Sunday, January 31, 2010

വരുന്നോ, വീണ്ടുമാ വസന്തകാലം

ജനിച്ചത് കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള കോഴിക്കോടാണെങ്കിലും വളര്‍ന്നതും പഠിച്ചതും ജോലി ചെയ്യുന്നതും തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ്. സ്കൂള്‍ അവധിക്കാലം ചെലവഴിച്ചിരുന്നത് രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു. അച്ഛന്‍റെ നാടായ എറണാകുളത് ഒരു മാസം, അമ്മയുടെ നാടായ കോഴിക്കോട് ഒരു മാസം. കളിക്കൂട്ടുകാരും ബന്ധുബലവും ഏറെയുള്ള മലബാര്‍ അവധിക്കാലം തന്നെയാണ് എന്നെ ഹരം കൊള്ളിച്ചിരുന്നത്. കണ്ണൂര്‍ എക്സ്പ്രസ്സ് യാത്രയില്‍ പുലര്‍ച്ചെ എണീറ്റ്, ജനലരികില്‍ സ്ഥാനം പിടിച്ച് തണുത്ത കാറ്റേറ്റ പുറംകാഴ്ച്ചകള്‍ കാണുന്നത് ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നു.


പാടങ്ങളില്‍ നാട്ടിയ ഗോള്‍ പോസ്റ്റുകള്‍ , അവയ്ക്ക് നടുവില്‍ പന്തിനായി പൊരുതുന്ന കളിക്കൂട്ടങ്ങള്‍ . അതൊരു പതിവ് കാഴ്ച്ചയായിരുന്നു. പിന്നീടങ്ങോട്ട് കാലത്തിനൊപ്പം കളിയുടെ കോലവും മാറി. നാട്ടിയ പോസ്റ്റും പാടങ്ങളുമെല്ലാം അവിടെത്തന്നെയുണ്ട്, എന്നാല്‍ മൈതാന മധ്യത്തില്‍ ഒരു നിറവ്യത്യാസം. പച്ചപ്പില്‍ നിന്ന് വ്യത്യസ്തമായി മണ്ണിന്‍റെ നിറമുള്ള ഒരു നീളന്‍ കളം. ക്രിക്കറ്റ് പിച്ച്. എല്ലാ സ്പോര്‍ട്സുകളെയും സ്നേഹിക്കുന്ന കൂട്ടതില്‍ ഞാന്‍ ക്രിക്കറ്റിനെയും സ്നേഹിക്കുന്നു. പക്ഷേ അത് മറ്റ് കളികളുടെ ചിറകുകളരിഞ്ഞാണെന്നോര്‍ക്കുന്പോള്‍ വിഷമവുമുണ്ട്.


ഫുട്ബോളിന് എന്തെന്നില്ലാത്ത ഒരാവേശം നല്‍കുവാനുള്ള കഴിവുണ്ട്. അത് ത്രീസായാലും ഫൈസായാലും സെവന്‍സായാലും പിന്നെ അംഗീകൃത വിഭാഗമായ ഇലവന്‍സായാലും ശരി. പന്തുരുളുന്നത് കണ്ടാല്‍ നിമിഷ നേരം കൊണ്ട് കാണികള്‍ നിറയും കളിസ്ഥലത്തിന് ചുറ്റും.


ഞാന്‍ കളി ശ്രദ്ധിച്ച് തുടങ്ങിയ കാലത്ത് ടൈറ്റാനിയവും, കേരള പോലീസും, കെല്‍ട്രോണുമെല്ലാമായിരുന്നു കേരള ഫുട്ബോള്‍ . പോലീസും, കെല്‍ട്രോണും വീണപ്പോള്‍ എഫ്സികൊച്ചിനും എസ്ബിടിയും വന്നു. പിന്നെ വിവ വന്നു, മലബാര്‍ യുണൈറ്റഡ് വന്നു അങ്ങനെ വന്പന്‍ രീതിയില്‍ തുടങ്ങിയ ടീമുകളും, ചെറുമീനുകളുമെല്ലാമുണ്ടെങ്കിലും, അവര്‍ക്ക് കളിക്കാന്‍ കേരളത്തില്‍ ടൂര്‍ണമെന്‍റുകളില്ലാതായി.



ഇന്ന് പോലീസും, കെല്‍ട്രോണും,എഫ്സി കൊച്ചിനും ഒന്നും ചിത്രത്തില്‍ തന്നെയില്ല. എന്തിനേറെ പറയുന്നു സന്തോഷ് ട്രോഫിയില്‍ പോലും കേരളം ഒരു ശക്തിയല്ലാതെ മാറിയിരിക്കുന്നു.



2010-ല്‍ കേരള ഫുട്ബോളിന് നല്ല കാലമാണെന്ന്തോന്നുന്നു, 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജി.വി രാജ ടൂര്‍ണമെന്‍റ് പുനര്‍ജ്ജീവിച്ചിരിക്കുന്നു. മനോരമ ഗോള്‍ഡ് കപ്പും, നായനാര്‍ മെമ്മോറിയല്‍ ടൂര്‍ണമെന്‍റുമെല്ലാം നമ്മുടെ ഫുട്ബോള്‍ കലണ്ടറുകളില്‍ പതുക്കെ സ്ഥാനം പിടിച്ചു വരുന്നു.ഇന്നത്തെ പത്രം നോക്കിയപ്പോള്‍ ദാ വേറൊരു ടൂര്‍ണമെന്‍റും കണ്ടു. ഭഗത് സോക്കര്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ടൂര്‍ണമെന്‍റ.


