Friday, September 10, 2010

സിനിമാ ഹണ്ട് : ശിക്കാര്‍

ജോലി തേടി തിരുവനന്തപുരം നഗരം വിട്ടതിന് ശേഷം, അവധിക്ക് നാട്ടിലേക്കുള്ള മടക്കത്തിന് ശേഷമുള്ള സിനിമാ ഹണ്ടിന്റെ തുടക്കം‍ എല്‍സമ്മ കണ്ടാവണമെന്നായിരുന്നു ആഗ്രഹം, പക്ഷേ ലാലേട്ടന്റെ ശിക്കാര്‍ ആയത് യാദൃശ്ചികം മാത്രം. കൂട്ടുകാരന്റെ കല്യാണസദ്യയിലെ പായസം കുടിക്കുമ്പോഴാണ് സുഹൃത്തിന്റെ കോള്‍. ശിക്കാര്‍ കാണാനുള്ള ക്ഷണവുമായി. ലാലേട്ടന്‍ ഫാന്‍ ആയോണ്ടുള്ളൊരു ഔദാര്യം.ശ്രീകുമാര്‍/ശ്രീവിശാഖില്‍ നല്ല തിരക്ക്, ഇതിനിടയില്‍ അവര്‍ എങ്ങനെ ടിക്കറ്റെടുക്കുന്ന് സംശയിച്ച് നില്‍ക്കുമ്പോഴാണ് വീണ്ടും കോള്‍, പടം ന്യൂവിലുമുണ്ട്, അങ്ങോട്ടെത്താന്‍. അവിടെ മറ്റ് രണ്ടിടത്തും അപേക്ഷിച്ചുള്ള തിരക്കൊന്നുമില്ല. നഗരത്തിലെ പോസ്റ്ററുകളില്‍ മുഴുവന്‍ വന്ദേമാതരം - ന്യൂ എന്ന് പതിച്ചിരിക്കുന്നതോണ്ടാവുമോ ഈ തിരക്കില്ലായ്മ(ഞാനൊരു ലാല്‍ ഫാനാണേ... :) ).

ചിത്രം കണ്ടിറങ്ങുമ്പോള്‍ മോഹന്‍ലാലിന്റെ ബലരാമനെക്കാള്‍ മനസ്സില്‍ തങ്ങി നിന്നത് സമുതിരകനിയുടെ അബ്ദുള്ളയെന്ന നക്സല്‍ നേതാവാണ്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയപേക്ഷിച്ച് ചുരുക്കം സീനുകളില്‍ മാത്രമേ എത്തുന്നുള്ളുവെങ്കിലും
അബ്ദുള്ളയായി സമുതിരകനിയുടെ പ്രകടനം അവിസ്മരണീയം എന്ന് തന്നെ വിശേഷിപ്പിക്കണം.

ഇത്രയും നല്ല സ്ഥലങ്ങള്‍ നമ്മുടെ നാട്ടിലുണ്ടല്ലേ എന്ന് തോന്നിപ്പിക്കുന്നതാണ് ചിറ്റാഴയുടെ പ്രകൃതിഭംഗി. അത് അതിന്റെതായ ഭംഗിയില്‍ നമ്മളിലെത്തിക്കാന്‍ ക്യാമറ ചലിപ്പിച്ച മനോജ് പിള്ള പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഇത് ശരിക്കും എവിടെയാ സ്ഥലമെന്നറിയുന്നവര്‍ ഒന്ന് കമന്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....

ലാലേട്ടനെക്കുറിച്ച് പറയേണ്ട കാര്യമില്ല, ഇതിനു മുമ്പും പലപ്പോഴായി പറഞ്ഞിട്ടുള്ളതാണിതൊക്കെ. സ്റ്റണ്ട് രംഗങ്ങളിലെ തന്റെ മെയ്‍വഴക്കം ഇനിയും കൈമോശം വന്നിട്ടില്ലെന്നദ്ദേഹം കാണിച്ചു. സൂപ്പര്‍ താരങ്ങളില്‍ സംഘടന രംഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ തന്നെ കഴിഞ്ഞേ വേറാരുമുള്ളു എന്ന് അദ്ദേഹം വീണ്ടും കാണിച്ചു. ഭ്രമരത്തിന് ശേഷം ലാലേട്ടന്‍ വീണ്ടും തിളങ്ങി(അത്രേം വരുമോ?)എന്ന പൊതു അഭിപ്രായം നല്‍കുന്ന ചിത്രം. ഇതിനിടയില്‍ ഞാന്‍ ഇവിടം സ്വര്‍ഗ്ഗമാണ് മാത്രമേ

