Friday, May 4, 2012

ഹര്‍ത്താല്‍ കൊയ്ത്ത്

ഇന്ന് രാവിലെ അമൃതയില്‍ തിരുവന്തപുരത്ത് വന്നിറങ്ങുന്നതിന് മുമ്പേ തന്നെ ട്രെയിനിലിരുന്ന് ആ വാര്‍ത്ത അറിഞ്ഞിരുന്നു. കേരളത്തിലിന്ന് ഹര്‍ത്താല്‍. കാര്യമായ ഞെട്ടലൊന്നുമുണ്ടായില്ല, ആര്‍ക്കും എന്തിന് വേണമെങ്കിലും ഹര്‍ത്താല്‍ നടത്താവുന്ന ഒരു നാടായി മാറിക്കഴിഞ്ഞുവല്ലോ നമ്മുടെ നാട്.

കൈനാട്ടിയില്‍(വടകര) നടന്ന രാഷ്ട്രീയകൊലപാതമാണ് ഇന്നതെ ഹര്‍ത്താലിന് പിന്നില്‍. കൈനാട്ടിയില്‍ കഴിഞ്ഞാഴ്ച പോയിരുന്നു ഒരു കല്യാണം കൂടാന്‍. സ്നേഹമുള്ള മലബാറുകാരുടെ പേര് കളയിക്കാന്‍ മാത്രമേ ഇതുപോലുള്ള സംഭവങ്ങളും കണ്ണൂര്‍ അക്രമപരമ്പരകളുമൊക്കെ ഉപകരിച്ചിട്ടുള്ളു.

പറയാനുദ്ദേശിച്ചത് ഹര്‍ത്താലിനെയോ അതിനുള്ള കാരണങ്ങളെയോ കുറിച്ചൊന്നുമല്ല. ഹര്‍ത്താലിനെ എങ്ങനെ പ്രയോജനകരമാക്കാമെന്ന്(അവര്‍ക്ക്) ചിലര്‍ നടപ്പിലാക്കിയതിനെക്കുറിച്ചാണ്.


തലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയതും നല്ല രീതിയില്‍ മഴയും പെയ്യുന്നുണ്ടായിരുന്നു. പ്രതീക്ഷയ്ക്ക് വിപരീതമായി നിരത്തില്‍ നിറയെ വാഹനങ്ങള്‍. ഓട്ടോയും ബസ്സുമെല്ലാം സാധാരണ ഗതിയില്‍തന്നെ  സര്‍വ്വീസ് നടത്തുന്നുണ്ട്. ഹര്‍ത്താലാഹ്വാനം ചെയ്തത് യുഡിഎഫ് ആണെന്നതാണോ വൈകി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരും അറിയാത്തതാണോ കാര്യമെന്ന് അറിയില്ല.

പ്രീപെയിഡ് കൌണ്ടറിന് മുന്നിലെത്തിയപ്പോള്‍ ഹര്‍ത്താല്‍ കാരണം അത് പ്രവര്‍ത്തിക്കുന്നില്ലെന്ന മറുപടി കിട്ടി. പക്ഷേ രസകരമായ സംഭവമെന്താണെന്ന് വെച്ചാല്‍ പ്രീപെയ്ഡ് കൌണ്ടറിന് മുന്നിലുള്ള ട്രാഫിക്ക് പോലീസുകാരുടെ മുന്നില്‍ വച്ച് തന്നെ ഓട്ടോ ഡ്രൈവര്‍മാര്‍ ഡബിള്‍ റേറ്റിന് ഓട്ടം പിടിക്കുന്നത് നമുക്ക് കാണാവുന്നതാണ്. അവിടെയും കാരണം ഹര്‍ത്താല്‍ തന്നെ.

എല്ലാം കഴിഞ്ഞപ്പോള്‍ ഒരു സംശയം മാത്രം ബാക്കിയായി.സവാരിക്ക് പോകാനായി ആളുകള്‍ നിറയെ ഉണ്ട്.സവാരിക്ക് വരാനായി ഓട്ടോകളും ഉണ്ട്. പിന്നെ എന്തേ പ്രീപെയിഡ് കൌണ്ടറുകാര്‍ക്ക് മാത്രം പ്രവര്‍ത്തിക്കാനൊരു മടി. ഇതിവര്‍ തമ്മിലുള്ള ഒത്തുകളിയാണോ?

ഇന്നെന്തായാലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓടുന്ന ഓട്ടോകള്‍ക്ക് കൊയ്തായിരുന്നു. ഹര്‍ത്താല്‍ കൊയ്ത്ത്.

ഓഫ് ടോപ്പിക് : അവിടെ ചിലവഴിച്ച നിമിഷങ്ങളില്‍ കണ്ടൊരു നല്ല കാര്യം പറയാം. RCCലേക്ക് പോകേണ്ട ഒരു ഫാമിലി വന്നപ്പോള്‍ ട്രാഫിക്ക് പോലീസുകാരന്‍ പ്രീപെയിഡ് റേറ്റില്‍ ഒരു ഓട്ടോ സംഘടിപ്പിച്ച് കൊടുക്കാന്‍ സന്നദ്ധത കാണിച്ചു.




Sunday, October 16, 2011

ഇന്ത്യന്‍ റുപ്പി


തിയേറ്ററില്‍ നീണ്ട ക്യൂ കാണുന്നത് ഏത് സിനിമാപ്രേമിക്കും സുഖകരമായ കാഴ്ചയാണ്.(ടിക്കറ്റ് ആദ്യമേ എടുത്തിട്ടുണ്ടെങ്കില്‍, ഇല്ലെങ്കില്‍ അത് അത്രരസകരമല്ല). താന്‍ കാണുവാന്‍ പോകുന്ന ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് നാട്ടില്‍ പരന്നിരിക്കുന്നതെന്ന് അത് തെളിയിക്കുന്നു. കൊടുക്കുന്ന പൈസ മുതലാവുമെന്ന വിശ്വാസത്തില്‍ അവന് സിനിമ കാണാനായി ഇരിക്കാം.

