Sunday, December 27, 2009

നീലത്താമര

നീലത്താമര ഇറങ്ങിയിട്ട് ഇന്ന് എത്ര ദിവസമായെന്ന് കൃത്യമായി എനിക്കോര്‍മ്മയില്ല. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകനായ ഒരു സുഹൃത്ത് പറഞ്ഞത് ശരിയാണെങ്കില്‍ (എന്‍റെ ഓര്‍മ്മ) ഡിസംബര്‍ 30ന് ചിത്രം ഒരു മാസം തികയ്ക്കും. ഇന്നുച്ചയ്ക്ക് കൈരളിയിലേക്ക് നീലത്താമര കാണുവാനായി പോകുന്പോള്‍ സ്ഥിരം കന്പനിക്കാര്‍ ആരും തന്നെ ഇല്ലായിരുന്നു, പലരും ക്രിസ്തുമസ് അവധിയ്ക്ക് നാട്ടിലാണ്, മാത്രമല്ല ഞാന്‍ ശബരിമലയ്ക്ക് പോയ സമയത്ത് അതില്‍ ചിലര്‍ പടം കാണുകയും ചെയ്തു.
പടം ഇറങ്ങി ആദ്യ ദിവസം (ലാല്‍ ചിത്രമാണെങ്കില്‍‍ ) തന്നെ കാണുകയും, ലാലിതര ചിത്രങ്ങള്‍ ആദ്യ ആഴ്ച്ചയിലും കാണുന്ന ഒരു കാലമുണ്ടായിരുന്നു. കാക്കകുയില്‍ ആദ്യ ദിവസം കണ്ടതിന് ശേഷം, ഡയലോഗും സ്ക്രീനും ഒന്നും കേള്‍ക്കാനോ കാണാനോ പറ്റാത്ത ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എന്ന പരിപാടി നിര്‍ത്തി. ഇപ്പോള്‍ തിരക്കെല്ലാം കുറഞ്ഞ്, അഭിപ്രായമെല്ലാം കേട്ടാണ് ചിത്രം കാണാനിറങ്ങുന്നത്. അതുകൊണ്ട് ഈ ചിത്രത്തിന്‍റെ ഒരു റിവ്യൂവായി ഇതിനെ കരുതേണ്ട. കാരണം അതിവിടെ നല്ല രീതിയില്‍ തന്നെ പലരും ചെയ്തു കഴിഞ്ഞല്ലോ.

2 മണിക്ക് കൈരളി തിയേറ്ററിന് മുന്നിലെത്തുന്പോള്‍ പ്രതീക്ഷിച്ച പോലെ വല്യ തിരക്കൊന്നും കാണുവാനില്ല. ഉള്ളവരില്‍ സ്ത്രീകളാണ് കൂടുതല്‍ . ശ്രീയില്‍ പ്രദര്‍ശിപ്പിക്കുന്ന 'ആറുമനമേ'യുടെ പോസ്റ്ററും കൂട്ടത്തില്‍ ക്യൂവിലുള്ള ഒന്നു രണ്ട് കുഞ്ഞിമാളുകളെയും(അത്രയും വരില്ലെങ്കിലും) നോക്കി കൌണ്ടര്‍ തുറക്കാനായി കാത്തു നിന്നു. ടിക്കറ്റുമെടുത്തു ഉള്ളിലേക്ക് കയറിയപ്പോള്‍ ആശ്ചര്യം തോന്നി. എസിയൊക്കെ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ബാല്‍ക്കണി ഫുള്ളാകില്ലെങ്കിലും സാമാന്യം നല്ല തിരക്കുണ്ട്. റിസര്‍വ്വേഷനില്‍ ഒറ്റ കുഞ്ഞില്ലെന്ന് തന്നെ പറയണം.

ഞങ്ങള്‍ പരിചയപ്പെടുത്തുന്നു എന്നു പറഞ്ഞ് ഒരു പിടി അഭിനേതാക്കളുടെ പേരുമായി തുടങ്ങിയ ടൈറ്റില്‍ ക്രെഡിറ്റ്സ് കാണിച്ച രീതി എനിക്ക് വളരെ ഇഷ്ടമായി. ചിത്രം തുടങ്ങി ലാല്‍ജോസിന്‍റെ സംവിധാനത്തില്‍ വിജയ് ഉലകനാഥ് ക്യാമറ ചലിപ്പിക്കുന്പോള്‍ ശരിക്കും എനിക്കനുഭവപ്പെട്ടത് ഞാന്‍ അവധിക്കാലത്ത് കളിച്ചു വളര്‍ന്ന എന്‍റെ നാട്ടിലെ തറവാട്ടിലും, ഇടവഴിയിലും, കുളത്തിലുമെല്ലാം(അവിടെ നീലത്താമരയില്ല) ഒരിക്കല്‍ കൂടി ചെന്നെത്തിയതായിട്ടാണ്. ഇന്ന് അതെല്ലാം ഏറെ മാറിയെന്നുള്ളത് വേറെക്കാര്യം. ആ പച്ചപ്പും പുഴയോരവുമെല്ലാം മനസ്സില്‍ വീണ്ടും കുളിരുള്ളൊരനുഭവമായി.

ഒരഭിമുഖത്തിനായി ടിവിയില്‍ അര്‍ച്ചനാ കവിയെ കണ്ടപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല നീലത്താമരയിലെ കുഞ്ഞിമാളു ഇതാണെന്ന്. അത്രയും മെച്ചമാക്കിയിട്ടുണ്ട് കുഞ്ഞിമാളുവിനെ. അതുപോലെ തന്നെ മറ്റെല്ലാ കഥാപാത്രങ്ങളും, അത് ഹരിദാസായാലും, ഷാരോത്തെ അമ്മിണിയായാലും, രത്നമായാലും, ആല്‍ത്തറയിലെ ആശാനായാലും, വളരെ നന്നായിട്ടുണ്ട്. ചില ഫ്രെയിമുകളില്‍ അര്‍ച്ചനയെക്കണ്ടപ്പോള്‍ അംബികയുടെ ഒരു ഛായ തോന്നി.

എം.ടിയുടെ ഒരു തിരക്കഥ ചലച്ചിത്രം ആക്കണമെന്ന അടങ്ങാത്ത ആഗ്രഹമാണ് ലാല്‍ജോസിനെ ഈ ചിത്രം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് നൂറ് ശതമാനം ഉറപ്പ്. ഗൃഹാതുരത്വത്തിന്‍റെ ഓര്‍മ്മകള്‍ സമ്മാനിച്ച ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഇനിയും ഇതുപോലുള്ള ശ്രമങ്ങളുണ്ടാകട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ആ ഗ്രാമീണത വീണ്ടും കാണുവാന്‍ ഇനി സിനിമകളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് നമ്മള്‍ നീങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നത് ഒരു ദുഖ:സത്യം.


പിന്നെ തോന്നിയത് :
വൈകി സിനിമ കാണുന്നത് കൊണ്ട് ലേശം കിടപ്പറ സീനും ബോറന്‍ ഡയലോഗുമൊക്കെ വരുന്പോള്‍ , പ്രേക്ഷകരുടെ വഷളന്‍ കമന്‍റുകളും കൂക്കിവിളികളുമൊന്നും കേള്‍ക്കേണ്ട, എന്തിനേറെ പറയുന്നു രണ്ട് പ്രാവശ്യം കറന്‍റ് പോയിട്ടും ഞാനുള്‍പ്പടെ ഒറ്റ കുഞ്ഞ് പോലും ബഹളമുണ്ടാക്കിയില്ല.

Friday, December 25, 2009

കളിയല്ല കല്യാണം

കുറച്ച് കാലം മുമ്പ് ഓഫീസിലെ ഒരു സുഹൃത്തിനെ കളിയാക്കാനായി എഴുതിയത്. ഇപ്പോള്‍ ചുമ്മാ ഇവിടെ പോസ്റ്റുന്നു. കഥാപാത്രങ്ങളെ പരിചയമില്ലാത്തത് കൊണ്ട് വായനാ സുഖം കിട്ടുമോയെന്നറിയില്ല. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍കളിയല്ല കല്യാണം
'ഇനിയിത് ഇവിടെ തുടരാനാവില്ല...'

അവ്യക്തമായി ഇങ്ങനെയൊരു ഡയലോഗും വ്യക്തമായി കിട്ടിയ ഒരു ചവിട്ടും ജുനിലിനെ ഉറക്കത്തില്‍ നിന്നുണര്‍ത്തി.

ഉറക്കത്തില്‍ നിന്നുണര്‍ന്ന് കണ്ണും തിരുമ്മി ചുമരിലേക്ക് ചാരിയിരുന്ന ജുനില്‍ കണ്ടത് മൊബൈലും പൊത്തി പിടിച്ച് കലിതുള്ളി നില്‍ക്കുന്ന റൂംമേറ്റ് സുനീഷിനെയാണ്.

'ഞാന്‍ പൈസ കൊടുത്ത എന്റെ മൊബൈലില്‍ എനിക്കിഷ്ടമുള്ളവരെ വിളിക്കും. ഇതിനി തുടരാനാവില്ലെന്ന് പറയാന്‍ നീയാരെടാ...'

'ഉറങ്ങി കിടന്ന എന്റെ പുറത്ത് ചവിട്ട് നാടകം നടത്തിയിട്ട് നീയിപ്പോള്‍ കീചകവധത്തിന്റെ റിഹേഴ്സല്‍ നടത്തുകയാണോ' ജുനില്‍ ചീറി....

'എത്രയെന്നും പറഞ്ഞാ...ഇതിലൊരു തീരുമാനമെടുത്തേ പറ്റു' വീണ്ടും ശബ്ദം...

ആ ശബ്ദം കേട്ട് രണ്ട് പേരും ഒന്ന് ഞെട്ടി. റൂമിന്റെ ഒരു കോണില്‍, ചെമ്മീന്‍ ചുരുണ്ടത് പോലെ കിടക്കുകയാണ് അഭിലാഷ് ബാലന്‍.

'ഇവന്‍ ഉറക്കത്തില്‍ പുലമ്പുന്നതിന് എനിക്കിട്ടാണല്ലെ ചവിട്ട്..ഇതിപ്പോള്‍ പതിവാ...ഇന്നലെ if ലൂപ്പും സ്വിച്ച് കേസുമൊക്കെ പറയുന്നത് കേട്ടു....നീ ഫോണ്‍ വിളി തുടര്‍ന്നോളു..'

അശരീരിയുടെ ഉറവിടം മനസ്സിലാക്കിയ ജുനിലും സുനീഷും അവര്‍ ചെയ്തു വന്നിരുന്ന പണിയിലേക്ക് തിരികെ പോയി.......

പതിവ് പോലെ എട്ട് മണിക്കെഴുന്നേറ്റ് എടി പിടിന്നുള്ള റെഡിയാവലിനിടയിലാണ് ജുനിലത് ശ്രദ്ധിച്ചത്.

അഭിലാഷിനെ കാണാനില്ലല്ലോ...ഇന്നലെ ബാഗെല്ലാം പാക്ക് ചെയ്യുന്നുണ്ടായിരുന്നു....ഇനി ഒളിച്ചോടാന്‍ വല്ലതുമായിരുന്നോ പ്ലാന്‍. പോയി നോക്കി...ബാഗുകളെല്ലാം ഭദ്രം അവിടെ
മൂലയ്ക്കിരിക്കുന്നുണ്ട്...

തന്റെ കൈകള്‍ 'അലക്ക്' എന്ന വാക്ക് കേട്ടിട്ടില്ലാത്തൊരു ഷര്‍ട്ടിലേക്ക് കൂത്തി കയറ്റുന്നതിനിടയില്‍ അഭിലാഷിനെ ജുനില്‍ വിളിച്ചു(ഫോണ്‍ വിളിച്ചു)

മറുസൈഡില്‍ ഹലോ ശബ്ദം...

'അഭിലാഷേ...നീയിപ്പോ എവിടാടാ...'
'ഞാന്‍ നമ്മുടെ ക്യാന്റീനിലുണ്ട്....'
'ഇത്ര നേരത്തെ ക്യാന്റീനിലേക്കാണോ നീ പോയെ..? '
'അമ്പലത്തിലൊക്കെ ഒന്ന് പോയി...ഒരു നല്ല കാര്യത്തിനല്ലേ....'
'എന്തീറ്റ് നല്ലകാര്യം...ക്യാന്റീനില്‍ കഴിക്കാന്‍ പോണതോ?
അതിനാണോ നീ അമ്പലത്തില്‍ പോയത്....നീ എന്തൊക്കെയാടാ പറയുന്നേ...ഇതായിരുന്നോ നീ ഇന്നൊരു തീരുമാനമെടുത്തേ പറ്റൂ എന്ന് ഇന്നലെ ഉറക്കത്തില്‍ പറഞ്ഞത്' ജുനില്‍ ആകെ കണ്‍ഫ്യൂസ്ഡായി.....

'ആര് പറഞ്ഞു...ഞാന്‍ നിന്നെ പിന്നെ വിളിക്കാം...എനിക്ക് കഴിക്കുന്നതില്‍ കോണ്‍സെന്റട്രേറ്റ് ചെയ്യാന്‍ പറ്റുന്നില്ല...' അഭിലാഷ് ഫോണ്‍ കട്ട് ചെയ്തു...

സെക്ഷനില്‍ അന്ന് അഭിലാഷ് പതിവിലും ശാന്തനായിരുന്നു. ഉറ്റ സുഹൃത്തായി സജു സൌദിയിലേക്ക് പറക്കാന്‍ പോകുന്നതിന്റെ വിഷമമായിരിക്കുമെന്ന് കരുതി സഹജോലിക്കാരാരും തന്നെ അവനെ ശല്യം ചെയ്യാനായി പോയില്ല. തന്റെ 15" മോണിറ്റിലെ
ടാസ്ക് ബാറില്‍ മിനിമൈസായി കിടന്നിരുന്ന സൈറ്റുകളിലൂടെ സഞ്ചരിച്ചവന്‍ ആ ദിവസം തള്ളിനീക്കി...(ഏതാ സൈറ്റെന്ന് വാല്‍ക്കഷ്ണത്തില്‍ പറയാം...)

