സ്ക്രീനിലാകൊയൊരു മങ്ങലും(തിരുവനന്തപുരം ശ്രീപദ്മനാഭയില്‍) അനുഭവപ്പെട്ടെങ്കിലും, മുന്‍പിറങ്ങിയ ലാല്‍ജോസ് ചിത്രങ്ങളുടെ അത്രയുമില്ലെങ്കിലും, സൂപ്പര്‍ താരങ്ങളുടെ റംസാന്‍ റിലീസില്‍ എല്‍സമ്മയും ഒരു പിടി പിടിക്കും. ഇന്നത്തെ മാറ്റിനിക്ക് ലേഡീസും
ഫാമിലിയുമായിരുന്നു കൂടുതലെന്നത് അതിനുള്ളൊരു തെളിവാ.....

ഗ്രാമീണത്തനിമയുള്ള ചിത്രങ്ങളെടുക്കുന്നതില്‍ സത്യന്‍ അന്തിക്കാടിന് പഴയ ടച്ചിപ്പോളില്ലാത്തതിനാല്‍ നമുക്ക് ഇടയ്ക്കെങ്കിലും ഒരു പ്രതീക്ഷ നല്‍കാനായി ലാല്‍ജോസില്‍ നിന്ന് ഇനിയും ഇത് പോലത്തെ ചിത്രങ്ങളുണ്ടാകട്ടെ.....

വാല്‍ക്കഷ്ണം:മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ഒരു സിനിമയെക്കുറിച്ചും ഒരു സിംഗിള്‍ ഒപ്പീനിയനില്ലെന്നാണ് തോന്നുന്നത്. മലര്‍വാടി, അപൂര്‍വ്വരാഗം, പ്രാഞ്ചി, ശിക്കാര്‍ എന്നിവ പോലെ എല്‍സമ്മയും മികസഡ് റെസ്പോണ്‍സുമായി മുന്നോട്ട് നീങ്ങുന്നു.......

Friday, September 10, 2010

സിനിമാ ഹണ്ട് : ശിക്കാര്‍

ജോലി തേടി തിരുവനന്തപുരം നഗരം വിട്ടതിന് ശേഷം, അവധിക്ക് നാട്ടിലേക്കുള്ള മടക്കത്തിന് ശേഷമുള്ള സിനിമാ ഹണ്ടിന്റെ തുടക്കം‍ എല്‍സമ്മ കണ്ടാവണമെന്നായിരുന്നു ആഗ്രഹം, പക്ഷേ ലാലേട്ടന്റെ ശിക്കാര്‍ ആയത് യാദൃശ്ചികം മാത്രം. കൂട്ടുകാരന്റെ കല്യാണസദ്യയിലെ പായസം കുടിക്കുമ്പോഴാണ് സുഹൃത്തിന്റെ കോള്‍. ശിക്കാര്‍ കാണാനുള്ള ക്ഷണവുമായി. ലാലേട്ടന്‍ ഫാന്‍ ആയോണ്ടുള്ളൊരു ഔദാര്യം.



ശ്രീകുമാര്‍/ശ്രീവിശാഖില്‍ നല്ല തിരക്ക്, ഇതിനിടയില്‍ അവര്‍ എങ്ങനെ ടിക്കറ്റെടുക്കുന്ന് സംശയിച്ച് നില്‍ക്കുമ്പോഴാണ് വീണ്ടും കോള്‍, പടം ന്യൂവിലുമുണ്ട്, അങ്ങോട്ടെത്താന്‍. അവിടെ മറ്റ് രണ്ടിടത്തും അപേക്ഷിച്ചുള്ള തിരക്കൊന്നുമില്ല. നഗരത്തിലെ പോസ്റ്ററുകളില്‍ മുഴുവന്‍ വന്ദേമാതരം - ന്യൂ എന്ന് പതിച്ചിരിക്കുന്നതോണ്ടാവുമോ ഈ തിരക്കില്ലായ്മ(ഞാനൊരു ലാല്‍ ഫാനാണേ... :) ).

