Thursday, September 10, 2009

വാമോസ് അര്‍ജന്‍റീന


In Spanish:
Vamos, vamos Argentina,
vamos, vamos a ganar,
que esta barra quilombera,
no te deja, no te deja de alentar.


English translation:
Let's go, let's go Argentina,

let's go, let's go to win,

for these raucous supporters,
won't stop, won't stop cheering for you.



ബോബ് ഹൌട്ടണന്‍റെ കീഴില്‍ നെഹറു കപ്പ് വിജയവും ഏഷ്യകപ്പ് യോഗ്യതയും ഒക്കെയായി ഫുടബോളില്‍ ഇന്ത്യ പിച്ച വച്ച് തുടങ്ങുന്നതേയുള്ളു എന്ന് വേണമെങ്കില്‍ പറയാം. ചെറു ടൂര്‍ണമെന്‍റുകളില്‍ വിജയിച്ച്, ആരാധകരെ സൃഷ്ടിച്ച് ഇന്ത്യ മുന്നേറുകയാണ്.
ലോകകപ്പില്‍ ദേശീയ ടീമിനെ പ്രോത്സാഹിപ്പിക്കുക എന്ന നമ്മുടെ സ്വപ്നം വിദൂരമാണ്. ലോകകപ്പ് വേദിയില്‍ പന്തുരുളുന്പോള്‍ വിജയത്തില്‍ ആര്‍പ്പുവിളിക്കാനും തോല്‍വിയുടെ ദുഃഖം പങ്കുവയ്ക്കുവാനും എന്നും യൂറോപ്യന്‍ -ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ ഇംഗ്ലണ്ട്, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി , ബ്രസീല്‍ , അര്‍ജന്‍റീന എന്നിവര്‍ തന്നെയായിരുന്നു നമ്മുടെ കൂട്ട്.


ബ്രസീലും അര്‍ജന്‍റീനയും, ലോക ഫുട്ബോളിന്‍റെ വന്‍ ശക്തികള്‍ , ചടുലതാളത്തിനും പന്തടക്കത്തിനും പേരുകേട്ട ഫുട്ബോള്‍ ടീമുകള്‍ .. വെള്ളയില്‍ ആകാശനീലിമയോട് സാമ്യമുള്ള നീളന്‍ വരകളുള്ള കുപ്പായവുമണിഞ്ഞിറങ്ങുന്ന അര്‍ജന്‍റീനയോടായിരുന്നു എനിക്ക് ഇഷ്ടം. മഞ്ഞപ്പട തോല്‍ക്കുന്പോള്‍ ഞാനും സന്തോഷിക്കുമായിരുന്നു ,പല അര്‍ജന്‍റീന ഫാനുകളെ പോലെ. ഇവരുടെ ഈ പകയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒരു ടീം തോല്‍ക്കുന്നത് മറു ടീമിന്‍റെ ആരാധകര്‍ ആഘോഷിക്കുന്ന തരത്തിലേക്ക് ആ മാത്സര്യം വളര്‍ന്നിരുന്നു, ഒരു കണക്കിന് പറഞ്ഞാല്‍ ക്രിക്കറ്റില്‍ നമ്മുടെ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം പോലെ അല്ലെങ്കില്‍ മമ്മൂട്ടി - മോഹന്‍ലാല്‍ ഫാന്‍സുകാരുടെ മത്സരം പോലെ.

ഫുട്ബോളിലെ ഈ വൈരം വിശദമായി വിക്കിപീഡിയയില്‍ വായിക്കാം.


ഇന്നിതാ ഒരു വേള്‍ഡ് കപ്പ് എത്താറായിരിക്കുന്നു, ലോകത്താകമാനമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് (പ്രത്യേകിച്ച് അര്‍ജന്‍റീനാ ആരാധകര്‍ക്ക് ) നെഞ്ചിടിപ്പ് സമ്മാനിച്ച് കൊണ്ട്. ഇന്ന് പുലര്‍ച്ചെ പരാഗ്വേയോടും തോറ്റ് പ്ലേ ഓഫ് മത്സരങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് മെസ്സിയും ടെവസ്സും അടങ്ങുന്ന മറഡോണ പരിശീലിപ്പിക്കുന്ന ഈ മുന്‍ ലോക ചാന്പ്യന്മാര്‍ ..

