Saturday, September 25, 2010

എല്‍സമ്മ : ബാലന്‍പിള്ള സിറ്റിയിലെ ആണ്‍കുട്ടി



വീക്കെന്‍ഡാവുമ്പോള്‍ നാട്ടിലേക്കോടാനുള്ള വെമ്പലാണ് മനസ്സില്‍. കോയമ്പത്തൂരുള്ള കൂട്ടുകാര്‍ ചോദിച്ചാല്‍ വീട്ടില്‍ പോണമെന്ന് പറയുമെങ്കിലും, നാട്ടിലെത്തിയാല്‍ വീട്ടിലിരിക്കുന്നത് ചുരുക്കം ചില അവസരങ്ങളില്‍ മാത്രമാണ്.

നാട്ടിലേക്കുള്ള ഈ വരവ് എല്‍സമ്മയോടൊപ്പം ചെലവഴിക്കുവാനുള്ള തീരുമാനത്തിന് പ്രധാനകാരണം ലാല്‍ജോസ് എന്ന സംവിധായകന്‍ തന്നെയാണ്. പിന്നെ ടിവിയിലും മറ്റും കണ്ട പടത്തിന്റെ ട്രെയിലറുകളും.




ഒരു ലാല്‍ജോസ് ചിത്രം റിലീസ് ആവുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഞാനാദ്യം ശ്രദ്ധിക്കുന്നത് അതിന്റെ ടൈറ്റില്‍ എഴുതുന്ന രീതിയെയാണ്. ഇത് വരെയുള്ള എല്ലാ ചിത്രങ്ങളുടെ ടൈറ്റിലിലും ആ ലാല്‍ജോസ് ടച്ച് നമ്മള്‍ കണ്ടിട്ടുണ്ട്.


എല്‍സമ്മയുടെ ജീവിതരീതി ഒരു ഗാനത്തിലൂടെ പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങുന്ന ചിത്രം, ഈയടുത്തിറങ്ങിയ ശിക്കാറിനെപ്പോലെത്തന്നെ

ഇടുക്കിയുടെ പ്രകൃതിഭംഗി നമുക്കായി വീണ്ടും കാട്ടിത്തരുന്നുണ്ട്. ബാലന്‍പിള്ള സിറ്റിയെന്ന മലയോര ഗ്രാമം, ശിക്കാറിലെ ചിറ്റാഴ പോലെത്തന്നെ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമെന്ന തോന്നല്‍ നമ്മിലുളവാക്കുന്നതാണ്. മലയാള സിനിമയ്ക്ക് ഇപ്പോള്‍ കഥയും തിരക്കഥയും തിരഞ്ഞെടുക്കുന്നതില്‍ തെറ്റിയാലും ലൊക്കേഷന്‍ സെലക്ഷനില്‍ നൂറില്‍ നൂറാണ് മാര്‍ക്ക്.

ആന്‍ അഗസ്റ്റിന്‍ എന്ന പുതുമ താരം അവതരിച്ച, ഇത്തിരി പത്രംവിതരണം,ഇത്തിരി ലോക്കല്‍ റിപ്പോര്‍ട്ടിംഗ്, ഇത്തിരി സാമൂഹ്യപ്രവര്‍ത്തനം ഇതെല്ലാം കൈവശമുള്ള എല്‍സമ്മയെന്ന കേന്ദ്രകഥാപാത്രമുള്‍പ്പടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പിടി കഥാപാത്രങ്ങളെ നമുക്ക് ബാലന്‍പിള്ള സിറ്റിയില്‍ കാണാം.

എല്‍സമ്മയെ ആശ്രയിച്ച് ഒരു കുടുംബം മാത്രമല്ല, ഒരു ഗ്രാമം തന്നെയുണ്ടെന്ന് ചിത്രം നീങ്ങിത്തുടങ്ങുമ്പോള്‍ നമുക്ക് മനസ്സിലാവും. എല്‍സമ്മയായി ആന്‍ നല്ല പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ ഡബ്ബിംഗില്‍ ചേര്‍ച്ചക്കുറവനുഭവപ്പെടുന്നുണ്ടായിരുന്നു.

എടുത്ത് പറയേണ്ട മറ്റ് രണ്ട് അഭിനേതാക്കള്‍ ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബ്ബനുമാണ്.