ഒപ്പം തന്നെ പത്തനാപുരം ആസ്ഥാനമാക്കി പുതിയൊരു ഫുട്ബോള്‍ ക്ലബ്ബിനെക്കുറിച്ചുള്ള വാര്‍ത്തയും(1981ല്‍ തുടങ്ങിയെങ്കിലും, വിനു ജോസ് കോച്ചായി എത്തിയപ്പോളാണ് അവര്‍ക്ക് ഉണര്‍വ്വ് വന്നതെന്ന് തോന്നുന്നു) .ഏറെ കൊട്ടിഘോഷിച്ച എഫ്.സി. കൊച്ചിന്‍റെ ഗതി ഇവര്‍ക്ക് വരരുതേയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.


ജിവി രാജ ഫിക്സച്ചര്‍ തിരയുന്നതിനിടയില്‍ കണ്ടെത്തിയ ഒരു ഫുട്ബോള്‍ സൈറ്റ്, ഫുട്ബോള്‍ കേരള


http://footballkerala.com/

ഇതെല്ലാം കണ്ട് ഞാന്‍ ചോദിച്ചു പോകുന്നു. വരുന്നോ, വീണ്ടുമാ വസന്തകാലം.


വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു, ഒപ്പം നിങ്ങളും പ്രാര്‍ത്ഥിക്കുക

11 comments:

ചെലക്കാണ്ട് പോടാ said...

വരുന്നോ വീണ്ടുമോ വസന്തകാലം.

വിഷ്ണു | Vishnu said...

പണ്ട് (94-95) കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ മനോരമയുടെ സ്വന്തം മാമ്മന്‍ മാപ്പിള ട്രോഫി കാണാന്‍ പോയ ഓര്‍മ്മയുണ്ട്. ഐ എം വിജയനും ജോ പോളും കളിച്ച ജെ സി ടി എന്ന ടീമിനെ തോപ്പിച്ച പാപ്പച്ചന്റെ സ്വന്തം കേരള പോലീസിന്റെ കളി...അതൊക്കെ മധുരിക്കുന്ന ഓര്‍മ്മകള്‍. വീണ്ടും ഒരു ഫുട്ബോള്‍ വസന്ത കാലം ഇനി എന്ന് ?

ചെലക്കാണ്ട് പോടാ said...

ടിവിയില്‍ കളികളൊന്നും കാണുവാന്‍ കഴിയാത്ത കാലം(ഇന്ത്യന്‍ ഫുട്ബോള്‍ ഇപ്പോഴും കാണാന്‍ കഴിയാറില്ലെന്നുള്ളത് വേറെ കാര്യം). റേഡിയോയിലെ കമന്ററി കേട്ട് ഇരിപ്പിടങ്ങളില്‍ നിന്നൊക്കെ ആവേശത്തോടെ എണീക്കുന്ന വസന്തകാലമുണ്ടാകില്ല. പക്ഷേ ടൂര്‍ണമെന്‍റുകള്‍ വരുന്പോള്‍ മികച്ച ടീമുകള്‍ വീണ്ടും സൃഷ്ടിക്കപ്പെടില്ലെന്നാര് കണ്ടു.

Anil cheleri kumaran said...

കേരളാ പോലീസ് ഫുട്ബാള്‍ പ്രേമികളുടെ ഒരു നൊസ്റ്റാള്‍ജിയ ആണ്‌.

jayanEvoor said...

അതെ...

പുതിയ പാപ്പച്ചനും, അഞ്ചെരിയും, വിജയനും, സത്യനും ഒക്കെ ഉയർന്നു വരട്ടെ!

അരുണ്‍ കരിമുട്ടം said...

:)

ശ്രീ said...

അതെ, നമുക്ക് പ്രാര്‍ത്ഥിയ്ക്കാം

mazhamekhangal said...

veendum varumaa vasanthakaalam!!!

പട്ടേപ്പാടം റാംജി said...

പഴമ തന്നെ പുതുമയായി തിരിച്ചുവരുന്ന കാലമാണ്‌.
നമുക്ക് പ്രതീക്ഷിക്കാം ഫുഡ്ബോളും....

Shaiju E said...
This comment has been removed by the author.
ഒരു നുറുങ്ങ് said...

അതെ,കാത്തിരിക്കാം ആഫുട്ബാള്‍ വസന്തത്തെ
വരവേല്‍ക്കാനായി..സന്തോഷ് ട്രോഫി ആദ്യമായി
കൊണ്ടുവന്ന മണിമാര്‍ക്കായി...സംഭവിക്കുമോ !!
ഒരു നൊസ്താള്‍ജിയ തന്നതിനു,നന്ദി!

Related Posts with Thumbnails