കണ്ടുള്ളു എന്നത് വേറൊരു കാര്യം. ലാലേട്ടനെ ഇണ്ട്രോഡ്യൂസ് ചെയ്യുന്ന സീനിലെ മൂപ്പരുടെ ആ നില്പ് എനിക്ക് വളരെയധികം ഇഷ്ടമായി. അത് പോലെ തന്നെ പാറയിടുക്കുകള്‍ക്കിടയിലൂടെയുള്ള ക്ലൈമാക്സ് രംഗത്തിലെ സ്റ്റണ്ടും എടുത്ത് പറയേണ്ടവയാണ്.

കലാഭവന്‍ മണി, ലാലു അലക്സ്, തലൈവാസല്‍ വിജയ്, അനന്യ, സ്നേഹ, ലക്ഷമി ഗോപാലസ്വാമി, മൈഥിലി, സുരാജ്, ജഗതി, കൈലാഷ്, ബാബുനമ്പൂതിരി, കൊച്ചുപ്രേമന്‍, കണ്ണൂര്‍ ശ്രീലത, രശ്മിബോബന്‍ തുടങ്ങി ഒരു പിടി അഭിനേതാക്കള്‍ ചിത്രത്തില്‍ വന്നു പോകുന്നുണ്ട്.

ഈറ്റ വെട്ടുകാരുടെ കഥയാണെങ്കിലും, ഈറ്റ വെട്ടിന് വല്യ പ്രാമുഖ്യം നല്‍കുന്നതിന് ആരും ശ്രദ്ധ ചെലുത്തിയതായി കണ്ടില്ല. നല്ലൊരു പുഴയയുടെ തീരമായിരുന്നു ലൊക്കേഷനെങ്കിലും, നരന്‍ എന്ന ചിത്രത്തിലെ പോലെ പുഴയെ നല്ലരീതിയിലുപയോഗിക്കാനും സംവിധായകന്‍ ശ്രമിച്ചില്ലെന്ന് വേണം പറയാന്‍(ഈറ്റക്കെട്ടുകള്‍ വെള്ളത്തില്‍ ഒലിച്ച് പോകുന്നതും, ലാലേട്ടന്‍ അത് നീന്തിപിടിച്ച് കരയ്ക്കടുപ്പിക്കുന്നതും etc എടക് ;) )

മൈഥിലി എന്ന നടിയും, സ്വാഭാവികതയില്ലാതെ എങ്ങനേലും പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ഹാസ്യരംഗങ്ങളും, അഞ്ചുമിനുട്ടില്‍ ഒരു ഗാനം എന്ന റേഷിയോയും ഒഴിവാക്കിയിരുന്നെങ്കില്‍ എത്രയോ ഭേദമാകുമായിരുന്ന, ക്യാമറ(മനോജ് പിള്ള),അബ്ദുള്ള(സമുതിരകനി),ബലരാമന്‍(ലാലേട്ടന്‍) എന്നിവരുടെ പ്രകടനം കൊണ്ട് മികച്ചു നില്‍ക്കുന്ന ഒരു തരക്കേടില്ലാത്ത ചിത്രം.(ആകെ കണ്‍ഫ്യൂനായോ? :p)


വാല്‍ക്കഷ്ണം: കേരളത്തിലെ അണ്‍എക്സപ്ലോറ്ഡ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ചിറ്റാഴ(ഒറിജിനല്‍) മാറട്ടേയെന്ന് പ്രത്യാശിക്കുന്നു. അവിടെ ചെല്ലുമ്പോള്‍ ഇതെല്ലാം ക്യാമറ ടെക്നിക്ക് മാത്രമായിരുന്നു എന്ന് തോന്നിക്കരുതേ.

പറയാന്‍ വിട്ട് പോയ ഒരു കാര്യം, ഇതില്‍ എല്‍ദോ മാഷിന്റെ ഒരു ഡാന്‍സ്/സോംഗ് നമ്പറുമുണ്ട്.......

No comments:

Related Posts with Thumbnails