ഇടയ്ക്കിടയ്ക്ക് 'ദൈവം എന്നാലും എന്നോടിങ്ങനെ ചെയ്തല്ലോ' എന്ന് പറയുന്നത് കേട്ട് അപ്പുറത്തും ഇപ്പുറത്തുമുള്ളവര്‍ എഴുന്നേറ്റ് നോക്കിയെങ്കിലും, അവരെയാരെയും അഭിലാഷ് മൈന്‍ഡ്
പോലും ചെയ്തില്ല.....

വെള്ളിയാഴ്ച വൈകുന്നേരം സജുവിന്റെ സെന്‍ഡോഫിന് കണ്ട അഭിലാഷിനെ പിന്നെയാരും സിഡാക്കില്‍ കണ്ടില്ല.വെള്ളിയാഴ്ച്ചയായതിനാല്‍ സ്വാഭാവികമായി നാട്ടില്‍
പോയിട്ടുണ്ടാവുമെന്നും, ആത്മമിത്രത്തിന്റെ യാത്രയയപ്പിന്റെ വേദനയില്‍ സ്വരം ഹാളില്‍ വരാത്തതാണെന്ന് നമ്മളും കരുതി...

ഗുരുവായൂര്‍ എക്സ്പ്രസ്സിലെ സിറ്റിംഗ് സീറ്റിലിരുന്ന പോയ അഭിലാഷിന്റെ മനസ്സ് ഇരിങ്ങാലക്കുട സ്റ്റേഷനിലിറങ്ങുമ്പോഴും വെന്തുരുകുകയായിരുന്നു. വീട്ടിലെത്തിയുടന്‍ ചോദിച്ചാലോ?
അല്ലെങ്കില്‍ വേണ്ട രണ്ട് പകലുകള്‍ തന്റെ മുന്നില്‍ കിടക്കുകയല്ലേ..ചോദ്യവും ഉത്തരവും സ്വയം പറയുവാന്‍ തുടങ്ങിയിരിക്കുന്നു അഭിലാഷ്...

ശനിയാഴ്ച യാതൊരു ചലനവുമുണ്ടാക്കാതെ കടന്നു പോയി. ഞായറാഴ്ച എന്തായാലും കാര്യം പറയുമെന്ന അഭിലാഷിന്റെ ഉഗ്രശപഥമായിരുന്നു ആ ദിവസത്തിന്റെ ഹൈലൈറ്റ്.....

രാവിലെ എണീറ്റ് പ്രാതലും കഴിഞ്ഞ് തന്റെ പുതിയ വീട്ടിലെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന അഭിലാഷ് കാര്യം പറയാന്‍ തന്നെ തീരുമാനിച്ചു....

അടുക്കളയില്‍ ചെന്ന് ഉച്ചയൂണ് ഒരുക്കുകയായിരുന്ന അമ്മയോട്...

'അമ്മേ...ദേ പണികഴിഞ്ഞ് മാസം ഒന്ന് കഴിഞ്ഞിട്ടില്ല ആകെ പൊടി പിടിച്ച് കിടക്കുകയാണല്ലോ. ഇതൊന്നും ശ്രദ്ധിക്കാന്‍ ഇവിടാരുമില്ലേ...'

'നീ എന്നോട് പറയുന്നത് പോലെ അനീഷിനോട് പറഞ്ഞൂടെ ഇതൊക്കെ ചെയ്യാന്‍.'

'ഇതൊക്കെ പറയാന്‍ ഞാനിനി ജോലി കളഞ്ഞ് ഇവിടെ വരണോ? ആ ടീപോയില്‍ പഴയ പത്രങ്ങളെല്ലാം കിടക്കുന്നു. അതൊന്ന് എടുത്ത് വയ്ക്കാന്‍ പോലും ആര്‍ക്കും പറ്റില്ലെന്ന് പറഞ്ഞാല്‍'

'അതൊക്കെ ഞാന്‍ ചെയ്തോളാം..നീ ഇവിടെ നിന്ന് ഇങ്ങനെ സംസാരിച്ചാല്‍ എന്റെ പണികളൊന്നും തീരില്ലാട്ടോ....'

'എനിക്കിനി വയ്യ...നീ എന്താച്ചാല്‍ ആയിക്കൊള്ളു...ഒരു വിരോധവുമില്ല...' ഇങ്ങനൊരു മറുപടിയും പ്രതീക്ഷിച്ച് നിന്ന അഭിലാഷ് സ്വന്തം മുറിയിലേക്ക് തിരികെ പോയി.....

ഉച്ചയൂണിനായി അമ്മയും മകനും ഇരുന്നു.പ്ലേറ്റില്‍ നിന്നൊരുരുള വായിലേക്കിട്ട അഭിലാഷ് വീണ്ടും സംസാരം തുടങ്ങി...


'അനീഷ് കഴിക്കണില്ലേ...'
'വിശക്കണുന്ന് പറഞ്ഞ് അവന്‍ ആദ്യമേ കഴിച്ചു....'
'അമ്മയ്ക്ക് കാറോട്ടിക്കാനറിയാമോ?'
'അനീഷേ...അമ്മയ്ക്കും ചേട്ടനും പപ്പടം കൊണ്ടുത്തരാമോ? ഞാനെടുക്കാന്‍ മറന്നു...'
'കാറോട്ടിക്കാനറിയാമോ എന്നോ..അതെന്താ ഇപ്പോ ഇങ്ങനൊരു ചോദ്യം?' അഭിലാഷിനെ നോക്കി അമ്മ ചോദിച്ചു...

സെറ്റിയിലിരുന്ന് ടീവി കാണുകയായിരുന്ന അനീഷ് മടിച്ച് മടിച്ച് അടുക്കളയിലേക്ക് എണീറ്റ് പോയി.....

'പറഞ്ഞ പോലെ ഞാന്‍ പഠിച്ചിട്ടുണ്ടല്ലോ ഡ്രൈവിംഗ്... ഞാന്‍ അത് മറന്നേ പോയി...ദാ ഞാന്‍ പറഞ്ഞത് ഇനി ഇങ്ങനെ വിട്ടാല്‍ പറ്റില്ല....ഈ മുറ്റത്തൊരു കാറ് കിടക്കുന്നത് കണ്ടാല്‍
ഡ്രൈവിംഗ് പഠിച്ച കാര്യം ഞാന്‍ മറക്കില്ലല്ലോ....' (ഇതായിരുന്നോ ഇവന്‍ രണ്ട് മൂന്ന് ദിവസമായി മനസ്സിലിട്ട് വലുതാക്കിക്കൊണ്ടിരുന്ന വിഷയം...)

'അതിനിപ്പോള്‍ ഇവിടെ ആരാ കാറ് വാങ്ങാന്‍ പോകുന്നത്...'

'ഞാനൊരു..ക'

'കാറ് വാങ്ങാനിപ്പോള്‍ വളരെ എളുപ്പമാണമ്മേ...ഫൈനാന്‍സൊക്കെ അവര് തന്നെ അറേഞ്ച്
ചെയ്യും...' പ്ലേറ്റിലേക്ക് പപ്പടമിട്ട് അനീഷ് മറുപടി നല്‍കി.....(അഭിലാഷ് മുഴുവനാക്കുന്നതിന് മുമ്പ്.)

'ചെലക്കാണ്ട് പോടാ....അവന്റെ ഫൈനാന്‍സ്....വല്യവര്‍ സംസാരിക്കുന്നതിനിടയിലാണ്...വേണ്ടാ വേണ്ടാന്ന് വയ്ക്കുമ്പോള്‍....' പതിവില്ലാതെ ചൂടാവുന്ന ചേട്ടനെക്കണ്ട് അനീഷ് പപ്പടപാത്രവുമായി അടുക്കളയിലേക്ക് സ്കൂട്ടായി....

പ്ലേറ്റിലെ ചോറ് തീരാറായി..അനീഷിനോട് കയര്‍ത്തതിന് ശേഷം അവിടെ കൂറെ നേരം നിശബ്ദത തളം കെട്ടി നിന്നു...

'അമ്മേ....ഈ തിരുവനന്തപുരം സ്റ്റൈല്‍ പരിപ്പ് കറി വയ്ക്കാനറിയാമോ? ഇവിടെ അമ്മ സാമ്പാറും
രസവുമൊക്കെയുണ്ടാക്കുന്നത് മാത്രമെ കണ്ടിട്ടുള്ളു...' അഭിലാഷ് പ്ലേറ്റ് വടിച്ചെടുത്തു....

'ഈ പ്രായത്തിലുള്ള ആങ്കുട്ട്യോള് അമ്മമാരോട് പതിവില്‍ കവിഞ്ഞ് സ്നേഹം കാണിക്കുന്നത് എന്തിനാണെന്ന് എല്ലാ അമ്മമാര്‍ക്കുമറിയാം...എന്തായാലും തല്‍ക്കാലം ആ പരിപ്പ്
ഇവിടെ വേവില്ല എന്ന് മാത്രം എന്റെ മോന്‍ മനസ്സിലാക്കിയാല്‍ മതി...' പ്ലേറ്റുകള്‍ കഴുകാനായി അമ്മ അടുക്കളയിലേക്ക് പോയി...

'എനിക്കൊന്നും മനസ്സിലായില്ല...അമ്മ ഉദ്ദേശിച്ചതെന്താ...' അഭിലാഷ് വീണ്ടും ഇന്നസെന്റായി
അഭിനയിച്ചു(ഇരിങ്ങാലക്കുടക്കാരനല്ലേ...അഭിനയിക്കും അഭിനയിക്കും...)

'അതേ..ചേട്ടായി...എന്തൊക്കെയായിരുന്നു പേപ്പര്‍, ടീപ്പോയ് അലങ്കോലം, മുറ്റത്ത് കാറ്... കാള വാല് പൊക്കണ കണ്ടാലറിഞ്ഞൂടേന്നാ അമ്മ പറഞ്ഞത്....ഒരു കാര്യം മനസ്സിലാക്കിയ്ക്കോ...കളിയല്ല കല്യാണം...' അടുക്കള വാതിലില്‍ നിന്ന് തലമാത്രം പുറത്തിട്ട് അനീഷ് അഭിലാഷിനെയൊന്ന് വാരി...

കൈ പോലും കഴുകാതെ അനിയന്റെ പുറകെ ഓടുന്ന അഭിലാഷ് ബാലനെക്കണ്ട് ചിരിയടക്കാനാവാതെ നിന്ന അമ്മയോടൊപ്പം ആ സന്തോഷത്തില്‍ പങ്കു ചേരാനായി അച്ഛനും എത്തി.


വാല്‍ക്കഷ്ണം : തിരിച്ച് ഓഫീസിലെത്തി അഭിലാഷിന്റെ 15" മോണിറ്ററില്‍ മിനിമൈസായി കിടക്കുന്ന ശാദി.കോം, ജീവന്‍സാത്തി.കോം,കേരളാ മാട്രിമോണി സൈറ്റുകളിലെ തരുണീമണികളോട് അഭിലാഷ് പറയുന്നതെന്താണെന്ന് എനിക്ക് ഊഹിക്കാം.

“സ്വന്തമായി ബാത്ത് അറ്റാച്ചഡ് റൂമൊക്കെയുണ്ടാക്കീട്ടെന്താ...ഹൈക്കമാന്റില്‍ നിന്ന് അനുമതിയില്ലാതെ കാര്യമൊന്നും നടക്കില്ലെങ്കില്‍ ഞാന്‍ എന്താ ചെയ്യുക....”

അവനെ കളിയാക്കാന്‍ വരട്ടെ.....ഒട്ടുമിക്ക ആളുകളും അതിലേക്ക് തലപൂഴ്ത്തിയാണിരിപ്പെന്നറിയാം.......

Thursday, September 10, 2009

വാമോസ് അര്‍ജന്‍റീന


In Spanish:
Vamos, vamos Argentina,
vamos, vamos a ganar,
que esta barra quilombera,
no te deja, no te deja de alentar.


English translation:
Let's go, let's go Argentina,

let's go, let's go to win,

for these raucous supporters,
won't stop, won't stop cheering for you.ബോബ് ഹൌട്ടണന്‍റെ കീഴില്‍ നെഹറു കപ്പ് വിജയവും ഏഷ്യകപ്പ് യോഗ്യതയും ഒക്കെയായി ഫുടബോളില്‍ ഇന്ത്യ പിച്ച വച്ച് തുടങ്ങുന്നതേയുള്ളു എന്ന് വേണമെങ്കില്‍ പറയാം. ചെറു ടൂര്‍ണമെന്‍റുകളില്‍ വിജയിച്ച്, ആരാധകരെ സൃഷ്ടിച്ച് ഇന്ത്യ മുന്നേറുകയാണ്.
ലോകകപ്പില്‍ ദേശീയ ടീമിനെ പ്രോത്സാഹിപ്പിക്കുക എന്ന നമ്മുടെ സ്വപ്നം വിദൂരമാണ്. ലോകകപ്പ് വേദിയില്‍ പന്തുരുളുന്പോള്‍ വിജയത്തില്‍ ആര്‍പ്പുവിളിക്കാനും തോല്‍വിയുടെ ദുഃഖം പങ്കുവയ്ക്കുവാനും എന്നും യൂറോപ്യന്‍ -ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ ഇംഗ്ലണ്ട്, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി , ബ്രസീല്‍ , അര്‍ജന്‍റീന എന്നിവര്‍ തന്നെയായിരുന്നു നമ്മുടെ കൂട്ട്.