ഇന്‍ബോക്സിലേക്ക് 'നിന്‍റെ അര്‍ജന്‍റീനാ വേള്‍ഡ് കപ്പിനു കാണുമോടാ?' 'ഹായ് അര്‍ജന്‍റീനാ തോറ്റലോ' എന്നിങ്ങനെയുള്ള മെയിലുകള്‍ വന്ന് നിറയുന്പോള്‍ മനസ്സിന്‍റെ ഇന്‍ബോക്സിലേക്ക് പഴയ ഓര്‍മ്മകള്‍ വന്നു നിറയുകയാണ്.

2006 ജൂണ്‍ മാസം, ജര്‍മ്മനിയില്‍ 18ാമത് ഫുട്ബോള്‍ വേള്‍ഡ് കപ്പ് മത്സരം അരങ്ങേറുന്നു. ഓഫീസിലെ ഫുട്ബോള്‍ പ്രേമികളുടെ സമ്മര്‍ദ്ദം കാരണം ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ ക്ലബില്‍ പ്രദര്‍ശനം നടത്തുമെന്ന ഉറപ്പില്‍ അര്‍ജന്‍റീനയുടെ ജഴ്സിയ്ക്ക്
ഓര്‍ഡര്‍ നല്‍കി ഞാന്‍ ഓസ്റ്റിനുമൊത്ത് ജയന്‍ ചേട്ടന്‍റെ പെങ്ങളുടെ കല്യാണത്തിന് പങ്കെടുക്കാനായി കാസര്‍ഗോഡേയ്ക്ക് യാത്രയായ ദിവസം. ജൂണ്‍ 16 2006 ആദ്യ മത്സരത്തില്‍ ഐവറികോസ്റ്റിനെ തകര്‍ത്ത അര്‍ജന്‍റീനാ സെര്‍ബിയയുമായി മത്സരത്തിനിറങ്ങുന്ന
ദിവസം. 24 പാസ്സുകള്‍ക്ക് ശേഷം കാന്പിയോസ്സെ അടിച്ച ഗോള്‍ പിറന്ന മത്സരം.

മലബാറില്‍ മുഴുവന്‍ ഫ്ലെക്സുകള്‍ , കൂടുതലും ബ്രസീലിന്‍റേയും അര്‍ജന്‍റീനയുടെയും . അനന്തപുരിയിലേക്കാളും വീറും വാശിയും ഉശിരും ആവേശവും മലബാറുകാര്‍ക്ക് തന്നെ സംശയം വേണ്ട.



കാസര്‍ഗോഡ് നിന്ന് തിരികെയെത്തി ഷംനാര്‍ , രാകേഷ് , സന്പത്ത്, നിശാന്ത്, ശ്രീറാം, മനോജ് എന്നീ സുഹൃത്തുക്കളോടൊത്ത് ഒരു തീരുമാനത്തിലെത്തി, ജര്‍മ്മനിയുമായുള്ള മത്സരത്തിന്‍റെ അന്ന് ആംഫി തിയേറ്ററില്‍ ജഴ്സി അണിഞ്ഞ് നമ്മുടെ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തും എല്ലാവരും.



ജൂണ്‍ 30 2006 വെള്ളിയാഴ്ച്ച, ജര്‍മ്മനിയുമായുള്ള മത്സരത്തിന് അര്‍ജന്‍റീന തയ്യാര്‍ , മെയില്‍ യുദ്ധത്തിന് ശേഷം വീട്ടിലെത്തി ജഴ്സിയും അണിഞ്ഞ് ഞാനും തിരികെയെത്തി. ആംഫിയുടെ വാതില്‍ത്തുറന്ന് അകത്തേക്ക് കടന്നതും എവിടെനിന്നോ കൂവലുയര്‍ന്നു....



