Sunday, January 3, 2010

ഇവിടം സ്വര്‍ഗ്ഗമാണ് : അമീക്കസ് ക്യൂറി

'ഡാ, 3 ഇഡിയറ്റ്സ് കാണാന്‍ പോണ്ടേ' രമേഷന്‍റെ ഹലോ ശബ്ദം കേട്ടു ഞാന്‍ ചോദിച്ചു...
'നീ പോയ്ക്കൊ, ഞാന്‍ ഇന്നലെ പോയി കണ്ടു'
'അതെന്ത് പണിയാടാ, എന്നേം വിളിക്കണമെന്ന് പറഞ്ഞിട്ട്'
'നീ ക്രിക്കറ്റെന്നും പറഞ്ഞ് നടക്കുവല്ലായിരുന്നോ ,നമുക്ക് ഇവിടം സ്വര്‍ഗ്ഗമാണിന് പോകാം. '
'ബാല്‍ക്കണിയുണ്ടെങ്കില്‍ മാത്രമേ ഞാനുള്ളു, വേറെ ആരുണ്ട് ഇവിടെ, നാട്ടില്‍ പോകാത്തവര്‍ '
'ബാലനുണ്ടാവും നീയൊന്ന് വിളിച്ചു നോക്ക്, ഞാന്‍ SMS വഴി ബുക്ക് ചെയ്യാന്‍ നോക്കട്ടെ' അവന്‍ ഫോണ്‍ കട്ട് ചെയ്തു.
രമേഷനോടുള്ള സംഭാഷണം നിര്‍ത്തി ഞാന്‍ അഭിലാഷ് ബാലനെ ഡയല്‍ ചെയ്തു.


' നീ വരുന്നോ ഇവിടം സ്വര്‍ഗ്ഗമാണ് കാണാന്‍ ?'
' കുറച്ചൂടെ നേരത്തെ പറഞ്ഞൂടേ, ഇനിയിപ്പോ ചോറൊക്കെയുണ്ട് എപ്പോ ഇറങ്ങാനാ' ബാലന്‍റെ മറുപടി

' പടം തുടങ്ങാന്‍‍ ഇനീം രണ്ടര മണിക്കൂറുണ്ട്, അത്രയും സമയം പോരെ നിനക്ക് ചോറുണ്ണാന്‍ '

' അതല്ലടാ, ഇന്ന് റൂമില്‍ ചോറുണ്ടാക്കണ ഡ്യൂട്ടി എനിക്കാ, അതെനി എപ്പോ ആയി വരും എന്നുള്ളതാ ഒരു പ്രശ്നം'

' നീ ചോറുണ്ടോ ഇല്ലേ എന്നുള്ളത് നിന്‍റെ പ്രശ്നം, വേണേല്‍ വേഗം രമേഷനെ വിളിച്ച് പറ, അവന്‍ SMS വഴി ബുക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ് '


രമേഷനോടും കളിയല്ല കല്യാണം ഫെയിം അഭിലാഷിനുമൊപ്പം ഇവിടം സ്വര്‍ഗ്ഗമാണ് കാണാനിറങ്ങുന്പോള്‍ ചിത്രം കാണാനാവുമോ എന്നുറപ്പില്ലായിരുന്നു, SMS ബുക്കിങ്ങ് കണ്‍ഫര്‍മേഷന്‍ കിട്ടിയ പ്രകാരം പടം തുടങ്ങുന്നതിന് മുക്കാല്‍ മണിക്കൂര്‍ നേരത്തെ എത്തണമെന്നാണ്. തിരുവനന്തപുരത്താണെങ്കില്‍ രണ്ടു ദിവസമായി ബ്ലോക്കോട് ബ്ലോക്ക്(പ്രധാനമന്ത്രിയുടെ സന്ദര്‍ശനം). തിയേറ്ററിലെത്തിയപ്പോള്‍ മുടിഞ്ഞ തിരക്ക്, അവിടെയുള്ള സെക്യൂരിറ്റിക്കാര്‍ക്കൊന്നും മൊബൈല്‍ ബുക്കിങ്ങിന്‍റെ കാര്യങ്ങളൊന്നും പിടിയുമില്ല.



തിയേറ്ററിലെത്തിയ ദിവസം തന്നെ മണ്ണിന്‍റെ മണമുള്ള ചിത്രമെന്ന് സാക്ഷ്യപ്പെടുത്തിയ അനിലിന്‍റെ പഞ്ചസാരപ്പൊതിയിലാണ് (ബ്ലോഗ്) ആദ്യ റിവ്യു വായിച്ചത്, തുടര്‍ന്നങ്ങോട്ട് ഗുഡ് സര്‍ട്ടിഫിക്കറ്റ് മാത്രമുള്ള അനേകം റിവ്യുകള്‍ . പഴയ കുസൃതിച്ചിരിയും കള്ളനോട്ടവും എല്ലാമുള്ള 'ഭഗവാനും' 'ഏയ്ഞ്ചലും' ഒന്നുമല്ലാത്ത സാധാരണക്കാരനായ ലാലേട്ടനെക്കാണാന്‍ അന്നേ തീരുമാനിച്ചതാണ്.