എല്ലാ ആഴ്ചയ്യും തിരുവനന്തപുരത്തെത്തി ഒന്ന് സെറ്റാവുമ്പോളേക്കും തിരിച്ച് പോകാനുള്ള സമയമായിട്ടുണ്ടാവും. ട്വീറ്ററും ഫേസ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയ ആക്ടിവിറ്റികളുമല്ലാതെ പുറത്തിറങ്ങി സര്‍ക്കീട്ടിനൊന്നും പോകാന്‍ സാധിക്കാറില്ല. @remeshneelamana ഇവിടുണ്ടായിരുന്നപ്പോള്‍ സിനിമ പ്ലാനിംഗെല്ലാം അവന്റെ വകയായിരുന്നു. ഏത് തിയേറ്ററില്‍ ഏത് പടമെന്ന് കണ്ടെത്തി വിളിക്കും. വണ്ടിയുമായി ഇറങ്ങിയാല്‍ മാത്രം മതി. ആ പതിവൊക്കെ എന്നേ മാറിയിരിക്കുന്നു.

രാവിലെ പത്ത് മണി കഴിഞ്ഞിരിക്കുന്നു. ഫോണില്‍ അരുണ്‍ സത്യന്റെ കോള്‍
'ഇന്ത്യന്‍ റുപ്പി കാണാന്‍ വരുന്നോ? നിങ്ങള്‍ക്ക് ടിക്കറ്റ് എടുക്കണോന്നറിയാന്‍ വിളിച്ചതാ' ഹലോ പറയുന്നതിന് മുമ്പ് അരുണിന്റെ ചോദ്യം

'ഏടെയാ പടം' കോയമ്പത്തൂരിലേക്ക് പറിച്ച് നടപ്പെട്ട ശേഷം ഇത്തരം കാര്യങ്ങളൊന്നും ഒരു തിട്ടവുമില്ലാതായിരിക്കുന്നു

'ശ്രീപദ്മനാഭ, വരുന്നുണ്ടെങ്കില്‍ പതിനൊന്നിന് മുമ്പ് എത്തണം' അരുണ്‍ പറഞ്ഞു

'ടിക്കറ്റ് കിട്ടാന്‍ സാധ്യതയുണ്ടോ?'

'അത് നമ്മളെടുത്തേക്കാം നിങ്ങള്‍ സമയത്തിന് എത്തിയാല്‍ മതി' ഫോണ്‍ വയ്ക്കുന്നതിന് മുമ്പായി അരുണ്‍ പറഞ്ഞു


ഒട്ടും പ്രതീക്ഷിക്കാതെ വന്നൊരു സിനിമാ ക്ഷണം, അതും റിവ്യൂ സൈറ്റുകളിലും സുഹൃത്തുക്കളുടെ ഇടയിലും മികച്ച അഭിപ്രായം നേടിയ ചിത്രം. പതിനൊന്ന് മണിയോടെ ശ്രീപദ്മനാഭയിലെത്തി. ഒരു വിധത്തില്‍ പാര്‍ക്കിംഗ് സ്പേസ് കണ്ടെത്തി, എന്നെയും കാത്തിരുന്ന @arun_sathyan @raj1591 എന്നിവരുടെ അടുത്തെത്തി. നേരത്തെ സൂചിപ്പിച്ച പോലെ സാമന്യം നല്ല തിരക്ക്, ഞായറാഴ്ചയ്യുടേതാകും.


പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നല്ല ടൈം ആയതോണ്ടാവും, പേരില്‍ സ്വാമിയോട് സാമ്യമുള്ള ശ്രീപദ്മനാഭയും ആകെ മാറിയിരിക്കുന്നു. പുതിയ സീറ്റുകളൊക്കെയായി ഒരു പുതുമോടി.


ചിത്രം തുടങ്ങി രഞ്ജിത്തിന്റെ പേരെഴുതിക്കാണിച്ചപ്പോളുള്ള കൈയ്യടി ശുഷ്കമായിരുന്നെങ്കിലും ഉറങ്ങിക്കിടന്നിരുന്ന നായകന്‍ മുഖത്തേ പുതപ്പ് മാറ്റി സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ കൂവലിന് ഒരു കുറവുമുണ്ടായിരുന്നില്ല. കാരണം മലയാളികളുടെ എന്തിനോ വേണ്ടിയുള്ള പകപ്പോക്കലിന് കളിപ്പന്തായി മാറേണ്ടി വന്ന ആ നായകന്‍ പൃഥ്വിരാജാണല്ലോ.

ചിത്രം തുടങ്ങി ആദ്യ കുറേ സീനുകള്‍ കണ്ടപ്പോള്‍ നാട്ടില്‍ ചെന്നൊരു പ്രതീതി. മാനാഞ്ചിറ മൈതാനവും, മിഠായിത്തെരുവും പാളയവും കോഴിക്കോട് ബീച്ചുമെല്ലാം ആ ഓര്‍മ്മകളിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളുമെല്ലാം നിങ്ങള്‍ ബ്ലോഗുകളിലൂടെയെല്ലാം വായിച്ച് കഴിഞ്ഞിരിക്കുമെന്നറിയാം എന്നാലും ഞാനും അത് ചെറുതായി പറയാം.

എന്നെയും നിങ്ങളെയും പോലെ പണക്കാരനാകണമെന്ന ആഗ്രഹവുമായി നടക്കുന്ന സാധാരണക്കാരനായ ഒരു 9ത്ത് പാസ്സ് മാത്രമായ ജെ.പി എന്ന ജയപ്രകാശായി പൃഥ്വി. ജെപിയുടെ പാര്‍ട്ടണറായ സിഎച്ച് ആയി പ്രാഞ്ചിയേട്ടനിലെ തമാശക്കാരന്‍ ഡ്രൈവറായി നമ്മളെ ചിരിപ്പിച്ച ടിനി ടോം , കാമുകി ഡോക്ടര്‍ ബീനയായി റിമ കല്ലിങ്കലും 'എവിടെയായിരുന്നു ഇതുവരെ' എന്ന് മലയാള സിനിമ പ്രേക്ഷകരെക്കൊണ്ട് (കാരണം അറിയാമായിട്ടു പോലും) ചോദിപ്പിക്കാന്‍ തോന്നിപ്പിക്കുന്ന അഭിനയ പ്രകടനവുമായി തിലകന്‍, ഗോള്‍ഡന്‍ പാപ്പനായി ജഗതിയും, രേവതി മാമുക്കോയ ലാലു അലക്സ്, സീനത്ത് അങ്ങനെ നമ്മുടെ ഇഷ്ടതാരങ്ങളും അടങ്ങിയ ഒരു രഞ്ജിത്ത് ചിത്രം അതാണ് ഇന്ത്യന്‍ റുപ്പി

