Saturday, February 26, 2011

തടസ്സങ്ങളില്ലാതെ ട്രാഫിക്


വെള്ളിയാഴ്ച്ചയുണ്ടായിരുന്ന പരീക്ഷയ്ക്ക് ലീവെടുത്തെത്തിയ ഞാന്‍ പരീക്ഷ കഴിഞ്ഞ് ബാക്കി സമയം, പതിവ് പരിപാടികളായ ചാറ്റ്, ട്വീറ്റ്, ബ്ലോഗ് വായന, കമന്‍റ് എന്നിവയില്‍ ബിസി ആയിരിക്കുന്പോളാണ് ഒരു ചാറ്റ് പോപ് ചെയ്ത വന്നത്....

'നിങ്ങളീ ആഴ്ച്ച വരുന്നുണ്ടെങ്കില്‍ ട്രാഫിക്കിന് പോയാലോ? നിങ്ങളും ഉണ്ടെങ്കില്‍ നമുക്ക് രാവിലത്തെ ഷോക്ക് പോകാം' ചാറ്റിലൂടെ മജോണിന്‍റെ ക്ഷണം.

'പിന്നെന്താ, പോണെന്നുറപ്പാണെങ്കില്‍ നേരത്തെ പറയണം, കുളിക്കണോ വേണ്ടയോന്ന് തീരുമാനിക്കാനുള്ളതാ' തിരിച്ച് ഞാനും പിംഗ് ചെയ്തു.

'കോയന്പത്തൂര്‍ പോയതിന് ശേഷം കുളിയൊന്നുമില്ലേ മനുഷ്യാ'

'അതല്ലടേയ്, നാളെ മുടിവെട്ടിക്കണമെന്ന് വിചാരിച്ചിരുന്നതാ, സിനിമക്ക് പോകുവാണേല്‍ അത് പിന്നെപ്പോളെങ്കിലും ആക്കാം'

'ഉം ഉം, ഞാനിത് നാലാളോട് പറയട്ടേ'

'നീ ആരോട് വേണമെങ്കിലും പറഞ്ഞോ, വേറെ ആരൊക്കെ വരുന്നുണ്ട്' വിഷയം മാറ്റി ഞാന്‍ രക്ഷപ്പെടാനൊരു ചെറിയ ശ്രമം നടത്തി.

'വേറെ എല്ലാവന്മാരും കണ്ടു, ഞാനും സുള്ളനും പിന്നെ ഹൃദയവും കാണും...'

'ആര് നിധീഷോ, അവന്‍ സിനിമയ്ക്കൊക്കെ വരുമോ?' മജോണിന് മറുപടി കേട്ട് ഞാനൊന്ന് ഞെട്ടി.....

'കല്യാണം കഴിഞ്ഞ് സിനിമക്കൊക്കെ പോകാനുള്ളതല്ലേ, അതിന്‍റെ പ്രാക്ടീസാവും' മജോണ്‍ സംഭാഷ്ണത്തിന് മേന്പൊടി ചേര്‍ത്തു


'നീ പ്രോഗ്രാമെന്താണെന്ന് കറക്ടായി വിളിച്ച് പറ, ഞാന്‍ സൈന്‍ഔട്ട് ചെയ്യുകയാ, സിസ്റ്റം തൂങ്ങുന്നു പണ്ടാരം വൈറസുകളെല്ലാം കൂടി ഇത് കുളമാക്കുമെന്നാ തോന്നണേ' ചാറ്റ് വിന്‍ഡോകളിലെ ക്ലോസ് ബട്ടണുകളില്‍ ക്ലിക്കമര്‍ന്നു....


മലയാള സിനിമ പ്രേക്ഷകരില്‍ ഭൂരിഭാഗവും നല്ലതെന്ന് പറഞ്ഞ ട്രാഫിക് എന്ന ചിത്രം എനിക്കിതുവരെ കാണാനായിട്ടില്ല. ഈ വരവിന് ആ കുറവ് നികത്തണമെന്ന് വിചാരിച്ചിരുന്നതാണ്. പഴയ സിനിമാ മേറ്റ് രമേഷന്‍ ചെന്നൈക്ക് കടന്നതിന് ശേഷം സിനിമ കാണല്‍ കുറഞ്ഞിട്ടുണ്ട്.

