Friday, December 25, 2009

കളിയല്ല കല്യാണം

കുറച്ച് കാലം മുമ്പ് ഓഫീസിലെ ഒരു സുഹൃത്തിനെ കളിയാക്കാനായി എഴുതിയത്. ഇപ്പോള്‍ ചുമ്മാ ഇവിടെ പോസ്റ്റുന്നു. കഥാപാത്രങ്ങളെ പരിചയമില്ലാത്തത് കൊണ്ട് വായനാ സുഖം കിട്ടുമോയെന്നറിയില്ല. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍



കളിയല്ല കല്യാണം




'ഇനിയിത് ഇവിടെ തുടരാനാവില്ല...'

അവ്യക്തമായി ഇങ്ങനെയൊരു ഡയലോഗും വ്യക്തമായി കിട്ടിയ ഒരു ചവിട്ടും ജുനിലിനെ ഉറക്കത്തില്‍ നിന്നുണര്‍ത്തി.

ഉറക്കത്തില്‍ നിന്നുണര്‍ന്ന് കണ്ണും തിരുമ്മി ചുമരിലേക്ക് ചാരിയിരുന്ന ജുനില്‍ കണ്ടത് മൊബൈലും പൊത്തി പിടിച്ച് കലിതുള്ളി നില്‍ക്കുന്ന റൂംമേറ്റ് സുനീഷിനെയാണ്.

'ഞാന്‍ പൈസ കൊടുത്ത എന്റെ മൊബൈലില്‍ എനിക്കിഷ്ടമുള്ളവരെ വിളിക്കും. ഇതിനി തുടരാനാവില്ലെന്ന് പറയാന്‍ നീയാരെടാ...'

'ഉറങ്ങി കിടന്ന എന്റെ പുറത്ത് ചവിട്ട് നാടകം നടത്തിയിട്ട് നീയിപ്പോള്‍ കീചകവധത്തിന്റെ റിഹേഴ്സല്‍ നടത്തുകയാണോ' ജുനില്‍ ചീറി....

'എത്രയെന്നും പറഞ്ഞാ...ഇതിലൊരു തീരുമാനമെടുത്തേ പറ്റു' വീണ്ടും ശബ്ദം...

ആ ശബ്ദം കേട്ട് രണ്ട് പേരും ഒന്ന് ഞെട്ടി. റൂമിന്റെ ഒരു കോണില്‍, ചെമ്മീന്‍ ചുരുണ്ടത് പോലെ കിടക്കുകയാണ് അഭിലാഷ് ബാലന്‍.

'ഇവന്‍ ഉറക്കത്തില്‍ പുലമ്പുന്നതിന് എനിക്കിട്ടാണല്ലെ ചവിട്ട്..ഇതിപ്പോള്‍ പതിവാ...ഇന്നലെ if ലൂപ്പും സ്വിച്ച് കേസുമൊക്കെ പറയുന്നത് കേട്ടു....നീ ഫോണ്‍ വിളി തുടര്‍ന്നോളു..'

അശരീരിയുടെ ഉറവിടം മനസ്സിലാക്കിയ ജുനിലും സുനീഷും അവര്‍ ചെയ്തു വന്നിരുന്ന പണിയിലേക്ക് തിരികെ പോയി.......

പതിവ് പോലെ എട്ട് മണിക്കെഴുന്നേറ്റ് എടി പിടിന്നുള്ള റെഡിയാവലിനിടയിലാണ് ജുനിലത് ശ്രദ്ധിച്ചത്.

അഭിലാഷിനെ കാണാനില്ലല്ലോ...ഇന്നലെ ബാഗെല്ലാം പാക്ക് ചെയ്യുന്നുണ്ടായിരുന്നു....ഇനി ഒളിച്ചോടാന്‍ വല്ലതുമായിരുന്നോ പ്ലാന്‍. പോയി നോക്കി...ബാഗുകളെല്ലാം ഭദ്രം അവിടെ
മൂലയ്ക്കിരിക്കുന്നുണ്ട്...