ഇരുണ്ട വെളിച്ചത്തില്‍ ആരാണ് കൂവിയതെന്ന് തിരിച്ചറിഞ്ഞില്ല. സ്ക്രീനിലെ ചിത്രത്തില്‍ നാഷ്ണല്‍ ആന്തത്തിനായി ടീമുകള്‍ അണിനിരന്നു. എന്‍റെ ജഴ്സി സുഹൃത്തുക്കളിലൊന്നിനെയും കാണ്മാനായില്ല. ആരും ജഴ്സി അണിഞ്ഞു
വന്നില്ലെന്ന് മാത്രമല്ല അവിടെ വന്നിട്ടേ ഇല്ല. ദുഷ്ടന്മാര്‍ ....


'രജിത്തേട്ടാ ജഴ്സി വെറുതേ ആവുമല്ലോ....ഹോം ടീമിനോടാ കളി......' ആരുടെയോ ശബ്ദം..





'പിന്നെ...ഒന്ന് പോടാ....ഫോമില്‍ കളിക്കുന്ന ടീം എന്തിന് ഹോം ടീമിനെ പേടിക്കണം? ' തിരികെ വിളിച്ചു പറഞ്ഞു....





അര്‍ജന്‍റീനന്‍ ആരാധകരുടെ ആര്‍പ്പുവിളികളോടൊപ്പം നില്‍ക്കുന്നു ജര്‍മ്മന്‍ പിന്തുണക്കാര്‍ . അല്ല അവരാരും ജര്‍മ്മന്‍ ആരാധകരല്ല, ബ്രസീലിന്‍റെയും ഇംഗ്ലണ്ടിന്‍റെയും ആരാധകരാണവര്‍ അല്ലെങ്കില്‍ എന്നെ എതിര്‍ക്കാനായി ജര്‍മ്മന്‍കാരായവര്‍ . ചെറു നീക്കങ്ങളുമായി ആദ്യ പകുതി കടന്നുപോയി. രണ്ടാം പകുതി തുടങ്ങി റോബര്‍ട്ട് അയാലയിലൂടെ അര്‍ജന്‍റീന മുന്നിലെത്തിയപ്പോള്‍ ഇളകി മറിയുകയായിരുന്നു നമ്മള്‍ അര്‍ജന്‍റീനക്കാര്‍ .








എഴുപത്തിയൊന്നാം മിനുട്ടില്‍ ഗോള്‍കീപ്പര്‍ അബോണ്ഡെസ്സേരി പരിക്കേറ്റതിനാല്‍ ആദ്യ സബ്സ്റ്റിട്ട്യൂഷന്‍ നടത്തി അര്‍ജന്‍റീന. വിജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിയ നിമിഷത്തില്‍ കളിയുടെ ഒഴുക്ക് തന്നെ തടഞ്ഞു കൊണ്ട് പ്ലേമേക്കര്‍ റിക്വല്‍മിയെ പിന്‍വലിച്ച് പെക്കര്‍മാന്‍ ആദ്യ മണ്ടത്തരം കാണിച്ചു. എണ്‍പതാം മിനുട്ടില്‍ ഞങ്ങളെ ഞെട്ടിച്ചു കൊണ്ടു ക്ലോസ് അര്‍ജന്‍റീനിയന്‍ വല ചലിപ്പിച്ചു.







മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങിയപ്പോള്‍ അത് കാണാന്‍ ശക്തിയില്ലാതെ ഞാന്‍ ആംഫിയുടെ ഒരു മൂലയില്‍ പുറം തിരിഞ്ഞു നിന്നു. 4-2ന് മത്സരം തോറ്റപ്പോളേക്കും എന്നെ എന്‍റെ കൂട്ടുകാര്‍ (മറ്റ് ടീമിന്‍റെ ആരാധകര്‍ ) വളഞ്ഞിരുന്നു. കൂക്കുവിളികളും
കളിയാക്കലുകളുമായി അവരുടെ നടുവില്‍ . അതിനിടയ്ക്ക് ദീപു ചേട്ടന്‍ ഫോണൊക്കെ ചെവിയില്‍കൊണ്ടു വച്ചുതരുന്നു. മറുതലയ്ക്കല്‍ നിന്ന് കൂകി വിളിക്കുന്ന വിപിന്‍ ചേട്ടന്‍ , വീണ്ടും പലരുടെയും മൊബൈലില്‍ പല കോളുകള്‍ . ആംഫിയുടെ ഇരുട്ടില്‍ കണ്ണുകളില്‍
രൂപപ്പെട്ടുവന്ന കണ്ണുനീരുകളെ അവര്‍ കണ്ടില്ലെന്നുള്ളത് ഉറപ്പ്. അര്‍ജന്‍റീന പുറത്തായെന്ന ഞെട്ടലില്‍ നിയന്ത്രിക്കാനാവാതെ പൊട്ടിക്കരയുമെന്ന് തോന്നിയ ആ നിമിഷം, എന്തോ പെട്ടന്ന് എല്ലാം നിര്‍ത്തി അവര്‍ പിന്‍വാങ്ങി. ഇല്ലായിരുന്നെങ്കില്‍ അതും അവര്‍ കാണേണ്ടി വന്നേനെ.....
അന്ന് രാത്രി ദീപുചേട്ടനെ വീട്ടില്‍ കൊണ്ടുവിടാനായി വണ്ടിയില്‍ യാത്രതിരിച്ചപ്പോള്‍ അര്‍ജന്‍റീനയുടെ തോല്‍വിയില്‍ പ്രകൃതിയും പങ്കുകൊണ്ടു. തിരികെ മഴ നനഞ്ഞ് വീട്ടിലേക്കുള്ള യാത്രയില്‍ , ചാര്‍ളി ചാപ്ലിന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തപ്പോള്‍ , മഴ ഒരു അനുഗ്രഹമായി തോന്നി.
'ഞാന്‍ എപ്പോഴും മഴയത്ത് നടക്കുവാന്‍ ആഗ്രഹിക്കുന്നു, അതുകൊണ്ട് ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ?'


ഞാന്‍ ഇന്നും ഓര്‍ക്കുന്നു അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. മറ്റേതൊരു പ്രവൃത്തി ദിവസമായിരുന്നെങ്കിലും പിറ്റേന്ന് ഓഫീസിലെ സഹപ്രവര്‍ത്തകരുടെ കളിയാക്കലുകള്‍ക്ക് വിധേയനാകേണ്ടി വരുമായിരുന്നു എനിക്ക്.....രണ്ടു ദിവസത്തേ അവധിയ്ക്ക് ശേഷം തിരികെ ഓഫീസിലെത്തിയപ്പോള്‍ എന്നെ കളിയാക്കാന്‍ ആരും ഉണ്ടായിരുന്നില്ല കാരണം
അര്‍ജന്‍റീന പിടഞ്ഞ് വീണ പിറ്റേ ദിവസം ബ്രസീലും ഇംഗ്ലണ്ടും കരിഞ്ഞു വീണിരുന്നു........
ഇപ്രാവശ്യം ലോകകപ്പ് ആഘോഷിക്കാന്‍ പല സുഹൃത്തുക്കളും ഓഫീസിലില്ല എന്നെനിക്കറിയാം , ഇനി അറിയേണ്ടത് ഒന്ന് മാത്രം അര്‍ജന്‍റീന ഉണ്ടാകുമോ എന്തോ?
അര്‍ജന്‍റീന......തിരിച്ചടികളില്‍ തളരാതെ ഫിനിക്സ് പക്ഷിയെപ്പോലെ പറന്നുയരൂ.....ഒരായിരം പ്രാര്‍ത്ഥനകള്‍ നിങ്ങളോടൊപ്പമുണ്ട്.






