Sunday, July 18, 2010

മനം കവര്‍ന്ന് മലര്‍വാടി


ലോകകപ്പ് അവസാനിച്ചിന്ന് ഒരാഴ്ചയാകുന്നു. കഴിഞ്ഞൊരു മാസമായി പലകാര്യങ്ങളും മാറ്റി
വച്ച് ടിവി സ്ക്രീനിലേക്ക് കണ്ണും നട്ട്, വുവുസല ശബ്ദവും കേട്ടിരുന്ന എനിക്ക് ജെറ്റ്ലാഗ്
പോലെ വേള്‍ഡ്കപ്പ് ലാഗ് പിടിപെട്ടെന്ന് കൂട്ടുകാരും വീട്ടുകാരും പറഞ്ഞു തുടങ്ങിയിരിക്കുന്നു.
ഒരിടവേളക്ക് ശേഷമുള്ള പുതുതുടക്കത്തിന് ഒരുകൂട്ടം പുതുമുഖങ്ങളുടെ പടമാകാമെന്ന്
കരുതിക്കൂട്ടിയെടുത്ത തീരുമാനമൊന്നുമല്ല.

പതിവ് സിനിമാസഹചാരിയായ രമേഷ് സിനിമയ്ക്ക് പോകാം എന്ന് പറഞ്ഞ് വിളിക്കുമ്പോള്‍
അവന്റെ നാവില്‍ നിന്ന് 'ഒരു നാള്‍ വരും' എന്നത് വരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ.
ഇന്‍സെപ്ഷന്‍, അപൂര്‍വ രാഗം, മലര്‍വാടി എന്നിങ്ങനെ ലിസ്റ്റ് നീണ്ടപ്പോള്‍ വിനീത്
ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിന് പോകാമെന്ന് തീരുമാനമെടുത്തു.
എന്തായാലും അച്ഛന്റെ(ശ്രീനിവാസന്റെ ) മകനല്ലേ.

മഴയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട്(അധികം ആളുണ്ടാവില്ലല്ലോ തിയേറ്ററില്‍) ന്യൂവില്‍
എത്തിയപ്പോള്‍ ബൈക്ക് പാര്‍ക്കിംഗ് ഷെഡ്ഡും കഴിഞ്ഞ് പുറത്തേക്ക് വ്യാപിച്ചിരിക്കുന്നു.
ബാലക്കണി കൌണ്ടറില്‍ 'ഫുള്‍ ' എന്ന ബോര്‍ഡ് തൂങ്ങിക്കിടക്കുന്നു. സെക്യൂരിറ്റി
ചേട്ടനോട് ബാലക്കണി ടിക്കറ്റുണ്ടാവുമോയെന്ന് അന്വേഷിച്ചു, ക്യാന്‍സലേഷന്‍ കാണും
മുകളിലൊന്ന് ചോദിച്ചു നോക്കൂ എന്ന് ഉടന്‍ വന്നു മറുപടി.....

മഴ കാത്തു. ടിക്കറ്റുണ്ട്. ഏസി ഇടാത്തതിന് തിയേറ്ററുകാരോടും നന്ദി പറഞ്ഞുകൊണ്ട് പേര്
ഓര്‍ത്തുവയ്ക്കാന്‍ കഴിയാത്ത ഒരു പറ്റം പുതുമുഖ താരങ്ങളുടെ സിനിമ കാണുന്നതിലേക്ക്
മുഴുകി. കുറേ നാളുകള്‍ക്ക് ശേഷം തിയേറ്ററില്‍ പോയി കാണുന്ന ഒരു സിനിമയില്‍ മുക്കാല്‍
ഭാഗവും പുതുമുഖങ്ങള്‍ എന്നത് തന്നെ ഈ സിനിമയുടെ വിജയമെന്ന് പറയാം.

അഞ്ച് കൂട്ടുകാരുടെയും അവരെ ഒന്നിപ്പിച്ച ആര്‍ട്സ് ക്ലബ്ബിന്റെയും അതിന് കാരണമായ
കുമാരേട്ടന്‍ എന്ന ചായക്കടക്കാരന്റെയും അവരോട് ബന്ധപ്പെട്ട് കിടക്കുന്ന കുറേ
കഥാപാത്രങ്ങളുടെയും കഥ. വിനീത് ശ്രീനിവാസന്റെ 'മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് '.

കൂട്ടത്തിലെ നേതാവും, കുറച്ച് കലിപ്പ് കൂടിയതുമായ പ്രകാശന്‍, പക്വതയോടെ പെരുമാറുന്ന
പ്രവീണ്‍, ലുങ്കിമാത്രമുടുത്ത് കാണുന്ന കുട്ടു, എന്റെ ഏതോ കൂട്ടുകാരനോട് സാമ്യം തോന്നുന്ന
പുരുഷു, മികച്ച പാട്ടുകാരനായ സന്തോഷ് എന്നീ പുതുമുഖങ്ങളായ മലര്‍വാടിക്കാരോടൊപ്പം
നമുക്ക് പരിചിതരായ നെടുമുടി വേണുവും, സുരാജ് വെഞ്ഞാറമൂടും, സലീം കുമാറും,
ജഗതിശ്രീകുമാറും, കോട്ടയം നസീറും ജനാര്‍ദ്ദനനും ചിത്രത്തിലുണ്ട്.

