Thursday, September 10, 2009

വാമോസ് അര്‍ജന്‍റീന


In Spanish:
Vamos, vamos Argentina,
vamos, vamos a ganar,
que esta barra quilombera,
no te deja, no te deja de alentar.


English translation:
Let's go, let's go Argentina,

let's go, let's go to win,

for these raucous supporters,
won't stop, won't stop cheering for you.ബോബ് ഹൌട്ടണന്‍റെ കീഴില്‍ നെഹറു കപ്പ് വിജയവും ഏഷ്യകപ്പ് യോഗ്യതയും ഒക്കെയായി ഫുടബോളില്‍ ഇന്ത്യ പിച്ച വച്ച് തുടങ്ങുന്നതേയുള്ളു എന്ന് വേണമെങ്കില്‍ പറയാം. ചെറു ടൂര്‍ണമെന്‍റുകളില്‍ വിജയിച്ച്, ആരാധകരെ സൃഷ്ടിച്ച് ഇന്ത്യ മുന്നേറുകയാണ്.
ലോകകപ്പില്‍ ദേശീയ ടീമിനെ പ്രോത്സാഹിപ്പിക്കുക എന്ന നമ്മുടെ സ്വപ്നം വിദൂരമാണ്. ലോകകപ്പ് വേദിയില്‍ പന്തുരുളുന്പോള്‍ വിജയത്തില്‍ ആര്‍പ്പുവിളിക്കാനും തോല്‍വിയുടെ ദുഃഖം പങ്കുവയ്ക്കുവാനും എന്നും യൂറോപ്യന്‍ -ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ ഇംഗ്ലണ്ട്, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി , ബ്രസീല്‍ , അര്‍ജന്‍റീന എന്നിവര്‍ തന്നെയായിരുന്നു നമ്മുടെ കൂട്ട്.


ബ്രസീലും അര്‍ജന്‍റീനയും, ലോക ഫുട്ബോളിന്‍റെ വന്‍ ശക്തികള്‍ , ചടുലതാളത്തിനും പന്തടക്കത്തിനും പേരുകേട്ട ഫുട്ബോള്‍ ടീമുകള്‍ .. വെള്ളയില്‍ ആകാശനീലിമയോട് സാമ്യമുള്ള നീളന്‍ വരകളുള്ള കുപ്പായവുമണിഞ്ഞിറങ്ങുന്ന അര്‍ജന്‍റീനയോടായിരുന്നു എനിക്ക് ഇഷ്ടം. മഞ്ഞപ്പട തോല്‍ക്കുന്പോള്‍ ഞാനും സന്തോഷിക്കുമായിരുന്നു ,പല അര്‍ജന്‍റീന ഫാനുകളെ പോലെ. ഇവരുടെ ഈ പകയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒരു ടീം തോല്‍ക്കുന്നത് മറു ടീമിന്‍റെ ആരാധകര്‍ ആഘോഷിക്കുന്ന തരത്തിലേക്ക് ആ മാത്സര്യം വളര്‍ന്നിരുന്നു, ഒരു കണക്കിന് പറഞ്ഞാല്‍ ക്രിക്കറ്റില്‍ നമ്മുടെ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം പോലെ അല്ലെങ്കില്‍ മമ്മൂട്ടി - മോഹന്‍ലാല്‍ ഫാന്‍സുകാരുടെ മത്സരം പോലെ.

ഫുട്ബോളിലെ ഈ വൈരം വിശദമായി വിക്കിപീഡിയയില്‍ വായിക്കാം.


ഇന്നിതാ ഒരു വേള്‍ഡ് കപ്പ് എത്താറായിരിക്കുന്നു, ലോകത്താകമാനമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് (പ്രത്യേകിച്ച് അര്‍ജന്‍റീനാ ആരാധകര്‍ക്ക് ) നെഞ്ചിടിപ്പ് സമ്മാനിച്ച് കൊണ്ട്. ഇന്ന് പുലര്‍ച്ചെ പരാഗ്വേയോടും തോറ്റ് പ്ലേ ഓഫ് മത്സരങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് മെസ്സിയും ടെവസ്സും അടങ്ങുന്ന മറഡോണ പരിശീലിപ്പിക്കുന്ന ഈ മുന്‍ ലോക ചാന്പ്യന്മാര്‍ ..