ബ്രസീലും അര്‍ജന്‍റീനയും, ലോക ഫുട്ബോളിന്‍റെ വന്‍ ശക്തികള്‍ , ചടുലതാളത്തിനും പന്തടക്കത്തിനും പേരുകേട്ട ഫുട്ബോള്‍ ടീമുകള്‍ .. വെള്ളയില്‍ ആകാശനീലിമയോട് സാമ്യമുള്ള നീളന്‍ വരകളുള്ള കുപ്പായവുമണിഞ്ഞിറങ്ങുന്ന അര്‍ജന്‍റീനയോടായിരുന്നു എനിക്ക് ഇഷ്ടം. മഞ്ഞപ്പട തോല്‍ക്കുന്പോള്‍ ഞാനും സന്തോഷിക്കുമായിരുന്നു ,പല അര്‍ജന്‍റീന ഫാനുകളെ പോലെ. ഇവരുടെ ഈ പകയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒരു ടീം തോല്‍ക്കുന്നത് മറു ടീമിന്‍റെ ആരാധകര്‍ ആഘോഷിക്കുന്ന തരത്തിലേക്ക് ആ മാത്സര്യം വളര്‍ന്നിരുന്നു, ഒരു കണക്കിന് പറഞ്ഞാല്‍ ക്രിക്കറ്റില്‍ നമ്മുടെ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം പോലെ അല്ലെങ്കില്‍ മമ്മൂട്ടി - മോഹന്‍ലാല്‍ ഫാന്‍സുകാരുടെ മത്സരം പോലെ.

ഫുട്ബോളിലെ ഈ വൈരം വിശദമായി വിക്കിപീഡിയയില്‍ വായിക്കാം.


ഇന്നിതാ ഒരു വേള്‍ഡ് കപ്പ് എത്താറായിരിക്കുന്നു, ലോകത്താകമാനമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് (പ്രത്യേകിച്ച് അര്‍ജന്‍റീനാ ആരാധകര്‍ക്ക് ) നെഞ്ചിടിപ്പ് സമ്മാനിച്ച് കൊണ്ട്. ഇന്ന് പുലര്‍ച്ചെ പരാഗ്വേയോടും തോറ്റ് പ്ലേ ഓഫ് മത്സരങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് മെസ്സിയും ടെവസ്സും അടങ്ങുന്ന മറഡോണ പരിശീലിപ്പിക്കുന്ന ഈ മുന്‍ ലോക ചാന്പ്യന്മാര്‍ ..

ഇന്‍ബോക്സിലേക്ക് 'നിന്‍റെ അര്‍ജന്‍റീനാ വേള്‍ഡ് കപ്പിനു കാണുമോടാ?' 'ഹായ് അര്‍ജന്‍റീനാ തോറ്റലോ' എന്നിങ്ങനെയുള്ള മെയിലുകള്‍ വന്ന് നിറയുന്പോള്‍ മനസ്സിന്‍റെ ഇന്‍ബോക്സിലേക്ക് പഴയ ഓര്‍മ്മകള്‍ വന്നു നിറയുകയാണ്.

2006 ജൂണ്‍ മാസം, ജര്‍മ്മനിയില്‍ 18ാമത് ഫുട്ബോള്‍ വേള്‍ഡ് കപ്പ് മത്സരം അരങ്ങേറുന്നു. ഓഫീസിലെ ഫുട്ബോള്‍ പ്രേമികളുടെ സമ്മര്‍ദ്ദം കാരണം ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ ക്ലബില്‍ പ്രദര്‍ശനം നടത്തുമെന്ന ഉറപ്പില്‍ അര്‍ജന്‍റീനയുടെ ജഴ്സിയ്ക്ക്
ഓര്‍ഡര്‍ നല്‍കി ഞാന്‍ ഓസ്റ്റിനുമൊത്ത് ജയന്‍ ചേട്ടന്‍റെ പെങ്ങളുടെ കല്യാണത്തിന് പങ്കെടുക്കാനായി കാസര്‍ഗോഡേയ്ക്ക് യാത്രയായ ദിവസം. ജൂണ്‍ 16 2006 ആദ്യ മത്സരത്തില്‍ ഐവറികോസ്റ്റിനെ തകര്‍ത്ത അര്‍ജന്‍റീനാ സെര്‍ബിയയുമായി മത്സരത്തിനിറങ്ങുന്ന
ദിവസം. 24 പാസ്സുകള്‍ക്ക് ശേഷം കാന്പിയോസ്സെ അടിച്ച ഗോള്‍ പിറന്ന മത്സരം.

മലബാറില്‍ മുഴുവന്‍ ഫ്ലെക്സുകള്‍ , കൂടുതലും ബ്രസീലിന്‍റേയും അര്‍ജന്‍റീനയുടെയും . അനന്തപുരിയിലേക്കാളും വീറും വാശിയും ഉശിരും ആവേശവും മലബാറുകാര്‍ക്ക് തന്നെ സംശയം വേണ്ട.കാസര്‍ഗോഡ് നിന്ന് തിരികെയെത്തി ഷംനാര്‍ , രാകേഷ് , സന്പത്ത്, നിശാന്ത്, ശ്രീറാം, മനോജ് എന്നീ സുഹൃത്തുക്കളോടൊത്ത് ഒരു തീരുമാനത്തിലെത്തി, ജര്‍മ്മനിയുമായുള്ള മത്സരത്തിന്‍റെ അന്ന് ആംഫി തിയേറ്ററില്‍ ജഴ്സി അണിഞ്ഞ് നമ്മുടെ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തും എല്ലാവരും.ജൂണ്‍ 30 2006 വെള്ളിയാഴ്ച്ച, ജര്‍മ്മനിയുമായുള്ള മത്സരത്തിന് അര്‍ജന്‍റീന തയ്യാര്‍ , മെയില്‍ യുദ്ധത്തിന് ശേഷം വീട്ടിലെത്തി ജഴ്സിയും അണിഞ്ഞ് ഞാനും തിരികെയെത്തി. ആംഫിയുടെ വാതില്‍ത്തുറന്ന് അകത്തേക്ക് കടന്നതും എവിടെനിന്നോ കൂവലുയര്‍ന്നു....ഇരുണ്ട വെളിച്ചത്തില്‍ ആരാണ് കൂവിയതെന്ന് തിരിച്ചറിഞ്ഞില്ല. സ്ക്രീനിലെ ചിത്രത്തില്‍ നാഷ്ണല്‍ ആന്തത്തിനായി ടീമുകള്‍ അണിനിരന്നു. എന്‍റെ ജഴ്സി സുഹൃത്തുക്കളിലൊന്നിനെയും കാണ്മാനായില്ല. ആരും ജഴ്സി അണിഞ്ഞു
വന്നില്ലെന്ന് മാത്രമല്ല അവിടെ വന്നിട്ടേ ഇല്ല. ദുഷ്ടന്മാര്‍ ....


'രജിത്തേട്ടാ ജഴ്സി വെറുതേ ആവുമല്ലോ....ഹോം ടീമിനോടാ കളി......' ആരുടെയോ ശബ്ദം..

'പിന്നെ...ഒന്ന് പോടാ....ഫോമില്‍ കളിക്കുന്ന ടീം എന്തിന് ഹോം ടീമിനെ പേടിക്കണം? ' തിരികെ വിളിച്ചു പറഞ്ഞു....

അര്‍ജന്‍റീനന്‍ ആരാധകരുടെ ആര്‍പ്പുവിളികളോടൊപ്പം നില്‍ക്കുന്നു ജര്‍മ്മന്‍ പിന്തുണക്കാര്‍ . അല്ല അവരാരും ജര്‍മ്മന്‍ ആരാധകരല്ല, ബ്രസീലിന്‍റെയും ഇംഗ്ലണ്ടിന്‍റെയും ആരാധകരാണവര്‍ അല്ലെങ്കില്‍ എന്നെ എതിര്‍ക്കാനായി ജര്‍മ്മന്‍കാരായവര്‍ . ചെറു നീക്കങ്ങളുമായി ആദ്യ പകുതി കടന്നുപോയി. രണ്ടാം പകുതി തുടങ്ങി റോബര്‍ട്ട് അയാലയിലൂടെ അര്‍ജന്‍റീന മുന്നിലെത്തിയപ്പോള്‍ ഇളകി മറിയുകയായിരുന്നു നമ്മള്‍ അര്‍ജന്‍റീനക്കാര്‍ .
എഴുപത്തിയൊന്നാം മിനുട്ടില്‍ ഗോള്‍കീപ്പര്‍ അബോണ്ഡെസ്സേരി പരിക്കേറ്റതിനാല്‍ ആദ്യ സബ്സ്റ്റിട്ട്യൂഷന്‍ നടത്തി അര്‍ജന്‍റീന. വിജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിയ നിമിഷത്തില്‍ കളിയുടെ ഒഴുക്ക് തന്നെ തടഞ്ഞു കൊണ്ട് പ്ലേമേക്കര്‍ റിക്വല്‍മിയെ പിന്‍വലിച്ച് പെക്കര്‍മാന്‍ ആദ്യ മണ്ടത്തരം കാണിച്ചു. എണ്‍പതാം മിനുട്ടില്‍ ഞങ്ങളെ ഞെട്ടിച്ചു കൊണ്ടു ക്ലോസ് അര്‍ജന്‍റീനിയന്‍ വല ചലിപ്പിച്ചു.മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങിയപ്പോള്‍ അത് കാണാന്‍ ശക്തിയില്ലാതെ ഞാന്‍ ആംഫിയുടെ ഒരു മൂലയില്‍ പുറം തിരിഞ്ഞു നിന്നു. 4-2ന് മത്സരം തോറ്റപ്പോളേക്കും എന്നെ എന്‍റെ കൂട്ടുകാര്‍ (മറ്റ് ടീമിന്‍റെ ആരാധകര്‍ ) വളഞ്ഞിരുന്നു. കൂക്കുവിളികളും
കളിയാക്കലുകളുമായി അവരുടെ നടുവില്‍ . അതിനിടയ്ക്ക് ദീപു ചേട്ടന്‍ ഫോണൊക്കെ ചെവിയില്‍കൊണ്ടു വച്ചുതരുന്നു. മറുതലയ്ക്കല്‍ നിന്ന് കൂകി വിളിക്കുന്ന വിപിന്‍ ചേട്ടന്‍ , വീണ്ടും പലരുടെയും മൊബൈലില്‍ പല കോളുകള്‍ . ആംഫിയുടെ ഇരുട്ടില്‍ കണ്ണുകളില്‍
രൂപപ്പെട്ടുവന്ന കണ്ണുനീരുകളെ അവര്‍ കണ്ടില്ലെന്നുള്ളത് ഉറപ്പ്. അര്‍ജന്‍റീന പുറത്തായെന്ന ഞെട്ടലില്‍ നിയന്ത്രിക്കാനാവാതെ പൊട്ടിക്കരയുമെന്ന് തോന്നിയ ആ നിമിഷം, എന്തോ പെട്ടന്ന് എല്ലാം നിര്‍ത്തി അവര്‍ പിന്‍വാങ്ങി. ഇല്ലായിരുന്നെങ്കില്‍ അതും അവര്‍ കാണേണ്ടി വന്നേനെ.....
അന്ന് രാത്രി ദീപുചേട്ടനെ വീട്ടില്‍ കൊണ്ടുവിടാനായി വണ്ടിയില്‍ യാത്രതിരിച്ചപ്പോള്‍ അര്‍ജന്‍റീനയുടെ തോല്‍വിയില്‍ പ്രകൃതിയും പങ്കുകൊണ്ടു. തിരികെ മഴ നനഞ്ഞ് വീട്ടിലേക്കുള്ള യാത്രയില്‍ , ചാര്‍ളി ചാപ്ലിന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തപ്പോള്‍ , മഴ ഒരു അനുഗ്രഹമായി തോന്നി.
'ഞാന്‍ എപ്പോഴും മഴയത്ത് നടക്കുവാന്‍ ആഗ്രഹിക്കുന്നു, അതുകൊണ്ട് ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ?'


ഞാന്‍ ഇന്നും ഓര്‍ക്കുന്നു അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. മറ്റേതൊരു പ്രവൃത്തി ദിവസമായിരുന്നെങ്കിലും പിറ്റേന്ന് ഓഫീസിലെ സഹപ്രവര്‍ത്തകരുടെ കളിയാക്കലുകള്‍ക്ക് വിധേയനാകേണ്ടി വരുമായിരുന്നു എനിക്ക്.....രണ്ടു ദിവസത്തേ അവധിയ്ക്ക് ശേഷം തിരികെ ഓഫീസിലെത്തിയപ്പോള്‍ എന്നെ കളിയാക്കാന്‍ ആരും ഉണ്ടായിരുന്നില്ല കാരണം
അര്‍ജന്‍റീന പിടഞ്ഞ് വീണ പിറ്റേ ദിവസം ബ്രസീലും ഇംഗ്ലണ്ടും കരിഞ്ഞു വീണിരുന്നു........
ഇപ്രാവശ്യം ലോകകപ്പ് ആഘോഷിക്കാന്‍ പല സുഹൃത്തുക്കളും ഓഫീസിലില്ല എന്നെനിക്കറിയാം , ഇനി അറിയേണ്ടത് ഒന്ന് മാത്രം അര്‍ജന്‍റീന ഉണ്ടാകുമോ എന്തോ?
അര്‍ജന്‍റീന......തിരിച്ചടികളില്‍ തളരാതെ ഫിനിക്സ് പക്ഷിയെപ്പോലെ പറന്നുയരൂ.....ഒരായിരം പ്രാര്‍ത്ഥനകള്‍ നിങ്ങളോടൊപ്പമുണ്ട്.