തിലകന്റെ മടങ്ങി വരവ്, പൃഥ്വിയുടെ മികച്ച കഥാപാത്രം , ടിനിടോം അവതരിപ്പിക്കുന്ന മുഴുനീള കഥാപാത്രം, ജഗതിയുടെ ഗോള്‍ഡന്‍ പാപ്പന്‍ എന്നിവര്‍ ഈ ചിത്രത്തിലെ പ്ലസ്സുകളാണ്. രേവതിയില്‍ നിന്ന് കമ്മീഷന്‍ നേടാനുള്ള മാര്‍ഗ്ഗം തിലകന്‍ പറഞ്ഞു കൊടുക്കുന്ന രംഗം, മാമുക്കോയയും മറ്റും ടിപ്പ് കൊടുത്ത് ജെപിയെയും മറ്റും ഗോള്‍ഡന്‍ പാപ്പിയുടെ ഡീലില്‍ നിന്ന് പിന്മാറ്റാന്‍ ശ്രമിക്കുന്ന സീന്‍ , ജെപിയുടെ സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങ് , ജെപി അച്യുതമേനോനോട്(തിലകന്‍) 'ഇത്രയും നാള്‍ എവിടെയായിരുന്നു താങ്കള്‍' എന്ന് ചോദിക്കുന്നതും അതിന് മറുപടിയായി തിലകന്റെ പൊട്ടിച്ചിരിയും അതുപോലെ ചില രസകരമായ ഡയലോഗുകള്‍ വരുന്ന ഓര്‍മ്മയില്‍ നില്‍ക്കുന്ന ഓര്‍ത്ത് ചിരിക്കാവുന്ന ചിന്തിപ്പിക്കുന്ന കുറേയധികം നല്ല രംഗങ്ങള്‍ നമുക്കായി സംവിധായകനും അഭിനേതാക്കളും ഒരുക്കിയിട്ടുണ്ട്.


ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഇതൊരു രഞ്ജിത്ത് ചിത്രമാണെന്ന് സംവിധായകന്‍ പറയുകയുണ്ടായി എന്നാല്‍ ഞാനതിനെ ഇങ്ങനെ തിരുത്തുവാന്‍ ആഗ്രഹിക്കുന്നു


ഇതൊരു പൃഥ്വി ചിത്രമാണ്, ടിനിടോമിന്റെ ചിത്രമാണ്, തിലകന്റെ ചിത്രമാണ്, ജഗതിയുടെ ചിത്രമാണ്. എവിടെയോ വായിച്ചത് പോലെ ഒരു ത്രില്ലറെന്ന തോന്നലുണ്ടായില്ലെങ്കിലും (കഥയും കാര്യങ്ങളുമെല്ലാം നേരത്തെ അറിഞ്ഞത് കൊണ്ടാകാം) കൊടുക്കുന്ന കാശ് മൊതലായി എന്ന തോന്നല്‍ നമുക്കുണ്ടാക്കുന്ന ഒരു രഞ്ജിത്ത് & ക്രൂ ചിത്രം.

Thursday, August 18, 2011

എന്തിനീ രണ്ടാം യുപിഎ സര്‍ക്കാര്‍

യുപിഎ സര്‍ക്കാരിന്റെ കടുത്ത ആരാധകര്‍ പോലും ചോദിച്ചു പോകാവുന്നൊരു ചോദ്യമാണ് - "എന്തിനീ രണ്ടാം യുപിഎ സര്‍ക്കാര്‍". ഒന്നാം യുപിഎ സര്‍ക്കാരിന്റെ തമ്മില്‍ ഭേദമായ ഭരണത്താല്‍ ജനങ്ങള്‍ അധികാരത്തിലേക്ക് വീണ്ടും വോട്ട് ചെയ്തു കയറ്റിയപ്പോള്‍ ഏറെ പ്രതീക്ഷയായിരുന്നു ഈ സര്‍ക്കാരിനെക്കുറിച്ച്. തങ്ങള്‍ ചെയ്ത പദ്ധതികളാലല്ല മറിച്ച് ചെയ്തു കൂട്ടിയ അഴിമതിയുടെയും പുറത്തുപോയ മന്ത്രിമാരുടെയും പേരിലാണ് ഇന്നീ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധേയം എന്നതാണ് സത്യം.

ഞാന്‍ അണ്ണാഹസാരെയുടെ ആരാധകനല്ല. അദ്ദേഹം തയ്യാറാക്കിയ ലോക്പാല്‍ ബില്ല് എന്താണെന്ന് വായിച്ചു നോക്കിയിട്ടുമില്ല. അദ്ദേഹം ചെയ്യുന്നത് ശരിയോ തെറ്റോ എന്ന് അഭിപ്രായം പറയുവാനും എനിക്കിപ്പോള്‍ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷേ ഒരു കാര്യം എനിക്കും ഇടക്ക് തോന്നിപ്പോകാറുണ്ട് ഈ സര്‍ക്കാര്‍ എന്തേ ഇങ്ങനെയായിപ്പോയി എന്ന്.

തീവ്രവാദികള്‍ക്കെതിരെയും നക്സലുകള്‍ക്കെതിരെയും നടപടിയെടുക്കുന്നതിന് മുമ്പ് ഒന്നു മടിച്ചു നില്‍ക്കുകയും ചിലപ്പോള്‍ നടപടിത്തന്നെ വേണ്ടെന്ന് വയ്ക്കുകയും ചെയ്യുന്ന സര്‍ക്കാരിന് അണ്ണയുടെ ഈ ജനകീയ സമരത്തിനെതിരെ ആഞ്ഞടിക്കുവാന്‍ ഒരു മടിയും തോന്നിയില്ലല്ലോ. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി വന്ന് വിഘടനവാദികളോട് ചര്‍ച്ച നടത്തി കൈക്കൊടുത്തു മടങ്ങിയപ്പോള്‍ മന്ത്രിയുടെ സൌന്ദര്യത്തില്‍ മതിമറന്നിരുന്ന സര്‍ക്കാര്‍ അവരുടെ ഈ നടപടിയെ ഒന്നു വിമര്‍ശിക്കുക പോലുമുണ്ടായില്ല. രാജ്യത്തിനെതിരെ ശബ്ദിക്കുന്നവനെ വെറുതേ വിട്ടാലും ശരി ഭരണകൂടത്തിനെതിരെ ശബ്ദിച്ചാല്‍ നടപടി എന്നതാണോ ഈ സര്‍ക്കാര്‍ ഇതിലൂടെ വ്യക്തമാക്കുന്നത്. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ചൈന കാണിച്ചിരുന്ന ഉത്സാഹമാണ് ഇന്ന് ഇന്ത്യയും കാണിക്കുന്നത്.