പിറ്റേന്ന് രാവിലെ(9.30 എന്ന് വായിക്കുക) എണീറ്റ് കുളിയും കാര്യങ്ങളുമെല്ലാം കഴിഞ്ഞ് ആന്‍റിവൈറസും അപ്ഡേറ്റ് ചെയ്തിരിക്കുന്പോള്‍ മജോണിന്‍റെ കോള്‍

'നിന്നെ വിളിക്കണമെന്ന് വിചാരിച്ചതേ ഉള്ളു, ഏതാ തിയേറ്റര്‍ ' മജോണിനോട് ഞാന്‍ ചോദിച്ചു

'ചേട്ടാ ഒരു പ്രശ്നമുണ്ട്, സുള്ളന് രാവിലെ എത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല, ഇന്ന് ഓഫീസുള്ളതല്ലേ, ഹൃദയവും ഉണ്ടാവില്ലെന്ന് പറഞ്ഞു'

'ഹൃദയത്തിനെന്താ പ്രശ്നം'

'അവനിപ്പോ കിടന്നിട്ടേ ഉണ്ടാവുള്ള രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഫോണിന്‍ പരിപാടിയല്ലേ'

'ശരി ശരി, വൈകുന്നേരമായാല്‍ രണ്ടുപേര്‍ക്കും ഓക്കെ ആയിരിക്കുമല്ലോ'

'സുള്ളന്‍ ഓക്കെയായിരിക്കും, പക്ഷേ ഹൃദയം....'

'അവനെന്താ പ്രശ്നം?'

'വൈകുന്നേരം വീണ്ടും, ഫോണിന്‍ പ്രോഗ്രാം തുടങ്ങുമല്ലോ...'

'എന്തുവാടേയ് കല്യാണം ഉറപ്പിച്ചാല്‍ എല്ലാവനും ഇങ്ങനെയാവുമോ?'

'ആരും ഒന്നും പറയേണ്ട, അധികം വൈകാതെ നമ്മളും നിങ്ങളോട് ഈ ചോദ്യം ചോദിക്കുന്നത് കാണാം....' മജോണ്‍ നമുക്കിട്ടൊന്ന് ചാന്പി

'ശരി ശരി, വൈകുന്നേരം കാണാം ' കോള്‍ കട്ട് ചെയ്ത്, ഞാന്‍ വൈറസ് പിടുത്തത്തിലേക്ക് നീങ്ങി.....


ട്രാഫിക്കിനെക്കുറിച്ച് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാര്‍ക്കും അറിയാം, നല്ലതും ചീത്തയും(http://malayal.am എന്ന സൈറ്റില്‍ വന്ന റിവ്യൂ) നിങ്ങള്‍ വായിച്ചതാണ്. ബിജെപിയുടെ രക്ഷായാത്ര(ഇപ്പോള്‍ യാത്രകളുടെ സീസണാണല്ലോ) സൃഷ്ടിച്ച ട്രാഫിക്ക് ബ്ലോക്കില്‍ നിന്ന് രക്ഷപ്പെട്ട് തിയേറ്ററിലെ ടിക്കറ്റ് കൌണ്ടറിലെത്തിയ നമ്മള്‍ വ്യത്യസ്തമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചു. 'ട്രാഫിക്ക് ഫ്രണ്ടസ്' എന്ന പേരില്‍ രാജേഷ്പിള്ളയുടെ(സംവിധായകന്‍ ) സുഹൃത്തുക്കളുടെ വക രൂപികരിച്ച ഒരു സൌഹൃദ കൂട്ടായമയുടെ വക ട്രാഫിക്കിന്‍റെ 51ാമത് ദിവസത്തിന്‍റെ ആഘോഷ പരിപാടികള്‍ നടക്കുകയായിരുന്നു അവിടെ(രമ്യ-ധന്യ തിയേറ്റര്‍ ).


മലയാള സിനിമയുടെ കാര്‍ണവര്‍ മധു, ഡയറക്ടര്‍ രാജേഷ്പിള്ള, തിരക്കഥാകൃത്ത് സഞ്ജയ്, സംഗീതസംവിധായകന്‍ മെജോ ജോസഫ്-സാംസണ്‍കോട്ടൂര്‍‍ , സിനിമയില്‍ അഭിനയിച്ച ചില സഹനടി-നടന്മാര്‍ക്കും, മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കുമായി ഒരു സ്വീകരണം(മുന്‍ നിര നടന്മാരാരും ചടങ്ങില്‍ എത്തിയിട്ടില്ലായിരുന്നു). കൂട്ടത്തില്‍ എടുത്ത്ശ്രദ്ധിക്കപ്പെട്ടത് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന ചെറുപ്പക്കാരനായ ഈ ചിത്രത്തിന്‍റെ പ്രൊഡ്യൂസറെയാണ്. മുപ്പതിന് താഴെ മാത്രം പ്രായം വരുന്ന ഈ ചെറുപ്പക്കാരനാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ചിത്രത്തില്‍ റഹ്മാനെ കാണിക്കുന്ന ആദ്യ സീനുകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ലിസ്റ്റിന്‍ . ലിസ്റ്റിന്‍ പറഞ്ഞത് പോലെ സാധാരണ ഒരു ചിത്രത്തിന്‍റെ പ്രോഡ്യൂസറാണ് ആ ചിത്രത്തിന്‍റെ വിജയം ആഘോഷിക്കാനായി ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കാറ്. പക്ഷേ ഇവിടെ അവരുടെ സുഹൃത്തുക്കള്‍ അവര്‍ക്കായി ഒരു സ്വീകരണം ഒരുക്കിയിരിക്കുന്നു. അപ്രതീക്ഷിതമായെങ്കിലും എനിക്കും അതില്‍ പങ്കുചേരാനായി എന്നുള്ളതില്‍ സന്തോഷമുണ്ട്.


