Thursday, August 18, 2011

എന്തിനീ രണ്ടാം യുപിഎ സര്‍ക്കാര്‍

യുപിഎ സര്‍ക്കാരിന്റെ കടുത്ത ആരാധകര്‍ പോലും ചോദിച്ചു പോകാവുന്നൊരു ചോദ്യമാണ് - "എന്തിനീ രണ്ടാം യുപിഎ സര്‍ക്കാര്‍". ഒന്നാം യുപിഎ സര്‍ക്കാരിന്റെ തമ്മില്‍ ഭേദമായ ഭരണത്താല്‍ ജനങ്ങള്‍ അധികാരത്തിലേക്ക് വീണ്ടും വോട്ട് ചെയ്തു കയറ്റിയപ്പോള്‍ ഏറെ പ്രതീക്ഷയായിരുന്നു ഈ സര്‍ക്കാരിനെക്കുറിച്ച്. തങ്ങള്‍ ചെയ്ത പദ്ധതികളാലല്ല മറിച്ച് ചെയ്തു കൂട്ടിയ അഴിമതിയുടെയും പുറത്തുപോയ മന്ത്രിമാരുടെയും പേരിലാണ് ഇന്നീ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധേയം എന്നതാണ് സത്യം.

ഞാന്‍ അണ്ണാഹസാരെയുടെ ആരാധകനല്ല. അദ്ദേഹം തയ്യാറാക്കിയ ലോക്പാല്‍ ബില്ല് എന്താണെന്ന് വായിച്ചു നോക്കിയിട്ടുമില്ല. അദ്ദേഹം ചെയ്യുന്നത് ശരിയോ തെറ്റോ എന്ന് അഭിപ്രായം പറയുവാനും എനിക്കിപ്പോള്‍ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷേ ഒരു കാര്യം എനിക്കും ഇടക്ക് തോന്നിപ്പോകാറുണ്ട് ഈ സര്‍ക്കാര്‍ എന്തേ ഇങ്ങനെയായിപ്പോയി എന്ന്.

തീവ്രവാദികള്‍ക്കെതിരെയും നക്സലുകള്‍ക്കെതിരെയും നടപടിയെടുക്കുന്നതിന് മുമ്പ് ഒന്നു മടിച്ചു നില്‍ക്കുകയും ചിലപ്പോള്‍ നടപടിത്തന്നെ വേണ്ടെന്ന് വയ്ക്കുകയും ചെയ്യുന്ന സര്‍ക്കാരിന് അണ്ണയുടെ ഈ ജനകീയ സമരത്തിനെതിരെ ആഞ്ഞടിക്കുവാന്‍ ഒരു മടിയും തോന്നിയില്ലല്ലോ. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി വന്ന് വിഘടനവാദികളോട് ചര്‍ച്ച നടത്തി കൈക്കൊടുത്തു മടങ്ങിയപ്പോള്‍ മന്ത്രിയുടെ സൌന്ദര്യത്തില്‍ മതിമറന്നിരുന്ന സര്‍ക്കാര്‍ അവരുടെ ഈ നടപടിയെ ഒന്നു വിമര്‍ശിക്കുക പോലുമുണ്ടായില്ല. രാജ്യത്തിനെതിരെ ശബ്ദിക്കുന്നവനെ വെറുതേ വിട്ടാലും ശരി ഭരണകൂടത്തിനെതിരെ ശബ്ദിച്ചാല്‍ നടപടി എന്നതാണോ ഈ സര്‍ക്കാര്‍ ഇതിലൂടെ വ്യക്തമാക്കുന്നത്. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ചൈന കാണിച്ചിരുന്ന ഉത്സാഹമാണ് ഇന്ന് ഇന്ത്യയും കാണിക്കുന്നത്.

