Thursday, July 23, 2009

ഭ്രമരം : ഭ്രമിപ്പിക്കുന്ന ക്ലാസ്സിക്

എന്‍റെ ഈ പോസ്റ്റ് വായിക്കുന്പോള്‍ നിങ്ങളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് 'ആറിയ കഞ്ഞി പഴങ്കഞ്ഞി' എന്നായിരിക്കും. പലരും റിവ്യൂ ചെയ്ത് കഴിഞ്ഞ ഭ്രമരത്തെക്കുറിച്ച് ഇനിയൊരു റിവ്യൂ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല പക്ഷേ ഇന്നലെ ഭ്രമരം കണ്ടിറങ്ങിയപ്പോള്‍ മുതല്‍ മനസ്സ് പറയുന്നുണ്ടായിരുന്നു ഇത് എന്തായാലും പോസ്റ്റ് ചെയ്യണമെന്ന്.

പല ദിക്കുകളില്‍ നിന്നും ആദ്യമേ കേട്ടതായിരുന്നു 'ലാലേട്ടന്‍റെ മികച്ച് 10 കഥാപാത്രങ്ങളിലൊന്നാണ്' ഭ്രമരത്തിലെ ശിവന്‍കുട്ടിയെന്ന് .ആദ്യ ആഴ്ച് തന്നെ കാണണമെന്ന് വിചാരിച്ചെങ്കിലും പല കാരണങ്ങളാലും അത് മുടങ്ങി. 'പടം കണ്ടോ' എന്ന് ചോദിക്കുന്ന കൂട്ടുകാരോട് ഇല്ല എന്ന് പറയുന്നത്, 'താന്‍ എന്ത് മോഹന്‍ലാല്‍ ഫാന്‍ ഊവേ' എന്ന അവരുടെ മറുപടിയുമാക്കെയായി ആഴ്ചകള്‍ അങ്ങനെ കഴിഞ്ഞ് പോയി. പതുക്കെ പതുക്കെ പടത്തിനെക്കുറിച്ച് ആവറേജ്, 'ലാലേട്ടന്‍ കൊള്ളാം' എന്നൊക്കെ റിപ്പോര്‍ട്ടുകളും കേട്ടുതുടങ്ങി. ചിലര്‍ പറഞ്ഞു 'ബുദ്ധിജീവികളാണ് പടം സൂപ്പര്‍ എന്ന് പറയുന്നത് ' 'സാധാരണക്കാര്‍ക്ക് ആവറേജ് എന്നെ തോന്നുള്ളു'. എത്ര എത്ര പടങ്ങള്‍ ആരവങ്ങളും ആവേശങ്ങളുമായി
കണ്ടിരിക്കുന്നു, ലാലേട്ടന്‍റെയും ബ്ലെസ്സിയുടേയും ഈ ക്ലാസ്സിക് ആരവങ്ങളില്ലാതെ കാണുവാനായിരിന്നിരിക്കും വിധി.

ചിത്രത്തിന്‍റെ സാങ്കേതികതയെയും തിരക്കഥയെയുമെല്ലാം കീറി മുറിച്ച് വിശകലനം ചെയ്യാനൊന്നും എനിക്കറിയില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പടം എനിക്ക് ഇഷ്ടപ്പെട്ടു... വളരെയേറെ ഇഷ്ടപ്പെട്ടു...

ഇനി ഞാന്‍ ഒരു 'ബുദ്ധി ജീവി ' ആയത് കൊണ്ടാണോ? എന്ന് ചോദിച്ചാല്‍ :)

ഭ്രമരത്തിലെ ശിവന്‍കുട്ടിയുടെ ഭാവമാറ്റം കാണുവാന്‍ തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ ബാല്‍ക്കണി 90 ശതമാനവും താഴെ 70 ശതമാനവും നിറഞ്ഞിരുന്നു. റിലീസ് കഴിഞ്ഞ് ഇത്ര ദിവസമായതും, പുതിയ പടങ്ങളായാലും വ്യാജ സിഡിയിലൂടെ കാണുകയെന്നതുമൊക്കെയാവാം കാരണമെന്ന് കരുതി ആശ്വസിച്ചു. ബാല്‍ക്കണിയില്‍ സാമാന്യം നല്ല രീതിയില്‍ ഫാമിലി സാന്നിധ്യമുണ്ടായിരുന്നു.

മാറി മറിയുന്ന ഭാവങ്ങള്‍ ‍, നെഗറ്റീവ് ടച്ച് എന്നിവ ഇത്രമേല്‍ മനോഹരമായി അവതരിപ്പിക്കാന്‍ ലാലേട്ടനല്ലാതെ ആരുമില്ലെന്ന വീണ്ടും വീണ്ടും തെളിയിക്കുകയാണ് ശിവന്‍കുട്ടി.ആ മഹാപ്രതിഭയുടെ അഭിനയത്തെക്കുറിച്ച് പ്രകീര്‍ത്തിച്ചു സംസാരിക്കാന്‍ ഞാനാളല്ല. അത് വേണ്ടുവോളം മഹാന്മാരായ പലരും മുന്പ് പറഞ്ഞിട്ടുണ്ട്. ലക്ഷ്മി ഗോപാലസ്വാമി,മുരളീകൃഷ്ണന്‍ ‍, ബേബി നിവേദിത എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

ഇന്നേവരെ മലയാളസിനിമ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ക്യാമറ ആംഗിളുകളും ക്രെയിന്‍ഷോട്ടുകളും ജീപ്പ് ഷോട്ടുകളുമായി ബ്ലെസ്സിയും
അജയന്‍ വിന്‍സെന്‍റും ഭ്രമരം വളരെ ഹൃദ്യമായിതന്നെ ചിത്രീകരിച്ചിട്ടുണ്ട്. ലാലേട്ടനിലെ പ്രതിഭ കഥാപാത്രത്തിലേക്ക് ആവാഹിച്ചെടുക്കാന്‍ കഴിഞ്ഞു എന്നത് ബ്ലെസ്സിയുടെ കഴിവ് തന്നെ.

ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇമ്പമേറിയതാണ്. ചിത്രത്തില്‍ വേണ്ട വിധം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ശ്രോതാവെന്ന നിലയില്‍ "അണ്ണാറക്കണ്ണാ വാ... " എന്ന ഗാനം മുഴുവനായി കേള്‍ക്കാനായില്ലല്ലോ എന്ന ദുഃഖം ബാക്കി നില്‍ക്കുന്നു.

ഭ്രമരം എന്നത് ഒരു ക്ലാസ്സികാണ്, ഭ്രമിപ്പിക്കുന്ന ഒരു ക്ലാസ്സിക്.
മലയാള സിനിമയെ സ്നേഹിക്കുന്നവര്‍ ഈ സിനിമ കണ്ടിരിക്കും അത് തീര്‍ച്ച...
Related Posts with Thumbnails