നിറഞ്ഞു കവിഞ്ഞ ശ്രീകുമാര്‍ തിയേറ്ററും പരിസരങ്ങളിലുമെല്ലാം ഒരു സുഹൃത്ത് മൊബൈല്‍ ക്യാമറയുമായി നടക്കുന്നുണ്ട്, വണ്ടികളുടെ തിരക്കും നീണ്ട ക്യൂവുമെല്ലാം പകര്‍ത്തുന്നു, ഏതെങ്കിലും ഓര്‍ക്കൂട്ട്
കമ്മ്യൂണിറ്റിയിലിടാനാവും.

തിലകനും കവിയൂര്‍ പൊന്നമ്മയും ഒരു ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിന്‍റെ അച്ഛനും അമ്മയുമായി വേഷമിടുന്ന ചിത്രം, ' ക്ലാസ്മേറ്റ്സ്' , ' സൈക്കിള്‍ ' എന്ന ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബര്‍ട്ട്, ' ഉദയനാണു താരം' , ' നോട്ട്ബുക്ക്' എന്ന ചിത്രങ്ങളുടെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസുമായി ഒന്നിക്കുന്ന ചിത്രം. ഈ പ്രത്യേകതളോടെയാണ് ' ഇവിടം സ്വര്‍ഗ്ഗമാണ്' തിയേറ്ററുകളില്‍ എത്തുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്ന ഈ ചിത്രത്തില്‍ തിരക്കഥയാണു താരം എന്നു പറയാതിരിക്കാന്‍ വയ്യ.
ആലുവാ ചാണ്ടിയായി എത്തുന്ന ലാലു അലക്സ് തന്‍റെ കരിയറിലെ തന്നെ മികച്ചൊരു കഥാപാത്രം ചെയ്തിരിക്കുന്നു. ഭുവനചന്ദ്രന്‍ എന്ന ആധാരമെഴുത്തുകാരന്‍റെ ചിതല്‍ പ്രയോഗവും, മുതലക്കുഞ്ഞുങ്ങളും പ്രേക്ഷകര്‍ക്ക് ഓര്‍ത്തു ചിരിക്കുവാനുള്ളവയാണ്. അമീക്കസ് ക്യൂറിയായി ശ്രീനിവാസനും, ചിത്രത്തിലെ മൂന്നു നായികമാരും, വന്നു പോകുന്ന എല്ലാ ചെറുകഥാപാത്രങ്ങളും രസകരമായി തന്നെ അവതരിപ്പിക്കപ്പെടുന്നു.
ക്ലൈമാക്സിന്‍റെ പിരിമുറുക്കമില്ലാതെ, പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഈ ചിത്രത്തിലൂടെ ലാലേട്ടന്‍റെ നമ്മള്‍ കണ്ടുമറന്ന പഴയകാല മാനറിസങ്ങളെല്ലാം കാട്ടിത്തന്ന അണിയറപ്രവര്‍ത്തകര്‍ക്കു നന്ദി പറയുന്നു. ചിത്രത്തില്‍ പാട്ടില്ലെന്ന് പല റിവ്യൂകളിലും വായിച്ചെങ്കിലും, അതിന്‍റെ അഭാവം നമ്മളൊരിക്കലും അറിയില്ല എന്നതാണ് സത്യം.

അമീക്കസ് ക്യൂറി എന്നാല്‍ കോടതിയുടെ സുഹൃത്താണെന്ന് ശ്രീനിവാസന്‍ പറഞ്ഞപ്പോളാണ് മനസ്സിലായത്, അങ്ങനെയെങ്കില്‍ ജെയിംസ് ആല്‍ബര്‍ട്ടും, റോഷന്‍ ആന്‍ഡ്രൂസും മലയാള സിനിമയുടെ അമീക്കസ് ക്യൂറികളാണ്, പൊതുജനത്തിന്‍റെ താല്‍പര്യം മനസ്സിലാക്കി നമ്മുടെ പഴയ ലാലേട്ടനെയും നല്ലൊരു സിനിമയെയും നമുക്ക് സമ്മാനിച്ച മലയാള സിനിമയുടെ
സുഹൃത്തുക്കള്‍‍

വാല്‍ക്കഷ്ണം : ഞാനായിരുന്നു ലാലേട്ടന്‍റെ സ്ഥാനത്തെങ്കില്‍ പച്ചക്കറി കൃഷിയ്ക്ക് പകരം പുഷ്പകൃഷി തുടങ്ങിയേനെ. ഈ പറഞ്ഞതെന്താണെന്നറിയാന്‍ ഒന്നുകില്‍ സിനിമ കണ്ടിട്ടുണ്ടാവണം അല്ലെങ്കില്‍ സിനിമ കാണണം.