സിറിയയിലെയും ബഹറിനിലെയും ലിബിയയിലെയും പോലെ സായുധ വിപ്ലവമല്ല അണ്ണയുടെ സമരം. ഇതൊരിക്കലും ആ ഒരു തലത്തിലേക്ക് പോകുമെന്ന് കരുതുന്നുമില്ല. ഈ സമരത്തിന് അങ്ങനെയൊരു മുഖം വരുകയാണെങ്കില്‍ തന്നെ ഇന്ന് അണ്ണയെയും ടീമിനെയും പിന്തുണയ്ക്കുന്ന ജനങ്ങളില്‍ പലരും ഈ പിന്തുണ പിന്‍വലിക്കുമെന്നതും തീര്‍ച്ച.ലോക്പാല്‍ ബില്ല് പാസ്സാവണമെന്ന് പാര്‍ട്ടിഭേതമന്യേ ഒരു രാഷ്ട്രീയക്കാരനും ആഗ്രഹമില്ലെന്നുള്ളതാണ് സത്യം. മടിച്ച് മടിച്ച് പിന്തുണ നല്‍കുന്ന പല പാര്‍ട്ടികളും അണ്ണ ഹസാരെ കൊണ്ടുവന്ന ലോക്പാല്‍ ബില്ല് പാര്‍ലമെന്റില്‍ വന്നാല്‍ എതിര്‍ത്തു വോട്ട് ചെയ്യുമെന്നുള്ളതാണ് സത്യം. ആ സത്യാവസ്ഥ വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് കോണ്‍ഗ്രസ്സും ഇങ്ങനെയൊരു നാടകത്തിന് മുതിരുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ശക്തമായൊരു പ്രതിപക്ഷമില്ലാത്തത് ഈ സര്‍ക്കാരിന് അപാരമായ ധൈര്യം തന്നെയാണ് നല്‍കുന്നത്.

പ്രധാന പ്രതിപക്ഷമായ ബിജെപി ആര് നയിക്കണം , എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ്. ഒരു മികച്ച നേതാവിനെ കണ്ടെത്താനാവാതെ കഷ്ടപ്പെടുന്ന പാര്‍ട്ടിക്ക് അവരുടെ ഉള്ളിലെ പ്രശ്നങ്ങള്‍ തന്നെ പരിഹരിക്കാന്‍ സമയമില്ലാതിരിക്കുമ്പോള്‍ എങ്ങനെ ഭരണപക്ഷത്തെ അടിക്കാന്‍ സമയം കിട്ടും.

പിന്നെയുള്ളത് കൊല്ലങ്ങളോളം അവര്‍ ഭരിച്ചിരുന്ന സംസ്ഥാനത്ത് തോറ്റ്. തോറ്റതിന്റെ പിറ്റേന്ന് മുതല്‍ ബംഗാള്‍ നശിക്കുകയാണെന്നും ബംഗാളികളെ രക്ഷിക്കാനായി കേരളത്തില്‍ ബക്കറ്റ് പിരിവു നടത്തുന്ന സഖാക്കന്മാരുടെ പാര്‍ട്ടിയാണ്. ദേശീയ തലത്തില്‍ ഇനിയും ഒരു ശക്തിയായി ഉയരാന്‍ പ്രാപ്തരാണെന്ന് മുഴുവനായി തെളിയിക്കുവാന്‍ സാധിച്ചിട്ടില്ലാത്ത ഇവരിലും ജനത്തിന് പ്രതീക്ഷയില്ല.

ഫലം വേറെയൊന്നുമല്ല, അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുകയും നവീന്‍ ജിന്‍ഡാല്‍, സച്ചിന്‍ പൈലറ്റ് ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ ചെറുപ്പക്കാരുടെ നിരത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിനെ കണ്ട് വീണ്ടും പ്രതീക്ഷയോടെ ജനങ്ങള്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത് നാം കാണേണ്ടി വരും.