സിറിയയിലെയും ബഹറിനിലെയും ലിബിയയിലെയും പോലെ സായുധ വിപ്ലവമല്ല അണ്ണയുടെ സമരം. ഇതൊരിക്കലും ആ ഒരു തലത്തിലേക്ക് പോകുമെന്ന് കരുതുന്നുമില്ല. ഈ സമരത്തിന് അങ്ങനെയൊരു മുഖം വരുകയാണെങ്കില്‍ തന്നെ ഇന്ന് അണ്ണയെയും ടീമിനെയും പിന്തുണയ്ക്കുന്ന ജനങ്ങളില്‍ പലരും ഈ പിന്തുണ പിന്‍വലിക്കുമെന്നതും തീര്‍ച്ച.



ലോക്പാല്‍ ബില്ല് പാസ്സാവണമെന്ന് പാര്‍ട്ടിഭേതമന്യേ ഒരു രാഷ്ട്രീയക്കാരനും ആഗ്രഹമില്ലെന്നുള്ളതാണ് സത്യം. മടിച്ച് മടിച്ച് പിന്തുണ നല്‍കുന്ന പല പാര്‍ട്ടികളും അണ്ണ ഹസാരെ കൊണ്ടുവന്ന ലോക്പാല്‍ ബില്ല് പാര്‍ലമെന്റില്‍ വന്നാല്‍ എതിര്‍ത്തു വോട്ട് ചെയ്യുമെന്നുള്ളതാണ് സത്യം. ആ സത്യാവസ്ഥ വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് കോണ്‍ഗ്രസ്സും ഇങ്ങനെയൊരു നാടകത്തിന് മുതിരുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ശക്തമായൊരു പ്രതിപക്ഷമില്ലാത്തത് ഈ സര്‍ക്കാരിന് അപാരമായ ധൈര്യം തന്നെയാണ് നല്‍കുന്നത്.

പ്രധാന പ്രതിപക്ഷമായ ബിജെപി ആര് നയിക്കണം , എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ്. ഒരു മികച്ച നേതാവിനെ കണ്ടെത്താനാവാതെ കഷ്ടപ്പെടുന്ന പാര്‍ട്ടിക്ക് അവരുടെ ഉള്ളിലെ പ്രശ്നങ്ങള്‍ തന്നെ പരിഹരിക്കാന്‍ സമയമില്ലാതിരിക്കുമ്പോള്‍ എങ്ങനെ ഭരണപക്ഷത്തെ അടിക്കാന്‍ സമയം കിട്ടും.

പിന്നെയുള്ളത് കൊല്ലങ്ങളോളം അവര്‍ ഭരിച്ചിരുന്ന സംസ്ഥാനത്ത് തോറ്റ്. തോറ്റതിന്റെ പിറ്റേന്ന് മുതല്‍ ബംഗാള്‍ നശിക്കുകയാണെന്നും ബംഗാളികളെ രക്ഷിക്കാനായി കേരളത്തില്‍ ബക്കറ്റ് പിരിവു നടത്തുന്ന സഖാക്കന്മാരുടെ പാര്‍ട്ടിയാണ്. ദേശീയ തലത്തില്‍ ഇനിയും ഒരു ശക്തിയായി ഉയരാന്‍ പ്രാപ്തരാണെന്ന് മുഴുവനായി തെളിയിക്കുവാന്‍ സാധിച്ചിട്ടില്ലാത്ത ഇവരിലും ജനത്തിന് പ്രതീക്ഷയില്ല.

ഫലം വേറെയൊന്നുമല്ല, അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുകയും നവീന്‍ ജിന്‍ഡാല്‍, സച്ചിന്‍ പൈലറ്റ് ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ ചെറുപ്പക്കാരുടെ നിരത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിനെ കണ്ട് വീണ്ടും പ്രതീക്ഷയോടെ ജനങ്ങള്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത് നാം കാണേണ്ടി വരും.

മന്ത്രിസഭയില്‍ അംഗമായി ചുമതലകള്‍ ഏറ്റെടുത്ത് മികച്ചൊരു ഭരണകര്‍ത്താവെന്ന് തെളിയിക്കുവാന്‍ മന്‍മോഹന്‍ സിംഗ് രാഹുല്‍ഗാന്ധിക്ക് നല്‍കിയ അവസരം വേണ്ടെന്ന് വെച്ച രാഹുലിനെ പ്രധാനമന്ത്രിയായി ഉയര്‍ത്തരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മികച്ചൊരു ധനമന്ത്രി എന്നതായിരുന്നു പ്രധാനമന്ത്രിയാവുന്നതിന് മന്‍മോഹന്‍ സിംഗിന്റെ ചവിട്ടുപടി. അതുപോലെ മന്ത്രിസഭയില്‍ അംഗമായി കഴിവു തെളിയിച്ചതിന് ശേഷം പ്രധാനമന്ത്രിക്കുപ്പായം ഇടുന്നതല്ലേ രാഹുലിന് രാജ്യത്തിനും ഗുണകരം?

കോണ്‍ഗ്രസ്സ് ഒരു കാര്യം മനസ്സിലാക്കണം നിങ്ങളുടെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഇത്രയും മോശമായ പ്രകടനത്തിന് ശേഷവും നിങ്ങള്‍ ജയിക്കുന്നുവെങ്കില്‍ അത് രാഹുല്‍ ഗാന്ധിയിലെ യുവ രാഷ്ട്രീയക്കാരനില്‍ പ്രതീക്ഷ(വ്യര്‍ത്ഥമായ) അര്‍പ്പിച്ച് ജനങ്ങള്‍ വോട്ട് ചെയ്യുന്നത് കൊണ്ട് മാത്രമല്ല മികച്ചൊരു പ്രതിപക്ഷമില്ലാത്തത് കൊണ്ടും കൂടിയാണ്.



Thursday, August 4, 2011

കൊതിയൂറും സാള്‍ട്ട് & പെപ്പര്‍

സാള്‍ട്ട് & പെപ്പര്‍ എന്ന ചിത്രത്തെക്കുറിച്ച് ഇതില്‍ വളരെ കുറച്ചേ പറയുന്നുള്ളു എന്ന് ആദ്യമേ സൂചിപ്പിക്കുന്നു.........