11 comments:

ചെലക്കാണ്ട് പോടാ said...

ഞാനായിരുന്നു ലാലേട്ടന്‍റെ സ്ഥാനത്തെങ്കില്‍ പച്ചക്കറി കൃഷിയ്ക്ക് പകരം പുഷ്പകൃഷി തുടങ്ങിയേനെ. ഈ പറഞ്ഞതെന്താണെന്നറിയാന്‍ ഒന്നുകില്‍ സിനിമ കണ്ടിട്ടുണ്ടാവണം അല്ലെങ്കില്‍ സിനിമ കാണണം.

രമേഷ് said...

ഹ്മ്ം നീ പണ്ടേ കൊറേ പൂന്തോട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ച് പരാജയപെട്ടതല്ലേ? വീണ്ടും ഒരു മോഹം തുടങ്ങി ല്ലേ?.. ഇതെങ്കിലും ശരിയാവട്ടെ.. :) അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞപോലെ മനോഹരമായ ഒരു ഫാം ഒന്നും കാണാന്‍ കഴിഞ്ഞില്ല, എന്നാലും കൊള്ളാം.. ചാലനുകളില്‍ വരുന്ന കാഷിക പരിപാടികളിലെ പോലെ പച്ചക്കറികള്‍ വിളഞ്ഞ് നിക്കുന്നതും തോട്ടങ്ങളുടേയും നല്ല ദൃശ്യങ്ങളുടെ അഭാവം ഉണ്ട് (തീരെ കാട്ടുന്നില്ല എന്നല്ല,ചാനലുകളില്‍ അവര്‍ കൊട്ടിഘോഷിച്ച അത്ര ഇല്ല എന്നാണു). പടം ഇടക്ക് നല്ല വലിയല്ലാണല്ലൊ എന്ന് തോന്നതിരുന്നില്ല, പക്ഷെ അതൊക്കെ ആ ലാസ്റ്റ് അരമണിക്കൂറില്‍ ശരിയാക്കിയെടുത്തു.. തിരക്കഥാ കൃത്തിനും സംവിധായകനും അഭിനേതാക്കള്‍ക്കും അഭിമാനിക്കാം...

അനിൽസ് said...

രജിത്ത് ചേട്ടാ
അങ്ങനെ അവസാനം പടം കണ്ടു അല്ലേ? ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം :-)

Irshad said...

പടം കാണണം. നന്നായി ഓടുമെങ്കില്‍ രണ്ടു ദിവസം കഴിഞായാലും കാണാമല്ലോ?

പിന്നെ SMS ബുക്കിംഗ് ചെയ്തിട്ടു മെസ്സേജ് കിട്ടിയില്ലെന്നു പറഞ്ഞു ടിക്കറ്റ് കൊടുത്തില്ലെന്നു ഈയെല്‍ പറയുന്നതു കേട്ടു. കാശും പോയി. ടിക്കറ്റുമില്ല.

വമ്പന്‍ തട്ടിപ്പാണ്, കേസു കൊടുക്കണമെന്നു പറയുന്നതു കേട്ടു. നിങ്ങള്‍ക്കു കിട്ടിയല്ലേ?

ചെലക്കാണ്ട് പോടാ said...

നമുക്ക് കിട്ടി, കോഡ് ഒന്നും ചോദിച്ചില്ല, മൂന്ന് ടിക്കറ്റെന്ന് പറഞ്ഞതും, മൂന്നെണ്ണം കിട്ടി.

ആ സൈറ്റ് ചെയ്തൊരാള്‍ പറഞ്ഞത്, തിയേറ്റര്‍കാര്‍ക്ക് ലോഗിന്‍ അക്കൌണ്ട് കൊടുത്തിട്ടുണ്ട്, അവര്‍ നോക്കാതൊണ്ടാണെന്ന്.

ഈയെല്‍ രാവിലെ കംപ്ലയന്‍റ് കൊടുത്തു.

സ്വപ്നാടകന്‍ said...