ശ്രീനിവാസനെപ്പോലെ തന്നെ സമകാലിക സംഭവങ്ങളെ വിനീതും സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്, ട്രേഡ് യൂണിയന്‍കാരുടെ നോക്കൂകൂലിയ്ക്കും, റിയാലിറ്റി ഷോയ്ക്കുമെല്ലാം വിനീത് ശ്രീനിവാസന്‍ മെല്ലെ കൊട്ടുന്നുണ്ട്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് മറ്റ് മലയാള സിനിമ പോലെ കാര്യമായൊന്നും ചെയ്യാനില്ലെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കുട്ടുവിന്റെ തമാശകളും, പുരുഷു തന്റെ കാമുകിയായ ഗീതുവിനെ ആദ്യമായി കാണുമ്പോളുള്ള
പ്രകടനവുമൊക്കെ മനസ്സില്‍ നില്‍ക്കുന്നു.പല കഥാപാത്രങ്ങളെയും ഇന്‍ട്രോഡ്യൂസ്
ചെയ്യുമ്പോളുള്ള ബാക്ക് ഗ്രൌണ്ട് മ്യൂസിക്കും നന്നായി തോന്നി. പല നല്ല മുഹൂര്‍ത്തങ്ങളുമുള്ള
ഒരു സിനിമ. പല പല ചെറു നമ്പറുകളുമായി വിനീത് ശ്രീനിവാസന്‍ തന്റെ തുടക്കം
മോശമാക്കിയില്ല. പലരും മോശമെന്ന് പറഞ്ഞെങ്കിലും, സിനിമയോടൊപ്പം കണ്ടപ്പോള്‍ ഗാനങ്ങളെക്കുറിച്ചുള്ള മുന്‍വിധി മാറി.

തുടക്കം മോശമായില്ല വിനീതിന്റെയും എന്റെയും(ഒരിടവേളക്ക് ശേഷമുള്ള സിനിമ കാണല്‍).

അവസാനമായി പറയുകയാണെങ്കില്‍ കണ്ട എനിക്കും, സിനിമാ നടന്‍ ദിലീപിനും(മൂപ്പരാണല്ലോ പടം പിടിച്ചത്) മുടക്കിയ പണം മൊതലായ പടം.

Friday, July 2, 2010

അര്‍ജന്‍റീനയും ബ്രസീലും പിന്നെ മഴയും

ജൂണ്‍ 30 2005. ജര്‍മ്മനിയോട് പെനാല്‍ട്ടിയില്‍ അര്‍ജന്‍റീന അടിയറവ് പറഞ്ഞ ദിവസം. അന്ന് നിറഞ്ഞ് കവിഞ്ഞ ആംഫി തിയേറ്ററില്‍ നിന്ന് കളിയും കണ്ട് മടങ്ങുന്പോള്‍ പ്രകൃതി കണ്ണുനീര്‍ പൊഴിച്ചതും പിറ്റേ ദിവസം ബ്രസീലും ഇംഗ്ലണ്ടുമെല്ലാം ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായത് ഞാന്‍ 'വാമോസ് അര്‍ജന്‍റീന‍' എന്ന മുന്‍ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.




ജൂലായ് 2, 2010, അന്നത്തെ പോലെ ഇന്നും ഒരു വെള്ളിയാഴ്ച, ഓഫീസിലെ അതേ ക്ലബ്ബിലിരുന്ന് ബ്രസീല്‍ തോല്‍ക്കുന്നതും കണ്ട് തിരിച്ച് വീട്ടിലേക്ക് വരുന്പോള്‍ അന്നത്തെ പോലെ ശക്തമല്ലെങ്കിലും ഇന്നും മഴ പെയ്തു.

അന്ന് നനഞ്ഞൊട്ടിയ അര്‍ജന്‍റീനന്‍ ജഴ്സിയുമായി ദുഖത്തോടെ വീട്ടിലേക്ക് കയറിയെങ്കില്‍ , ഇന്ന് മഴ നനഞ്ഞെത്തുന്പോള്‍ ഉള്ളില്‍ ചെറിയൊരു സന്തോഷമുണ്ടായിരുന്നോ?





നാളെ ശനിയാഴ്ച, അന്നത്തെ ശനിയാഴ്ച ബ്രസീലാണിറങ്ങിയതെങ്കില്‍ ഇന്നത്തെ ശനിയാഴ്ച എന്‍റെ പ്രിയ ടീം അര്‍ജന്‍റീനയിറങ്ങുന്നു. അന്നവര്‍ക്ക് പറ്റിയത് നമുക്ക്

പറ്റാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ ഒരു ചോദ്യം.

അര്‍ജന്‍റീനയും ബ്രസീലും മഴും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? തൂവാനത്തുന്പികളില്‍ ക്ലാരയും ജയകൃഷ്ണനും കാണുന്പോള്‍ കൂട്ടായി മഴയെത്തും പോലെ, ഇവര്‍ തോല്‍ക്കുന്പോളും ഒപ്പം മഴയും എത്തുന്നു......



ഉറുഗ്വായ് - ഘാനാ മത്സരം കാണാനായി തയ്യാറാവുന്പോള്‍ ഒരു ദുഖം മാത്രം, നാളെ അര്‍ജന്‍റീന ജയിച്ചാലും സ്വപ്ന ഫൈനല്‍ നടക്കില്ലല്ലോ.......


കക്കാ - മെസ്സി പോരാട്ടത്തിനായി ഇനിയും നാളുകളേറെ കാത്തിരിക്കണമല്ലോ?

വാമോസ് അര്‍ജന്‍റീന.......
Related Posts with Thumbnails