വര്‍ഷമൊന്നാകുന്നു
(ഒരു മാസം കുറവ്) കോയമ്പത്തൂരിലേക്ക് പറിച്ച് നടപ്പെട്ടിട്ടു. ഇത്രയേറെ തിയേറ്ററുകളുള്ള ഒരു നാട്ടില്‍ വന്നിട്ട് ഒറ്റ സിനിമപോലും തിയേറ്ററില്‍ പോയി കാണാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. വിരലിലെണ്ണാവുന്ന വീക്കെന്‍ഡുകള്‍ മാത്രമേ ഞാനീ കോയമ്പത്തൂരില്‍ ചിലവഴിച്ചിട്ടുള്ളു. അതിലും പലത് ഉറങ്ങിയും വായിച്ചും തീര്‍ത്തവ. ബാക്കിയുള്ളവയെല്ലാം ഞാന്‍ നാട്ടിലായിരിക്കും. ഹോം സിക്കനസ് ആണെന്ന് പറയാന്‍ പറ്റില്ല കാരണം നാട്ടിലെത്തിയാലും വീട്ടിലിരിക്കുന്നത് അപൂര്‍വ്വമാണ്. ഇതിന് മുമ്പ് ഇവിടെനിന്നൊരു സിനിമ കാണാനുള്ള ശ്രമം (കോ) എന്റെയൊരു സുഹൃത്തിന്റെ സഹായസഹകരണം കൊണ്ട് ഞാന്‍ ഒന്നര മണിക്കൂര്‍ ഗാന്ധിപുരത്ത് പോസ്റ്റ് ആയി എന്നതല്ലാതെ തിയേറ്ററിന്റെ പടിക്കല്‍ പോലും എത്തിയില്ല.


പോസ്റ്ററുകളുടെ അട്രാക്ഷന്‍ കാരണം കാണണം കാണണം എന്ന് കരുതിയിരുന്ന ചിത്രമായിരുന്നു സാള്‍ട്ട്
& പെപ്പര്‍ പക്ഷേ പടം കോയമ്പത്തൂര്‍ റിലീസ് വൈകിയാണെന്നറിഞ്ഞു. പിന്നെ ഓഫീസ് തിരക്കിലും മറ്റുമായി സംഭവം മറന്നും പോയി. തിങ്കളാഴ്ച പതിവുപോലെ ട്വിറ്ററില്‍ വിരാജിച്ചു കൊണ്ടിരുന്നപ്പോളാണ് കോയമ്പത്തുരിലുള്ള ഒരു ട്വിറ്റര്‍ സുഹൃത്തില്‍ നിന്നറിഞ്ഞത് (@EndsPick) പടം ഇവിടെയെത്തീട്ടുണ്ടെന്ന്.

ഷമ്മയോട് (കോ കാണാമെന്ന് പറഞ്ഞ് പറ്റിച്ച കോ(പ്പന്‍)ളീഗ്) കാര്യം അവതരിപ്പിച്ചപ്പോള്‍ പോകാമെന്ന തീരുമാനമായി. എല്ലാവര്‍ക്കും സൌകര്യമുള്ള തീയ്യതിയായത് കൊണ്ട് പടം കാണാന്‍ ബുധനാഴ്ച പോകാമെന്ന് ഉറപ്പാക്കി.


'അല്ല ഈ കര്‍ണ്ണാടിക് തിയേറ്റര്‍ എവിടെയാണ്' സംശയം ഞാന്‍ ഷമ്മയോട് ചോദിച്ചു


'ഡോ, ഒരു വര്‍ഷമായില്ലേടാ താന്‍ ഇവിടെയെത്തീട്ട്, എന്നിട്ടും ഇതുവരെ ഇതൊന്നും മനസ്സിലാക്കിയില്ലേ കഷ്ടം'


'അത് പിന്നെ' മറുപടി പറയാനായി ഞാനൊരുങ്ങി


'ആ അതിന് വല്ലപ്പോഴും ഇവിടെ നിന്നിട്ട് വേണ്ടേ ഇവിടെയൊക്കെ ഒന്നു കറങ്ങാന്‍ തന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല' ഷമ്മ തന്നെ മറുപടി പൂരിപ്പിച്ചു


'നിങ്ങള്‍ വരാമെന്ന് പറഞ്ഞു പറ്റിച്ചാലും സ്ഥലം അറിയാതെ പാടുപെടേണ്ടല്ലോ എന്ന് വിചാരിച്ചാണ് ഞാന്‍ സ്ഥലമെവിടാന്ന് ആദ്യമേ മനസ്സിലാക്കാന്‍ ശ്രമിച്ചേ' ഷമ്മയെ ഞാന്‍ പഴയ കാര്യങ്ങള്‍ ഓര്‍മ്മപെടുത്തി


'ഡോ ഒരു അബദ്ധം ഏത് പോലീസുകാരനും സംഭവിക്കുമെന്നല്ലേ, നിങ്ങളെ ഈ പടം ഞാന്‍ കൊണ്ടു പോയി കാണിക്കും'


ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഷമ്മ ഏറ്റെങ്കിലും, ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ വൈകുമെന്ന കാരണം പറഞ്ഞ് ബുക്കിംഗ് പിറ്റേന്ന് ഓണ്‍ലൈന്‍ വഴി നടത്താമെന്ന തീരുമാനത്തില്‍ നമ്മള്‍ അന്ന് പിരിഞ്ഞു.പിറ്റേന്ന് കാര്യം സൂചിപ്പിച്ചപ്പോള്‍ അവന്‍ കൈമലര്‍ത്തി


'ഡോ അവരുടെ പേയ്മെന്റ് ലിസ്റ്റില്‍ എന്റെ ബാങ്ക് ഇല്ല നിങ്ങള്‍ ബുക്ക് ചെയ്യൂ'

'അതിന് ഇയാളടെ ബാങ്ക് തന്നെയല്ലേ എന്റേതും'

'എന്നാല്‍ നമുക്ക് ശ്രീജിത്തിനോട് പറയാം, ആള്‍ എന്തായാലും റിലീവ് ആവുകയല്ലേ ടിക്കറ്റ് അവന്റെ വക ആയിക്കോട്ടെ'

'ആയിക്കോട്ടെ' എന്ന് പറഞ്ഞ് ഞാന്‍ ശ്രീജിത്തിനെക്കൊണ്ട് അഞ്ചു പേര്‍ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. ടിക്കറ്റ് ചാര്‍ജ്ജായ 50 രൂപയും എക്സ്ട്രാ 20 രൂപയും ചേര്‍ത്ത് 70 രൂപ(ആളൊന്നുക്ക്) കൊടുത്തത് നമ്മള്‍ പിരിച്ചു കൊടുക്കുമെന്ന വിശ്വാസത്തിലാണ് ശ്രീ ഇപ്പോഴും ഇരിക്കുന്നത് (പാവം).