മന്ത്രിസഭയില്‍ അംഗമായി ചുമതലകള്‍ ഏറ്റെടുത്ത് മികച്ചൊരു ഭരണകര്‍ത്താവെന്ന് തെളിയിക്കുവാന്‍ മന്‍മോഹന്‍ സിംഗ് രാഹുല്‍ഗാന്ധിക്ക് നല്‍കിയ അവസരം വേണ്ടെന്ന് വെച്ച രാഹുലിനെ പ്രധാനമന്ത്രിയായി ഉയര്‍ത്തരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മികച്ചൊരു ധനമന്ത്രി എന്നതായിരുന്നു പ്രധാനമന്ത്രിയാവുന്നതിന് മന്‍മോഹന്‍ സിംഗിന്റെ ചവിട്ടുപടി. അതുപോലെ മന്ത്രിസഭയില്‍ അംഗമായി കഴിവു തെളിയിച്ചതിന് ശേഷം പ്രധാനമന്ത്രിക്കുപ്പായം ഇടുന്നതല്ലേ രാഹുലിന് രാജ്യത്തിനും ഗുണകരം?

കോണ്‍ഗ്രസ്സ് ഒരു കാര്യം മനസ്സിലാക്കണം നിങ്ങളുടെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഇത്രയും മോശമായ പ്രകടനത്തിന് ശേഷവും നിങ്ങള്‍ ജയിക്കുന്നുവെങ്കില്‍ അത് രാഹുല്‍ ഗാന്ധിയിലെ യുവ രാഷ്ട്രീയക്കാരനില്‍ പ്രതീക്ഷ(വ്യര്‍ത്ഥമായ) അര്‍പ്പിച്ച് ജനങ്ങള്‍ വോട്ട് ചെയ്യുന്നത് കൊണ്ട് മാത്രമല്ല മികച്ചൊരു പ്രതിപക്ഷമില്ലാത്തത് കൊണ്ടും കൂടിയാണ്.Thursday, August 4, 2011

കൊതിയൂറും സാള്‍ട്ട് & പെപ്പര്‍

സാള്‍ട്ട് & പെപ്പര്‍ എന്ന ചിത്രത്തെക്കുറിച്ച് ഇതില്‍ വളരെ കുറച്ചേ പറയുന്നുള്ളു എന്ന് ആദ്യമേ സൂചിപ്പിക്കുന്നു.........


വര്‍ഷമൊന്നാകുന്നു
(ഒരു മാസം കുറവ്) കോയമ്പത്തൂരിലേക്ക് പറിച്ച് നടപ്പെട്ടിട്ടു. ഇത്രയേറെ തിയേറ്ററുകളുള്ള ഒരു നാട്ടില്‍ വന്നിട്ട് ഒറ്റ സിനിമപോലും തിയേറ്ററില്‍ പോയി കാണാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. വിരലിലെണ്ണാവുന്ന വീക്കെന്‍ഡുകള്‍ മാത്രമേ ഞാനീ കോയമ്പത്തൂരില്‍ ചിലവഴിച്ചിട്ടുള്ളു. അതിലും പലത് ഉറങ്ങിയും വായിച്ചും തീര്‍ത്തവ. ബാക്കിയുള്ളവയെല്ലാം ഞാന്‍ നാട്ടിലായിരിക്കും. ഹോം സിക്കനസ് ആണെന്ന് പറയാന്‍ പറ്റില്ല കാരണം നാട്ടിലെത്തിയാലും വീട്ടിലിരിക്കുന്നത് അപൂര്‍വ്വമാണ്. ഇതിന് മുമ്പ് ഇവിടെനിന്നൊരു സിനിമ കാണാനുള്ള ശ്രമം (കോ) എന്റെയൊരു സുഹൃത്തിന്റെ സഹായസഹകരണം കൊണ്ട് ഞാന്‍ ഒന്നര മണിക്കൂര്‍ ഗാന്ധിപുരത്ത് പോസ്റ്റ് ആയി എന്നതല്ലാതെ തിയേറ്ററിന്റെ പടിക്കല്‍ പോലും എത്തിയില്ല.


