ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാവുക എന്നത് ഭാഗ്യമുള്ളൊരു കാര്യമാണ്.
രണ്ടാഴ്ച്ചകള്‍ക്ക് മുന്‍പ് ഇന്ത്യ ലോക ചാംപ്യന്മാരായത് സാക്ഷ്യം വഹിക്കാനായി. ഇന്നലെ കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ മാറ്റം വരുത്താവുന്നൊരു സംഭലത്തിനും സാക്ഷ്യം വഹിക്കുകയുണ്ടായി. മലയാളി താരങ്ങള്‍ വെറും മൂന്ന് പേരാണെങ്കിലും, കേരളത്തിന്റെ ടീമെന്ന് പറയാവുന്ന ഒരു ടീം ഐപിഎല്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നു, തോല്‍വിയൊടെയാണെങ്കിലും. ഇന്ന് മറ്റൊരു ചരിത്ര സത്യം(?) വീക്ഷിക്കുവാനുമിടയായി. ഉറുമി.........

പിഎസ്സി പരീക്ഷ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണിന്നലെ പഴയ ഓഫീസിലെ ഒരു
സുഹൃത്തിനെ വഴിയില്‍ വെച്ച് കണ്ടത്. അവന്റെയൊപ്പം ഞായറാഴ്ച പടം കാണാനിറങ്ങാമെന്ന്
തീരുമാനിച്ചെങ്കിലും. ഉറക്കത്തെ വെല്ലി രാവിലെ സിനിമക്ക് പോകാനാവുമെന്ന ഉറപ്പ്
തീരെയുണ്ടായിരുന്നില്ല.കൊച്ചിയുടെ തോല്‍വിയും കണ്ട് കിടന്നപ്പോള്‍ പ്രതീക്ഷിച്ച പോലെ രാവിലെ ഏണീറ്റത് വൈകി. 9.30ക്ക് ഉണര്‍ന്ന് മൊബൈല്‍ നോക്കിയപ്പോള്‍ ജുനിലിന്റെ മിസ്സ് കോള്‍ . അവര്‍
വെള്ളയന്പലത്തെത്തിയിരിക്കുന്നു. ടിക്കറ്റ് അവരെടുത്തോളാം ഞാന്‍ തിയേറ്ററിലെത്തിയാല്‍ മതിയെന്ന്.
കുളിയും ബ്രേക്ക്ഫാസ്റ്റുമെല്ലാം കഴിഞ്ഞ് വീണ്ടും ജുനിലിനെ ട്രൈ ചെയ്തു. ഉറുമി ഓടുന്ന തിയേറ്ററില്‍
(ഏതാണെന്ന് അറിയില്ല) രണ്ടു ടിക്കറ്റ് മാത്രമേയുള്ളുവെന്നും. അതിനാല്‍ ശ്രീയിലേക്ക് (അവിടെയും ഷോ ഉണ്ടത്രേ) നടക്കുകയാണെന്നവന്‍ പറഞ്ഞു. പടം കാണാന്‍ നമ്മള് രണ്ടുപേരെ കൂടാതെ ലിബിനും ഓസ്റ്റിനും ഉണ്ടെന്ന കാര്യം ജുനില്‍ സൂചിപ്പിച്ചു.
തിയേറ്ററിലെത്തി. സിനിമ തുടങ്ങാന്‍ അരമണിക്കൂറിലധികം ഇനിയുമുണ്ട്. സുഹൃത്തുക്കളെല്ലാം അകത്ത് കയറിയിരിക്കുന്നെന്ന് തോന്നുന്നു. ടിക്കറ്റ് കൊണ്ടറിലൊന്നും വേണ്ടത്ര തിരക്കില്ല. ഈ ഉരുകുന്ന ചൂടത്തും എസി ഓണാക്കാന്‍ മടിക്കുന്ന തിയേറ്ററുകാരെ വെല്ലുവിളിച്ചുകൊണ്ടെന്ന പോലെ കുറച്ചാളുകള്‍ തിയേറ്ററില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. പതുക്കെ പതുക്കെ ശ്രീ തിയേറ്റര്‍ നിറയുന്നു. ഏറെ സ്ത്രീപ്രേക്ഷകര്‍ ചിത്രം കാണാന്‍ എത്തിയിട്ടുണ്ട്.
ഒരു പിരീഡ് ചിത്രത്തിനെ പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നത് ഏറെ ശ്രമപ്പെട്ട പണിയാണ്.ലഗാനില്‍ അമിതാഭ് ബച്ചന്റെ ശബ്ദത്തിലുടെ തുടങ്ങുന്നത് പോലെ, ഇവിടെ കെപിഎസി ലളിതയുടെ ശബ്ദമാണ് നമ്മളെ വരവേല്‍ക്കുന്നത്. അതൊരു പുരുഷ ശബ്ദമായിരുന്നെങ്കില്‍ കുറച്ചു കൂടി മികച്ച് നിന്നേനെയെന്ന് തോന്നി. ഉറുമി എന്നൊരു ചിത്രം സന്തോഷ് ശിവന്റെ വിഷ്വല്‍ ട്രീറ്റ്മെന്റിന്റെ പേരില്‍ നമുക്കെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ചിത്രമാണ്.