തന്റെ കൈകള്‍ 'അലക്ക്' എന്ന വാക്ക് കേട്ടിട്ടില്ലാത്തൊരു ഷര്‍ട്ടിലേക്ക് കൂത്തി കയറ്റുന്നതിനിടയില്‍ അഭിലാഷിനെ ജുനില്‍ വിളിച്ചു(ഫോണ്‍ വിളിച്ചു)

മറുസൈഡില്‍ ഹലോ ശബ്ദം...

'അഭിലാഷേ...നീയിപ്പോ എവിടാടാ...'
'ഞാന്‍ നമ്മുടെ ക്യാന്റീനിലുണ്ട്....'
'ഇത്ര നേരത്തെ ക്യാന്റീനിലേക്കാണോ നീ പോയെ..? '
'അമ്പലത്തിലൊക്കെ ഒന്ന് പോയി...ഒരു നല്ല കാര്യത്തിനല്ലേ....'
'എന്തീറ്റ് നല്ലകാര്യം...ക്യാന്റീനില്‍ കഴിക്കാന്‍ പോണതോ?
അതിനാണോ നീ അമ്പലത്തില്‍ പോയത്....നീ എന്തൊക്കെയാടാ പറയുന്നേ...ഇതായിരുന്നോ നീ ഇന്നൊരു തീരുമാനമെടുത്തേ പറ്റൂ എന്ന് ഇന്നലെ ഉറക്കത്തില്‍ പറഞ്ഞത്' ജുനില്‍ ആകെ കണ്‍ഫ്യൂസ്ഡായി.....

'ആര് പറഞ്ഞു...ഞാന്‍ നിന്നെ പിന്നെ വിളിക്കാം...എനിക്ക് കഴിക്കുന്നതില്‍ കോണ്‍സെന്റട്രേറ്റ് ചെയ്യാന്‍ പറ്റുന്നില്ല...' അഭിലാഷ് ഫോണ്‍ കട്ട് ചെയ്തു...

സെക്ഷനില്‍ അന്ന് അഭിലാഷ് പതിവിലും ശാന്തനായിരുന്നു. ഉറ്റ സുഹൃത്തായി സജു സൌദിയിലേക്ക് പറക്കാന്‍ പോകുന്നതിന്റെ വിഷമമായിരിക്കുമെന്ന് കരുതി സഹജോലിക്കാരാരും തന്നെ അവനെ ശല്യം ചെയ്യാനായി പോയില്ല. തന്റെ 15" മോണിറ്റിലെ
ടാസ്ക് ബാറില്‍ മിനിമൈസായി കിടന്നിരുന്ന സൈറ്റുകളിലൂടെ സഞ്ചരിച്ചവന്‍ ആ ദിവസം തള്ളിനീക്കി...(ഏതാ സൈറ്റെന്ന് വാല്‍ക്കഷ്ണത്തില്‍ പറയാം...)

ഇടയ്ക്കിടയ്ക്ക് 'ദൈവം എന്നാലും എന്നോടിങ്ങനെ ചെയ്തല്ലോ' എന്ന് പറയുന്നത് കേട്ട് അപ്പുറത്തും ഇപ്പുറത്തുമുള്ളവര്‍ എഴുന്നേറ്റ് നോക്കിയെങ്കിലും, അവരെയാരെയും അഭിലാഷ് മൈന്‍ഡ്
പോലും ചെയ്തില്ല.....

വെള്ളിയാഴ്ച വൈകുന്നേരം സജുവിന്റെ സെന്‍ഡോഫിന് കണ്ട അഭിലാഷിനെ പിന്നെയാരും സിഡാക്കില്‍ കണ്ടില്ല.വെള്ളിയാഴ്ച്ചയായതിനാല്‍ സ്വാഭാവികമായി നാട്ടില്‍
പോയിട്ടുണ്ടാവുമെന്നും, ആത്മമിത്രത്തിന്റെ യാത്രയയപ്പിന്റെ വേദനയില്‍ സ്വരം ഹാളില്‍ വരാത്തതാണെന്ന് നമ്മളും കരുതി...