പോസ്റ്ററുകളുടെ അട്രാക്ഷന്‍ കാരണം കാണണം കാണണം എന്ന് കരുതിയിരുന്ന ചിത്രമായിരുന്നു സാള്‍ട്ട്
& പെപ്പര്‍ പക്ഷേ പടം കോയമ്പത്തൂര്‍ റിലീസ് വൈകിയാണെന്നറിഞ്ഞു. പിന്നെ ഓഫീസ് തിരക്കിലും മറ്റുമായി സംഭവം മറന്നും പോയി. തിങ്കളാഴ്ച പതിവുപോലെ ട്വിറ്ററില്‍ വിരാജിച്ചു കൊണ്ടിരുന്നപ്പോളാണ് കോയമ്പത്തുരിലുള്ള ഒരു ട്വിറ്റര്‍ സുഹൃത്തില്‍ നിന്നറിഞ്ഞത് (@EndsPick) പടം ഇവിടെയെത്തീട്ടുണ്ടെന്ന്.

ഷമ്മയോട് (കോ കാണാമെന്ന് പറഞ്ഞ് പറ്റിച്ച കോ(പ്പന്‍)ളീഗ്) കാര്യം അവതരിപ്പിച്ചപ്പോള്‍ പോകാമെന്ന തീരുമാനമായി. എല്ലാവര്‍ക്കും സൌകര്യമുള്ള തീയ്യതിയായത് കൊണ്ട് പടം കാണാന്‍ ബുധനാഴ്ച പോകാമെന്ന് ഉറപ്പാക്കി.


'അല്ല ഈ കര്‍ണ്ണാടിക് തിയേറ്റര്‍ എവിടെയാണ്' സംശയം ഞാന്‍ ഷമ്മയോട് ചോദിച്ചു


'ഡോ, ഒരു വര്‍ഷമായില്ലേടാ താന്‍ ഇവിടെയെത്തീട്ട്, എന്നിട്ടും ഇതുവരെ ഇതൊന്നും മനസ്സിലാക്കിയില്ലേ കഷ്ടം'


'അത് പിന്നെ' മറുപടി പറയാനായി ഞാനൊരുങ്ങി


'ആ അതിന് വല്ലപ്പോഴും ഇവിടെ നിന്നിട്ട് വേണ്ടേ ഇവിടെയൊക്കെ ഒന്നു കറങ്ങാന്‍ തന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല' ഷമ്മ തന്നെ മറുപടി പൂരിപ്പിച്ചു


'നിങ്ങള്‍ വരാമെന്ന് പറഞ്ഞു പറ്റിച്ചാലും സ്ഥലം അറിയാതെ പാടുപെടേണ്ടല്ലോ എന്ന് വിചാരിച്ചാണ് ഞാന്‍ സ്ഥലമെവിടാന്ന് ആദ്യമേ മനസ്സിലാക്കാന്‍ ശ്രമിച്ചേ' ഷമ്മയെ ഞാന്‍ പഴയ കാര്യങ്ങള്‍ ഓര്‍മ്മപെടുത്തി


'ഡോ ഒരു അബദ്ധം ഏത് പോലീസുകാരനും സംഭവിക്കുമെന്നല്ലേ, നിങ്ങളെ ഈ പടം ഞാന്‍ കൊണ്ടു പോയി കാണിക്കും'


ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഷമ്മ ഏറ്റെങ്കിലും, ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ വൈകുമെന്ന കാരണം പറഞ്ഞ് ബുക്കിംഗ് പിറ്റേന്ന് ഓണ്‍ലൈന്‍ വഴി നടത്താമെന്ന തീരുമാനത്തില്‍ നമ്മള്‍ അന്ന് പിരിഞ്ഞു.പിറ്റേന്ന് കാര്യം സൂചിപ്പിച്ചപ്പോള്‍ അവന്‍ കൈമലര്‍ത്തി


'ഡോ അവരുടെ പേയ്മെന്റ് ലിസ്റ്റില്‍ എന്റെ ബാങ്ക് ഇല്ല നിങ്ങള്‍ ബുക്ക് ചെയ്യൂ'

'അതിന് ഇയാളടെ ബാങ്ക് തന്നെയല്ലേ എന്റേതും'

