Thursday, August 18, 2011

എന്തിനീ രണ്ടാം യുപിഎ സര്‍ക്കാര്‍

യുപിഎ സര്‍ക്കാരിന്റെ കടുത്ത ആരാധകര്‍ പോലും ചോദിച്ചു പോകാവുന്നൊരു ചോദ്യമാണ് - "എന്തിനീ രണ്ടാം യുപിഎ സര്‍ക്കാര്‍". ഒന്നാം യുപിഎ സര്‍ക്കാരിന്റെ തമ്മില്‍ ഭേദമായ ഭരണത്താല്‍ ജനങ്ങള്‍ അധികാരത്തിലേക്ക് വീണ്ടും വോട്ട് ചെയ്തു കയറ്റിയപ്പോള്‍ ഏറെ പ്രതീക്ഷയായിരുന്നു ഈ സര്‍ക്കാരിനെക്കുറിച്ച്. തങ്ങള്‍ ചെയ്ത പദ്ധതികളാലല്ല മറിച്ച് ചെയ്തു കൂട്ടിയ അഴിമതിയുടെയും പുറത്തുപോയ മന്ത്രിമാരുടെയും പേരിലാണ് ഇന്നീ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധേയം എന്നതാണ് സത്യം.

ഞാന്‍ അണ്ണാഹസാരെയുടെ ആരാധകനല്ല. അദ്ദേഹം തയ്യാറാക്കിയ ലോക്പാല്‍ ബില്ല് എന്താണെന്ന് വായിച്ചു നോക്കിയിട്ടുമില്ല. അദ്ദേഹം ചെയ്യുന്നത് ശരിയോ തെറ്റോ എന്ന് അഭിപ്രായം പറയുവാനും എനിക്കിപ്പോള്‍ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷേ ഒരു കാര്യം എനിക്കും ഇടക്ക് തോന്നിപ്പോകാറുണ്ട് ഈ സര്‍ക്കാര്‍ എന്തേ ഇങ്ങനെയായിപ്പോയി എന്ന്.

തീവ്രവാദികള്‍ക്കെതിരെയും നക്സലുകള്‍ക്കെതിരെയും നടപടിയെടുക്കുന്നതിന് മുമ്പ് ഒന്നു മടിച്ചു നില്‍ക്കുകയും ചിലപ്പോള്‍ നടപടിത്തന്നെ വേണ്ടെന്ന് വയ്ക്കുകയും ചെയ്യുന്ന സര്‍ക്കാരിന് അണ്ണയുടെ ഈ ജനകീയ സമരത്തിനെതിരെ ആഞ്ഞടിക്കുവാന്‍ ഒരു മടിയും തോന്നിയില്ലല്ലോ. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി വന്ന് വിഘടനവാദികളോട് ചര്‍ച്ച നടത്തി കൈക്കൊടുത്തു മടങ്ങിയപ്പോള്‍ മന്ത്രിയുടെ സൌന്ദര്യത്തില്‍ മതിമറന്നിരുന്ന സര്‍ക്കാര്‍ അവരുടെ ഈ നടപടിയെ ഒന്നു വിമര്‍ശിക്കുക പോലുമുണ്ടായില്ല. രാജ്യത്തിനെതിരെ ശബ്ദിക്കുന്നവനെ വെറുതേ വിട്ടാലും ശരി ഭരണകൂടത്തിനെതിരെ ശബ്ദിച്ചാല്‍ നടപടി എന്നതാണോ ഈ സര്‍ക്കാര്‍ ഇതിലൂടെ വ്യക്തമാക്കുന്നത്. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ചൈന കാണിച്ചിരുന്ന ഉത്സാഹമാണ് ഇന്ന് ഇന്ത്യയും കാണിക്കുന്നത്.

സിറിയയിലെയും ബഹറിനിലെയും ലിബിയയിലെയും പോലെ സായുധ വിപ്ലവമല്ല അണ്ണയുടെ സമരം. ഇതൊരിക്കലും ആ ഒരു തലത്തിലേക്ക് പോകുമെന്ന് കരുതുന്നുമില്ല. ഈ സമരത്തിന് അങ്ങനെയൊരു മുഖം വരുകയാണെങ്കില്‍ തന്നെ ഇന്ന് അണ്ണയെയും ടീമിനെയും പിന്തുണയ്ക്കുന്ന ജനങ്ങളില്‍ പലരും ഈ പിന്തുണ പിന്‍വലിക്കുമെന്നതും തീര്‍ച്ച.



