Friday, May 4, 2012

ഹര്‍ത്താല്‍ കൊയ്ത്ത്

ഇന്ന് രാവിലെ അമൃതയില്‍ തിരുവന്തപുരത്ത് വന്നിറങ്ങുന്നതിന് മുമ്പേ തന്നെ ട്രെയിനിലിരുന്ന് ആ വാര്‍ത്ത അറിഞ്ഞിരുന്നു. കേരളത്തിലിന്ന് ഹര്‍ത്താല്‍. കാര്യമായ ഞെട്ടലൊന്നുമുണ്ടായില്ല, ആര്‍ക്കും എന്തിന് വേണമെങ്കിലും ഹര്‍ത്താല്‍ നടത്താവുന്ന ഒരു നാടായി മാറിക്കഴിഞ്ഞുവല്ലോ നമ്മുടെ നാട്.

കൈനാട്ടിയില്‍(വടകര) നടന്ന രാഷ്ട്രീയകൊലപാതമാണ് ഇന്നതെ ഹര്‍ത്താലിന് പിന്നില്‍. കൈനാട്ടിയില്‍ കഴിഞ്ഞാഴ്ച പോയിരുന്നു ഒരു കല്യാണം കൂടാന്‍. സ്നേഹമുള്ള മലബാറുകാരുടെ പേര് കളയിക്കാന്‍ മാത്രമേ ഇതുപോലുള്ള സംഭവങ്ങളും കണ്ണൂര്‍ അക്രമപരമ്പരകളുമൊക്കെ ഉപകരിച്ചിട്ടുള്ളു.

പറയാനുദ്ദേശിച്ചത് ഹര്‍ത്താലിനെയോ അതിനുള്ള കാരണങ്ങളെയോ കുറിച്ചൊന്നുമല്ല. ഹര്‍ത്താലിനെ എങ്ങനെ പ്രയോജനകരമാക്കാമെന്ന്(അവര്‍ക്ക്) ചിലര്‍ നടപ്പിലാക്കിയതിനെക്കുറിച്ചാണ്.


തലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയതും നല്ല രീതിയില്‍ മഴയും പെയ്യുന്നുണ്ടായിരുന്നു. പ്രതീക്ഷയ്ക്ക് വിപരീതമായി നിരത്തില്‍ നിറയെ വാഹനങ്ങള്‍. ഓട്ടോയും ബസ്സുമെല്ലാം സാധാരണ ഗതിയില്‍തന്നെ  സര്‍വ്വീസ് നടത്തുന്നുണ്ട്. ഹര്‍ത്താലാഹ്വാനം ചെയ്തത് യുഡിഎഫ് ആണെന്നതാണോ വൈകി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരും അറിയാത്തതാണോ കാര്യമെന്ന് അറിയില്ല.

പ്രീപെയിഡ് കൌണ്ടറിന് മുന്നിലെത്തിയപ്പോള്‍ ഹര്‍ത്താല്‍ കാരണം അത് പ്രവര്‍ത്തിക്കുന്നില്ലെന്ന മറുപടി കിട്ടി. പക്ഷേ രസകരമായ സംഭവമെന്താണെന്ന് വെച്ചാല്‍ പ്രീപെയ്ഡ് കൌണ്ടറിന് മുന്നിലുള്ള ട്രാഫിക്ക് പോലീസുകാരുടെ മുന്നില്‍ വച്ച് തന്നെ ഓട്ടോ ഡ്രൈവര്‍മാര്‍ ഡബിള്‍ റേറ്റിന് ഓട്ടം പിടിക്കുന്നത് നമുക്ക് കാണാവുന്നതാണ്. അവിടെയും കാരണം ഹര്‍ത്താല്‍ തന്നെ.

എല്ലാം കഴിഞ്ഞപ്പോള്‍ ഒരു സംശയം മാത്രം ബാക്കിയായി.സവാരിക്ക് പോകാനായി ആളുകള്‍ നിറയെ ഉണ്ട്.സവാരിക്ക് വരാനായി ഓട്ടോകളും ഉണ്ട്. പിന്നെ എന്തേ പ്രീപെയിഡ് കൌണ്ടറുകാര്‍ക്ക് മാത്രം പ്രവര്‍ത്തിക്കാനൊരു മടി. ഇതിവര്‍ തമ്മിലുള്ള ഒത്തുകളിയാണോ?

ഇന്നെന്തായാലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓടുന്ന ഓട്ടോകള്‍ക്ക് കൊയ്തായിരുന്നു. ഹര്‍ത്താല്‍ കൊയ്ത്ത്.

ഓഫ് ടോപ്പിക് : അവിടെ ചിലവഴിച്ച നിമിഷങ്ങളില്‍ കണ്ടൊരു നല്ല കാര്യം പറയാം. RCCലേക്ക് പോകേണ്ട ഒരു ഫാമിലി വന്നപ്പോള്‍ ട്രാഫിക്ക് പോലീസുകാരന്‍ പ്രീപെയിഡ് റേറ്റില്‍ ഒരു ഓട്ടോ സംഘടിപ്പിച്ച് കൊടുക്കാന്‍ സന്നദ്ധത കാണിച്ചു.




Related Posts with Thumbnails