'എന്നാല്‍ നമുക്ക് ശ്രീജിത്തിനോട് പറയാം, ആള്‍ എന്തായാലും റിലീവ് ആവുകയല്ലേ ടിക്കറ്റ് അവന്റെ വക ആയിക്കോട്ടെ'

'ആയിക്കോട്ടെ' എന്ന് പറഞ്ഞ് ഞാന്‍ ശ്രീജിത്തിനെക്കൊണ്ട് അഞ്ചു പേര്‍ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. ടിക്കറ്റ് ചാര്‍ജ്ജായ 50 രൂപയും എക്സ്ട്രാ 20 രൂപയും ചേര്‍ത്ത് 70 രൂപ(ആളൊന്നുക്ക്) കൊടുത്തത് നമ്മള്‍ പിരിച്ചു കൊടുക്കുമെന്ന വിശ്വാസത്തിലാണ് ശ്രീ ഇപ്പോഴും ഇരിക്കുന്നത് (പാവം).

അങ്ങനെ പടം കാണുന്ന ദിവസം എത്തി. ടിക്കറ്റ് പ്രിന്റെടുത്തിട്ട് വരുക എന്ന ദൌത്യത്തില്‍ നിന്നും ഷമ്മ ബുദ്ധിപൂര്‍വ്വം ഒഴിവായെങ്കിലും, ട്രാന്‍സ്പോര്‍ട്ടേഷന്‍ വകുപ്പ് പുള്ളിയെത്തന്നെ അടിച്ചേല്‍പ്പിച്ചു നമ്മള്‍. പടത്തിന് പോകാന്‍ കൃത്യം ആറ് മണിക്ക് തന്നെ ഓഫീസിനു മുന്നിലെത്താന്‍ പാകത്തിന് അവന്‍ ഒരു കോള്‍ ടാക്സി അറേഞ്ച് ചെയ്തിട്ടുണ്ടെന്ന് നമ്മളെ അറിയിച്ചു. ഇവിടെ ഓട്ടോ വിളിച്ചു പോകുന്നതിലും ലാഭം ടാക്സി വിളിക്കുന്നതാണ്. പടത്തിന് ഒരു ബില്‍ഡപ്പ് വരുന്നതിനായി ഞാന്‍ പല റിവ്യൂകളിലും, ചിലര്‍ നേരിട്ടും പറഞ്ഞ കാര്യങ്ങള്‍ അവരോടെല്ലാം പറഞ്ഞു കൊണ്ടിരുന്നു 'അതേ ഈ സിനിമ കണ്ടാല്‍ വിശക്കും എന്നാണ് എല്ലാരും പറയുന്നേ...'. പഴയ ഓഫീസില്‍ നിന്ന് പണ്ട് അലിഭായി കാണാനായി ഇരുപതോളം പേരെ കൊണ്ടുപോയതൊക്കെ ഓര്‍മ്മയിലേക്ക് വന്നു ;)

വൈകുന്നേരമായി പറഞ്ഞ സമയത്തിനും പത്തു മിനുട്ട് മുന്നേ ഞാന്‍ ഓഫീസില്‍ നിന്നിറങ്ങി. ആരെയും അവിടെങ്ങും കാണുന്നില്ല. ടാക്സി അറേഞ്ച് ചെയ്തിരിക്കുന്ന ഷമ്മയെ വിളിച്ചു


'ഷമ്മാ നീ എവിടെയാണ്?'

'ഡോ ഞാന്‍ ക്യാന്റീനിലുണ്ടല്ലോ, ചായക്കുടിക്കുകയാണ്'

'വണ്ടി വരാറായി അപ്പോഴാണോ നിങ്ങടെ 'ചായ'കുടി'

'ഇയാളല്ലേ പറഞ്ഞേ ഫിലിം കണ്ടാല്‍ വിശക്കുമെന്ന് അപ്പോള്‍ മുന്‍കരുതലെന്ന നിലക്ക്'