ചിത്രം കണ്ടിറങ്ങുമ്പോള്‍ മോഹന്‍ലാലിന്റെ ബലരാമനെക്കാള്‍ മനസ്സില്‍ തങ്ങി നിന്നത് സമുതിരകനിയുടെ അബ്ദുള്ളയെന്ന നക്സല്‍ നേതാവാണ്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയപേക്ഷിച്ച് ചുരുക്കം സീനുകളില്‍ മാത്രമേ എത്തുന്നുള്ളുവെങ്കിലും
അബ്ദുള്ളയായി സമുതിരകനിയുടെ പ്രകടനം അവിസ്മരണീയം എന്ന് തന്നെ വിശേഷിപ്പിക്കണം.

ഇത്രയും നല്ല സ്ഥലങ്ങള്‍ നമ്മുടെ നാട്ടിലുണ്ടല്ലേ എന്ന് തോന്നിപ്പിക്കുന്നതാണ് ചിറ്റാഴയുടെ പ്രകൃതിഭംഗി. അത് അതിന്റെതായ ഭംഗിയില്‍ നമ്മളിലെത്തിക്കാന്‍ ക്യാമറ ചലിപ്പിച്ച മനോജ് പിള്ള പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഇത് ശരിക്കും എവിടെയാ സ്ഥലമെന്നറിയുന്നവര്‍ ഒന്ന് കമന്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....

ലാലേട്ടനെക്കുറിച്ച് പറയേണ്ട കാര്യമില്ല, ഇതിനു മുമ്പും പലപ്പോഴായി പറഞ്ഞിട്ടുള്ളതാണിതൊക്കെ. സ്റ്റണ്ട് രംഗങ്ങളിലെ തന്റെ മെയ്‍വഴക്കം ഇനിയും കൈമോശം വന്നിട്ടില്ലെന്നദ്ദേഹം കാണിച്ചു. സൂപ്പര്‍ താരങ്ങളില്‍ സംഘടന രംഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ തന്നെ കഴിഞ്ഞേ വേറാരുമുള്ളു എന്ന് അദ്ദേഹം വീണ്ടും കാണിച്ചു. ഭ്രമരത്തിന് ശേഷം ലാലേട്ടന്‍ വീണ്ടും തിളങ്ങി(അത്രേം വരുമോ?)എന്ന പൊതു അഭിപ്രായം നല്‍കുന്ന ചിത്രം. ഇതിനിടയില്‍ ഞാന്‍ ഇവിടം സ്വര്‍ഗ്ഗമാണ് മാത്രമേ

കണ്ടുള്ളു എന്നത് വേറൊരു കാര്യം. ലാലേട്ടനെ ഇണ്ട്രോഡ്യൂസ് ചെയ്യുന്ന സീനിലെ മൂപ്പരുടെ ആ നില്പ് എനിക്ക് വളരെയധികം ഇഷ്ടമായി. അത് പോലെ തന്നെ പാറയിടുക്കുകള്‍ക്കിടയിലൂടെയുള്ള ക്ലൈമാക്സ് രംഗത്തിലെ സ്റ്റണ്ടും എടുത്ത് പറയേണ്ടവയാണ്.

കലാഭവന്‍ മണി, ലാലു അലക്സ്, തലൈവാസല്‍ വിജയ്, അനന്യ, സ്നേഹ, ലക്ഷമി ഗോപാലസ്വാമി, മൈഥിലി, സുരാജ്, ജഗതി, കൈലാഷ്, ബാബുനമ്പൂതിരി, കൊച്ചുപ്രേമന്‍, കണ്ണൂര്‍ ശ്രീലത, രശ്മിബോബന്‍ തുടങ്ങി ഒരു പിടി അഭിനേതാക്കള്‍ ചിത്രത്തില്‍ വന്നു പോകുന്നുണ്ട്.