അങ്ങനെ പടം കാണുന്ന ദിവസം എത്തി. ടിക്കറ്റ് പ്രിന്റെടുത്തിട്ട് വരുക എന്ന ദൌത്യത്തില്‍ നിന്നും ഷമ്മ ബുദ്ധിപൂര്‍വ്വം ഒഴിവായെങ്കിലും, ട്രാന്‍സ്പോര്‍ട്ടേഷന്‍ വകുപ്പ് പുള്ളിയെത്തന്നെ അടിച്ചേല്‍പ്പിച്ചു നമ്മള്‍. പടത്തിന് പോകാന്‍ കൃത്യം ആറ് മണിക്ക് തന്നെ ഓഫീസിനു മുന്നിലെത്താന്‍ പാകത്തിന് അവന്‍ ഒരു കോള്‍ ടാക്സി അറേഞ്ച് ചെയ്തിട്ടുണ്ടെന്ന് നമ്മളെ അറിയിച്ചു. ഇവിടെ ഓട്ടോ വിളിച്ചു പോകുന്നതിലും ലാഭം ടാക്സി വിളിക്കുന്നതാണ്. പടത്തിന് ഒരു ബില്‍ഡപ്പ് വരുന്നതിനായി ഞാന്‍ പല റിവ്യൂകളിലും, ചിലര്‍ നേരിട്ടും പറഞ്ഞ കാര്യങ്ങള്‍ അവരോടെല്ലാം പറഞ്ഞു കൊണ്ടിരുന്നു 'അതേ ഈ സിനിമ കണ്ടാല്‍ വിശക്കും എന്നാണ് എല്ലാരും പറയുന്നേ...'. പഴയ ഓഫീസില്‍ നിന്ന് പണ്ട് അലിഭായി കാണാനായി ഇരുപതോളം പേരെ കൊണ്ടുപോയതൊക്കെ ഓര്‍മ്മയിലേക്ക് വന്നു ;)

വൈകുന്നേരമായി പറഞ്ഞ സമയത്തിനും പത്തു മിനുട്ട് മുന്നേ ഞാന്‍ ഓഫീസില്‍ നിന്നിറങ്ങി. ആരെയും അവിടെങ്ങും കാണുന്നില്ല. ടാക്സി അറേഞ്ച് ചെയ്തിരിക്കുന്ന ഷമ്മയെ വിളിച്ചു


'ഷമ്മാ നീ എവിടെയാണ്?'

'ഡോ ഞാന്‍ ക്യാന്റീനിലുണ്ടല്ലോ, ചായക്കുടിക്കുകയാണ്'

'വണ്ടി വരാറായി അപ്പോഴാണോ നിങ്ങടെ 'ചായ'കുടി'

'ഇയാളല്ലേ പറഞ്ഞേ ഫിലിം കണ്ടാല്‍ വിശക്കുമെന്ന് അപ്പോള്‍ മുന്‍കരുതലെന്ന നിലക്ക്'

'മതി മതി അത്രേം കരുതിയാല്‍ മതി, ഇയാള്‍ ഇങ്ങോട്ട് വാ, ബാക്കിയുള്ളവരും എത്തീട്ടുണ്ട്' ഞാന്‍ ഷമ്മയോട് പറഞ്ഞു

'ആരെത്തീട്ടെന്താ വണ്ടി മാത്രം എത്തിയില്ലല്ലോ' തിരിഞ്ഞു നോക്കിയപ്പോള്‍ ടീമിലെ പുതുമുഖം പട്ടാമ്പിക്കാരന്‍ ശരത്തിന്റെ മറുപടി

'ഇതും കോ പോലെത്തന്നെയാവുമോ?' ഞാന്‍ ഷമ്മയോട് ചോദിച്ചു

'താനൊന്ന് മിണ്ടാതിരിക്കാമോ?' ഷമ്മ ഫോണില്‍ കോള്‍ടാക്സി സര്‍വ്വീസുകാരെ ഡയല്‍ ചെയ്തു

സമയം ആറ് കഴിഞ്ഞു, മിനുട്ട് സൂചികള്‍ പിന്നെയും മുന്നോട്ട് നീങ്ങുകയാണ്. വിളിക്കുമ്പോള്‍ 'വന്തിട്ടിരുക്കേന്‍' എന്ന മറുപടിയല്ലാതെ ടാക്സി ചേട്ടന്‍ എത്തുന്നില്ല. പറഞ്ഞ സമയം കഴിഞ്ഞു പത്തുമിനുട്ടോളം കഴിഞ്ഞിരിക്കുന്നു. ഇനിയും കാത്തിരുന്നാല്‍ പടം കാണല്ല നടക്കില്ലെന്ന ഉറപ്പായപ്പോള്‍ അവിടെ ഓഫീസ് പരിസരത്തെങ്ങാനും വല്ല കോള്‍ ടാക്സിയും കിടപ്പുണ്ടോന്ന് നോക്കി നമ്മളിറങ്ങി. ഭാഗ്യത്തിന് വണ്ടിക്കിട്ടി കൃത്യസമയത്ത് തന്നെ തിയേറ്ററിലെത്തി. പടം തുടങ്ങി പത്തുമിനുട്ടോളം കഴിഞ്ഞപ്പോള്‍ 'ഞാന്‍ എത്തി' എന്ന് പറഞ്ഞ് ടാക്സി ചേട്ടന്‍ വിളിച്ചു. ചേട്ടനോട് 'സ്മാര്‍ട്ട് ബോയി' എന്ന് പറഞ്ഞു ഷമ്മ ഫോണ്‍ കട്ട് ചെയ്ത് നമ്മള്‍ ശ്രദ്ധ പടത്തിലേക്കാക്കി.


ഇതിത്രയും ആയിട്ട് എന്തേ പടത്തിനെക്കുറിച്ചൊന്നും പറയാത്തെ എന്നാണ് നിങ്ങളുടെ സംശയമെങ്കില്‍ അത് ഞാനായിട്ട് പറയേണ്ടതില്ല
. സകല സിനിമാ റിവ്യൂ എഴുതുന്നവരും കൊള്ളാമെന്ന്(മലയാളത്തിലെ അബൂബക്കര്‍ ഒഴികെ) പറഞ്ഞൊരു പടത്തിനെക്കുറിച്ച് ഞാനിനി എന്തോന്ന് പറയാന്‍.