Tuesday, August 11, 2009

ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള മനസ്സുകളെ രസിപ്പിച്ച് കടന്നു പോയവരാണ് മഹാദേവനും, അപ്പുകുട്ടനും, ഗോവിന്ദന്‍ കുട്ടിയും തോമസ്‍ കുട്ടിയും. പഴയ ആ സ്വാഭാവികത അവകാശപ്പെടാനില്ലായിരിന്നിട്ട് കൂടി ലാല്‍ അവതരിപ്പിച്ച 2 ഹരിഹര്‍ നഗര്‍ പ്രേക്ഷകരെ മടുപ്പിക്കാതെ തിയേറ്ററുകളില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നതിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പ് ദാ മറ്റൊരു വാര്‍ത്ത കൂടി...

ഹരിഹര്‍ നഗര്‍ മൂന്നാം ഭാഗം ഇറങ്ങുന്നു....
പുതിയ ചിത്രത്തിന്റെ പേര് ...ഇന്‍‍ ഗോസ്റ്റ് ഹൌസ് ഇന്‍....
ഹാരിപോട്ടര്‍ സീരീസ് പോലെ ഒരു ഹരിഹര്‍ നഗര്‍ സീരീസ് ആണോ ലാല്‍ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. ഇതെല്ലാം കണ്ട് സിദ്ദിക്കിന്(സിദ്ദിക്ക്-ലാല്‍) ഒരു ഹരിഹര്‍ നഗര്‍ വെര്‍ഷന്‍ 4 ഇറക്കണമെന്ന് തോന്നിയാല്‍ പ്രേക്ഷകര്‍ക്ക് വീണ്ടും കുശാലായി, വര്‍ഷാ വര്‍ഷം ഓരോ ഹരിഹര്‍ നഗര്‍ വെര്‍ഷന്‍ കാണാം.

അധികമായാല്‍ അമൃതും വിഷമാണെന്നാണ്, എന്തായാലും ഇത് വിഷമാകാതിരിക്കട്ടെ എന്ന് ആശിക്കുന്നു.....

Friday, August 7, 2009

കൈയ്യെത്തും ദൂരെ.....


Thursday, July 23, 2009

ഭ്രമരം : ഭ്രമിപ്പിക്കുന്ന ക്ലാസ്സിക്

എന്‍റെ ഈ പോസ്റ്റ് വായിക്കുന്പോള്‍ നിങ്ങളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് 'ആറിയ കഞ്ഞി പഴങ്കഞ്ഞി' എന്നായിരിക്കും. പലരും റിവ്യൂ ചെയ്ത് കഴിഞ്ഞ ഭ്രമരത്തെക്കുറിച്ച് ഇനിയൊരു റിവ്യൂ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല പക്ഷേ ഇന്നലെ ഭ്രമരം കണ്ടിറങ്ങിയപ്പോള്‍ മുതല്‍ മനസ്സ് പറയുന്നുണ്ടായിരുന്നു ഇത് എന്തായാലും പോസ്റ്റ് ചെയ്യണമെന്ന്.

പല ദിക്കുകളില്‍ നിന്നും ആദ്യമേ കേട്ടതായിരുന്നു 'ലാലേട്ടന്‍റെ മികച്ച് 10 കഥാപാത്രങ്ങളിലൊന്നാണ്' ഭ്രമരത്തിലെ ശിവന്‍കുട്ടിയെന്ന് .ആദ്യ ആഴ്ച് തന്നെ കാണണമെന്ന് വിചാരിച്ചെങ്കിലും പല കാരണങ്ങളാലും അത് മുടങ്ങി. 'പടം കണ്ടോ' എന്ന് ചോദിക്കുന്ന കൂട്ടുകാരോട് ഇല്ല എന്ന് പറയുന്നത്, 'താന്‍ എന്ത് മോഹന്‍ലാല്‍ ഫാന്‍ ഊവേ' എന്ന അവരുടെ മറുപടിയുമാക്കെയായി ആഴ്ചകള്‍ അങ്ങനെ കഴിഞ്ഞ് പോയി. പതുക്കെ പതുക്കെ പടത്തിനെക്കുറിച്ച് ആവറേജ്, 'ലാലേട്ടന്‍ കൊള്ളാം' എന്നൊക്കെ റിപ്പോര്‍ട്ടുകളും കേട്ടുതുടങ്ങി. ചിലര്‍ പറഞ്ഞു 'ബുദ്ധിജീവികളാണ് പടം സൂപ്പര്‍ എന്ന് പറയുന്നത് ' 'സാധാരണക്കാര്‍ക്ക് ആവറേജ് എന്നെ തോന്നുള്ളു'. എത്ര എത്ര പടങ്ങള്‍ ആരവങ്ങളും ആവേശങ്ങളുമായി
കണ്ടിരിക്കുന്നു, ലാലേട്ടന്‍റെയും ബ്ലെസ്സിയുടേയും ഈ ക്ലാസ്സിക് ആരവങ്ങളില്ലാതെ കാണുവാനായിരിന്നിരിക്കും വിധി.

