Sunday, December 27, 2009

നീലത്താമര

നീലത്താമര ഇറങ്ങിയിട്ട് ഇന്ന് എത്ര ദിവസമായെന്ന് കൃത്യമായി എനിക്കോര്‍മ്മയില്ല. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകനായ ഒരു സുഹൃത്ത് പറഞ്ഞത് ശരിയാണെങ്കില്‍ (എന്‍റെ ഓര്‍മ്മ) ഡിസംബര്‍ 30ന് ചിത്രം ഒരു മാസം തികയ്ക്കും. ഇന്നുച്ചയ്ക്ക് കൈരളിയിലേക്ക് നീലത്താമര കാണുവാനായി പോകുന്പോള്‍ സ്ഥിരം കന്പനിക്കാര്‍ ആരും തന്നെ ഇല്ലായിരുന്നു, പലരും ക്രിസ്തുമസ് അവധിയ്ക്ക് നാട്ടിലാണ്, മാത്രമല്ല ഞാന്‍ ശബരിമലയ്ക്ക് പോയ സമയത്ത് അതില്‍ ചിലര്‍ പടം കാണുകയും ചെയ്തു.




പടം ഇറങ്ങി ആദ്യ ദിവസം (ലാല്‍ ചിത്രമാണെങ്കില്‍‍ ) തന്നെ കാണുകയും, ലാലിതര ചിത്രങ്ങള്‍ ആദ്യ ആഴ്ച്ചയിലും കാണുന്ന ഒരു കാലമുണ്ടായിരുന്നു. കാക്കകുയില്‍ ആദ്യ ദിവസം കണ്ടതിന് ശേഷം, ഡയലോഗും സ്ക്രീനും ഒന്നും കേള്‍ക്കാനോ കാണാനോ പറ്റാത്ത ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എന്ന പരിപാടി നിര്‍ത്തി. ഇപ്പോള്‍ തിരക്കെല്ലാം കുറഞ്ഞ്, അഭിപ്രായമെല്ലാം കേട്ടാണ് ചിത്രം കാണാനിറങ്ങുന്നത്. അതുകൊണ്ട് ഈ ചിത്രത്തിന്‍റെ ഒരു റിവ്യൂവായി ഇതിനെ കരുതേണ്ട. കാരണം അതിവിടെ നല്ല രീതിയില്‍ തന്നെ പലരും ചെയ്തു കഴിഞ്ഞല്ലോ.

2 മണിക്ക് കൈരളി തിയേറ്ററിന് മുന്നിലെത്തുന്പോള്‍ പ്രതീക്ഷിച്ച പോലെ വല്യ തിരക്കൊന്നും കാണുവാനില്ല. ഉള്ളവരില്‍ സ്ത്രീകളാണ് കൂടുതല്‍ . ശ്രീയില്‍ പ്രദര്‍ശിപ്പിക്കുന്ന 'ആറുമനമേ'യുടെ പോസ്റ്ററും കൂട്ടത്തില്‍ ക്യൂവിലുള്ള ഒന്നു രണ്ട് കുഞ്ഞിമാളുകളെയും(അത്രയും വരില്ലെങ്കിലും) നോക്കി കൌണ്ടര്‍ തുറക്കാനായി കാത്തു നിന്നു. ടിക്കറ്റുമെടുത്തു ഉള്ളിലേക്ക് കയറിയപ്പോള്‍ ആശ്ചര്യം തോന്നി. എസിയൊക്കെ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ബാല്‍ക്കണി ഫുള്ളാകില്ലെങ്കിലും സാമാന്യം നല്ല തിരക്കുണ്ട്. റിസര്‍വ്വേഷനില്‍ ഒറ്റ കുഞ്ഞില്ലെന്ന് തന്നെ പറയണം.