Tuesday, August 11, 2009

ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള മനസ്സുകളെ രസിപ്പിച്ച് കടന്നു പോയവരാണ് മഹാദേവനും, അപ്പുകുട്ടനും, ഗോവിന്ദന്‍ കുട്ടിയും തോമസ്‍ കുട്ടിയും. പഴയ ആ സ്വാഭാവികത അവകാശപ്പെടാനില്ലായിരിന്നിട്ട് കൂടി ലാല്‍ അവതരിപ്പിച്ച 2 ഹരിഹര്‍ നഗര്‍ പ്രേക്ഷകരെ മടുപ്പിക്കാതെ തിയേറ്ററുകളില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നതിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പ് ദാ മറ്റൊരു വാര്‍ത്ത കൂടി...

ഹരിഹര്‍ നഗര്‍ മൂന്നാം ഭാഗം ഇറങ്ങുന്നു....
പുതിയ ചിത്രത്തിന്റെ പേര് ...ഇന്‍‍ ഗോസ്റ്റ് ഹൌസ് ഇന്‍....
ഹാരിപോട്ടര്‍ സീരീസ് പോലെ ഒരു ഹരിഹര്‍ നഗര്‍ സീരീസ് ആണോ ലാല്‍ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. ഇതെല്ലാം കണ്ട് സിദ്ദിക്കിന്(സിദ്ദിക്ക്-ലാല്‍) ഒരു ഹരിഹര്‍ നഗര്‍ വെര്‍ഷന്‍ 4 ഇറക്കണമെന്ന് തോന്നിയാല്‍ പ്രേക്ഷകര്‍ക്ക് വീണ്ടും കുശാലായി, വര്‍ഷാ വര്‍ഷം ഓരോ ഹരിഹര്‍ നഗര്‍ വെര്‍ഷന്‍ കാണാം.

അധികമായാല്‍ അമൃതും വിഷമാണെന്നാണ്, എന്തായാലും ഇത് വിഷമാകാതിരിക്കട്ടെ എന്ന് ആശിക്കുന്നു.....

Thursday, July 23, 2009

ഭ്രമരം : ഭ്രമിപ്പിക്കുന്ന ക്ലാസ്സിക്

എന്‍റെ ഈ പോസ്റ്റ് വായിക്കുന്പോള്‍ നിങ്ങളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് 'ആറിയ കഞ്ഞി പഴങ്കഞ്ഞി' എന്നായിരിക്കും. പലരും റിവ്യൂ ചെയ്ത് കഴിഞ്ഞ ഭ്രമരത്തെക്കുറിച്ച് ഇനിയൊരു റിവ്യൂ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല പക്ഷേ ഇന്നലെ ഭ്രമരം കണ്ടിറങ്ങിയപ്പോള്‍ മുതല്‍ മനസ്സ് പറയുന്നുണ്ടായിരുന്നു ഇത് എന്തായാലും പോസ്റ്റ് ചെയ്യണമെന്ന്.

പല ദിക്കുകളില്‍ നിന്നും ആദ്യമേ കേട്ടതായിരുന്നു 'ലാലേട്ടന്‍റെ മികച്ച് 10 കഥാപാത്രങ്ങളിലൊന്നാണ്' ഭ്രമരത്തിലെ ശിവന്‍കുട്ടിയെന്ന് .ആദ്യ ആഴ്ച് തന്നെ കാണണമെന്ന് വിചാരിച്ചെങ്കിലും പല കാരണങ്ങളാലും അത് മുടങ്ങി. 'പടം കണ്ടോ' എന്ന് ചോദിക്കുന്ന കൂട്ടുകാരോട് ഇല്ല എന്ന് പറയുന്നത്, 'താന്‍ എന്ത് മോഹന്‍ലാല്‍ ഫാന്‍ ഊവേ' എന്ന അവരുടെ മറുപടിയുമാക്കെയായി ആഴ്ചകള്‍ അങ്ങനെ കഴിഞ്ഞ് പോയി. പതുക്കെ പതുക്കെ പടത്തിനെക്കുറിച്ച് ആവറേജ്, 'ലാലേട്ടന്‍ കൊള്ളാം' എന്നൊക്കെ റിപ്പോര്‍ട്ടുകളും കേട്ടുതുടങ്ങി. ചിലര്‍ പറഞ്ഞു 'ബുദ്ധിജീവികളാണ് പടം സൂപ്പര്‍ എന്ന് പറയുന്നത് ' 'സാധാരണക്കാര്‍ക്ക് ആവറേജ് എന്നെ തോന്നുള്ളു'. എത്ര എത്ര പടങ്ങള്‍ ആരവങ്ങളും ആവേശങ്ങളുമായി
കണ്ടിരിക്കുന്നു, ലാലേട്ടന്‍റെയും ബ്ലെസ്സിയുടേയും ഈ ക്ലാസ്സിക് ആരവങ്ങളില്ലാതെ കാണുവാനായിരിന്നിരിക്കും വിധി.

ചിത്രത്തിന്‍റെ സാങ്കേതികതയെയും തിരക്കഥയെയുമെല്ലാം കീറി മുറിച്ച് വിശകലനം ചെയ്യാനൊന്നും എനിക്കറിയില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പടം എനിക്ക് ഇഷ്ടപ്പെട്ടു... വളരെയേറെ ഇഷ്ടപ്പെട്ടു...

ഇനി ഞാന്‍ ഒരു 'ബുദ്ധി ജീവി ' ആയത് കൊണ്ടാണോ? എന്ന് ചോദിച്ചാല്‍ :)

ഭ്രമരത്തിലെ ശിവന്‍കുട്ടിയുടെ ഭാവമാറ്റം കാണുവാന്‍ തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ ബാല്‍ക്കണി 90 ശതമാനവും താഴെ 70 ശതമാനവും നിറഞ്ഞിരുന്നു. റിലീസ് കഴിഞ്ഞ് ഇത്ര ദിവസമായതും, പുതിയ പടങ്ങളായാലും വ്യാജ സിഡിയിലൂടെ കാണുകയെന്നതുമൊക്കെയാവാം കാരണമെന്ന് കരുതി ആശ്വസിച്ചു. ബാല്‍ക്കണിയില്‍ സാമാന്യം നല്ല രീതിയില്‍ ഫാമിലി സാന്നിധ്യമുണ്ടായിരുന്നു.

മാറി മറിയുന്ന ഭാവങ്ങള്‍ ‍, നെഗറ്റീവ് ടച്ച് എന്നിവ ഇത്രമേല്‍ മനോഹരമായി അവതരിപ്പിക്കാന്‍ ലാലേട്ടനല്ലാതെ ആരുമില്ലെന്ന വീണ്ടും വീണ്ടും തെളിയിക്കുകയാണ് ശിവന്‍കുട്ടി.ആ മഹാപ്രതിഭയുടെ അഭിനയത്തെക്കുറിച്ച് പ്രകീര്‍ത്തിച്ചു സംസാരിക്കാന്‍ ഞാനാളല്ല. അത് വേണ്ടുവോളം മഹാന്മാരായ പലരും മുന്പ് പറഞ്ഞിട്ടുണ്ട്. ലക്ഷ്മി ഗോപാലസ്വാമി,മുരളീകൃഷ്ണന്‍ ‍, ബേബി നിവേദിത എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

ഇന്നേവരെ മലയാളസിനിമ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ക്യാമറ ആംഗിളുകളും ക്രെയിന്‍ഷോട്ടുകളും ജീപ്പ് ഷോട്ടുകളുമായി ബ്ലെസ്സിയും
അജയന്‍ വിന്‍സെന്‍റും ഭ്രമരം വളരെ ഹൃദ്യമായിതന്നെ ചിത്രീകരിച്ചിട്ടുണ്ട്. ലാലേട്ടനിലെ പ്രതിഭ കഥാപാത്രത്തിലേക്ക് ആവാഹിച്ചെടുക്കാന്‍ കഴിഞ്ഞു എന്നത് ബ്ലെസ്സിയുടെ കഴിവ് തന്നെ.

ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇമ്പമേറിയതാണ്. ചിത്രത്തില്‍ വേണ്ട വിധം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ശ്രോതാവെന്ന നിലയില്‍ "അണ്ണാറക്കണ്ണാ വാ... " എന്ന ഗാനം മുഴുവനായി കേള്‍ക്കാനായില്ലല്ലോ എന്ന ദുഃഖം ബാക്കി നില്‍ക്കുന്നു.

ഭ്രമരം എന്നത് ഒരു ക്ലാസ്സികാണ്, ഭ്രമിപ്പിക്കുന്ന ഒരു ക്ലാസ്സിക്.
മലയാള സിനിമയെ സ്നേഹിക്കുന്നവര്‍ ഈ സിനിമ കണ്ടിരിക്കും അത് തീര്‍ച്ച...

Saturday, June 27, 2009

ആദരാഞ്ജലികൾ: ലോഹിതദാസ്

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് അന്തരിച്ചു.

വിക്കിപീഡിയയില്‍‍ നിന്നുള്ള വിവരങ്ങള്‍‍‍

ചിത്രങ്ങള്‍ (തിരക്കഥ)
വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999)
ഭൂതക്കണ്ണാ‍ടി (1997)
സല്ലാപം (1996)
തൂവല്‍ക്കൊട്ടാരം (1996)
വെങ്കലം (1993)
കൗരവര്‍ (1992)
ആധാരം (1992)
കമലദളം (1992)
അമരം (1991)
ഭരതം (1991)
ഹിസ് ഹൈനസ് അബ്ദുള്ള (1990)
സസ്നേഹം (1990)
കിരീടം (1989)
കുടുംബപുരാണം (1988)
തനിയാവര്‍ത്തനം (1987)സംവിധാനം ചെയ്ത ചിത്രങ്ങള്‍
വര്‍ഷം ചലച്ചിത്രം അഭിനയിച്ചവര്‍
1997 ഭൂതക്കണ്ണാടി മമ്മൂട്ടി, ലക്ഷ്മി,
1997 കാരുണ്യം ജയറാം, ദിവ്യ ഉണ്ണി, മുരളി
1998 ഓര്‍മച്ചെപ്പ് ലാല്‍, ദിലീപ്, ചഞ്ചല്‍, ബിജു മേനോന്‍
1998 കന്മദം മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, ലാല്‍
2000 അരയന്നങ്ങളുടെ വീട് മമ്മൂട്ടി, ലക്ഷ്മി ഗോപാലസ്വാമി, കവിയൂര്‍ പൊന്നമ്മ
2000 ജോക്കര്‍ ദിലീപ്, മന്യ, നിഷാന്ത് സാഗര്‍
2001 സൂത്രധാരന്‍ ദിലീപ്, മീര ജാസ്മിന്‍
2003 കസ്തൂരിമാന്‍ കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍
2003 ചക്രം പൃഥ്വിരാജ്, മീര ജാസ്മിന്‍
2005 കസ്തൂരിമാന്‍ (തമിഴ്) പ്രസന്ന, മീര ജാസ്മിന്‍
2006 ചക്കരമുത്ത് ദിലീപ്, കാവ്യാ മാധവന്‍
2007 നിവേദ്യം വിനു മോഹന്‍ ‍, ഭാമ, നെടുമുടി വേണു

Thursday, June 25, 2009

ആദരാഞ്ജലികള്‍ : മൈക്കിള്‍ ജാക്സണ്‍

വിഖ്യാത പോപ്പ് ഗായകന്‍‍ മൈക്കിള്‍‍ ജാക്സണ്‍‍ അന്തരിച്ചു.
വാര്‍ത്ത, ഐ.ബി.എന്‍

മരണകാരണങ്ങള്‍‍ വ്യക്തമല്ല.(ഹൃദയസ്തംഭനമാണെന്ന് കരുതപ്പെടുന്നു..)

Saturday, June 20, 2009

ഐ.പി.എല്‍൨൦൧൦ 2010 : സിറ്റി ക്രിക്കറ്റേര്‍സ്

കേരളത്തിനും സ്വന്തമായൊരു ഐ.പി.എല്‍ ടീം ഉണ്ടാകാന്‍ പോകുന്നോ?. ഇന്നലെ ചില പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം കാര്യങ്ങള്‍ നടന്നാല്‍ 2010 സീസണില്‍ കേരളത്തില്‍ നിന്നൊരു ടീം ഐ.പി.എല്‍ കളിക്കും. " സിറ്റി ക്രിക്കറ്റേര്‍സ്."

വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തുണ്ടായിരുന്ന ക്രിക്കറ്റ് ക്ലബ്ബിന്റെ സാരഥികളാണ് ഈ സംരംഭത്തിന് പിന്നില്‍. അവരാരെന്ന് അറിയേണ്ടേ അന്ന് ടീമിന്റെ ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന പ്രിയദര്‍ശനും പിഞ്ച് ഹിറ്ററും ഓള്‍റൌണ്ടറുമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും.
ടീമിന്റെ ചെയര്‍മാന്‍ , ടെക്നിക്കല്‍ ഡയറക്ടര്‍ എന്നിവരാരാണെന്ന് അറിയണമെങ്കില്‍ ദാ ഇവിടെ നോക്കു.

മലയാളികള്‍ക്ക് മധുരമേറിയ അനവധി സിനിമകള്‍ സമ്മാനിച്ച ഈ ജോടിക്ക് ഐ.പി.എലിലും അത് സാധിക്കട്ടെ എന്നാശംസിക്കുന്നു(എല്ലാം ശരിക്ക് നടന്നാല്‍)

Friday, April 24, 2009

ദ് ഫെയ്ക്ക് ഐ.പി.എല്‍‍ പ്ലേയര്‍‍

ഐ.പി.എല്‍‍-നെക്കാള്‍‍ പ്രചാരം നേടിയ ഒരു ബ്ലോഗ്. എന്ത് കൊണ്ട്..

ഇത് കൊല്‍‍ക്കത്ത നൈറ്റ് റൈഡേര്‍‍സിന്‍റെ ഒരു ടീം അംഗം തന്നെയാണ് എഴുതുന്നതെന്ന് ലോകം വിശ്വസിക്കുന്നു.(അല്ലെങ്കില്‍‍ ബ്ലോഗര്‍‍ വിശ്വസിപ്പിക്കുന്നു....)