'മതി മതി അത്രേം കരുതിയാല്‍ മതി, ഇയാള്‍ ഇങ്ങോട്ട് വാ, ബാക്കിയുള്ളവരും എത്തീട്ടുണ്ട്' ഞാന്‍ ഷമ്മയോട് പറഞ്ഞു

'ആരെത്തീട്ടെന്താ വണ്ടി മാത്രം എത്തിയില്ലല്ലോ' തിരിഞ്ഞു നോക്കിയപ്പോള്‍ ടീമിലെ പുതുമുഖം പട്ടാമ്പിക്കാരന്‍ ശരത്തിന്റെ മറുപടി

'ഇതും കോ പോലെത്തന്നെയാവുമോ?' ഞാന്‍ ഷമ്മയോട് ചോദിച്ചു

'താനൊന്ന് മിണ്ടാതിരിക്കാമോ?' ഷമ്മ ഫോണില്‍ കോള്‍ടാക്സി സര്‍വ്വീസുകാരെ ഡയല്‍ ചെയ്തു

സമയം ആറ് കഴിഞ്ഞു, മിനുട്ട് സൂചികള്‍ പിന്നെയും മുന്നോട്ട് നീങ്ങുകയാണ്. വിളിക്കുമ്പോള്‍ 'വന്തിട്ടിരുക്കേന്‍' എന്ന മറുപടിയല്ലാതെ ടാക്സി ചേട്ടന്‍ എത്തുന്നില്ല. പറഞ്ഞ സമയം കഴിഞ്ഞു പത്തുമിനുട്ടോളം കഴിഞ്ഞിരിക്കുന്നു. ഇനിയും കാത്തിരുന്നാല്‍ പടം കാണല്ല നടക്കില്ലെന്ന ഉറപ്പായപ്പോള്‍ അവിടെ ഓഫീസ് പരിസരത്തെങ്ങാനും വല്ല കോള്‍ ടാക്സിയും കിടപ്പുണ്ടോന്ന് നോക്കി നമ്മളിറങ്ങി. ഭാഗ്യത്തിന് വണ്ടിക്കിട്ടി കൃത്യസമയത്ത് തന്നെ തിയേറ്ററിലെത്തി. പടം തുടങ്ങി പത്തുമിനുട്ടോളം കഴിഞ്ഞപ്പോള്‍ 'ഞാന്‍ എത്തി' എന്ന് പറഞ്ഞ് ടാക്സി ചേട്ടന്‍ വിളിച്ചു. ചേട്ടനോട് 'സ്മാര്‍ട്ട് ബോയി' എന്ന് പറഞ്ഞു ഷമ്മ ഫോണ്‍ കട്ട് ചെയ്ത് നമ്മള്‍ ശ്രദ്ധ പടത്തിലേക്കാക്കി.


ഇതിത്രയും ആയിട്ട് എന്തേ പടത്തിനെക്കുറിച്ചൊന്നും പറയാത്തെ എന്നാണ് നിങ്ങളുടെ സംശയമെങ്കില്‍ അത് ഞാനായിട്ട് പറയേണ്ടതില്ല
. സകല സിനിമാ റിവ്യൂ എഴുതുന്നവരും കൊള്ളാമെന്ന്(മലയാളത്തിലെ അബൂബക്കര്‍ ഒഴികെ) പറഞ്ഞൊരു പടത്തിനെക്കുറിച്ച് ഞാനിനി എന്തോന്ന് പറയാന്‍.