ഞങ്ങള്‍ പരിചയപ്പെടുത്തുന്നു എന്നു പറഞ്ഞ് ഒരു പിടി അഭിനേതാക്കളുടെ പേരുമായി തുടങ്ങിയ ടൈറ്റില്‍ ക്രെഡിറ്റ്സ് കാണിച്ച രീതി എനിക്ക് വളരെ ഇഷ്ടമായി. ചിത്രം തുടങ്ങി ലാല്‍ജോസിന്‍റെ സംവിധാനത്തില്‍ വിജയ് ഉലകനാഥ് ക്യാമറ ചലിപ്പിക്കുന്പോള്‍ ശരിക്കും എനിക്കനുഭവപ്പെട്ടത് ഞാന്‍ അവധിക്കാലത്ത് കളിച്ചു വളര്‍ന്ന എന്‍റെ നാട്ടിലെ തറവാട്ടിലും, ഇടവഴിയിലും, കുളത്തിലുമെല്ലാം(അവിടെ നീലത്താമരയില്ല) ഒരിക്കല്‍ കൂടി ചെന്നെത്തിയതായിട്ടാണ്. ഇന്ന് അതെല്ലാം ഏറെ മാറിയെന്നുള്ളത് വേറെക്കാര്യം. ആ പച്ചപ്പും പുഴയോരവുമെല്ലാം മനസ്സില്‍ വീണ്ടും കുളിരുള്ളൊരനുഭവമായി.

ഒരഭിമുഖത്തിനായി ടിവിയില്‍ അര്‍ച്ചനാ കവിയെ കണ്ടപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല നീലത്താമരയിലെ കുഞ്ഞിമാളു ഇതാണെന്ന്. അത്രയും മെച്ചമാക്കിയിട്ടുണ്ട് കുഞ്ഞിമാളുവിനെ. അതുപോലെ തന്നെ മറ്റെല്ലാ കഥാപാത്രങ്ങളും, അത് ഹരിദാസായാലും, ഷാരോത്തെ അമ്മിണിയായാലും, രത്നമായാലും, ആല്‍ത്തറയിലെ ആശാനായാലും, വളരെ നന്നായിട്ടുണ്ട്. ചില ഫ്രെയിമുകളില്‍ അര്‍ച്ചനയെക്കണ്ടപ്പോള്‍ അംബികയുടെ ഒരു ഛായ തോന്നി.

എം.ടിയുടെ ഒരു തിരക്കഥ ചലച്ചിത്രം ആക്കണമെന്ന അടങ്ങാത്ത ആഗ്രഹമാണ് ലാല്‍ജോസിനെ ഈ ചിത്രം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് നൂറ് ശതമാനം ഉറപ്പ്. ഗൃഹാതുരത്വത്തിന്‍റെ ഓര്‍മ്മകള്‍ സമ്മാനിച്ച ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഇനിയും ഇതുപോലുള്ള ശ്രമങ്ങളുണ്ടാകട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ആ ഗ്രാമീണത വീണ്ടും കാണുവാന്‍ ഇനി സിനിമകളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് നമ്മള്‍ നീങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നത് ഒരു ദുഖ:സത്യം.


പിന്നെ തോന്നിയത് :
വൈകി സിനിമ കാണുന്നത് കൊണ്ട് ലേശം കിടപ്പറ സീനും ബോറന്‍ ഡയലോഗുമൊക്കെ വരുന്പോള്‍ , പ്രേക്ഷകരുടെ വഷളന്‍ കമന്‍റുകളും കൂക്കിവിളികളുമൊന്നും കേള്‍ക്കേണ്ട, എന്തിനേറെ പറയുന്നു രണ്ട് പ്രാവശ്യം കറന്‍റ് പോയിട്ടും ഞാനുള്‍പ്പടെ ഒറ്റ കുഞ്ഞ് പോലും ബഹളമുണ്ടാക്കിയില്ല.

9 comments:

:: VM :: said...

കാശു പോവില്ല അല്ലേ? ഒരു സിനിമ കാണണേല്‍ (ഫാമിലിയായി) പത്തായിരത്തഞ്ഞൂറ് ഉര്‍പ്യാ ചെലവാണേ. (ഉര്‍പ്യാ) അതാ:)

ഈ വ്യാഴം പോയി കാണാന്‍ പ്ലാനുണ്ട്

വിന്‍സ് said...

എങ്ങനാ മച്ചാ....കാണണാ കാണണ്ടായാ??? കുഞ്ഞിമാളുവിനെ മാത്രം കാണാന്‍ രണ്ടു മൂന്നു മണിക്കൂര്‍ ചിലവാക്കാന്‍ താല്പര്യം ഇല്ല.

ചെലക്കാണ്ട് പോടാ said...