ഗുരുവായൂര്‍ എക്സ്പ്രസ്സിലെ സിറ്റിംഗ് സീറ്റിലിരുന്ന പോയ അഭിലാഷിന്റെ മനസ്സ് ഇരിങ്ങാലക്കുട സ്റ്റേഷനിലിറങ്ങുമ്പോഴും വെന്തുരുകുകയായിരുന്നു. വീട്ടിലെത്തിയുടന്‍ ചോദിച്ചാലോ?
അല്ലെങ്കില്‍ വേണ്ട രണ്ട് പകലുകള്‍ തന്റെ മുന്നില്‍ കിടക്കുകയല്ലേ..ചോദ്യവും ഉത്തരവും സ്വയം പറയുവാന്‍ തുടങ്ങിയിരിക്കുന്നു അഭിലാഷ്...

ശനിയാഴ്ച യാതൊരു ചലനവുമുണ്ടാക്കാതെ കടന്നു പോയി. ഞായറാഴ്ച എന്തായാലും കാര്യം പറയുമെന്ന അഭിലാഷിന്റെ ഉഗ്രശപഥമായിരുന്നു ആ ദിവസത്തിന്റെ ഹൈലൈറ്റ്.....

രാവിലെ എണീറ്റ് പ്രാതലും കഴിഞ്ഞ് തന്റെ പുതിയ വീട്ടിലെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന അഭിലാഷ് കാര്യം പറയാന്‍ തന്നെ തീരുമാനിച്ചു....

അടുക്കളയില്‍ ചെന്ന് ഉച്ചയൂണ് ഒരുക്കുകയായിരുന്ന അമ്മയോട്...

'അമ്മേ...ദേ പണികഴിഞ്ഞ് മാസം ഒന്ന് കഴിഞ്ഞിട്ടില്ല ആകെ പൊടി പിടിച്ച് കിടക്കുകയാണല്ലോ. ഇതൊന്നും ശ്രദ്ധിക്കാന്‍ ഇവിടാരുമില്ലേ...'

'നീ എന്നോട് പറയുന്നത് പോലെ അനീഷിനോട് പറഞ്ഞൂടെ ഇതൊക്കെ ചെയ്യാന്‍.'

'ഇതൊക്കെ പറയാന്‍ ഞാനിനി ജോലി കളഞ്ഞ് ഇവിടെ വരണോ? ആ ടീപോയില്‍ പഴയ പത്രങ്ങളെല്ലാം കിടക്കുന്നു. അതൊന്ന് എടുത്ത് വയ്ക്കാന്‍ പോലും ആര്‍ക്കും പറ്റില്ലെന്ന് പറഞ്ഞാല്‍'

'അതൊക്കെ ഞാന്‍ ചെയ്തോളാം..നീ ഇവിടെ നിന്ന് ഇങ്ങനെ സംസാരിച്ചാല്‍ എന്റെ പണികളൊന്നും തീരില്ലാട്ടോ....'

'എനിക്കിനി വയ്യ...നീ എന്താച്ചാല്‍ ആയിക്കൊള്ളു...ഒരു വിരോധവുമില്ല...' ഇങ്ങനൊരു മറുപടിയും പ്രതീക്ഷിച്ച് നിന്ന അഭിലാഷ് സ്വന്തം മുറിയിലേക്ക് തിരികെ പോയി.....

ഉച്ചയൂണിനായി അമ്മയും മകനും ഇരുന്നു.പ്ലേറ്റില്‍ നിന്നൊരുരുള വായിലേക്കിട്ട അഭിലാഷ് വീണ്ടും സംസാരം തുടങ്ങി...