ഇന്ദ്രജിത്ത് എന്ന നടനിലെ കഴിവ് ഇത്തിരിയെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് ലാല്‍ജോസാണെന്ന കാര്യം പറയാതെ വയ്യ. ലാല്‍ജോസ് ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം അതിനുദാഹരണമാണ്. കുഞ്ചാക്കോ ബോബനും പാലുണ്ണി എന്ന തന്റെ കഥാപാത്രത്തെ ഭംഗിയാക്കി അവതരിപ്പിച്ചു.

കുറെ നല്ല രംഗങ്ങളും ഓര്‍ത്തിരിക്കാന്‍ ചില നല്ല ഡയലോഗുകളുള്ള(നര്‍മ്മം) ഈ ചിത്രത്തില്‍ ജഗതിയും സുരാജും ബോറാക്കിയില്ല. അത് പോലത്തന്നെ വിജയരാഘവനും, മണിയന്‍പിള്ള രാജുവും, ജനാര്‍ദ്ദനനും, നെടുമുടിവേണുവുമെല്ലാം എല്‍സമ്മയോടൊപ്പം സ്ക്രീനിലെത്തുന്നുണ്ട്.

ഡബ്ബിംഗ് പ്രശ്നവും, സ്ക്രീനിലാകൊയൊരു മങ്ങലും(തിരുവനന്തപുരം ശ്രീപദ്മനാഭയില്‍) അനുഭവപ്പെട്ടെങ്കിലും, മുന്‍പിറങ്ങിയ ലാല്‍ജോസ് ചിത്രങ്ങളുടെ അത്രയുമില്ലെങ്കിലും, സൂപ്പര്‍ താരങ്ങളുടെ റംസാന്‍ റിലീസില്‍ എല്‍സമ്മയും ഒരു പിടി പിടിക്കും. ഇന്നത്തെ മാറ്റിനിക്ക് ലേഡീസും
ഫാമിലിയുമായിരുന്നു കൂടുതലെന്നത് അതിനുള്ളൊരു തെളിവാ.....

ഗ്രാമീണത്തനിമയുള്ള ചിത്രങ്ങളെടുക്കുന്നതില്‍ സത്യന്‍ അന്തിക്കാടിന് പഴയ ടച്ചിപ്പോളില്ലാത്തതിനാല്‍ നമുക്ക് ഇടയ്ക്കെങ്കിലും ഒരു പ്രതീക്ഷ നല്‍കാനായി ലാല്‍ജോസില്‍ നിന്ന് ഇനിയും ഇത് പോലത്തെ ചിത്രങ്ങളുണ്ടാകട്ടെ.....

വാല്‍ക്കഷ്ണം:മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ഒരു സിനിമയെക്കുറിച്ചും ഒരു സിംഗിള്‍ ഒപ്പീനിയനില്ലെന്നാണ് തോന്നുന്നത്. മലര്‍വാടി, അപൂര്‍വ്വരാഗം, പ്രാഞ്ചി, ശിക്കാര്‍ എന്നിവ പോലെ എല്‍സമ്മയും മികസഡ് റെസ്പോണ്‍സുമായി മുന്നോട്ട് നീങ്ങുന്നു.......

6 comments:

ചെലക്കാണ്ട് പോടാ said...

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ഒരു സിനിമയെക്കുറിച്ചും ഒരു സിംഗിള്‍ ഒപ്പീനിയനില്ലെന്നാണ് തോന്നുന്നത്. മലര്‍വാടി, അപൂര്‍വ്വരാഗം, പ്രാഞ്ചി, ശിക്കാര്‍ എന്നിവ പോലെ എല്‍സമ്മയും മികസഡ് റെസ്പോണ്‍സുമായി മുന്നോട്ട് നീങ്ങുന്നു.......

ഒഴാക്കന്‍. said...

കണ്ടിട്ട് പറയാം

Anil cheleri kumaran said...

അതെ, പടം ഹിറ്റായി.

അനിൽസ് said...

nalla visakalanam rajithettaa !

Pranavam Ravikumar said...

Nalla Avalokanam....Kandittu Parayaam....

Jikkumon - Thattukadablog.com said...
This comment has been removed by the author.
Related Posts with Thumbnails