പോസ്റ്ററുകളില്‍ തുടങ്ങി ടൈറ്റില്‍ സോംഗ് മുതല്‍ അവതരണത്തിലും ചിത്രീകരണത്തിലും കഥാപാത്രങ്ങളിലും(ബാബുരാജിന്റെ കാര്യം തന്നെ ഉദാഹരണം) പുതുമ കൊണ്ടുവന്ന ഒരു ചിത്രം ഒരുക്കി നമുക്കായി കാഴ്ച വച്ചിരിക്കുകയാണ് ആഷിക് അബുവും ടീമും. കുറേയേറെ സീനുകള്‍ സിനിമ കണ്ടിറങ്ങിയിട്ടും മനസ്സില്‍തന്നെയുണ്ട്. പ്രധാന നടീ നടന്മാരെല്ലാം അവരുടെ റോളുകളോട് നീതി പുലര്‍ത്തി എന്ന് തന്നെ വേണം പറയാന്‍ . എടുത്തു പറയേണ്ടത് ബാബുരാജ് അവതരിപ്പിക്കുന്ന ബാബു എന്ന വേലക്കാരനെയാണ്. ചില(രണ്ട്) സീനുകളില്‍ മാത്രമേ ഉള്ളുവെങ്കിലും അര്‍ച്ചനാ കവിയും തന്റേ സാന്നിധ്യം ഈ ചിത്രത്തില്‍ അറിയിച്ചിട്ടുണ്ട്.


പക്ഷേ ഇവരിലെല്ലാരെക്കാളും നമ്മളെ ചിത്രത്തോട് അടുപ്പിക്കുന്നത്
, അതിലെ ഭക്ഷണങ്ങളാണ് എന്നാണെന്റെ അഭിപ്രായം. ഭക്ഷണവും ഇതിലൊരു കഥാപാത്രമാണ്. ഇതിന് മുമ്പും പല സിനിമകളിലും തീന്‍മേശ സീനുകള്‍ അനവധിയുണ്ടായിട്ടുണ്ട്, പക്ഷേ ഈ സിനിമയിലെ കഥാപാത്രങ്ങള്‍ കഴിക്കുന്ന ആഹാരത്തിന്റെ ഒരു പങ്ക് നമുക്കും കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ എടുത്ത ആദ്യ സിനിമയാണ് സാള്‍ട്ട് & പെപ്പര്‍ എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ലെന്ന് തന്നെ പറയാം. ഒരു ദോശയുണ്ടാക്കിയ കഥയില്‍ ദോശ മാത്രമല്ല വേറെ പലതും അവര്‍ ഉണ്ടാക്കുന്നുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെയില്ലെങ്കിലും മിക്കപ്പോഴും ഏതെങ്കിലും ഒരു ഭക്ഷണവിഭവം സ്ക്രീനിലെത്തുന്ന കഥാപാത്രത്തിനൊപ്പമുണ്ടാകും. അത് കള്ളപ്പത്തിന്റെയോ ഓംലെറ്റിന്റെയോ 'തട്ടില്‍ കുട്ടി ദോശ'യുടെയോ റെയിന്‍ബോ കേക്കിന്റെയോ ചെമ്പല്ലിക്കറി, ഉണ്ണിയപ്പം, പഴംപൊരി അങ്ങനെ പല ഭക്ഷണങ്ങളുടെയും രൂപത്തില്‍ നമ്മെ കൊതിപ്പിച്ചുകൊണ്ടിരിക്കും.


ജീവിക്കുവാനായി ഭക്ഷണം കഴിക്കുന്നവരായാലും, ഭക്ഷണം കഴിക്കാനായി ജീവിക്കുന്നവരായാലും, രണ്ടു മണിക്കൂറില്‍ പറഞ്ഞവസാനിപ്പിക്കുന്ന ഈ ചിത്രത്തെ ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ തീര്‍ച്ച.


വാല്‍ക്കഷ്ണം: തട്ടില്‍ കുട്ടി ദോശ കിട്ടുവാന്‍ ഇവിടെ സാധ്യതയില്ലാത്തതിനാല്‍ കൊതി ഒരു മസാലദോശയില്‍ ഒതുക്കേണ്ടി വന്നു നമുക്കെല്ലാവര്‍ക്കും. രണ്ടു മണിക്കൂര്‍ ഇരുന്ന കണ്ട സിനിമക്ക് ആയതിലും ഏറെ പൈസയായി ഇരുപത് മിനുട്ടിരുന്ന കഴിച്ച ഫുഡിന്. വിശന്നത് കൊണ്ടാണോയെന്നറിയില്ല അതൊന്നും ആരും കാര്യമാക്കിയതുമില്ല.

Sunday, April 10, 2011

പൊന്നില്‍ തീര്‍ത്ത ഉറുമി



ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാവുക എന്നത് ഭാഗ്യമുള്ളൊരു കാര്യമാണ്.
രണ്ടാഴ്ച്ചകള്‍ക്ക് മുന്പ് ഇന്ത്യ ലോക ചാംപ്യന്മാരായത് സാക്ഷ്യം വഹിക്കാനായി. ഇന്നലെ കേരളത്തിന്‍റെ ക്രിക്കറ്റ് ചരിത്രത്തില്‍ മാറ്റം വരുത്താവുന്നൊരു സംഭലത്തിനും സാക്ഷ്യം വഹിക്കുകയുണ്ടായി. മലയാളി താരങ്ങള്‍ വെറും മൂന്ന് പേരാണെങ്കിലും, കേരളത്തിന്‍റെ ടീമെന്ന് പറയാവുന്ന ഒരു ടീം ഐപിഎല്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നു, തോല്‍വിയൊടെയാണെങ്കിലും. ഇന്ന് മറ്റൊരു ചരിത്ര സത്യം(?) വീക്ഷിക്കുവാനുമിടയായി. ഉറുമി.........




പിഎസ്സി പരീക്ഷ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണിന്നലെ പഴയ ഓഫീസിലെ ഒരു
സുഹൃത്തിനെ വഴിയില്‍ വെച്ച് കണ്ടത്. അവന്‍റെയൊപ്പം ഞായറാഴ്ച പടം കാണാനിറങ്ങാമെന്ന്
തീരുമാനിച്ചെങ്കിലും. ഉറക്കത്തെ വെല്ലി രാവിലെ സിനിമക്ക് പോകാനാവുമെന്ന ഉറപ്പ്
തീരെയുണ്ടായിരുന്നില്ല.കൊച്ചിയുടെ തോല്‍വിയും കണ്ട് കിടന്നപ്പോള്‍ പ്രതീക്ഷിച്ച പോലെ രാവിലെ ഏണീറ്റത് വൈകി. 9.30ക്ക് ഉണര്‍ന്ന് മൊബൈല്‍ നോക്കിയപ്പോള്‍ ജുനിലിന്‍റെ മിസ്സ് കോള്‍ . അവര്‍
വെള്ളയന്പലത്തെത്തിയിരിക്കുന്നു. ടിക്കറ്റ് അവരെടുത്തോളാം ഞാന്‍ തിയേറ്ററിലെത്തിയാല്‍ മതിയെന്ന്.