ചിത്രത്തിന്‍റെ സാങ്കേതികതയെയും തിരക്കഥയെയുമെല്ലാം കീറി മുറിച്ച് വിശകലനം ചെയ്യാനൊന്നും എനിക്കറിയില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പടം എനിക്ക് ഇഷ്ടപ്പെട്ടു... വളരെയേറെ ഇഷ്ടപ്പെട്ടു...

ഇനി ഞാന്‍ ഒരു 'ബുദ്ധി ജീവി ' ആയത് കൊണ്ടാണോ? എന്ന് ചോദിച്ചാല്‍ :)

ഭ്രമരത്തിലെ ശിവന്‍കുട്ടിയുടെ ഭാവമാറ്റം കാണുവാന്‍ തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ ബാല്‍ക്കണി 90 ശതമാനവും താഴെ 70 ശതമാനവും നിറഞ്ഞിരുന്നു. റിലീസ് കഴിഞ്ഞ് ഇത്ര ദിവസമായതും, പുതിയ പടങ്ങളായാലും വ്യാജ സിഡിയിലൂടെ കാണുകയെന്നതുമൊക്കെയാവാം കാരണമെന്ന് കരുതി ആശ്വസിച്ചു. ബാല്‍ക്കണിയില്‍ സാമാന്യം നല്ല രീതിയില്‍ ഫാമിലി സാന്നിധ്യമുണ്ടായിരുന്നു.

മാറി മറിയുന്ന ഭാവങ്ങള്‍ ‍, നെഗറ്റീവ് ടച്ച് എന്നിവ ഇത്രമേല്‍ മനോഹരമായി അവതരിപ്പിക്കാന്‍ ലാലേട്ടനല്ലാതെ ആരുമില്ലെന്ന വീണ്ടും വീണ്ടും തെളിയിക്കുകയാണ് ശിവന്‍കുട്ടി.ആ മഹാപ്രതിഭയുടെ അഭിനയത്തെക്കുറിച്ച് പ്രകീര്‍ത്തിച്ചു സംസാരിക്കാന്‍ ഞാനാളല്ല. അത് വേണ്ടുവോളം മഹാന്മാരായ പലരും മുന്പ് പറഞ്ഞിട്ടുണ്ട്. ലക്ഷ്മി ഗോപാലസ്വാമി,മുരളീകൃഷ്ണന്‍ ‍, ബേബി നിവേദിത എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

ഇന്നേവരെ മലയാളസിനിമ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ക്യാമറ ആംഗിളുകളും ക്രെയിന്‍ഷോട്ടുകളും ജീപ്പ് ഷോട്ടുകളുമായി ബ്ലെസ്സിയും
അജയന്‍ വിന്‍സെന്‍റും ഭ്രമരം വളരെ ഹൃദ്യമായിതന്നെ ചിത്രീകരിച്ചിട്ടുണ്ട്. ലാലേട്ടനിലെ പ്രതിഭ കഥാപാത്രത്തിലേക്ക് ആവാഹിച്ചെടുക്കാന്‍ കഴിഞ്ഞു എന്നത് ബ്ലെസ്സിയുടെ കഴിവ് തന്നെ.

ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇമ്പമേറിയതാണ്. ചിത്രത്തില്‍ വേണ്ട വിധം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ശ്രോതാവെന്ന നിലയില്‍ "അണ്ണാറക്കണ്ണാ വാ... " എന്ന ഗാനം മുഴുവനായി കേള്‍ക്കാനായില്ലല്ലോ എന്ന ദുഃഖം ബാക്കി നില്‍ക്കുന്നു.

ഭ്രമരം എന്നത് ഒരു ക്ലാസ്സികാണ്, ഭ്രമിപ്പിക്കുന്ന ഒരു ക്ലാസ്സിക്.
മലയാള സിനിമയെ സ്നേഹിക്കുന്നവര്‍ ഈ സിനിമ കണ്ടിരിക്കും അത് തീര്‍ച്ച...

Saturday, June 27, 2009

ആദരാഞ്ജലികൾ: ലോഹിതദാസ്

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് അന്തരിച്ചു.

വിക്കിപീഡിയയില്‍‍ നിന്നുള്ള വിവരങ്ങള്‍‍‍

ചിത്രങ്ങള്‍ (തിരക്കഥ)
വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999)
ഭൂതക്കണ്ണാ‍ടി (1997)
സല്ലാപം (1996)
തൂവല്‍ക്കൊട്ടാരം (1996)
വെങ്കലം (1993)
കൗരവര്‍ (1992)
ആധാരം (1992)
കമലദളം (1992)
അമരം (1991)
ഭരതം (1991)
ഹിസ് ഹൈനസ് അബ്ദുള്ള (1990)
സസ്നേഹം (1990)
കിരീടം (1989)
കുടുംബപുരാണം (1988)
തനിയാവര്‍ത്തനം (1987)



സംവിധാനം ചെയ്ത ചിത്രങ്ങള്‍
വര്‍ഷം ചലച്ചിത്രം അഭിനയിച്ചവര്‍
1997 ഭൂതക്കണ്ണാടി മമ്മൂട്ടി, ലക്ഷ്മി,
1997 കാരുണ്യം ജയറാം, ദിവ്യ ഉണ്ണി, മുരളി
1998 ഓര്‍മച്ചെപ്പ് ലാല്‍, ദിലീപ്, ചഞ്ചല്‍, ബിജു മേനോന്‍
1998 കന്മദം മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, ലാല്‍
2000 അരയന്നങ്ങളുടെ വീട് മമ്മൂട്ടി, ലക്ഷ്മി ഗോപാലസ്വാമി, കവിയൂര്‍ പൊന്നമ്മ
2000 ജോക്കര്‍ ദിലീപ്, മന്യ, നിഷാന്ത് സാഗര്‍
2001 സൂത്രധാരന്‍ ദിലീപ്, മീര ജാസ്മിന്‍
2003 കസ്തൂരിമാന്‍ കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍
2003 ചക്രം പൃഥ്വിരാജ്, മീര ജാസ്മിന്‍
2005 കസ്തൂരിമാന്‍ (തമിഴ്) പ്രസന്ന, മീര ജാസ്മിന്‍
2006 ചക്കരമുത്ത് ദിലീപ്, കാവ്യാ മാധവന്‍
2007 നിവേദ്യം വിനു മോഹന്‍ ‍, ഭാമ, നെടുമുടി വേണു

Thursday, June 25, 2009

ആദരാഞ്ജലികള്‍ : മൈക്കിള്‍ ജാക്സണ്‍

വിഖ്യാത പോപ്പ് ഗായകന്‍‍ മൈക്കിള്‍‍ ജാക്സണ്‍‍ അന്തരിച്ചു.
വാര്‍ത്ത, ഐ.ബി.എന്‍

മരണകാരണങ്ങള്‍‍ വ്യക്തമല്ല.(ഹൃദയസ്തംഭനമാണെന്ന് കരുതപ്പെടുന്നു..)