ഇന്‍ബോക്സിലേക്ക് 'നിന്‍റെ അര്‍ജന്‍റീനാ വേള്‍ഡ് കപ്പിനു കാണുമോടാ?' 'ഹായ് അര്‍ജന്‍റീനാ തോറ്റലോ' എന്നിങ്ങനെയുള്ള മെയിലുകള്‍ വന്ന് നിറയുന്പോള്‍ മനസ്സിന്‍റെ ഇന്‍ബോക്സിലേക്ക് പഴയ ഓര്‍മ്മകള്‍ വന്നു നിറയുകയാണ്.

2006 ജൂണ്‍ മാസം, ജര്‍മ്മനിയില്‍ 18ാമത് ഫുട്ബോള്‍ വേള്‍ഡ് കപ്പ് മത്സരം അരങ്ങേറുന്നു. ഓഫീസിലെ ഫുട്ബോള്‍ പ്രേമികളുടെ സമ്മര്‍ദ്ദം കാരണം ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ ക്ലബില്‍ പ്രദര്‍ശനം നടത്തുമെന്ന ഉറപ്പില്‍ അര്‍ജന്‍റീനയുടെ ജഴ്സിയ്ക്ക്
ഓര്‍ഡര്‍ നല്‍കി ഞാന്‍ ഓസ്റ്റിനുമൊത്ത് ജയന്‍ ചേട്ടന്‍റെ പെങ്ങളുടെ കല്യാണത്തിന് പങ്കെടുക്കാനായി കാസര്‍ഗോഡേയ്ക്ക് യാത്രയായ ദിവസം. ജൂണ്‍ 16 2006 ആദ്യ മത്സരത്തില്‍ ഐവറികോസ്റ്റിനെ തകര്‍ത്ത അര്‍ജന്‍റീനാ സെര്‍ബിയയുമായി മത്സരത്തിനിറങ്ങുന്ന
ദിവസം. 24 പാസ്സുകള്‍ക്ക് ശേഷം കാന്പിയോസ്സെ അടിച്ച ഗോള്‍ പിറന്ന മത്സരം.

മലബാറില്‍ മുഴുവന്‍ ഫ്ലെക്സുകള്‍ , കൂടുതലും ബ്രസീലിന്‍റേയും അര്‍ജന്‍റീനയുടെയും . അനന്തപുരിയിലേക്കാളും വീറും വാശിയും ഉശിരും ആവേശവും മലബാറുകാര്‍ക്ക് തന്നെ സംശയം വേണ്ട.കാസര്‍ഗോഡ് നിന്ന് തിരികെയെത്തി ഷംനാര്‍ , രാകേഷ് , സന്പത്ത്, നിശാന്ത്, ശ്രീറാം, മനോജ് എന്നീ സുഹൃത്തുക്കളോടൊത്ത് ഒരു തീരുമാനത്തിലെത്തി, ജര്‍മ്മനിയുമായുള്ള മത്സരത്തിന്‍റെ അന്ന് ആംഫി തിയേറ്ററില്‍ ജഴ്സി അണിഞ്ഞ് നമ്മുടെ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തും എല്ലാവരും.ജൂണ്‍ 30 2006 വെള്ളിയാഴ്ച്ച, ജര്‍മ്മനിയുമായുള്ള മത്സരത്തിന് അര്‍ജന്‍റീന തയ്യാര്‍ , മെയില്‍ യുദ്ധത്തിന് ശേഷം വീട്ടിലെത്തി ജഴ്സിയും അണിഞ്ഞ് ഞാനും തിരികെയെത്തി. ആംഫിയുടെ വാതില്‍ത്തുറന്ന് അകത്തേക്ക് കടന്നതും എവിടെനിന്നോ കൂവലുയര്‍ന്നു....ഇരുണ്ട വെളിച്ചത്തില്‍ ആരാണ് കൂവിയതെന്ന് തിരിച്ചറിഞ്ഞില്ല. സ്ക്രീനിലെ ചിത്രത്തില്‍ നാഷ്ണല്‍ ആന്തത്തിനായി ടീമുകള്‍ അണിനിരന്നു. എന്‍റെ ജഴ്സി സുഹൃത്തുക്കളിലൊന്നിനെയും കാണ്മാനായില്ല. ആരും ജഴ്സി അണിഞ്ഞു
വന്നില്ലെന്ന് മാത്രമല്ല അവിടെ വന്നിട്ടേ ഇല്ല. ദുഷ്ടന്മാര്‍ ....