ഈറ്റ വെട്ടുകാരുടെ കഥയാണെങ്കിലും, ഈറ്റ വെട്ടിന് വല്യ പ്രാമുഖ്യം നല്‍കുന്നതിന് ആരും ശ്രദ്ധ ചെലുത്തിയതായി കണ്ടില്ല. നല്ലൊരു പുഴയയുടെ തീരമായിരുന്നു ലൊക്കേഷനെങ്കിലും, നരന്‍ എന്ന ചിത്രത്തിലെ പോലെ പുഴയെ നല്ലരീതിയിലുപയോഗിക്കാനും സംവിധായകന്‍ ശ്രമിച്ചില്ലെന്ന് വേണം പറയാന്‍(ഈറ്റക്കെട്ടുകള്‍ വെള്ളത്തില്‍ ഒലിച്ച് പോകുന്നതും, ലാലേട്ടന്‍ അത് നീന്തിപിടിച്ച് കരയ്ക്കടുപ്പിക്കുന്നതും etc എടക് ;) )

മൈഥിലി എന്ന നടിയും, സ്വാഭാവികതയില്ലാതെ എങ്ങനേലും പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ഹാസ്യരംഗങ്ങളും, അഞ്ചുമിനുട്ടില്‍ ഒരു ഗാനം എന്ന റേഷിയോയും ഒഴിവാക്കിയിരുന്നെങ്കില്‍ എത്രയോ ഭേദമാകുമായിരുന്ന, ക്യാമറ(മനോജ് പിള്ള),അബ്ദുള്ള(സമുതിരകനി),ബലരാമന്‍(ലാലേട്ടന്‍) എന്നിവരുടെ പ്രകടനം കൊണ്ട് മികച്ചു നില്‍ക്കുന്ന ഒരു തരക്കേടില്ലാത്ത ചിത്രം.(ആകെ കണ്‍ഫ്യൂനായോ? :p)


വാല്‍ക്കഷ്ണം: കേരളത്തിലെ അണ്‍എക്സപ്ലോറ്ഡ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ചിറ്റാഴ(ഒറിജിനല്‍) മാറട്ടേയെന്ന് പ്രത്യാശിക്കുന്നു. അവിടെ ചെല്ലുമ്പോള്‍ ഇതെല്ലാം ക്യാമറ ടെക്നിക്ക് മാത്രമായിരുന്നു എന്ന് തോന്നിക്കരുതേ.

പറയാന്‍ വിട്ട് പോയ ഒരു കാര്യം, ഇതില്‍ എല്‍ദോ മാഷിന്റെ ഒരു ഡാന്‍സ്/സോംഗ് നമ്പറുമുണ്ട്.......

Sunday, July 18, 2010

മനം കവര്‍ന്ന് മലര്‍വാടി


ലോകകപ്പ് അവസാനിച്ചിന്ന് ഒരാഴ്ചയാകുന്നു. കഴിഞ്ഞൊരു മാസമായി പലകാര്യങ്ങളും മാറ്റി
വച്ച് ടിവി സ്ക്രീനിലേക്ക് കണ്ണും നട്ട്, വുവുസല ശബ്ദവും കേട്ടിരുന്ന എനിക്ക് ജെറ്റ്ലാഗ്
പോലെ വേള്‍ഡ്കപ്പ് ലാഗ് പിടിപെട്ടെന്ന് കൂട്ടുകാരും വീട്ടുകാരും പറഞ്ഞു തുടങ്ങിയിരിക്കുന്നു.
ഒരിടവേളക്ക് ശേഷമുള്ള പുതുതുടക്കത്തിന് ഒരുകൂട്ടം പുതുമുഖങ്ങളുടെ പടമാകാമെന്ന്
കരുതിക്കൂട്ടിയെടുത്ത തീരുമാനമൊന്നുമല്ല.

പതിവ് സിനിമാസഹചാരിയായ രമേഷ് സിനിമയ്ക്ക് പോകാം എന്ന് പറഞ്ഞ് വിളിക്കുമ്പോള്‍
അവന്റെ നാവില്‍ നിന്ന് 'ഒരു നാള്‍ വരും' എന്നത് വരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ.
ഇന്‍സെപ്ഷന്‍, അപൂര്‍വ രാഗം, മലര്‍വാടി എന്നിങ്ങനെ ലിസ്റ്റ് നീണ്ടപ്പോള്‍ വിനീത്
ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിന് പോകാമെന്ന് തീരുമാനമെടുത്തു.
എന്തായാലും അച്ഛന്റെ(ശ്രീനിവാസന്റെ ) മകനല്ലേ.

മഴയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട്(അധികം ആളുണ്ടാവില്ലല്ലോ തിയേറ്ററില്‍) ന്യൂവില്‍
എത്തിയപ്പോള്‍ ബൈക്ക് പാര്‍ക്കിംഗ് ഷെഡ്ഡും കഴിഞ്ഞ് പുറത്തേക്ക് വ്യാപിച്ചിരിക്കുന്നു.
ബാലക്കണി കൌണ്ടറില്‍ 'ഫുള്‍ ' എന്ന ബോര്‍ഡ് തൂങ്ങിക്കിടക്കുന്നു. സെക്യൂരിറ്റി
ചേട്ടനോട് ബാലക്കണി ടിക്കറ്റുണ്ടാവുമോയെന്ന് അന്വേഷിച്ചു, ക്യാന്‍സലേഷന്‍ കാണും
മുകളിലൊന്ന് ചോദിച്ചു നോക്കൂ എന്ന് ഉടന്‍ വന്നു മറുപടി.....

മഴ കാത്തു. ടിക്കറ്റുണ്ട്. ഏസി ഇടാത്തതിന് തിയേറ്ററുകാരോടും നന്ദി പറഞ്ഞുകൊണ്ട് പേര്
ഓര്‍ത്തുവയ്ക്കാന്‍ കഴിയാത്ത ഒരു പറ്റം പുതുമുഖ താരങ്ങളുടെ സിനിമ കാണുന്നതിലേക്ക്
മുഴുകി. കുറേ നാളുകള്‍ക്ക് ശേഷം തിയേറ്ററില്‍ പോയി കാണുന്ന ഒരു സിനിമയില്‍ മുക്കാല്‍
ഭാഗവും പുതുമുഖങ്ങള്‍ എന്നത് തന്നെ ഈ സിനിമയുടെ വിജയമെന്ന് പറയാം.

അഞ്ച് കൂട്ടുകാരുടെയും അവരെ ഒന്നിപ്പിച്ച ആര്‍ട്സ് ക്ലബ്ബിന്റെയും അതിന് കാരണമായ
കുമാരേട്ടന്‍ എന്ന ചായക്കടക്കാരന്റെയും അവരോട് ബന്ധപ്പെട്ട് കിടക്കുന്ന കുറേ
കഥാപാത്രങ്ങളുടെയും കഥ. വിനീത് ശ്രീനിവാസന്റെ 'മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് '.

കൂട്ടത്തിലെ നേതാവും, കുറച്ച് കലിപ്പ് കൂടിയതുമായ പ്രകാശന്‍, പക്വതയോടെ പെരുമാറുന്ന
പ്രവീണ്‍, ലുങ്കിമാത്രമുടുത്ത് കാണുന്ന കുട്ടു, എന്റെ ഏതോ കൂട്ടുകാരനോട് സാമ്യം തോന്നുന്ന
പുരുഷു, മികച്ച പാട്ടുകാരനായ സന്തോഷ് എന്നീ പുതുമുഖങ്ങളായ മലര്‍വാടിക്കാരോടൊപ്പം
നമുക്ക് പരിചിതരായ നെടുമുടി വേണുവും, സുരാജ് വെഞ്ഞാറമൂടും, സലീം കുമാറും,
ജഗതിശ്രീകുമാറും, കോട്ടയം നസീറും ജനാര്‍ദ്ദനനും ചിത്രത്തിലുണ്ട്.