അതിഭയങ്കരമൊന്നുമല്ല, എന്നാല്‍ കുഴപ്പമൊന്നുമില്ല.

കുഞ്ഞിമാളു മാത്രമല്ല ഷാരോത്തെ അമ്മിണി, രത്നം എല്ലാരും ഉണ്ടല്ലോ, പക്ഷേ ലുക്ക് കുഞ്ഞിമാളൂനാ...

ഋതുവിലെയും മൃത്യുജ്ഞയത്തിലെയും(കേരള കഫെ) റിമയെക്കാളും എനിക്ക് ഷാരത്തെ അമ്മിണിയെ ഇഷ്ടമായി..

ഫിലിം റിവ്യൂ വീരന്മാരുടെ നീലത്താമര റിവ്യു നിങ്ങള്‍ കണ്ടില്ലേ...ഗിവ് എ ട്രൈ..അതാണ് എന്റെ ഒപ്പീനിയന്‍

പിന്നെ ടേസ്റ്റ് ഡിഫേര്‍സ്....

:: VM :: said...

റിവ്യൂ വായിച്ചാല്‍ വട്ടാവില്ലേ ഇഷ്ടാ :) അമ്മിണീയുടെ സ്തനങ്ങളുടെ ഷൊട്ടിലെ ക്യാമട ആംഗിളും ശേഷമുള്ള അരക്കെട്ടിന്റെ എഡിറ്റിങ്ങും അല്പം കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നൊക്കെ എഴുതി വച്ചാല്‍, ഇമ്മളു വേറേ വല്ലോം വിചാരിക്കൂലേ :)


അതോണ്ട് ഇമ്മാതിരി സാദാരണക്കാരന്റെ അഭിപ്രായങ്ങള്‍ക്കാണു വിലകല്പിക്കാറ് - റിവ്യൂക്കാരു തല്ലരുത് പ്ലീസ്!

ചെലക്കാണ്ട് പോടാ said...

ഇടിഭായി പേടിക്കേണ്ട, ഇവിടെ റിവ്യൂക്കാരെപ്പറ്റി പറഞ്ഞത് ആരും കാണില്ല, അതോണ്ട് ഡോണ്ട് വറി.

എന്തായാലും വ്യാഴാഴ്ച്ച പ്ലാന്‍ ഇട്ടതല്ലേ, പോയിട്ട് വന്നു അഭിപ്രായം പറയു, ഞാന്‍ കാത്തിരിക്കും....

നീലത്താമര ഇറങ്ങിയിട്ട് ഇന്ന് ഒരു മാസം തികഞ്ഞു, നവംബര്‍ 27നാണ് തിയേറ്ററില്‍ എത്തിയത്....

വിന്‍സ് said...

ഹഹഹ...ഇടിവാള്‍ :)

നീലത്താമര ഇനി കാണണേല്‍ സിഡി ഇറങ്ങണം. ഇവിടത്തെ ലാസ്റ്റ് ഷോ ഇന്നായിരുന്നു....സണ്‍ഡേ ആയതോണ്ട് കുഞ്ഞി മാളുവിനെ സ്വപ്നവും കണ്ട് ഉറങ്ങിപ്പോയി!!!

വിന്‍സ് said...

റിമാ കല്ലുങ്കലിനു അത്ര ലുക്കൊണ്ടോ?? സംവ്രതാ സുനിലു പിന്നെ ലാല്‍ ജോസിന്റെ സകല പടത്തിലും ഇപ്പോള്‍ ഉണ്ട്...അവളെന്തു കാണിച്ചിട്ടാണോ ഈ മാതിരി അവസരങ്ങള്‍ കിട്ടുന്നത്!!!

ഇടിവാളിന്റെ റിവ്യൂവിനായി കാത്തിരിക്കുന്നു.

അരുണ്‍  said...

എന്നെ വിളിക്കാതെ പോയി അല്ലേ... കശ്മലാ​‍...

Irshad said...

എനിക്കും ഇഷ്ടപ്പെട്ടു. ഒരു ഒഴുക്കുണ്ട്. മികച്ച അഭിനയവും. കഥക്കു കാമ്പു പോരായെന്നു തോന്നിയതു പറഞ്ഞാല്‍ നിങളെന്തു വിചാരിക്കുമെന്നറിയില്ല.

Related Posts with Thumbnails