
തിയേറ്ററില്‍ നീണ്ട ക്യൂ കാണുന്നത് ഏത് സിനിമാപ്രേമിക്കും സുഖകരമായ കാഴ്ചയാണ്.(ടിക്കറ്റ് ആദ്യമേ എടുത്തിട്ടുണ്ടെങ്കില്‍, ഇല്ലെങ്കില്‍ അത് അത്രരസകരമല്ല). താന്‍ കാണുവാന്‍ പോകുന്ന ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് നാട്ടില്‍ പരന്നിരിക്കുന്നതെന്ന് അത് തെളിയിക്കുന്നു. കൊടുക്കുന്ന പൈസ മുതലാവുമെന്ന വിശ്വാസത്തില്‍ അവന് സിനിമ കാണാനായി ഇരിക്കാം.
എല്ലാ ആഴ്ചയ്യും തിരുവനന്തപുരത്തെത്തി ഒന്ന് സെറ്റാവുമ്പോളേക്കും തിരിച്ച് പോകാനുള്ള സമയമായിട്ടുണ്ടാവും. ട്വീറ്ററും ഫേസ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയ ആക്ടിവിറ്റികളുമല്ലാതെ പുറത്തിറങ്ങി സര്‍ക്കീട്ടിനൊന്നും പോകാന്‍ സാധിക്കാറില്ല. @remeshneelamana ഇവിടുണ്ടായിരുന്നപ്പോള്‍ സിനിമ പ്ലാനിംഗെല്ലാം അവന്റെ വകയായിരുന്നു. ഏത് തിയേറ്ററില്‍ ഏത് പടമെന്ന് കണ്ടെത്തി വിളിക്കും. വണ്ടിയുമായി ഇറങ്ങിയാല്‍ മാത്രം മതി. ആ പതിവൊക്കെ എന്നേ മാറിയിരിക്കുന്നു.
രാവിലെ പത്ത് മണി കഴിഞ്ഞിരിക്കുന്നു. ഫോണില്‍ അരുണ്‍ സത്യന്റെ കോള്‍
'ഇന്ത്യന്‍ റുപ്പി കാണാന്‍ വരുന്നോ? നിങ്ങള്‍ക്ക് ടിക്കറ്റ് എടുക്കണോന്നറിയാന്‍ വിളിച്ചതാ' ഹലോ പറയുന്നതിന് മുമ്പ് അരുണിന്റെ ചോദ്യം
'ഏടെയാ പടം' കോയമ്പത്തൂരിലേക്ക് പറിച്ച് നടപ്പെട്ട ശേഷം ഇത്തരം കാര്യങ്ങളൊന്നും ഒരു തിട്ടവുമില്ലാതായിരിക്കുന്നു
'ശ്രീപദ്മനാഭ, വരുന്നുണ്ടെങ്കില്‍ പതിനൊന്നിന് മുമ്പ് എത്തണം' അരുണ്‍ പറഞ്ഞു
'ടിക്കറ്റ് കിട്ടാന്‍ സാധ്യതയുണ്ടോ?'
'അത് നമ്മളെടുത്തേക്കാം നിങ്ങള്‍ സമയത്തിന് എത്തിയാല്‍ മതി' ഫോണ്‍ വയ്ക്കുന്നതിന് മുമ്പായി അരുണ്‍ പറഞ്ഞു
ഒട്ടും പ്രതീക്ഷിക്കാതെ വന്നൊരു സിനിമാ ക്ഷണം, അതും റിവ്യൂ സൈറ്റുകളിലും സുഹൃത്തുക്കളുടെ ഇടയിലും മികച്ച അഭിപ്രായം നേടിയ ചിത്രം. പതിനൊന്ന് മണിയോടെ ശ്രീപദ്മനാഭയിലെത്തി. ഒരു വിധത്തില്‍ പാര്‍ക്കിംഗ് സ്പേസ് കണ്ടെത്തി, എന്നെയും കാത്തിരുന്ന @arun_sathyan @raj1591 എന്നിവരുടെ അടുത്തെത്തി. നേരത്തെ സൂചിപ്പിച്ച പോലെ സാമന്യം നല്ല തിരക്ക്, ഞായറാഴ്ചയ്യുടേതാകും.
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നല്ല ടൈം ആയതോണ്ടാവും, പേരില്‍ സ്വാമിയോട് സാമ്യമുള്ള ശ്രീപദ്മനാഭയും ആകെ മാറിയിരിക്കുന്നു. പുതിയ സീറ്റുകളൊക്കെയായി ഒരു പുതുമോടി.
ചിത്രം തുടങ്ങി രഞ്ജിത്തിന്റെ പേരെഴുതിക്കാണിച്ചപ്പോളുള്ള കൈയ്യടി ശുഷ്കമായിരുന്നെങ്കിലും ഉറങ്ങിക്കിടന്നിരുന്ന നായകന്‍ മുഖത്തേ പുതപ്പ് മാറ്റി സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ കൂവലിന് ഒരു കുറവുമുണ്ടായിരുന്നില്ല. കാരണം മലയാളികളുടെ എന്തിനോ വേണ്ടിയുള്ള പകപ്പോക്കലിന് കളിപ്പന്തായി മാറേണ്ടി വന്ന ആ നായകന്‍ പൃഥ്വിരാജാണല്ലോ.