ജെനീലിയ, ജഗതി എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും ചിറയ്ക്കല്‍ തന്പുരാനെ അവതരിപ്പിച്ച
നടനും ഏറെ മികച്ച് നിന്നു. ബബിളി കാരക്ടറായി മാത്രം നാമെല്ലാം കണ്ടിട്ടുള്ള ജെനീലിയയുടെ
കരിയറിലെ മികച്ചൊരു കഥാപാത്രമാണിതെന്ന് പറയേണ്ടതില്ലല്ലോ. ജഗതിയുടെ സ്ത്രൈണ സ്വഭാവമുള്ള കഥാപാത്രത്തിന്റെ അവസാന രംഗങ്ങളിലെ ഭാവമാറ്റം ശരിക്കും ഈ അതുല്യ നടന് മാത്രം കഴിയുന്നതാണ്.
ആര്യ, നിത്യമേനോന് , വാസകോഡ ഗാമയും, അദ്ദേഹത്തിന്റെ പുത്രനായി എത്തുന്ന വിദേശികളും.
ചിറക്കല്‍ തന്പുരാന്റെ പുത്രനായി എത്തുന്ന അഭിനേതാവ് എല്ലാവരും വളരെ ഭംഗിയായി തന്നെ
അഭിനയിച്ചു എന്ന് പറയണം. ഏറെയൊന്നും ചെയ്യാനില്ലെങ്കിലും വിദ്യാബാലനും,തബുവും(ഒരു പാട്ടില്‍ മാത്രം) ഈ ചിത്രത്തില്‍ തലകാണിക്കുന്നുണ്ട്. ചിത്രത്തിലെ പാട്ടുകളൊക്കെ ഇപ്പോള്‍ത്തന്നെ നമുക്കെല്ലാം സുപരിചിതമായി കഴിഞ്ഞിരിക്കുന്നു.
പൃഥ്വിരാജും പ്രഭുദേവയും അവതരിപ്പിക്കുന്ന കേളു നയനാരും, വവ്വാലിയും ഇനിയും കുറേനാള്‍ നമ്മുടെ
മനസ്സുകളില്‍ തങ്ങുമെന്നത് തീര്‍ച്ച. ഒരു മോഹന്‍ലാല്‍ ആരാധകനായ എനിക്ക്, പൃഥ്വിയുടെ
ഇഷ്ടചിത്രങ്ങള്‍ വര്‍ഗം, വാസ്തവം, ക്ലാസ്മേറ്റ്സ് എന്നിവയാണ്. ആ പട്ടികയിലേക്ക് ഞാന്‍ ഉറുമിയെയും
ചേര്‍ക്കുന്നു.
ഇതുപോലൊരു ചിത്രം നമുക്കിനി കാണുവാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം, ചിലപ്പോള്‍
കണ്ടെന്ന് തന്നെ വരില്ല. സന്തോഷ് ശിവന് ഒരു മികച്ച ഡയറക്ടറാണെന്ന് പറയനാവില്ലെങ്കിലും ഈ
ചിത്രത്തിലെ ഓരോ ഫ്രെയിമും അദ്ദേഹത്തിന്റ പ്രതിഭയെ വിളിച്ചറിയിക്കുന്നതാണ്.
പറങ്കിയായാലും ബ്രിട്ടീഷായാലും ഫ്രഞ്ചായാലും കച്ചവടക്കണ്ണുകളോടെ ഭാരതിലെത്തിയ ഈ
വിദേശീയര്‍ക്കെതിരെ നാട്ടുകാരില്‍ നിന്ന് ചെറുത്ത് നില്പുണ്ടായിട്ടുണ്ടെന്നുള്ളത് സത്യം.
ഈ ചിത്രത്തില്‍ പറഞ്ഞിരിക്കുന്ന ചരിത്രം ശരിയോ തെറ്റോ എന്നെനിക്കറിയില്ല. പക്ഷേ
ഐലന്റ്എക്സ്പ്രസ് എന്ന ചിത്രത്തിലൂടെ ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ പൂര്‍ത്തിയായ ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടും എന്നത് തീര്‍ച്ച.
വാല് : കാര്യമിതൊക്കെയാണെങ്കിലും, രാത്രി ജീവന്‍വയ്ക്കുന്ന നാഗത്തെ കാട്ടിത്തരാമെന്ന് പറഞ്ഞ്
പറ്റിച്ചത് വല്ലാത്തൊരു കഷ്ടമായിപ്പോയി.
കഷ്ണം : ഷോ കഴിഞ്ഞിറങ്ങിയപ്പോള്‍ അടുത്ത ഷോയ്ക്കായി സാമാന്യം നല്ല തിരക്കുണ്ടെന്നുള്ളത്
സന്തോഷം തരുന്നൊരു കാഴ്ച്ചയായിരുന്നു.