കാര്യമെന്തായാലും അണിയറ രഹസ്യമായ പല കാര്യങ്ങളും ഇപ്പോള്‍‍ തന്നെ പുറത്ത് വിട്ട ബ്ലോഗര്‍‍‍ ഇതിനകം തന്നെ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയമായി കഴിഞ്ഞു.....

എപ്രില്‍‍ മാസം മാത്രം ൨൬ ഇരുപത്തിയാറ് പോസ്റ്റുകളുമായി "ദ് ഫെയ്ക്ക് ഐ.പി.എല്‍‍ പ്ലേയര്‍‍ " മുന്നേറുന്പോള്‍ എന്ത് വിലകൊടുത്തും ആളെ കണ്ട് പിടിക്കുമെന്ന് ടീം മാനേജ്മെന്‍റും പ്രഖ്യാപിച്ച് കഴിഞ്ഞു....

ലിങ്ക് ദാ ഇവിടെ.....

Thursday, March 5, 2009

നോ ഫ്രീഡം ഓണ്‍ലൈന്‍

താങ്കളൊരു ബ്ലോഗറാണോ? എന്നാല്‍ ഇങ്ങോട്ടൊന്ന് ശ്രദ്ധിക്കു.

അടുത്ത പ്രാവശ്യം ഒരു പോസ്റ്റിടുന്പോള്‍ താങ്കള്‍ നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

ഇനി ഈ ലിങ്കിവിടെ പോസ്റ്റിയത് നിയമലംഘനമാണോയെന്ന് എനിക്കറിയില്ല.

Sunday, March 1, 2009

തൃശൂര്‍ മേരി ജാന്‍

ഇന്നലെ(ജനുവരി 4) പകല്‍ മുഴുവന്‍ ചിലവഴിച്ചത് കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനത്തിലായിരുന്നു. ശ്രീമാന്‍ ഷോബിയുടെ അമേരിക്കന്‍ കല്യാണം കൂടാന്‍ പോയ മുപ്പതിന് മുകളില്‍ ‍(വയസ്സല്ല... അംഗസംഖ്യ) വരുന്ന സംഘത്തിലെ അംഗമായിരുന്നു ഞാനും......(അതിപ്പോ ഏത് കല്യാണമാ വെറുതേ വിടുന്നേ എന്ന് നിങ്ങള്‍
ചിന്തിക്കുന്നുണ്ടെന്നെനിക്കറിയാം.. ഞാന്‍ ക്ഷമിച്ചിരിക്കുന്നു....)
വളരെ ടൈറ്റ് ഷെഡ്യൂളില്‍ കോ-ഓര്‍ഡിനേറ്റ് ചെയ്തൊരു യാത്രയായതിനാല്‍ ‍(തൊട്ട് തലേന്ന് പലര്‍ക്കും വേറെയൊരു കല്യാണം കൂടാനുണ്ടായിരുന്നു, സോറി.. എനിക്ക് ക്ഷണമുണ്ടായിരുന്നില്ല) അധികമൊന്നും പറയാന്‍ ഇല്ല ജസ്റ്റ് രണ്ട് ഇന്‍സിഡന്‍റസ്......

നിരപരാധി
ബിക്കാനെര്‍ എക്സ്പ്രസ്സിലെ യാത്രാക്ഷീണവും ചാണ്ടീസ് ടൂറിസ്റ്റ് ഹോമിലെ ഉറക്കക്ഷീണവുമുണ്ടായിരുന്നെങ്കിലും രാവിലെ തന്നെ വടക്കുന്നാഥ ക്ഷേത്ര ദര്‍ശനത്തിനായി നമ്മളെല്ലാവരും റെഡിയായിറങ്ങി....
മെയ് മാസത്തിലെ പൂരത്തിന് വേണ്ടി അണിഞ്ഞൊരുങ്ങുകയാണ് തൃശൂര്‍ റൌണ്ടും വടക്കുന്നാഥക്ഷേത്ര പരിസരവും...ചുറ്റും കണ്ണെടുക്കാന്‍ തോന്നാനാവാത്ത 'പ്രകൃതി' ഭംഗി...

ഷിബുവിന് ആദ്യമായി, ജിമ്മില്‍ പോകുന്നതിന്‍റെ ഗുണം മനസ്സിലായി...നമ്മളൊക്കെ അംമ്പലത്തിലെത്തി ഷര്‍ട്ടൂരി ഫാമിലി പാക്കും (നമുക്കെവിടെ സിക്സ് പാക്ക് മസില്‍) ചള്ള് ബോഡിയുമൊക്കെ ആരെലും ശ്രദ്ധിക്കുന്നുണ്ടോ എന്ന ചിന്തയോടെ പ്രദക്ഷിണം വച്ചപ്പോള്‍ അളിയന്‍ ഒരു ബോഡിഷോയ്ക്ക്(വിത്തൌട്ട് മ്യൂസിക്ക്) ഉള്ള അവസരം കിട്ടിയ
സന്തോഷത്തിലായിരുന്നു.......

ക്ഷേത്ര ദര്‍ശനവും കഴിഞ്ഞ് വീണ്ടും വടക്കുന്നാഥനെ കാണാന്‍ വരണമെന്ന തീരുമാനത്തോടെ നമ്മളെല്ലാരും പ്രാതലിനായി പത്തന്‍സിലേക്ക് നടന്നു നീങ്ങുകയാണ്....

അങ്ങിങ്ങ് കാണുന്നവരോട് ആരെങ്കിലുമൊക്കെ വഴി ചോദിക്കുന്നുണ്ട്... രസകരമായ തൃശൂര്‍ സ്ലാംഗ് കേള്‍ക്കാനുള്ള കൊതി കൊണ്ടായിരുന്നു ഇത്....
ആല്‍മരത്തിനെയും കൊത്ത് പണികളെയും ബാക്ക് ഗ്രൌണ്ടാക്കി രമേശന്‍ തന്‍റെ ഫോട്ടോഗ്രാഫി സ്കില്‍ തെളിയിക്കുകയാണ്....
നമ്മുടെയെല്ലാം വളരെ മുന്നില്‍ പാലക്കാടുകാരന്‍ ജയകുമാര്‍ ഫോണിലൂടെയുള്ള നൈറ്റ് ഡ്യൂട്ടിക്ക് ശേഷം മോണിംഗ് ഡ്യൂട്ടിയുമായി നടന്നകലുന്നു....

ഏറെ ദൂരം ചെന്നില്ല റോഡ് സൈഡില്‍ ഒതുങ്ങി നിന്ന് സീരിയസ് മാറ്റര്‍ ഡിസകസ് ചെയ്യുകയായിരുന്ന ജയകുമാറിന്‍റെ മേനിയിലേക്ക് വളഞ്ഞ് പുളഞ്ഞ് വന്ന ഹോണ്ടാ ആക്ടിവ പാഞ്ഞു കയറി....
തന്‍റെ അനായാസമായ മെയ്യവഴക്കത്തോടെ പരിക്കൊന്നും കൂടാതെ ജയകുമാര്‍ ചാടിയെണീറ്റെങ്കിലും സാമാന്യം നല്ല വിധത്തിലുള്ള പാച്ച് വര്‍ക്കുകളോടെ ആ മധുരപ്പതിനേഴ്കാരി അപ്പോഴും ആക്ടിവയ്ക്ക്ടിയിലാണ്.....

ലോകത്ത് എവിടെ ഇങ്ങനെയുള്ള ആക്സിഡന്‍റ് നടന്നാല്‍ സംഭവിക്കുന്നത് തന്നെ അവിടെയും സംഭവിച്ചു... ആ പരിസരത്തുണ്ടായ സകല ചുള്ളന്മാരും ആ സ്പോട്ടിലേക്ക് പാഞ്ഞെത്തി....

ചെറിയ ചെറിയ ഉന്തും തള്ളും, ഒന്ന് രണ്ട് കവിളില്‍ കുത്തുമൊക്കെയായി അവര്‍ ജയകുമാറിനെ ഘരാവോ ചെയ്ത് തുടങ്ങിയപ്പോഴേക്കും നമ്മള്‍ നാലഞ്ച് പേര്‍ അവിടെ ഓടിയെത്തി.....

ഓടിവന്ന നമ്മള്‍ കേട്ടത് ഇതാണ്.....
തനി തൃശൂര്‍ സ്ലാംഗില്‍ നമ്മുടെ കഥാനായിക....(അത് പറയാന്‍ ഞാന്‍ അത്ര പോര...)

'അയ്യോ... ആ ചേട്ടന്‍ നിരപരാധിയാണ്..... ആ ചേട്ടന്‍ അല്ല .......'
അവള്‍ പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിന് മുന്പ് തന്‍റെ കൈയ്യിലെ എന്‍70 വലിച്ചെറിഞ്ഞ് ജയകുമാര്‍ ചാടി വീണു......

'ബെല്ലും ബ്രേക്കുമില്ലാതെ എന്‍റെ മേത്തേക്ക് വലിഞ്ഞ് കേറിയതും പോര ഞാന്‍ നിരപരാധിയാണെന്നോ.... നീയാണെടി നിരപരാധി.......'
അവിടെത്തുടങ്ങിയ ചിരി പത്തന്‍സിലേ മസാലദോശ കഴിക്കുന്പോഴും അവസാനിച്ചിട്ടില്ലായിരുന്നു.... നമ്മള്‍ അന്വേഷിക്കുകയാണ്.... പാലക്കാട് നിരപരാധി എന്ന് പറഞ്ഞാല്‍ എന്താ അര്‍ത്ഥം.........

പ്ലാറ്റ്ഫോം
ഓടിക്കിതച്ചാണെങ്കിലും പ്ലാറ്റ്ഫോമിലെത്തിയപ്പോള്‍ സമാധാനമായി ട്രെയിന്‍ ഇത് വരെ എത്തിയിട്ടില്ല.തൃശൂര്‍ പൂരം ഇവിടെയാണോ നടക്കുന്നതെന്ന് തോന്നി തിരക്ക് കണ്ടപ്പോള്‍ .
'അല്ല വേണ്ടാട് ഇനി ഇവിടെത്തന്നെയല്ലെ വരുന്നത്... വേറെ വല്ല പ്ലാറ്റ്ഫോമിലും... '
ആരോ ഒരു ഡൌട്ട് പറഞ്ഞു....

പറഞ്ഞ് തീര്‍ന്നില്ല ഡൌട്ട് ക്ലിയര്‍ ചെയ്യാനായി ഷമീം ചാടിയിറങ്ങി... നിക്കാഹ് കഴിഞ്ഞ ശേഷം അവനിങ്ങനെയാണ്... വേണ്ടതും വേണ്ടാത്തിടത്തുമെല്ലാം തലയിടും... തനിക്ക് നല്ല പക്വതയായി എന്ന് നമ്മളെ ബോധ്യപ്പെടുത്താനായിട്ടാണെന്ന് തോന്നുന്നു.....

ഇന്‍ഫര്‍മേഷന്‍ കൌണ്ടറിലെത്തി അവിടുത്തെ സ്റ്റാഫിനോടായി ഷമീം....
'അതേ , ഇങ്ങളെത്തന്നെ, ഈ ട്രെയിന്‍ ഏത് പ്ലാറ്റ്ഫോമിലെത്തും......'
ഇവനാരെടാ എന്ന് ഭാവത്തോടെ സ്റ്റാഫ്....(സംഭവം ഓണ്‍ എയറിലാണ്... ക്യൂവിലുള്ള പലരും കേള്‍ക്കുന്നുണ്ട്....)

'എന്തൂട്ട്... ഏത് ട്രെയിന്‍ ?..... '

പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന നമ്മളെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഷമീം വീണ്ടും....
'നമ്മള് ബുക്ക് ചെയ്ത ട്രെയിന്‍ ഏത് പ്ലാറ്റ്ഫോമില്‍ വരുമെന്നാ ചോദിച്ചേ....'

സ്റ്റാഫ് ചേട്ടന്‍റെ മുഖത്ത് ഒരു പുച്ഛഭാവം... (പിന്നെ നീ എന്നോട് പറഞ്ഞിട്ടാണല്ലോ ബുക്ക് ചെയ്തേ എന്ന ഭാവം)

'നിങ്ങള്‍ ബുക്ക് ചെയ്ത ട്രെയിനല്ലേ... സൌകര്യം പോലെ ഏതെലും പ്ലാറ്റ്ഫോമില്‍ കൊണ്ടിട്ടോ.....'

കഷ്ടപ്പെട്ട് ഷമീമിനെ പിടിച്ച് വലിച്ച് കൊണ്ട് വരുന്പോഴും പുറകിലെ ക്യൂവിലെ കൂട്ടച്ചിരി
അവസാനിച്ചിട്ടില്ലായിരുന്നു......

വാല്‍ക്കഷണം : 'തൃശൂര്‍ മേരി ജാന്‍ ....' എന്തിന് ഇങ്ങനെ ഒരു പേര് ഇട്ടു എന്ന് ചോദിച്ചാല്‍ നിങ്ങള്‍ തൃശൂര്‍ക്ക് ഒന്ന് വാ.. അപ്പോ മനസ്സിലാവും... അല്ലാതെ രമേശന്‍ വിചാരിച്ച പോലെ 'തൃശൂരിലെ മേരി ജാന്‍ ' എന്നൊന്നും
വായിച്ചേക്കരുത്. കാര്യമെന്തായാലും ഇപ്രാവശ്യം തൃശൂര്‍ പൂരത്തിന് പോണുണ്ട്... വരണിണ്ട്രാ ഗഡികളെ............

Sunday, February 22, 2009

റെഡ് ചില്ലീസ്:എന്നിലെ ലാല്‍ ആരാധകന്‍റെ റിവ്യു,

സമയം കൊല്ലാന്‍ ഇന്നെന്ത് ചെയ്യുമെന്ന് ആലോചിച്ചിരുന്നപ്പോഴാണ് മികസഡ് റെസ്പോണ്‍സ് ലഭിച്ച് മുന്നേറുന്ന റെഡ് ചില്ലീസിന് പോയാലോ എന്ന ആലോചന വന്നത്.