ചിത്രം തുടങ്ങി ആദ്യ കുറേ സീനുകള്‍ കണ്ടപ്പോള്‍ നാട്ടില്‍ ചെന്നൊരു പ്രതീതി. മാനാഞ്ചിറ മൈതാനവും, മിഠായിത്തെരുവും പാളയവും കോഴിക്കോട് ബീച്ചുമെല്ലാം ആ ഓര്‍മ്മകളിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളുമെല്ലാം നിങ്ങള്‍ ബ്ലോഗുകളിലൂടെയെല്ലാം വായിച്ച് കഴിഞ്ഞിരിക്കുമെന്നറിയാം എന്നാലും ഞാനും അത് ചെറുതായി പറയാം.
എന്നെയും നിങ്ങളെയും പോലെ പണക്കാരനാകണമെന്ന ആഗ്രഹവുമായി നടക്കുന്ന സാധാരണക്കാരനായ ഒരു 9ത്ത് പാസ്സ് മാത്രമായ ജെ.പി എന്ന ജയപ്രകാശായി പൃഥ്വി. ജെപിയുടെ പാര്‍ട്ടണറായ സിഎച്ച് ആയി പ്രാഞ്ചിയേട്ടനിലെ തമാശക്കാരന്‍ ഡ്രൈവറായി നമ്മളെ ചിരിപ്പിച്ച ടിനി ടോം , കാമുകി ഡോക്ടര്‍ ബീനയായി റിമ കല്ലിങ്കലും 'എവിടെയായിരുന്നു ഇതുവരെ' എന്ന് മലയാള സിനിമ പ്രേക്ഷകരെക്കൊണ്ട് (കാരണം അറിയാമായിട്ടു പോലും) ചോദിപ്പിക്കാന്‍ തോന്നിപ്പിക്കുന്ന അഭിനയ പ്രകടനവുമായി തിലകന്‍, ഗോള്‍ഡന്‍ പാപ്പനായി ജഗതിയും, രേവതി മാമുക്കോയ ലാലു അലക്സ്, സീനത്ത് അങ്ങനെ നമ്മുടെ ഇഷ്ടതാരങ്ങളും അടങ്ങിയ ഒരു രഞ്ജിത്ത് ചിത്രം അതാണ് ഇന്ത്യന്‍ റുപ്പി
തിലകന്റെ മടങ്ങി വരവ്, പൃഥ്വിയുടെ മികച്ച കഥാപാത്രം , ടിനിടോം അവതരിപ്പിക്കുന്ന മുഴുനീള കഥാപാത്രം, ജഗതിയുടെ ഗോള്‍ഡന്‍ പാപ്പന്‍ എന്നിവര്‍ ഈ ചിത്രത്തിലെ പ്ലസ്സുകളാണ്. രേവതിയില്‍ നിന്ന് കമ്മീഷന്‍ നേടാനുള്ള മാര്‍ഗ്ഗം തിലകന്‍ പറഞ്ഞു കൊടുക്കുന്ന രംഗം, മാമുക്കോയയും മറ്റും ടിപ്പ് കൊടുത്ത് ജെപിയെയും മറ്റും ഗോള്‍ഡന്‍ പാപ്പിയുടെ ഡീലില്‍ നിന്ന് പിന്മാറ്റാന്‍ ശ്രമിക്കുന്ന സീന്‍ , ജെപിയുടെ സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങ് , ജെപി അച്യുതമേനോനോട്(തിലകന്‍) 'ഇത്രയും നാള്‍ എവിടെയായിരുന്നു താങ്കള്‍' എന്ന് ചോദിക്കുന്നതും അതിന് മറുപടിയായി തിലകന്റെ പൊട്ടിച്ചിരിയും അതുപോലെ ചില രസകരമായ ഡയലോഗുകള്‍ വരുന്ന ഓര്‍മ്മയില്‍ നില്‍ക്കുന്ന ഓര്‍ത്ത് ചിരിക്കാവുന്ന ചിന്തിപ്പിക്കുന്ന കുറേയധികം നല്ല രംഗങ്ങള്‍ നമുക്കായി സംവിധായകനും അഭിനേതാക്കളും ഒരുക്കിയിട്ടുണ്ട്.
ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഇതൊരു രഞ്ജിത്ത് ചിത്രമാണെന്ന് സംവിധായകന്‍ പറയുകയുണ്ടായി എന്നാല്‍ ഞാനതിനെ ഇങ്ങനെ തിരുത്തുവാന്‍ ആഗ്രഹിക്കുന്നു
ഇതൊരു പൃഥ്വി ചിത്രമാണ്, ടിനിടോമിന്റെ ചിത്രമാണ്, തിലകന്റെ ചിത്രമാണ്, ജഗതിയുടെ ചിത്രമാണ്. എവിടെയോ വായിച്ചത് പോലെ ഒരു ത്രില്ലറെന്ന തോന്നലുണ്ടായില്ലെങ്കിലും (കഥയും കാര്യങ്ങളുമെല്ലാം നേരത്തെ അറിഞ്ഞത് കൊണ്ടാകാം) കൊടുക്കുന്ന കാശ് മൊതലായി എന്ന തോന്നല്‍ നമുക്കുണ്ടാക്കുന്ന ഒരു രഞ്ജിത്ത് & ക്രൂ ചിത്രം.
No comments:
Post a Comment