Saturday, June 20, 2009

ഐ.പി.എല്‍൨൦൧൦ 2010 : സിറ്റി ക്രിക്കറ്റേര്‍സ്

കേരളത്തിനും സ്വന്തമായൊരു ഐ.പി.എല്‍ ടീം ഉണ്ടാകാന്‍ പോകുന്നോ?. ഇന്നലെ ചില പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം കാര്യങ്ങള്‍ നടന്നാല്‍ 2010 സീസണില്‍ കേരളത്തില്‍ നിന്നൊരു ടീം ഐ.പി.എല്‍ കളിക്കും. " സിറ്റി ക്രിക്കറ്റേര്‍സ്."

വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തുണ്ടായിരുന്ന ക്രിക്കറ്റ് ക്ലബ്ബിന്റെ സാരഥികളാണ് ഈ സംരംഭത്തിന് പിന്നില്‍. അവരാരെന്ന് അറിയേണ്ടേ അന്ന് ടീമിന്റെ ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന പ്രിയദര്‍ശനും പിഞ്ച് ഹിറ്ററും ഓള്‍റൌണ്ടറുമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും.
ടീമിന്റെ ചെയര്‍മാന്‍ , ടെക്നിക്കല്‍ ഡയറക്ടര്‍ എന്നിവരാരാണെന്ന് അറിയണമെങ്കില്‍ ദാ ഇവിടെ നോക്കു.

മലയാളികള്‍ക്ക് മധുരമേറിയ അനവധി സിനിമകള്‍ സമ്മാനിച്ച ഈ ജോടിക്ക് ഐ.പി.എലിലും അത് സാധിക്കട്ടെ എന്നാശംസിക്കുന്നു(എല്ലാം ശരിക്ക് നടന്നാല്‍)

Friday, April 24, 2009

ദ് ഫെയ്ക്ക് ഐ.പി.എല്‍‍ പ്ലേയര്‍‍

ഐ.പി.എല്‍‍-നെക്കാള്‍‍ പ്രചാരം നേടിയ ഒരു ബ്ലോഗ്. എന്ത് കൊണ്ട്..

ഇത് കൊല്‍‍ക്കത്ത നൈറ്റ് റൈഡേര്‍‍സിന്‍റെ ഒരു ടീം അംഗം തന്നെയാണ് എഴുതുന്നതെന്ന് ലോകം വിശ്വസിക്കുന്നു.(അല്ലെങ്കില്‍‍ ബ്ലോഗര്‍‍ വിശ്വസിപ്പിക്കുന്നു....)

കാര്യമെന്തായാലും അണിയറ രഹസ്യമായ പല കാര്യങ്ങളും ഇപ്പോള്‍‍ തന്നെ പുറത്ത് വിട്ട ബ്ലോഗര്‍‍‍ ഇതിനകം തന്നെ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയമായി കഴിഞ്ഞു.....

എപ്രില്‍‍ മാസം മാത്രം ൨൬ ഇരുപത്തിയാറ് പോസ്റ്റുകളുമായി "ദ് ഫെയ്ക്ക് ഐ.പി.എല്‍‍ പ്ലേയര്‍‍ " മുന്നേറുന്പോള്‍ എന്ത് വിലകൊടുത്തും ആളെ കണ്ട് പിടിക്കുമെന്ന് ടീം മാനേജ്മെന്‍റും പ്രഖ്യാപിച്ച് കഴിഞ്ഞു....

ലിങ്ക് ദാ ഇവിടെ.....

Monday, March 9, 2009

അറിയാമോ?












Thursday, March 5, 2009

നോ ഫ്രീഡം ഓണ്‍ലൈന്‍

താങ്കളൊരു ബ്ലോഗറാണോ? എന്നാല്‍ ഇങ്ങോട്ടൊന്ന് ശ്രദ്ധിക്കു.

അടുത്ത പ്രാവശ്യം ഒരു പോസ്റ്റിടുന്പോള്‍ താങ്കള്‍ നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

ഇനി ഈ ലിങ്കിവിടെ പോസ്റ്റിയത് നിയമലംഘനമാണോയെന്ന് എനിക്കറിയില്ല.