തീയേറ്ററില്‍ ചെന്ന് ടിക്കറ്റുമെടുത്ത് ഷോ വിടാനായി കാത്തിരിക്കുമ്പോള്‍ ചുമ്മാ കൌണ്ടറുകളിലേക്ക് കണ്ണോടിച്ചു. പുരുഷന്മാരുടെ ക്യൂ എസ്.എല്‍ തിയേറ്റര്‍ കോംപ്ലക്സും കഴിഞ്ഞ് നീണ്ട് കിടക്കുന്നുണ്ടായിരുന്നു. സാമാന്യം നല്ലൊരു പങ്ക് സ്ത്രീകളും ചിത്രം കാണാന്‍ എത്തിയിട്ടുണ്ടെന്നുള്ളത് എന്നെ സന്തോഷവാനാക്കി(അയ്യേ അങ്ങനെയല്ല...പടം കുടുംബ പ്രേക്ഷകര്‍ കാണുമല്ലോ എന്നുള്ള സന്തോഷം). ഷോ വിട്ട് ആളുകള്‍ ഇറങ്ങി തുടങ്ങി . ഒരു ആവറേജ് തിരക്ക് മാത്രം...ആവറേജ് സിനിമയക്ക് ആവറേജ് തിരക്കല്ലെ പ്രതീക്ഷിക്കാവുള്ളു. ക്യൂവിലുള്ളത്രയും തന്നെ സ്ത്രീകള്‍ ഷോ വിട്ട് വരുന്നുണ്ടായിരുന്നു. കുടുംബങ്ങള്‍ ചിത്രം കാണാന്‍ വരുന്നതില്‍ മനസ്സ് സന്തോഷിച്ചു.....

പതുക്കെ പതുക്കെ ആ തിരക്ക് കുറഞ്ഞ് വന്നു.. വീണ്ടും കുറച്ച് സമയം കഴിഞ്ഞ് വീണ്ടും കലപില ശബ്ദങ്ങളും ചൂളം വിളികളും തിയേറ്ററില്‍ മുഴങ്ങി...അപ്പോഴാണ് കാര്യം മനസ്സിലായത് നേരത്തെ ഇറങ്ങിയത് ബില്ലു ബാര്‍ബര്‍ കണ്ടവരാണ്...ഇപ്പോ ഇറങ്ങിയവരില്‍ സ്ത്രീകള്‍ കുറവാണ്.
എന്റെ കൈയിലെ ടിക്കറ്റ് തിയേറ്ററിലെ സ്റ്റാഫിന് കൈമാറി അദ്ദേഹം കാണിച്ച സീറ്റ് കണ്ടപ്പോള്‍ ലാലേട്ടന്‍ ഇന്റര്‍വെല്ലിന് മുമ്പ് പറയുന്ന സില്‍ക്ക് എയറിന്റെ വിന്‍ഡോ സീറ്റാണ് ഓര്‍മ്മ വന്നത്..അത് പോലെ തിയേറ്ററിന്‍റെ മൂലയില്‍ (വിന്‍ഡോ ഇല്ലായിരുന്നെങ്കിലും) ഞാന്‍ ഇരിപ്പുറപ്പിച്ചു...

പത്മശ്രീ മമ്മൂട്ടിയ്ക്ക് നന്ദിയര്‍പ്പിച്ച് കൊണ്ട് തുടങ്ങിയ ചിത്രത്തില്‍ ആദ്യ മിനുട്ടില്‍ തന്നെ ലാലേട്ടന്റെ ഇന്ററോടെക്ഷനുണ്ട്. പിന്നീടങ്ങോട്ട് സിംഗപ്പൂര്‍ ചുള്ളന്മാരുടെയും ചുള്ളത്തികളുടെയും കൂടെയുള്ള ലാലേട്ടന്റെ നടപ്പ് മനംകുളിരുന്നതാണ്.

ഷാജി കൈലാസിന്റെ കിടിലന്‍ ഷോട്ടുകളും കലക്കന്‍ റീച്ചാര്‍ജ്ജും ടണ്‍ കണക്കിന് ഫണ്ണ് ഡയലോഗും നിറഞ്ഞിരുന്ന ഫസ്റ്റ് ഹാഫ് അവസാനിക്കുന്നത് സിദ്ദിക്കിനോടുള്ള ലാലേട്ടന്റെ തകര്‍പ്പന്‍ ഡയലോഗോടെയാണ്...

രണ്ടാം പകുതിയിലെ മികച്ച രംഗം എന്നെനിക്ക് തോന്നിയത് ആ കോടതി രംഗമാണ്. തന്റെ നിഷകളങ്കമായ ചിരിയുമായി ലാലേട്ടന്‍ എല്ലാരുടെയും മനസ്സ് വീണ്ടും കീഴടക്കുകയായിരുന്നു...രണ്ടാം പകുതിയില്‍ ഇടയ്ക്ക് പ്രേക്ഷകരെല്ലാരും ഒരു രണ്ട് മിനുട്ട് നേരം നിര്‍ത്താതെ കൂവി.(തിയേറ്ററില്‍ കറന്റ് പോയപ്പോള്‍)ഏതൊരു കുറ്റാന്വേഷണ ചിത്രത്തിലെന്ന പോലെ രണ്ടാം പകുതിയില്‍ ലാലേട്ടനും ശിങ്കിടികളും സത്യത്തിലേക്ക് നടന്നടുക്കുന്നതോടെ ചിത്രം അവസാനിക്കുന്നു...

ബിജുമോനോനും സിദ്ദിക്കും വിജയകുമാറും സുകുമാരിയും ചില്ലീസുമെല്ലാമുണ്ടെങ്കിലും എടുത്ത് പറയേണ്ട പ്രകടനം തിലകന്‍, മോഹന്‍ലാല്‍ എന്നീ നടന്മാരില്‍ നിന്ന് മാത്രമാണ്, അതില്‍ തന്നെ സഖാവ് മാണിയെ അവതരിപ്പിച്ച തിലകന്റെ റോള്‍ തീരെ ചെറുതായി പോയതായി തോന്നുന്നു.

ക്യാമറ ആംഗിളുകളും തീരത്തും ടെക്കി (സാറ്റ്ലൈറ്റ് ഫോണും, ഗൂഗിളും ഉപയോഗിക്കുന്ന)ആയുള്ള ലാലേട്ടന്റെ വേഷപകര്‍ച്ചയും പതിവ് പോലുള്ള അഭിനയവും പഞ്ച് ഡയലോഗും ഈ സിനിമയെ നല്ലൊരു എന്റര്‍ടെയിനറാക്കുന്നു.
ഷാജി കൈലാസിന്റെ ഈയടുത്തുള്ള സിനിമകള്‍ കണ്ട് ഞെട്ടിത്തരിച്ച് പോയ ജനങ്ങള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കാന്‍ ഈ സിനിമയ്ക്കാവുമെന്ന് ഉറപ്പ്(ആറാം തമ്പുരാന്റെ അത്രയുമൊന്നും ആരും പ്രതീക്ഷിക്കരുത്..)

നെഗറ്റീവ്സ് : പൊതുവെ ലാല്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ നന്നാവുമെന്നൊരു പ്രതീക്ഷയുമായി ആരും ഈ ചിത്രം കാണാന്‍ പോകരുത്....
'മഴ പെയ്യണ് ' എന്ന് ഗാനം ആ മഴയത്ത് തന്നെ ഒലിച്ച് പോകട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം...

2009ല്‍ മലയാളികള്‍ക്കായി ലാലേട്ടന്‍ ഒരുക്കുന്ന വിഭവസമൃദ്ധമായ സദ്യയ്ക്ക്(സിനിമകളുടെ) ശരിക്കും ഒരു അപ്പറ്റൈസറാണ് റെഡ് ചില്ലീസെന്ന് നിസ്സംശയം പറയാം....

സ്റ്റൈലിഷായ ലാലേട്ടന്റെ സ്റ്റൈലന്‍ ചിത്രം നിങ്ങളെല്ലാരും കാണണം.

Wednesday, February 4, 2009

മുക്കം

അമ്മാവന്‍റെ വീട്ടുകൂടലിന്(പാല് കാച്ചല്) പങ്കുചേരാനായാണ് ഞാന്‍ എന്‍റെ നാട്ടിലേക്ക് പോയത്. കഴിഞ്ഞ പ്രാവശ്യം ചെന്നപ്പോള്‍ നിതിന്‍റെ വീട്ടില്‍ പോകാമെന്ന് പറഞ്ഞെങ്കിലും സാധിച്ചില്ല. കാല് മാറിയത് അവന്‍ തന്നെയായിരുന്നു. വീട്ടില്‍ ഒഴിച്ച് കൂടാനാവാത്ത എന്തോ ചടങ്ങുകള്‍ നടക്കുന്നുവെന്നും. വീട്ടിലെ ആണ്‍തരിയായ താന്‍ പുറത്തിറങ്ങികൂടാ എന്നവന്‍ പറഞ്ഞപ്പോള്‍ സ്വാഭാവികമായി 'ശുദ്ധ' ഹൃദയനായ ഞാന്‍ വിശ്വസിച്ചു. ഇപ്രാവശ്യം അതെന്തായാലും മാറ്റണമെന്ന് പറഞ്ഞ് നിതിനെ ഫോണ്‍ ചെയ്തു.

ഏറെ വൈകിയാണവന്‍ ഫോണ്‍ എടുത്തത്(എന്‍റെ നാട്ടിലെ നന്പര്‍ അവന്‍ സേവ് ചെയ്തിരുന്നു).

'എന്താ രജിത്തേ നീ നാട്ടിലെത്തിയല്ലെ. എനിക്ക് ഇന്ന് ടൌണിലേക്ക് വരാന്‍ ചെറിയ
അസൌകര്യമുണ്ടല്ലോ
?'


ഇത് നേരത്തെ മുന്‍ക്കൂട്ടി കണ്ട എന്‍റെ മറുപടി അവന്‍ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

'അത് കാര്യാക്കണ്ട ഞാന്‍ നിന്‍റെ വീട്ടിലേക്ക് വരാം . നീ വഴി പറഞ്ഞ് തന്നാല്‍ മതി'


കുറച്ച് നേരം കഴിഞ്ഞാണ് നിതിന്‍ ഇതിന് മറുപടി നല്‍കിയത്
....

'എടാ ഇവിടെ എന്‍റെ വല്യച്ഛന്‍റെ മോന്‍റെ കല്യാണമാ. വീട് നിറയെ ആളും തിരക്കും ആവും. '

ഇനി ഇവനെങ്ങാനും നമ്മളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണോ? സംശയത്തിന്‍റെ പുതുനാന്പുകള്‍ മനസ്സില്‍ പൊട്ടി മുളയ്ക്കാന്‍ ഏറെ താമസമുണ്ടായില്ല.

'അത് സാരമില്ല. എന്തൊക്കെ വന്നാലും ഞാന്‍ നിന്നെ കണ്ടിട്ടെ പോകുന്നുള്ളു. നീ വഴി പറഞ്ഞ് താ...'

ഇത് പറഞ്ഞത് തന്‍റെ പ്രിയപ്പെട്ട സുഹൃത്തിനെ കാണണമെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് അല്ലാതെ പലരും വിചാരിക്കുന്ന പോലെ വീട്ടുകൂടലിന് മേശയും കസേരയും പിടിച്ചിടുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയൊന്നുമായിരുന്നില്ല..................

'നീ പാളയം സ്റ്റാന്‍ഡില്‍ ഇറങ്ങുക, അവിടെനിന്ന് കാരമൂല കൂടരഞ്ഞി ബസ്സില്‍ കയറുക... കാരമൂല ഇറങ്ങുക. അവിടെ ആരോട് ചോദിച്ചാലും പറഞ്ഞ് തരും. നീ മൂന്നരയോടെ അവിടെ എത്തിയാല്‍ മതി'(അതെന്താ അവന്‍ അങ്ങനെ പറഞ്ഞേ എന്ന് പിന്നീടല്ലെ മനസ്സിലായത്)

ഉച്ചയൂണ് കഴിഞ്ഞ് രണ്ട് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ബന്ധുക്കളെല്ലാം
ചോദിക്കുന്നുണ്ടായിരുന്നു
.

'നീ എങ്ങോട്ടാ പോണെ?'...............

കാര്യമറിഞ്ഞപ്പോള്‍ അമ്മാവന്‍റെ ചോദ്യം .

'എന്താണ്ടാ നീ എപ്പോഴും മുക്കത്തേക്ക് പോകുന്നേ.......കഴിഞ്ഞ്രാശ്യം വന്നപ്പോളും
പറയന്നിണ്ടാരുന്നല്ലോ
. മുക്കത്തുള്ള ഫ്രണ്ടിനെ കാണാന്‍ പോണന്ന്... അവിടെ എന്താ ചുറ്റിക്കളി?'

ആളെ വടിയാക്കുന്ന ചിരിയും ചിരിച്ച് ഞാന്‍ ബസ്സ് സ്റ്റോപ്പിലേക്ക് നീങ്ങി.

പാളയം സ്റ്റോപ്പിലിറങ്ങി , അത് വഴി വരുന്ന ബസ്സുകളില്‍ മുക്കം,കാരമൂല-കൂടരഞ്ഞി
എന്നെഴുതിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുന്നതായി കുറേ നേരത്തേക്കുള്ള പ്രധാന പണി
.
ഏറെനേരം കഴിഞ്ഞിട്ടും ഈ പറഞ്ഞ ബസ്സ് മാത്രം കാണുന്നില്ല
. ഇനി ചുറ്റുമുള്ള ' പ്രകൃതി ഭംഗി' ആസ്വദിക്കുന്നതിനിടയില്‍ ബസ്സെങ്ങാനും മിസ്സ് ആയതാണോ?