ശ്രീനിവാസനെപ്പോലെ തന്നെ സമകാലിക സംഭവങ്ങളെ വിനീതും സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്, ട്രേഡ് യൂണിയന്‍കാരുടെ നോക്കൂകൂലിയ്ക്കും, റിയാലിറ്റി ഷോയ്ക്കുമെല്ലാം വിനീത് ശ്രീനിവാസന്‍ മെല്ലെ കൊട്ടുന്നുണ്ട്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് മറ്റ് മലയാള സിനിമ പോലെ കാര്യമായൊന്നും ചെയ്യാനില്ലെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കുട്ടുവിന്റെ തമാശകളും, പുരുഷു തന്റെ കാമുകിയായ ഗീതുവിനെ ആദ്യമായി കാണുമ്പോളുള്ള
പ്രകടനവുമൊക്കെ മനസ്സില്‍ നില്‍ക്കുന്നു.പല കഥാപാത്രങ്ങളെയും ഇന്‍ട്രോഡ്യൂസ്
ചെയ്യുമ്പോളുള്ള ബാക്ക് ഗ്രൌണ്ട് മ്യൂസിക്കും നന്നായി തോന്നി. പല നല്ല മുഹൂര്‍ത്തങ്ങളുമുള്ള
ഒരു സിനിമ. പല പല ചെറു നമ്പറുകളുമായി വിനീത് ശ്രീനിവാസന്‍ തന്റെ തുടക്കം
മോശമാക്കിയില്ല. പലരും മോശമെന്ന് പറഞ്ഞെങ്കിലും, സിനിമയോടൊപ്പം കണ്ടപ്പോള്‍ ഗാനങ്ങളെക്കുറിച്ചുള്ള മുന്‍വിധി മാറി.

തുടക്കം മോശമായില്ല വിനീതിന്റെയും എന്റെയും(ഒരിടവേളക്ക് ശേഷമുള്ള സിനിമ കാണല്‍).

അവസാനമായി പറയുകയാണെങ്കില്‍ കണ്ട എനിക്കും, സിനിമാ നടന്‍ ദിലീപിനും(മൂപ്പരാണല്ലോ പടം പിടിച്ചത്) മുടക്കിയ പണം മൊതലായ പടം.

Friday, July 2, 2010

അര്‍ജന്‍റീനയും ബ്രസീലും പിന്നെ മഴയും

ജൂണ്‍ 30 2005. ജര്‍മ്മനിയോട് പെനാല്‍ട്ടിയില്‍ അര്‍ജന്‍റീന അടിയറവ് പറഞ്ഞ ദിവസം. അന്ന് നിറഞ്ഞ് കവിഞ്ഞ ആംഫി തിയേറ്ററില്‍ നിന്ന് കളിയും കണ്ട് മടങ്ങുന്പോള്‍ പ്രകൃതി കണ്ണുനീര്‍ പൊഴിച്ചതും പിറ്റേ ദിവസം ബ്രസീലും ഇംഗ്ലണ്ടുമെല്ലാം ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായത് ഞാന്‍ 'വാമോസ് അര്‍ജന്‍റീന‍' എന്ന മുന്‍ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.




ജൂലായ് 2, 2010, അന്നത്തെ പോലെ ഇന്നും ഒരു വെള്ളിയാഴ്ച, ഓഫീസിലെ അതേ ക്ലബ്ബിലിരുന്ന് ബ്രസീല്‍ തോല്‍ക്കുന്നതും കണ്ട് തിരിച്ച് വീട്ടിലേക്ക് വരുന്പോള്‍ അന്നത്തെ പോലെ ശക്തമല്ലെങ്കിലും ഇന്നും മഴ പെയ്തു.

അന്ന് നനഞ്ഞൊട്ടിയ അര്‍ജന്‍റീനന്‍ ജഴ്സിയുമായി ദുഖത്തോടെ വീട്ടിലേക്ക് കയറിയെങ്കില്‍ , ഇന്ന് മഴ നനഞ്ഞെത്തുന്പോള്‍ ഉള്ളില്‍ ചെറിയൊരു സന്തോഷമുണ്ടായിരുന്നോ?





നാളെ ശനിയാഴ്ച, അന്നത്തെ ശനിയാഴ്ച ബ്രസീലാണിറങ്ങിയതെങ്കില്‍ ഇന്നത്തെ ശനിയാഴ്ച എന്‍റെ പ്രിയ ടീം അര്‍ജന്‍റീനയിറങ്ങുന്നു. അന്നവര്‍ക്ക് പറ്റിയത് നമുക്ക്

പറ്റാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ ഒരു ചോദ്യം.

അര്‍ജന്‍റീനയും ബ്രസീലും മഴും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? തൂവാനത്തുന്പികളില്‍ ക്ലാരയും ജയകൃഷ്ണനും കാണുന്പോള്‍ കൂട്ടായി മഴയെത്തും പോലെ, ഇവര്‍ തോല്‍ക്കുന്പോളും ഒപ്പം മഴയും എത്തുന്നു......