'അനീഷ് കഴിക്കണില്ലേ...'
'വിശക്കണുന്ന് പറഞ്ഞ് അവന്‍ ആദ്യമേ കഴിച്ചു....'
'അമ്മയ്ക്ക് കാറോട്ടിക്കാനറിയാമോ?'
'അനീഷേ...അമ്മയ്ക്കും ചേട്ടനും പപ്പടം കൊണ്ടുത്തരാമോ? ഞാനെടുക്കാന്‍ മറന്നു...'
'കാറോട്ടിക്കാനറിയാമോ എന്നോ..അതെന്താ ഇപ്പോ ഇങ്ങനൊരു ചോദ്യം?' അഭിലാഷിനെ നോക്കി അമ്മ ചോദിച്ചു...

സെറ്റിയിലിരുന്ന് ടീവി കാണുകയായിരുന്ന അനീഷ് മടിച്ച് മടിച്ച് അടുക്കളയിലേക്ക് എണീറ്റ് പോയി.....

'പറഞ്ഞ പോലെ ഞാന്‍ പഠിച്ചിട്ടുണ്ടല്ലോ ഡ്രൈവിംഗ്... ഞാന്‍ അത് മറന്നേ പോയി...ദാ ഞാന്‍ പറഞ്ഞത് ഇനി ഇങ്ങനെ വിട്ടാല്‍ പറ്റില്ല....ഈ മുറ്റത്തൊരു കാറ് കിടക്കുന്നത് കണ്ടാല്‍
ഡ്രൈവിംഗ് പഠിച്ച കാര്യം ഞാന്‍ മറക്കില്ലല്ലോ....' (ഇതായിരുന്നോ ഇവന്‍ രണ്ട് മൂന്ന് ദിവസമായി മനസ്സിലിട്ട് വലുതാക്കിക്കൊണ്ടിരുന്ന വിഷയം...)

'അതിനിപ്പോള്‍ ഇവിടെ ആരാ കാറ് വാങ്ങാന്‍ പോകുന്നത്...'

'ഞാനൊരു..ക'

'കാറ് വാങ്ങാനിപ്പോള്‍ വളരെ എളുപ്പമാണമ്മേ...ഫൈനാന്‍സൊക്കെ അവര് തന്നെ അറേഞ്ച്
ചെയ്യും...' പ്ലേറ്റിലേക്ക് പപ്പടമിട്ട് അനീഷ് മറുപടി നല്‍കി.....(അഭിലാഷ് മുഴുവനാക്കുന്നതിന് മുമ്പ്.)

'ചെലക്കാണ്ട് പോടാ....അവന്റെ ഫൈനാന്‍സ്....വല്യവര്‍ സംസാരിക്കുന്നതിനിടയിലാണ്...വേണ്ടാ വേണ്ടാന്ന് വയ്ക്കുമ്പോള്‍....' പതിവില്ലാതെ ചൂടാവുന്ന ചേട്ടനെക്കണ്ട് അനീഷ് പപ്പടപാത്രവുമായി അടുക്കളയിലേക്ക് സ്കൂട്ടായി....

പ്ലേറ്റിലെ ചോറ് തീരാറായി..അനീഷിനോട് കയര്‍ത്തതിന് ശേഷം അവിടെ കൂറെ നേരം നിശബ്ദത തളം കെട്ടി നിന്നു...

'അമ്മേ....ഈ തിരുവനന്തപുരം സ്റ്റൈല്‍ പരിപ്പ് കറി വയ്ക്കാനറിയാമോ? ഇവിടെ അമ്മ സാമ്പാറും
രസവുമൊക്കെയുണ്ടാക്കുന്നത് മാത്രമെ കണ്ടിട്ടുള്ളു...' അഭിലാഷ് പ്ലേറ്റ് വടിച്ചെടുത്തു....