'രജിത്തേട്ടാ ജഴ്സി വെറുതേ ആവുമല്ലോ....ഹോം ടീമിനോടാ കളി......' ആരുടെയോ ശബ്ദം..

'പിന്നെ...ഒന്ന് പോടാ....ഫോമില്‍ കളിക്കുന്ന ടീം എന്തിന് ഹോം ടീമിനെ പേടിക്കണം? ' തിരികെ വിളിച്ചു പറഞ്ഞു....

അര്‍ജന്‍റീനന്‍ ആരാധകരുടെ ആര്‍പ്പുവിളികളോടൊപ്പം നില്‍ക്കുന്നു ജര്‍മ്മന്‍ പിന്തുണക്കാര്‍ . അല്ല അവരാരും ജര്‍മ്മന്‍ ആരാധകരല്ല, ബ്രസീലിന്‍റെയും ഇംഗ്ലണ്ടിന്‍റെയും ആരാധകരാണവര്‍ അല്ലെങ്കില്‍ എന്നെ എതിര്‍ക്കാനായി ജര്‍മ്മന്‍കാരായവര്‍ . ചെറു നീക്കങ്ങളുമായി ആദ്യ പകുതി കടന്നുപോയി. രണ്ടാം പകുതി തുടങ്ങി റോബര്‍ട്ട് അയാലയിലൂടെ അര്‍ജന്‍റീന മുന്നിലെത്തിയപ്പോള്‍ ഇളകി മറിയുകയായിരുന്നു നമ്മള്‍ അര്‍ജന്‍റീനക്കാര്‍ .
എഴുപത്തിയൊന്നാം മിനുട്ടില്‍ ഗോള്‍കീപ്പര്‍ അബോണ്ഡെസ്സേരി പരിക്കേറ്റതിനാല്‍ ആദ്യ സബ്സ്റ്റിട്ട്യൂഷന്‍ നടത്തി അര്‍ജന്‍റീന. വിജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിയ നിമിഷത്തില്‍ കളിയുടെ ഒഴുക്ക് തന്നെ തടഞ്ഞു കൊണ്ട് പ്ലേമേക്കര്‍ റിക്വല്‍മിയെ പിന്‍വലിച്ച് പെക്കര്‍മാന്‍ ആദ്യ മണ്ടത്തരം കാണിച്ചു. എണ്‍പതാം മിനുട്ടില്‍ ഞങ്ങളെ ഞെട്ടിച്ചു കൊണ്ടു ക്ലോസ് അര്‍ജന്‍റീനിയന്‍ വല ചലിപ്പിച്ചു.മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങിയപ്പോള്‍ അത് കാണാന്‍ ശക്തിയില്ലാതെ ഞാന്‍ ആംഫിയുടെ ഒരു മൂലയില്‍ പുറം തിരിഞ്ഞു നിന്നു. 4-2ന് മത്സരം തോറ്റപ്പോളേക്കും എന്നെ എന്‍റെ കൂട്ടുകാര്‍ (മറ്റ് ടീമിന്‍റെ ആരാധകര്‍ ) വളഞ്ഞിരുന്നു. കൂക്കുവിളികളും
കളിയാക്കലുകളുമായി അവരുടെ നടുവില്‍ . അതിനിടയ്ക്ക് ദീപു ചേട്ടന്‍ ഫോണൊക്കെ ചെവിയില്‍കൊണ്ടു വച്ചുതരുന്നു. മറുതലയ്ക്കല്‍ നിന്ന് കൂകി വിളിക്കുന്ന വിപിന്‍ ചേട്ടന്‍ , വീണ്ടും പലരുടെയും മൊബൈലില്‍ പല കോളുകള്‍ . ആംഫിയുടെ ഇരുട്ടില്‍ കണ്ണുകളില്‍
രൂപപ്പെട്ടുവന്ന കണ്ണുനീരുകളെ അവര്‍ കണ്ടില്ലെന്നുള്ളത് ഉറപ്പ്. അര്‍ജന്‍റീന പുറത്തായെന്ന ഞെട്ടലില്‍ നിയന്ത്രിക്കാനാവാതെ പൊട്ടിക്കരയുമെന്ന് തോന്നിയ ആ നിമിഷം, എന്തോ പെട്ടന്ന് എല്ലാം നിര്‍ത്തി അവര്‍ പിന്‍വാങ്ങി. ഇല്ലായിരുന്നെങ്കില്‍ അതും അവര്‍ കാണേണ്ടി വന്നേനെ.....
അന്ന് രാത്രി ദീപുചേട്ടനെ വീട്ടില്‍ കൊണ്ടുവിടാനായി വണ്ടിയില്‍ യാത്രതിരിച്ചപ്പോള്‍ അര്‍ജന്‍റീനയുടെ തോല്‍വിയില്‍ പ്രകൃതിയും പങ്കുകൊണ്ടു. തിരികെ മഴ നനഞ്ഞ് വീട്ടിലേക്കുള്ള യാത്രയില്‍ , ചാര്‍ളി ചാപ്ലിന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തപ്പോള്‍ , മഴ ഒരു അനുഗ്രഹമായി തോന്നി.
'ഞാന്‍ എപ്പോഴും മഴയത്ത് നടക്കുവാന്‍ ആഗ്രഹിക്കുന്നു, അതുകൊണ്ട് ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ?'