ഉറുഗ്വായ് - ഘാനാ മത്സരം കാണാനായി തയ്യാറാവുന്പോള്‍ ഒരു ദുഖം മാത്രം, നാളെ അര്‍ജന്‍റീന ജയിച്ചാലും സ്വപ്ന ഫൈനല്‍ നടക്കില്ലല്ലോ.......


കക്കാ - മെസ്സി പോരാട്ടത്തിനായി ഇനിയും നാളുകളേറെ കാത്തിരിക്കണമല്ലോ?

വാമോസ് അര്‍ജന്‍റീന.......

Sunday, June 6, 2010

ലോകകപ്പ് ആര്‍ക്ക്

ഇറ്റലിക്ക്, ഇരുന്പ് ഡിഫന്‍സ്
ബ്രസീലിന്, ബ്രേക്ക്ത്രൂ പാസുകള്‍
പോര്‍ച്ചുഗലിന്, പോര്‍വിളികള്‍
ജര്‍മ്മനിക്ക്, ജയ് ജയ് വിളികള്‍
ഇംഗ്ലണ്ടിന്, ഇടിവെട്ടടികള്‍

അര്‍ജന്‍റീനക്ക്, ലോകകപ്പ്






ഇറ്റലിക്ക്, ഗിലാര്‍ഡിനോ
പോര്‍ച്ചുഗലിന്, റോണാല്‍ഡോ
ജര്‍മ്മനിക്ക്, പോഡോള്‍സ്കി
ഇംഗ്ലണ്ടിന്, റൂണി
ഹോളണ്ടിന്, വാന്‍പെറെസി
സ്പെയിനിന്, ടോറസ്
ബ്രസീലിന്, കാക്ക
ഫ്രാന്‍സിന്, ഹെന്‍‍റി


അര്‍ജന്‍റീനക്ക്, ലോകകപ്പ്.....

Wednesday, April 14, 2010

ഐപിഎല്‍ ചരിതം നാലാം ഭാഗം

ഞാനൊരു തരൂര്‍ഫാനായത് കാരണവും, കേരള ഐപിഎല്‍ ടീം വരണമെന്നാഗ്രഹിക്കുക ചെയ്യുന്നതിനാലും, ഇതില്‍ ഒരു സൈഡിനോട് പക്ഷപാതമുണ്ടെന്ന ആരോപണം സമ്മതിക്കുന്നു.
നളചരിതത്തിലെ "നായര്‍ വിശന്നു വലഞ്ഞു" എന്ന ഭാഗത്തെ ഒന്നു മാറ്റിയെഴുതിയതാണ് (വികലമാക്കിയോ എന്ന സംശയവുമുണ്ട്). കുഞ്ചന്‍ നമ്പ്യാര്‍ ക്ഷമിക്കുമെന്ന് വിചാരിക്കുന്നു, അത് പോലെ നിങ്ങളും. ആദ്യമായാണ് ഇതുപോലൊരെണ്ണം ശ്രമിക്കുന്നതെന്ന് സൂചിപ്പിക്കുന്നു. തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുക.


"മോദി കിണഞ്ഞു ശ്രമിച്ചിട്ടെങ്ങും അദാനിയ്ക്ക് ടീമായില്ല
ആയതു കേട്ടുകലമ്പിച്ചങ്ങാരിശമുടനേ ട്വിറ്ററിലെറിഞ്ഞു
ചുട്ടുതിളയ്ക്കും ട്വീറ്റുകളെല്ലാം വാരിക്കോരി ട്വിറ്ററിലിട്ടു
കിട്ടിയ പെണ്ണിനെ മടികൂടാതെ, തരൂരിനൊപ്പം കെട്ടിവരിഞ്ഞു
തെറിവിളി കൊലവിളിയൊക്കെ നടന്നു, മുറവിളിയായി പാര്‍ട്ടികളെത്തി
കോലമെടുത്തു തീയിലെരിച്ചു, മീഡിയങ്ങു കളത്തിലിറങ്ങി
അതുകൊണ്ടരിശം തീരാഞ്ഞവരിനി ഹര്‍ത്താലിനായി മണ്ടി നടക്കും."
Related Posts with Thumbnails