കൊള്ളാം..വല്യ കുഴപ്പമൊന്നുമില്ല.കണ്ടിരിയ്ക്കാം.ചിത്രം സംഭാഷണ പ്രധാനമാണെങ്കിലും ബോറടിപ്പിക്കുന്നില്ല.ഇടവേളയ്ക്കു ശേഷം കാര്യങ്ങള്‍ക്ക് കുറച്ചൂടി ഉണര്‍വ്വും ആവേശവുമൊക്കെ വന്നു.ലാലു അലെക്സിന്റെ ആലുവാ ചാണ്ടി നന്നായി ചിരിപ്പിയ്ക്കുകയും ചെയ്തു ഇടയ്ക്കിടയ്ക്ക്.:)

അമിക്കസ് ക്യുരി എന്ന സംഭവം ഒരു പുതുമയായിരുന്നു..ആദ്യമായിട്ടാ കേള്‍ക്കുന്നേ.
ലക്ഷ്മി റായുടെ സംഭാഷണത്തില്‍ എന്തോ ഒരു കല്ലുകടി,വല്ലാത്ത കൃത്രിമത്വം തോന്നുന്നില്ലേ..?ശബ്ദം കേട്ടിട്ട് പരിചയ സമ്പന്നയായ ആള്‍ തന്നെയാണ് ഡബ്ബ് ചെയ്തതെന്ന് തോന്നുന്നു.

പാട്ടുകള്‍ ഇല്ലാഞ്ഞത് നന്നായി.അതിനു റോഷനൊരു സ്പെഷ്യല്‍ തൂവല്‍ കൊടുക്കാം.:)

തികച്ചും കാലിക പ്രസക്തമായൊരു വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.സംഭാഷണങ്ങള്‍ ഇടയ്ക്കൊക്കെ മുദ്രാവാക്യങ്ങളായി മാറുന്നുണ്ടെങ്കിലും ആസ്വാദനത്തിനു തടസ്സമാകുന്നില്ല.

താര ജാഡകളൊന്നുമില്ലാതെ ഒരു മോഹന്‍ലാല്‍ ചിത്രം കാണാന്‍ പറ്റിയ സംതൃപ്തിയോടെ തിയേറ്ററിനു പുറത്തിറങ്ങാന്‍ പറ്റി..

വിഷ്ണു | Vishnu said...

പടം കൊള്ളം എന്നറിഞ്ഞതില്‍ വളരെ സന്തോഷം ..ശ്രീകുമാറില്‍ ഫസ്റ്റ് ഡേ ലാലേട്ടന്‍ പടങ്ങള്‍ കണ്ടുകൊണ്ടിരുന്ന എനിക്ക് ഇപ്പോള്‍ എല്ലാം മിസ്സ്‌ ആകുന്നു. ബീമപള്ളി പൂട്ടി കെട്ടിയത് കൊണ്ട് ഇപ്പോള്‍ വ്യാജന്‍ ഒന്നും നെറ്റില്‍ വരുന്നുമില്ല...

Anil cheleri kumaran said...

രസായിട്ടെഴുതി. പടം കണ്ടിട്ട് ബാക്കി.

ശ്രീ said...

ഹ ഹ. സിനിമ കണ്ടതു കൊണ്ട് പുഷ്പകൃഷിയുടെ കാര്യം മനസ്സിലായി.

സിനിമ ഇഷ്ടപ്പെട്ടു :)

അരുണ്‍ കരിമുട്ടം said...

പടം എനിക്കും ഇഷ്ടായേ, ഈ പോസ്റ്റും

Mohamedkutty മുഹമ്മദുകുട്ടി said...

ഒരു കറക്കത്തിനിടയില്‍ ഒന്നിറങ്ങി നോക്കിയതാ, ഓരോരുത്തരും എന്തൊക്കെ വെച്ചു ബ്ലൊഗുന്നു എന്നറിയാന്‍!.പിന്നെ ബ്ലോഗിന്റെ പേരും ഒരു നിമിത്തമായി. ആദ്യം കണ്ട പോസ്റ്റ് ഫുട് ബോള്‍ കളിയെയും ക്രിക്കറ്റിനെയും പറ്റിയുള്ളതാണ്. അതില്‍ വലിയ താല്പര്യമില്ലാത്തതിനാല്‍ അടുത്തത് നോക്കി . അപ്പോ സിനിമ. എന്നാല്‍ പിന്നെ മുഴുവന്‍ വായിക്കാമെന്നു കരുതി.പോസ്റ്റ് തീര്‍ന്നപ്പോള്‍ കമന്റുകളും വായിച്ചു തീര്‍ത്തു.ശരി അപ്പോ പിന്നെ കാണാം.പറ്റുമെങ്കില്‍ നമ്മുടെ തട്ടകത്തിലും കയറി നോക്കുക.ഇഷ്ടപ്പെടുമോ ആവോ?

Related Posts with Thumbnails