പോസ്റ്ററുകളില്‍ തുടങ്ങി ടൈറ്റില്‍ സോംഗ് മുതല്‍ അവതരണത്തിലും ചിത്രീകരണത്തിലും കഥാപാത്രങ്ങളിലും(ബാബുരാജിന്റെ കാര്യം തന്നെ ഉദാഹരണം) പുതുമ കൊണ്ടുവന്ന ഒരു ചിത്രം ഒരുക്കി നമുക്കായി കാഴ്ച വച്ചിരിക്കുകയാണ് ആഷിക് അബുവും ടീമും. കുറേയേറെ സീനുകള്‍ സിനിമ കണ്ടിറങ്ങിയിട്ടും മനസ്സില്‍തന്നെയുണ്ട്. പ്രധാന നടീ നടന്മാരെല്ലാം അവരുടെ റോളുകളോട് നീതി പുലര്‍ത്തി എന്ന് തന്നെ വേണം പറയാന്‍ . എടുത്തു പറയേണ്ടത് ബാബുരാജ് അവതരിപ്പിക്കുന്ന ബാബു എന്ന വേലക്കാരനെയാണ്. ചില(രണ്ട്) സീനുകളില്‍ മാത്രമേ ഉള്ളുവെങ്കിലും അര്‍ച്ചനാ കവിയും തന്റേ സാന്നിധ്യം ഈ ചിത്രത്തില്‍ അറിയിച്ചിട്ടുണ്ട്.


പക്ഷേ ഇവരിലെല്ലാരെക്കാളും നമ്മളെ ചിത്രത്തോട് അടുപ്പിക്കുന്നത്
, അതിലെ ഭക്ഷണങ്ങളാണ് എന്നാണെന്റെ അഭിപ്രായം. ഭക്ഷണവും ഇതിലൊരു കഥാപാത്രമാണ്. ഇതിന് മുമ്പും പല സിനിമകളിലും തീന്‍മേശ സീനുകള്‍ അനവധിയുണ്ടായിട്ടുണ്ട്, പക്ഷേ ഈ സിനിമയിലെ കഥാപാത്രങ്ങള്‍ കഴിക്കുന്ന ആഹാരത്തിന്റെ ഒരു പങ്ക് നമുക്കും കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ എടുത്ത ആദ്യ സിനിമയാണ് സാള്‍ട്ട് & പെപ്പര്‍ എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ലെന്ന് തന്നെ പറയാം. ഒരു ദോശയുണ്ടാക്കിയ കഥയില്‍ ദോശ മാത്രമല്ല വേറെ പലതും അവര്‍ ഉണ്ടാക്കുന്നുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെയില്ലെങ്കിലും മിക്കപ്പോഴും ഏതെങ്കിലും ഒരു ഭക്ഷണവിഭവം സ്ക്രീനിലെത്തുന്ന കഥാപാത്രത്തിനൊപ്പമുണ്ടാകും. അത് കള്ളപ്പത്തിന്റെയോ ഓംലെറ്റിന്റെയോ 'തട്ടില്‍ കുട്ടി ദോശ'യുടെയോ റെയിന്‍ബോ കേക്കിന്റെയോ ചെമ്പല്ലിക്കറി, ഉണ്ണിയപ്പം, പഴംപൊരി അങ്ങനെ പല ഭക്ഷണങ്ങളുടെയും രൂപത്തില്‍ നമ്മെ കൊതിപ്പിച്ചുകൊണ്ടിരിക്കും.


ജീവിക്കുവാനായി ഭക്ഷണം കഴിക്കുന്നവരായാലും, ഭക്ഷണം കഴിക്കാനായി ജീവിക്കുന്നവരായാലും, രണ്ടു മണിക്കൂറില്‍ പറഞ്ഞവസാനിപ്പിക്കുന്ന ഈ ചിത്രത്തെ ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ തീര്‍ച്ച.


വാല്‍ക്കഷ്ണം: തട്ടില്‍ കുട്ടി ദോശ കിട്ടുവാന്‍ ഇവിടെ സാധ്യതയില്ലാത്തതിനാല്‍ കൊതി ഒരു മസാലദോശയില്‍ ഒതുക്കേണ്ടി വന്നു നമുക്കെല്ലാവര്‍ക്കും. രണ്ടു മണിക്കൂര്‍ ഇരുന്ന കണ്ട സിനിമക്ക് ആയതിലും ഏറെ പൈസയായി ഇരുപത് മിനുട്ടിരുന്ന കഴിച്ച ഫുഡിന്. വിശന്നത് കൊണ്ടാണോയെന്നറിയില്ല അതൊന്നും ആരും കാര്യമാക്കിയതുമില്ല.

Related Posts with Thumbnails