ഞാന്‍ ഇന്നും ഓര്‍ക്കുന്നു അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. മറ്റേതൊരു പ്രവൃത്തി ദിവസമായിരുന്നെങ്കിലും പിറ്റേന്ന് ഓഫീസിലെ സഹപ്രവര്‍ത്തകരുടെ കളിയാക്കലുകള്‍ക്ക് വിധേയനാകേണ്ടി വരുമായിരുന്നു എനിക്ക്.....രണ്ടു ദിവസത്തേ അവധിയ്ക്ക് ശേഷം തിരികെ ഓഫീസിലെത്തിയപ്പോള്‍ എന്നെ കളിയാക്കാന്‍ ആരും ഉണ്ടായിരുന്നില്ല കാരണം
അര്‍ജന്‍റീന പിടഞ്ഞ് വീണ പിറ്റേ ദിവസം ബ്രസീലും ഇംഗ്ലണ്ടും കരിഞ്ഞു വീണിരുന്നു........
ഇപ്രാവശ്യം ലോകകപ്പ് ആഘോഷിക്കാന്‍ പല സുഹൃത്തുക്കളും ഓഫീസിലില്ല എന്നെനിക്കറിയാം , ഇനി അറിയേണ്ടത് ഒന്ന് മാത്രം അര്‍ജന്‍റീന ഉണ്ടാകുമോ എന്തോ?
അര്‍ജന്‍റീന......തിരിച്ചടികളില്‍ തളരാതെ ഫിനിക്സ് പക്ഷിയെപ്പോലെ പറന്നുയരൂ.....ഒരായിരം പ്രാര്‍ത്ഥനകള്‍ നിങ്ങളോടൊപ്പമുണ്ട്.


Related Posts with Thumbnails