സംശയം തീര്‍ക്കാനായി അടുത്ത് നിന്നിരുന്ന ഒരു ചേട്ടനോട് കാര്യമങ്ങ് തിരക്കി.......
'ചേട്ടാ ഈ മുക്കത്തേക്ക് പോകാന്‍ ഇവിടെ നിന്നാല്‍ ബസ്സ് കിട്ടുമോ?'

കോഴിക്കോട് നഗരത്തിലെ ബസ്സ്റൂട്ടുകള്‍ മുഴുവനും പറഞ്ഞ് തരാനുള്ള സമയം ആലോചിച്ച ശേഷം ചേട്ടന്‍ ഇങ്ങനെ മൊഴിഞ്ഞു.


'നിയ്ക്കത്ര പരിചയം പോരാട്ടോ....ഇങ്ങള് ആടെയുള്ള ഏതെലും കടയില്‍‌ ചോദിച്ചാള്'

തൊട്ടടുത്തുള്ള ജ്യൂസ് കടയില്‍ കയറി വഴി ചോദിക്കാന്‍ തീരുമാനിച്ചു..........

കടയില്‍ കയറിയുടന്‍ കടക്കാരന്‍
'
എന്താ വേണ്ടേ, ഷാര്‍ജ, ബദാം,ചിക്കു,ഓറഞ്ച്,മൊസാംബി'
'
ഷാര്‍ജ മതി'

ഷാര്‍ജ കുടിക്കാനായി ഇരുന്നപ്പോളാണ് അതോര്‍ത്തത്. ദൈവമേ ഞാന്‍ ഇതെന്താ പറഞ്ഞേ. ഞാന്‍ ഇവിടെ ബസ്സ്സ്റ്റോപ്പ് എവിടെ എന്ന് ചോദിക്കാനല്ലേ വന്നേ? അതിന് പുറമേ 'ഗുഡ് ഹെല്‍ത്തിലേക്ക് ' എത്താന്‍ വേണ്ടി തുടങ്ങിയ നീന്തലിന്‍റെ സംഭാവനയായ തൊണ്ടവേദനയുമുണ്ടല്ലോ.............


ചേട്ടാ................... ഷാര്‍ജ വേണ്ടാ എന്ന് പറയാന്‍ തുടങ്ങിയതും ചേട്ടന്‍ കട്ടിയായ പാല്‍
തല്ലിപൊട്ടിക്കാന്‍ തുടങ്ങി
....


'എന്താ'

അല്ലാ കുറച്ച് ചോക്ലേറ്റ് പൊടികൂടി ചേര്‍ത്തോളൂ........................

കഷ്ടപ്പെട്ട് ഷാര്‍ജ കുടിച്ച് തീര്‍ക്കുന്നതിനിടയില്‍ ഞാന്‍ അത് ചോദിച്ചു..........

'ചേട്ടാ ഈ മുക്കത്തേക്കുള്ള ബസ്സ്...?'

'അതവിടെ എല്‍ഐസിയുടെ മുന്നില്‍ നിന്നാല്‍ കിട്ടും........'

എല്‍ഐസിയുടെ മുന്നിലെ ബസ്സ്സ്റ്റോപ്പില്‍ നിന്ന് എതിരെ മാനാഞ്ചിറയില്‍ നടക്കുന്ന ബാസ്കറ്റ് ബോള്‍ പ്രാക്ടീസും കണ്ട്, ഇടയ്ക്ക് വരുന്ന ബസ്സുകളെയും മാറി മാറി നോക്കി, അവസാനം കൂടുതല്‍ രസം ബാസ്കറ്റ്ബോള്‍ കളി(കളിച്ചിരുന്നത് പെണ്ണ്കുട്ടികളാണെന്നത് വേറെ കാര്യം) തന്നെയാണെന്ന് മനസ്സിലായപ്പോള്‍ വീണ്ടും ബസ്സിന്‍റെ കാര്യം മറന്നു.

കളിയുടെ ഇടവേളയായപ്പോഴാണ് നിതിന്‍റെ കാര്യം വീണ്ടും ഓര്‍മ്മ വന്നത്. ആരോടാ ഒന്ന് വഴി ചോദിക്കുക. നമ്മുടെ സ്റ്റാന്‍ഡേര്‍ഡിന് പറ്റിയ ആരെയും കാണുന്നില്ലല്ലോ?.......... എല്ലാം എജ്ഓവറാണ്.......

ദൂരെ മാറി ഒരു ബസ്സിന്‍റെ തണലില്‍ റെസ്റ്റ് ചെയ്യുകയായിരുന്ന ഒരു ട്രാഫിക് പോലീസുകാരന്‍ എന്‍റെ വ്യൂവിലേക്ക് കടന്നു വന്നു.....

മെല്ലെ മൂപ്പരുടെ അടുത്തേക്ക് നടന്നടുത്ത് ഞാന്‍ 'ചേട്ടാ.... അല്ല സാര്‍ , ഈ മുക്കത്തേക്ക്.............'

'അതിന് പുതിയ സ്റ്റാന്‍ഡിലേക്ക് പോകണം.'

ഉച്ചവെയിലും കൊണ്ട് കോഴിക്കോട് സിറ്റിയിലൂടെ നടക്കുന്പോള്‍ ബസ്സ് പിടിച്ച് തിരികെ വീട്ടിലേക്ക് പോയാലോ എന്ന് വരെ വിചാരിച്ചു. പക്ഷേ നിതിന്‍റെ വല്യച്ഛന്‍റെ വീട്ടില്‍ ഉണ്ടായേക്കാവുന്ന, അവന്‍ എനിക്ക് ഓഫര്‍ ചെയ്യുമെന്ന് വിചാരിക്കുന്ന ബിരിയാണിയെ ഓര്‍ത്ത് വീണ്ടും ദൌത്യവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. അത് മാത്രമല്ല, അടുത്ത വരവിനും 'ഞാന്‍ മുക്കത്ത് പോയി ഇപ്പോള്‍ വരാം ' എന്ന് പറയേണ്ടിവരുന്നത് ഓര്‍ത്തപ്പോള്‍ ഈ മഹാസംഭവം ഇന്ന് തന്നെ തീര്‍ക്കുന്നതാ നല്ലത് എന്ന്
മനസ്സിലായി
...................

പുതിയസ്റ്റാന്‍ഡില്‍ എത്തി ബസ്സുകള്‍ നിര്‍ത്തിയിടുന്നിടത്ത് നോക്കിയപ്പോള്‍ കേരളത്തിന്‍റെ നാനാ ദിശകളിലേക്കും സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ കണ്ടു... പക്ഷേ മുക്കം എന്ന ബോര്‍ഡ് മാത്രം കണ്ടില്ല.

ഈശ്വരാ പാപി ചെല്ലുന്നിടം പാതാളം എന്ന് പറഞ്ഞത് പോലെ ഞാന്‍ പോകുന്നോണ്ട് മുക്കത്തേക്കുള്ള ബസ്സുകളെല്ലാം മിന്നല്‍ പണിമുടക്കെങ്ങാനും നടത്തിയോ......

ഏകദേശം ഒരുമണിക്കൂര്‍ മുക്കം ബസ്സിനായി നടത്തിയ തിരച്ചില്‍ ഒരു ബസ്സ് ഡ്രൈവറുടെ
സഹായത്തോടെ പര്യവസാനിച്ചു
. പുതിയ സ്റ്റാന്‍ഡിന് പുറത്തുള്ള ബസ്സ്സ്റ്റോപ്പിലോ, പാളയം ബസ്സ്സ്റ്റാന്‍ഡിലോ(ഞാന്‍ നിന്നത് സ്റ്റോപ്പിലാണ്) പോയാല്‍ മുക്കത്തേക്കുള്ള ബസ്സ് കിട്ടുമെന്ന് അദ്ദേഹം എനിക്ക് മനസ്സിലാക്കി തന്നു.....


സ്റ്റോപ്പില്‍ ഏറെ കാത്തിരിക്കേണ്ടി വന്നില്ല. അതിന് മുന്പ് മുക്കം ബസ്സ് വന്നു.. കാരമൂല-കൂടരഞ്ഞി ബോര്‍ഡൊന്നും കണ്ടില്ല. അതിനായി കാത്തിരുന്ന് ഇനിയും വൈകേണ്ട എന്ന് വിചാരിച്ചു ആ ബസ്സില്‍ കയറി ഇരിപ്പുറപ്പിച്ചു......

പാളയത്ത് നിന്ന് ഏകദേശം അര മണിക്കൂര്‍ ,തിരക്ക് കുറഞ്ഞ സമയമാണെല്‍ ഇരുപത് മിനുട്ട്. നിതിന്‍ പറഞ്ഞതോര്‍ത്ത് പത്ത് രൂപാ നോട്ട് കണ്ടക്ടര്‍ക്ക് നേരെ നീട്ടി
'
ഒരു മുക്കം....'

എന്നെയും നോട്ടിനെയും മാറി മാറി നോക്കിയ ശേഷം കണ്ടകട്റുടെ മുഖത്ത് ഇവന്‍ ആരെടാ എന്നൊരു ഭാവം വിരിയുന്നത് ഞാന്‍ ശ്രദ്ധിച്ചു.......

ഈശ്വരാ ഇനി കള്ളനോട്ടെങ്ങാനുമാണോ?.... ഈ യാത്ര എന്നെയും കൊണ്ടേ പോകു എന്നാ തോന്നുന്നേ . ഞാന്‍ മനസ്സിലോര്‍ത്തു.........

'പയിനാലു രൂപാ അയ്ന്പതീസാ' ടിക്കറ്റ് കീറി എന്‍റെ നേരക്ക് നീട്ടി പൈസക്കായി കാത്ത് നിന്നു......

'ചേട്ടന്‍ മുക്കം എന്ന് തന്നെയാണോ കേട്ടേ. എനിക്ക് ഇറങ്ങേണ്ടത് മുക്കത്താണ്'

'ഇങ്ങള് മുക്കം എന്നല്ലേ പറഞ്ഞത് അങ്ങോട്ടേക്കുള്ള ടിക്കറ്റാണ് ഞാന്‍ തന്നെ'

'പതിനാലു രൂപാ അന്പത് പൈസയോ? മുക്കത്തേക്ക് എത്ര മണിക്കൂര്‍ യാത്രയുണ്ട്'

അതൊരു ഒന്ന്-ഒന്നൊര മണിക്കൂര്‍ വരും.............. കാലമാടാ നിതിനെ അരമണിക്കൂര്‍ അല്ലേ?

കോഴിക്കോട് നിന്ന് മുക്കം വരെയുള്ള യാത്ര ശരിക്കും രസകരമായിരുന്നു. പച്ചപ്പ് നിറഞ്ഞ്

റോഡരികുകള്‍ . വാഴത്തോപ്പുകളും പാടങ്ങളും അങ്ങിങ്ങായി ചെറിയ പുഴകളും. മലബാറിലാണെന്ന് തെളിയിക്കുന്നതായിരുന്നു കൊയ്തു കഴിഞ്ഞ പാടങ്ങളില്‍ നാടിയിരുന്ന ഗോള്‍പോസ്റ്റുകള്‍ . അങ്ങിങ്ങായി ക്രിക്കറ്റ് കളിക്കുന്ന ചില കൂട്ടങ്ങള്‍ ഈ പ്രദേശത്തേക്ക് ക്രിക്കറ്റ് അതിന്‍റെ ചുവടുറപ്പിക്കുന്നതിനൊരുദാഹരണമാണ്................

ഐഐഏം,ഡോയാക്ക് സെന്‍റര്‍ ,ആര്‍ഈസീ എന്നീ പ്രസിദ്ധമായ സ്ഥാപനങ്ങളും
കാണുവാനിടയായി
....

നിതിന്‍റെ സ്വന്തം മുക്കത്തേ കുറിച്ചാണെങ്കില്‍ കടകന്പോളങ്ങള്‍ കൊണ്ട് തിങ്ങി നിറഞ്ഞൊരു ചെറിയ ടൌണ്‍ . തങ്ങളും കച്ചവടത്തില്‍ ഒട്ടും പിറകില്‍ അല്ല എന്ന ഭാവത്തില്‍ ചെറിയ ഒരു തിരക്കിന് ഉടമയായ ടൌണ്‍ .

നിതിനെ വിളിക്കാന്‍ തീരുമാനിച്ച് അടുത്തുള്ളൊരു ബൂത്തില്‍ കയറി. പോകുന്ന വഴിക്ക്
കാരമൂല
-കൂടരഞ്ഞി എന്ന ബസ്സ് ദൃഷ്ടിയില്‍ പെട്ടു. മനസ്സ് സന്തോഷം കൊണ്ടു തുടിച്ച്. എന്തായാലും നിതിനെ വിളിച്ച് ഇറങ്ങേണ്ട സ്റ്റോപ്പ് ഉറപ്പാക്കാം.........

ഫോണ്‍ എടുത്ത നിതിന്‍ ആളെ തിരിച്ചറിഞ്ഞപ്പോള്‍ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു തന്നു....

'കാരമൂല സ്റ്റോപ്പില്‍ ബസ്സിറങ്ങുക, എന്നിട്ട് അവിടെ നില്‍ക്കുക. അപ്പോള്‍ ബസ്സ് ഒരു വഴി പോകും. ബസ്സ് പോകാത്ത വഴി മൂന്നാമത്തെ വളവില്‍ ഒരു വീട് കാണാം അതാണെന്‍റെ വീട്. അപ്പോള്‍ വീട്ടില്‍ വച്ച് കാണാം. ' ഇത്രയും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു........