ലോക്പാല്‍ ബില്ല് പാസ്സാവണമെന്ന് പാര്‍ട്ടിഭേതമന്യേ ഒരു രാഷ്ട്രീയക്കാരനും ആഗ്രഹമില്ലെന്നുള്ളതാണ് സത്യം. മടിച്ച് മടിച്ച് പിന്തുണ നല്‍കുന്ന പല പാര്‍ട്ടികളും അണ്ണ ഹസാരെ കൊണ്ടുവന്ന ലോക്പാല്‍ ബില്ല് പാര്‍ലമെന്റില്‍ വന്നാല്‍ എതിര്‍ത്തു വോട്ട് ചെയ്യുമെന്നുള്ളതാണ് സത്യം. ആ സത്യാവസ്ഥ വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് കോണ്‍ഗ്രസ്സും ഇങ്ങനെയൊരു നാടകത്തിന് മുതിരുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ശക്തമായൊരു പ്രതിപക്ഷമില്ലാത്തത് ഈ സര്‍ക്കാരിന് അപാരമായ ധൈര്യം തന്നെയാണ് നല്‍കുന്നത്.

പ്രധാന പ്രതിപക്ഷമായ ബിജെപി ആര് നയിക്കണം , എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ്. ഒരു മികച്ച നേതാവിനെ കണ്ടെത്താനാവാതെ കഷ്ടപ്പെടുന്ന പാര്‍ട്ടിക്ക് അവരുടെ ഉള്ളിലെ പ്രശ്നങ്ങള്‍ തന്നെ പരിഹരിക്കാന്‍ സമയമില്ലാതിരിക്കുമ്പോള്‍ എങ്ങനെ ഭരണപക്ഷത്തെ അടിക്കാന്‍ സമയം കിട്ടും.

പിന്നെയുള്ളത് കൊല്ലങ്ങളോളം അവര്‍ ഭരിച്ചിരുന്ന സംസ്ഥാനത്ത് തോറ്റ്. തോറ്റതിന്റെ പിറ്റേന്ന് മുതല്‍ ബംഗാള്‍ നശിക്കുകയാണെന്നും ബംഗാളികളെ രക്ഷിക്കാനായി കേരളത്തില്‍ ബക്കറ്റ് പിരിവു നടത്തുന്ന സഖാക്കന്മാരുടെ പാര്‍ട്ടിയാണ്. ദേശീയ തലത്തില്‍ ഇനിയും ഒരു ശക്തിയായി ഉയരാന്‍ പ്രാപ്തരാണെന്ന് മുഴുവനായി തെളിയിക്കുവാന്‍ സാധിച്ചിട്ടില്ലാത്ത ഇവരിലും ജനത്തിന് പ്രതീക്ഷയില്ല.

ഫലം വേറെയൊന്നുമല്ല, അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുകയും നവീന്‍ ജിന്‍ഡാല്‍, സച്ചിന്‍ പൈലറ്റ് ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ ചെറുപ്പക്കാരുടെ നിരത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിനെ കണ്ട് വീണ്ടും പ്രതീക്ഷയോടെ ജനങ്ങള്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത് നാം കാണേണ്ടി വരും.

മന്ത്രിസഭയില്‍ അംഗമായി ചുമതലകള്‍ ഏറ്റെടുത്ത് മികച്ചൊരു ഭരണകര്‍ത്താവെന്ന് തെളിയിക്കുവാന്‍ മന്‍മോഹന്‍ സിംഗ് രാഹുല്‍ഗാന്ധിക്ക് നല്‍കിയ അവസരം വേണ്ടെന്ന് വെച്ച രാഹുലിനെ പ്രധാനമന്ത്രിയായി ഉയര്‍ത്തരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മികച്ചൊരു ധനമന്ത്രി എന്നതായിരുന്നു പ്രധാനമന്ത്രിയാവുന്നതിന് മന്‍മോഹന്‍ സിംഗിന്റെ ചവിട്ടുപടി. അതുപോലെ മന്ത്രിസഭയില്‍ അംഗമായി കഴിവു തെളിയിച്ചതിന് ശേഷം പ്രധാനമന്ത്രിക്കുപ്പായം ഇടുന്നതല്ലേ രാഹുലിന് രാജ്യത്തിനും ഗുണകരം?

കോണ്‍ഗ്രസ്സ് ഒരു കാര്യം മനസ്സിലാക്കണം നിങ്ങളുടെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഇത്രയും മോശമായ പ്രകടനത്തിന് ശേഷവും നിങ്ങള്‍ ജയിക്കുന്നുവെങ്കില്‍ അത് രാഹുല്‍ ഗാന്ധിയിലെ യുവ രാഷ്ട്രീയക്കാരനില്‍ പ്രതീക്ഷ(വ്യര്‍ത്ഥമായ) അര്‍പ്പിച്ച് ജനങ്ങള്‍ വോട്ട് ചെയ്യുന്നത് കൊണ്ട് മാത്രമല്ല മികച്ചൊരു പ്രതിപക്ഷമില്ലാത്തത് കൊണ്ടും കൂടിയാണ്.



No comments:

Related Posts with Thumbnails