ഒരു സിനിമ വിജയിക്കുന്നത്, പ്രേക്ഷകരെയും ആ കഥ പറച്ചിലിനൊപ്പം കൊണ്ടു പോകാന്‍ കഴിയുന്പോളാണ്. സ്ക്രീനില്‍ തെളിയുന്ന ചിത്രങ്ങളില്‍ അത്രമാത്രം ലയിച്ചിരുന്ന് കണ്ട ചിത്രങ്ങളാണ് ലഗാനും, ചക്ദേ ഇന്ത്യയുമെല്ലാം. അവയ്ക്കൊപ്പം വയ്ക്കാനാവുമോ എന്നൊരു ചോദ്യം ബാക്കി നില്‍ക്കുന്പോഴും, ഒന്ന് തീര്‍ച്ചയാണ് ദൈനംദിന ജീവിതത്തിലെ ട്രാഫിക്ക് മലയാളികള്‍ക്ക് സുപരിചിതമാണ്. പക്ഷേ മലയാളസിനിമയിലെ ഈ ട്രാഫിക്ക് അവര്‍ക്കെന്നും വ്യത്യസ്തമായിരിക്കും. ഈ ചിത്രത്തിലെ ആക്സിഡന്‍റ് സീനുകള്‍ മാത്രം മതി അത് തെളിയിക്കാന്‍


വാല്‍ : ചിത്രം തുടങ്ങുന്നതിന് മുന്പ് ചാക്കോച്ചന്‍ ഫാന്‍സ് അസോസിയേഷന്‍കാരുടെ ലഡ്ഡുവിതരണം ഉണ്ടായിരുന്നു. അവധി ദിവസമായതോണ്ടായിരിക്കാം ബാല്‍ക്കണി ഹൌസ്ഫുള്ളുമായിരുന്നു......

ഇതൊക്കെയാണെങ്കിലും പറയാതെ വയ്യ, തിരക്കുള്ള കോളനിയിലെ ആളുകളെ ഒഴിപ്പിക്കാനായി കാറിനെക്കാളും വേഗത്തിലോടി വഴി ക്ലിയറാക്കുന്ന ആസിഫ് അലിയുടെ കഥാപാത്രം വിചാരിച്ചിരുന്നേല്‍ ഈ ബുദ്ധിമുട്ടൊന്നുമില്ലാതെ കൊച്ചി ടു പാലക്കാട് ഓടിയെത്താമായിരുന്നില്ലേ എന്നൊരു സംശയം തോന്നും പ്രേക്ഷകര്‍ക്ക് ചില സീനുകള്‍ കാണുന്പോള്‍


ക്കഷ്ണം : സിനിമയില്‍ ഏറ്റവും ഫീല്‍ ചെയ്തത് റെയ്ഹാന്‍റെ അച്ഛനെയും അമ്മയേയും ഓര്‍ത്താണ്. ഒരു മാതാപിതാക്കള്‍ക്കും അങ്ങനൊരു അവസ്ഥയിലൂടെ സഞ്ചരിക്കേണ്ടി വരരുതേയെന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.....


ഒരു No പ്രത്യേകിച്ചൊരു മാറ്റവും കൊണ്ടുവരില്ല, എന്നാലൊരു Yes പുതിയൊരു തുടക്കം കുറിച്ചേക്കാം. നാളെ അത് ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടേണ്ട ഒന്നായി മാറാം.


നമ്മളെല്ലാരും നല്‍കിയ ഈ യെസ് ഇനിയും ഇത് പോലുള്ള ചിത്രങ്ങളെടുക്കാന്‍ പലരെയും പ്രേരിപ്പിക്കട്ടെ.......


Related Posts with Thumbnails