മൂന്നര രൂപ ടിക്കറ്റെടുത്തു ഹെയര്‍പിന്‍ വളവുകളിലൂടെ സഞ്ചരിച്ച് പത്ത് മിനുട്ടുകള്‍ക്ക് ശേഷം കാരമൂല എത്തി ബസ്സ് ഇറങ്ങിയ ഞാന്‍ അന്തം വിട്ടു പോയി. നാല്‍ക്കവല എന്നൊക്കെ കേട്ടിട്ടില്ലേ. ഇത് അതിനെയും വെല്ലുന്നൊരു സംഭവം. ബസ്സ് പോകുന്ന വഴിക്ക് പുറമേ പോകാത്ത മൂന്ന് വഴികള്‍ വേറെ.....(ഇതിലൊന്നാണ് അവന്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞത്)

കുറേ നേരം ആ ജംഗ്ഷനില്‍ തന്നെ അങ്ങനെ നിന്നു. ആള്‍പെരുമാറ്റം കൂടിയ ഒരിടവഴിയിലേക്ക് പോകാന്‍ തീരുമാനിച്ചു. കാല്‍നടക്കാരുടെ കൈയിലേ പൊതികളായിരുന്നു ഈ തീരുമാനത്തിന് പ്രചോദനം.

നാലഞ്ചടി നടന്നപ്പോള്‍ തന്നെ വെല്‍ക്കം എന്ന ഒരു ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടു. ആള്‍ത്തിരക്ക് കൂടിയ ആ വീട്ടിലേക്ക് കയറുന്പോള്‍ തന്നെ ശ്രദ്ധയില്‍പെട്ടത് ചക്രവ്യൂഹത്തില്‍ പെട്ട അഭിമന്യുവിനെ പോലെ ഇരിക്കുന്ന കഥാനായകനെയാണ്. ചുറ്റും കുറേ ഫാന്‍സും(എന്ന് അവന്‍ പറയുന്നു).

നിതിന്‍ വളരെ പ്രയാസപ്പെട്ടിറങ്ങി വന്നു (മനസ്സമാധാനത്തോടെ ഇരിക്കാന്‍ സമ്മതിക്കില്ലെ എന്നുള്ള ഭാവവുമായി).

പിന്നീട് അച്ഛനെയും അമ്മയെയും പെങ്ങളെയും നാട്ടുകാരുടെയും അടുത്ത് കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തുന്നതായിരുന്നു അവന്‍റെ പ്രധാന ഹോബി. കല്യാണ പാര്‍ട്ടിക്കാര്‍ക്ക് വെള്ളം കൊടുക്കുന്നതിനിടയില്‍ നിന്ന് മുങ്ങാന്‍ ഇതിലെറെ നല്ല അവസരം ഉണ്ടാകില്ല എന്നവന് നല്ല നിശ്ചയമുണ്ടായിരുന്നു........

നിതിന്‍റെ പിതാശ്രീ പരിചയപ്പെട്ടപ്പോള്‍ തന്നെ, ഇന്നിവിടെ തങ്ങീട്ട് പോകാം എന്നൊക്കെ നിര്‍ബന്ധം തുടങ്ങി. വീട്ടില്‍ വേറൊരും പരിപാടി ഉണ്ടെന്നും. ഇന്ന് തന്നെ മടങ്ങേണ്ടതുണ്ടെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം ഭക്ഷണം കഴിച്ചിട്ടെ പോകാവു എന്ന് പറഞ്ഞ്. പക്ഷേ നമ്മുടെ മുക്കം സുഹൃത്തിന് ഇതിലൊന്നുമായിരുന്നില്ല താല്പര്യം. മൂപ്പര് അവിടെ നിന്ന് കഥകളി മുദ്ര പോലെ കൈയും കലാശവും കാണിക്കുകയും ഞാന്‍ അത് കണ്ടെന്നറിഞ്ഞപ്പോള്‍ പന്തലിന്‍റെ അലങ്കാരപണികള്‍ ശ്രദ്ധിക്കുന്നു എന്ന വ്യാജേന മുകളിലേക്ക് നോക്കി നില്‍പുറച്ചു.

'നിതിനെ അപ്പോള്‍ നിന്‍റെ മുറിയിലേക്ക് പോകാം അല്ലേ?' എന്‍റെ ചോദ്യം അവന്‍ കേട്ടില്ലേ?

'ടാ നിന്നോടാ ഞാന്‍ പറഞ്ഞേ'

'അയ്യോ താക്കോല്‍ ആരുടെ കൈയ്യിലാണോ എന്തോ? വീട് പൂട്ടിയിരിക്കുകയാ....നീ വാ അവിടത്തെ കാര്യങ്ങളൊക്കെ പറ?'

റോഡരികിലേക്ക് വിളിച്ച് കൊണ്ട് പോയപ്പോള്‍ എനിക്ക് ഒരു കാര്യം തീര്‍ച്ചയായി. ഇവന് എന്നെ വീട്ടില്‍ കൊണ്ട് പോകണമെന്നോ, ഭക്ഷണം കഴിപ്പിക്കണമെന്നോ ഒരാഗ്രഹവുമില്ല...

ഇടയ്ക്കിടയ്ക്ക് ലോണ്‍ ശരിയാക്കാനും മറ്റ് ബാങ്കിംഗ് സംശയങ്ങള്‍ക്കും ഒട്ടനവധി ആളുകള്‍ പ്രോബ്-ഓഫീസറുടെ അടുക്കല്‍ എത്തുന്നുണ്ടായിരുന്നു.....നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് ടിയാന്‍ എന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.

ടിങ്കുവേ സുഖമാണോ? കല്യാണത്തിന് എത്ര ദിവസം ലീവുണ്ട് ടിങ്കു.... എന്നീ നാട്ടുകാരുടെ ചോദ്യം കേട്ട് നിതിന്‍ ഇവിടെ സി-ഡാകില്‍ പലരില്‍ നിന്നും ഒളിപ്പിച്ച് വച്ച പേര് എന്തെന്ന് മനസ്സിലാക്കാന്‍ സാധിച്ചു........

ഇവിടെ നമ്മുടെ സുഹൃത്തുക്കളായ യസീറിന്‍റെ നിക്കാഹും(അവനും ബീവിയും മുക്കം ഫെഡറല്‍ ബാങ്കില്‍ നിതിനെ കാണാന്‍ വന്നപ്പോള്‍ പുതിയാപ്ല നിന്ന് വിറയ്ക്കുകയായിരുന്നു പോലും), നിഷാന്തിന്‍റെ കല്യാണമുറപ്പിക്കലും, ജിത്തുവിന്‍റെ ട്രീറ്റും, രമേശന്‍റെ വിസ്റ്റിയോണിലെ പുതിയ ഫാന്‍സുകളെയും ഷിബുവിന്‍റെ ആര്‍ഏംപിയെയും കുറിച്ച് പറയുന്നതിനിടയില്‍ നിതിന് ചില ഫോണ്‍

കോളുകള്‍ വന്നു... ചിലതിനൊക്കെ എന്‍റെ അടുത്ത് നിന്ന് മറുപടി പറയുന്പോള്‍ ചിലതിന് ദൂരെ മാറി നില്‍ക്കുന്നതും നമ്മള്‍ ഗൌരവമായി കാണേണ്ടി ഇരിക്കുന്നു...............

അതിലെ ചില ഫോണ്‍കോളുകളുടെ സാരാംശം ദാ ഇങ്ങനെയാണ്........

'അയ്യോടാ.... ഇന്ന് വന്നാല്‍ ശരിയാവില്ല... ഞാന്‍ വീട്ടിലില്ല.. വല്യച്ഛന്‍റെ വീട്ടിലാ... മൂപ്പരുടെ മകന്‍റെ കല്യാണമാ.. നമുക്ക് അടുത്ത പ്രാവശ്യം കാണാം......'


അപ്പോളാണ് പണ്ട് തിരുവനന്തപുരത്ത് അവന്‍റെ സഹമുറിയന്‍മാരായ ഷമീമും സജിയും പറഞ്ഞകാര്യങ്ങള്‍ ഓര്‍മ്മ വന്നത്.. കോഴിക്കോടെത്തുന്പോള്‍ എന്ന് നിതിന്‍റെ വീട്ടില്‍ ചെല്ലാം എന്ന് പറഞ്ഞാലും അവന്‍ പറയും വല്യച്ഛന്‍റെ വീട്ടിലാണ്. കുടുംബ വീട്ടിലാണ്..

ഈ പറഞ്ഞ വീടുകളും നമ്മുടെ നിതിന്‍റെ വീടും ഒരേ കോംബൌണ്ടിലാണ് ......
പിന്നെ എന്തേ അവന്‍ എല്ലാരോടും ഇങ്ങനെ പറയുന്നേ
?....

കണ്ടെത്തേണ്ടിയിരിക്കുന്നു................


'ടിങ്കു.... എടാ ഇന്നാ താക്കോല്‍‍ ടാങ്കിലേ വെള്ളം തീര്‍ന്നു. നീ അതൊന്ന് ഫില്‍ ചെയ്തേ'

നിതിന്‍ താക്കോല്‍ വാങ്ങി. അവന്‍റെ കൂടെ വീട്ടിനുള്ളില്‍ കയറാം എന്ന് വിചാരിച്ച എന്നെ അവന്‍ ശരിക്കും ഞെട്ടിപ്പിച്ചു കളഞ്ഞു.

'വാടാ നീ ചെന്ന് ആഹാരം കഴിക്ക് കുറച്ച് കഴിഞ്ഞ് കോഴിക്കോട്ടേക്കുള്ള ബസ്സ് ഉണ്ട്......'
ഇത്രയും പറഞ്ഞ് നിതിന്‍ നേരെ ഭക്ഷണം വിളന്പുന്നിടത്തേക്ക് നടന്നു
...

ഭക്ഷമെങ്കില്‍ ഭക്ഷണം കിട്ടുന്നത് കിട്ടട്ടെ എന്ന് പറഞ്ഞ് ഞാനും.....
അവിടെ അവന്‍ രണ്ട് പേരെ എനിക്ക് പരിചയപ്പെടുത്തി
. പേര് ഞാന്‍ ഓര്‍ക്കുന്നില്ല.

'ഏട്ടാ ഞാന്‍ പറഞ്ഞില്ലേ തിരുവനന്തപുരത്ത് നമ്മുടെ 20 ഫ്രണ്ട്സ് അലിഭായി കാണാന്‍ പോയത് ആ ദോസ്താണിത്....'

'രജിത്തേ ഇത് ഇവിടുത്തെ മോഹന്‍ലാല്‍ ഫാന്‍സിന്‍റെ സജീവ പ്രവര്‍ത്തകന്‍ , മറ്റേത് മമ്മൂട്ടി
ഫാന്‍സിന്‍റെയും
'

ഞാന്‍ രണ്ട് പേരേയും നോക്കി ചിരിച്ചു. സിനിമകളെ കുറിച്ച് ഒന്ന് രണ്ട് കാര്യങ്ങളൊക്കെ പറഞ്ഞതിന് ശേഷം എന്നെ അവര്‍ ഭക്ഷണം കഴിക്കാനായി ഇരുത്തി. ഫുഡ് വന്നതും , ഞാന്‍ ഇനി പുറകെ ഉണ്ടാകില്ല എന്ന ധൈര്യത്തില്‍ നിതിന്‍ ടാങ്കിലേക്ക് വെള്ളം നിറയ്ക്കാന്‍ ആയി പോയി.....

ഒരു ലാല്‍ ഫാനിന് മറ്റൊരു ലാല്‍ ഫാനിനോട് തോന്നുന്ന ആത്മബന്ധം കൊണ്ടാവാം. നമ്മുടെ ലാലു ചേട്ടന്‍ എന്‍റെ അടുത്ത് വന്നിരുന്നു.

'മോനെ, ഇങ്ങള് വരുന്നു എന്ന് കേട്ടതും ഓന്‍ നാലഞ്ചാളുകളെ വിളിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടി ഫാന്‍സ്കാരെയാണെന്നാ തോന്നുന്നേ? ഇന്നിവിടെ തങ്ങാം എന്ന് വല്ലതും പറഞ്ഞോ?'

'ഉം നിതിന്‍റെ അച്ഛന്‍ പറഞ്ഞിരുന്നു.......... '

'എന്നാല്‍ വേണ്ടാട്ടോ അടുത്ത വണ്ടിക്ക് രക്ഷപ്പെട്ടോ?'

ആസ്വദിച്ച് കഴിക്കാം എന്ന് വിചാരിച്ചിരുന്ന് ബിരിയാണി എങ്ങനയൊക്കയോ വാരി വിഴിങ്ങി. അവിടുന്ന് പെട്ടന്ന് രക്ഷപ്പെട്ടാനായി നിതിന്‍റെ വീട്ടുകാരോട് യാത്ര പറയാന്‍ പോയപ്പോള്‍ വീണ്ടും നിതിന്‍റെ പിതാജിയുടെ നിര്‍ബന്ധം

'വിഷമമാവില്ലെങ്കില്‍ ഇന്നിവിടെ തങ്ങിയിട്ട് പോകാം.........'

ബസ്സ് വരുന്നെന്ന് തോന്നുന്നു എന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങുന്പോള്‍ ഞാന്‍ ആലോചിച്ചതിതാ
നിതിനെ പോലെ അവന്‍റെ അച്ഛനും ഒരു മമ്മൂട്ടി ഫാനാണല്ലേ
.........................

വാല്‍ക്കഷണം: നിതിന്‍റെ വീട്ടില്‍ , അവന്‍റെ മുറിയിലെങ്ങാനും കയറിയാലോ എന്ന് പേടിച്ച് നിതിന്‍ തിരക്കഥയെഴുതിയ ഒരു നാടകമായിരുന്നോ ആ മമ്മൂട്ടി-മോഹന്‍ലാല്‍ സംഭവമെന്നായിരുന്നു മുക്കത്ത് നിന്ന് തിരികെയുള്ള യാത്രയില്‍ എന്‍റെ മനസ്സ് നിറയെ..........................

Related Posts with Thumbnails