'ഈ പ്രായത്തിലുള്ള ആങ്കുട്ട്യോള് അമ്മമാരോട് പതിവില്‍ കവിഞ്ഞ് സ്നേഹം കാണിക്കുന്നത് എന്തിനാണെന്ന് എല്ലാ അമ്മമാര്‍ക്കുമറിയാം...എന്തായാലും തല്‍ക്കാലം ആ പരിപ്പ്
ഇവിടെ വേവില്ല എന്ന് മാത്രം എന്റെ മോന്‍ മനസ്സിലാക്കിയാല്‍ മതി...' പ്ലേറ്റുകള്‍ കഴുകാനായി അമ്മ അടുക്കളയിലേക്ക് പോയി...

'എനിക്കൊന്നും മനസ്സിലായില്ല...അമ്മ ഉദ്ദേശിച്ചതെന്താ...' അഭിലാഷ് വീണ്ടും ഇന്നസെന്റായി
അഭിനയിച്ചു(ഇരിങ്ങാലക്കുടക്കാരനല്ലേ...അഭിനയിക്കും അഭിനയിക്കും...)

'അതേ..ചേട്ടായി...എന്തൊക്കെയായിരുന്നു പേപ്പര്‍, ടീപ്പോയ് അലങ്കോലം, മുറ്റത്ത് കാറ്... കാള വാല് പൊക്കണ കണ്ടാലറിഞ്ഞൂടേന്നാ അമ്മ പറഞ്ഞത്....ഒരു കാര്യം മനസ്സിലാക്കിയ്ക്കോ...കളിയല്ല കല്യാണം...' അടുക്കള വാതിലില്‍ നിന്ന് തലമാത്രം പുറത്തിട്ട് അനീഷ് അഭിലാഷിനെയൊന്ന് വാരി...

കൈ പോലും കഴുകാതെ അനിയന്റെ പുറകെ ഓടുന്ന അഭിലാഷ് ബാലനെക്കണ്ട് ചിരിയടക്കാനാവാതെ നിന്ന അമ്മയോടൊപ്പം ആ സന്തോഷത്തില്‍ പങ്കു ചേരാനായി അച്ഛനും എത്തി.


വാല്‍ക്കഷ്ണം : തിരിച്ച് ഓഫീസിലെത്തി അഭിലാഷിന്റെ 15" മോണിറ്ററില്‍ മിനിമൈസായി കിടക്കുന്ന ശാദി.കോം, ജീവന്‍സാത്തി.കോം,കേരളാ മാട്രിമോണി സൈറ്റുകളിലെ തരുണീമണികളോട് അഭിലാഷ് പറയുന്നതെന്താണെന്ന് എനിക്ക് ഊഹിക്കാം.

“സ്വന്തമായി ബാത്ത് അറ്റാച്ചഡ് റൂമൊക്കെയുണ്ടാക്കീട്ടെന്താ...ഹൈക്കമാന്റില്‍ നിന്ന് അനുമതിയില്ലാതെ കാര്യമൊന്നും നടക്കില്ലെങ്കില്‍ ഞാന്‍ എന്താ ചെയ്യുക....”

അവനെ കളിയാക്കാന്‍ വരട്ടെ.....ഒട്ടുമിക്ക ആളുകളും അതിലേക്ക് തലപൂഴ്ത്തിയാണിരിപ്പെന്നറിയാം.......

4 comments:

ചെലക്കാണ്ട് പോടാ said...

കുറച്ച് കാലം മുമ്പ് ഓഫീസിലെ ഒരു സുഹൃത്തിനെ കളിയാക്കാനായി എഴുതിയത്. ഇപ്പോള്‍ ചുമ്മാ ഇവിടെ പോസ്റ്റുന്നു. കഥാപാത്രങ്ങളെ പരിചയമില്ലാത്തത് കൊണ്ട് വായനാ സുഖം കിട്ടുമോയെന്നറിയില്ല. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍

Unnikrishnan.R said...

super look me
started blogging http://justforfunbloggin.blogspot.com

Unnikrishnan.R said...

ccccooool

Unnikrishnan.R said...

"http://justforfunbloggin.blogspot.com

Related Posts with Thumbnails