കുളിയും ബ്രേക്ക്ഫാസ്റ്റുമെല്ലാം കഴിഞ്ഞ് വീണ്ടും ജുനിലിനെ ട്രൈ ചെയ്തു. ഉറുമി ഓടുന്ന തിയേറ്ററില്‍
(ഏതാണെന്ന് അറിയില്ല) രണ്ടു ടിക്കറ്റ് മാത്രമേയുള്ളുവെന്നും. അതിനാല്‍ ശ്രീയിലേക്ക് (അവിടെയും ഷോ ഉണ്ടത്രേ) നടക്കുകയാണെന്നവന്‍ പറഞ്ഞു. പടം കാണാന്‍ നമ്മള്‍ രണ്ടുപേരെ കൂടാതെ ലിബിനും ഓസ്റ്റിനും ഉണ്ടെന്ന കാര്യം ജുനില്‍ സൂചിപ്പിച്ചു.

തിയേറ്ററിലെത്തി. സിനിമ തുടങ്ങാന്‍ അരമണിക്കൂറിലധികം ഇനിയുമുണ്ട്. സുഹൃത്തുക്കളെല്ലാം അകത്ത് കയറിയിരിക്കുന്നെന്ന് തോന്നുന്നു. ടിക്കറ്റ് കൊണ്ടറിലൊന്നും വേണ്ടത്ര തിരക്കില്ല. ഈ ഉരുകുന്ന ചൂടത്തും എസി ഓണാക്കാന്‍ മടിക്കുന്ന തിയേറ്ററുകാരെ വെല്ലുവിളിച്ചുകൊണ്ടെന്ന പോലെ കുറച്ചാളുകള്‍ തിയേറ്ററില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. പതുക്കെ പതുക്കെ ശ്രീ തിയേറ്റര്‍ നിറയുന്നു. ഏറെ സ്ത്രീപ്രേക്ഷകര്‍ ചിത്രം കാണാന്‍ എത്തിയിട്ടുണ്ട്.

ഒരു പിരീഡ് ചിത്രത്തിനെ പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നത് ഏറെ ശ്രമപ്പെട്ട പണിയാണ്.ലഗാനില്‍ അമിതാഭ് ബച്ചന്‍റെ ശബ്ദത്തിലുടെ തുടങ്ങുന്നത് പോലെ, ഇവിടെ കെപിഎസി ലളിതയുടെ ശബ്ദമാണ് നമ്മളെ വരവേല്‍ക്കുന്നത്. അതൊരു പുരുഷ ശബ്ദമായിരുന്നെങ്കില്‍ കുറച്ചു കൂടി മികച്ച് നിന്നേനെയെന്ന് തോന്നി. ഉറുമി എന്നൊരു ചിത്രം സന്തോഷ് ശിവന്‍റെ വിഷ്വല്‍ ട്രീറ്റ്മെന്‍റിന്‍റെ പേരില്‍ നമുക്കെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ചിത്രമാണ്.

ജെനീലിയ, ജഗതി എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും ചിറയ്ക്കല്‍ തന്പുരാനെ അവതരിപ്പിച്ച
നടനും ഏറെ മികച്ച് നിന്നു. ബബിളി കാരക്ടറായി മാത്രം നാമെല്ലാം കണ്ടിട്ടുള്ള ജെനീലിയയുടെ
കരിയറിലെ മികച്ചൊരു കഥാപാത്രമാണിതെന്ന് പറയേണ്ടതില്ലല്ലോ. ജഗതിയുടെ സ്ത്രൈണ സ്വഭാവമുള്ള കഥാപാത്രത്തിന്‍റെ അവസാന രംഗങ്ങളിലെ ഭാവമാറ്റം ശരിക്കും ഈ അതുല്യ നടന് മാത്രം കഴിയുന്നതാണ്.

ആര്യ, നിത്യമേനോന്‍ , വാസകോഡ ഗാമയും, അദ്ദേഹത്തിന്‍റെ പുത്രനായി എത്തുന്ന വിദേശികളും.
ചിറക്കല്‍ തന്പുരാന്‍റെ പുത്രനായി എത്തുന്ന അഭിനേതാവ് എല്ലാവരും വളരെ ഭംഗിയായി തന്നെ
അഭിനയിച്ചു എന്ന് പറയണം. ഏറെയൊന്നും ചെയ്യാനില്ലെങ്കിലും വിദ്യാബാലനും,തബുവും(ഒരു പാട്ടില്‍ മാത്രം) ഈ ചിത്രത്തില്‍ തലകാണിക്കുന്നുണ്ട്. ചിത്രത്തിലെ പാട്ടുകളൊക്കെ ഇപ്പോള്‍ത്തന്നെ നമുക്കെല്ലാം സുപരിചിതമായി കഴിഞ്ഞിരിക്കുന്നു.

പൃഥ്വിരാജും പ്രഭുദേവയും അവതരിപ്പിക്കുന്ന കേളു നയനാരും, വവ്വാലിയും ഇനിയും കുറേനാള്‍ നമ്മുടെ
മനസ്സുകളില്‍ തങ്ങുമെന്നത് തീര്‍ച്ച. ഒരു മോഹന്‍ലാല്‍ ആരാധകനായ എനിക്ക്, പൃഥ്വിയുടെ
ഇഷ്ടചിത്രങ്ങള്‍ വര്‍ഗം, വാസ്തവം, ക്ലാസ്മേറ്റ്സ് എന്നിവയാണ്. ആ പട്ടികയിലേക്ക് ഞാന്‍ ഉറുമിയെയും
ചേര്‍ക്കുന്നു.

ഇതുപോലൊരു ചിത്രം നമുക്കിനി കാണുവാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം, ചിലപ്പോള്‍
കണ്ടെന്ന് തന്നെ വരില്ല. സന്തോഷ് ശിവന്‍ ഒരു മികച്ച ഡയറക്ടറാണെന്ന് പറയനാവില്ലെങ്കിലും ഈ
ചിത്രത്തിലെ ഓരോ ഫ്രെയിമും അദ്ദേഹത്തിന്‍റ പ്രതിഭയെ വിളിച്ചറിയിക്കുന്നതാണ്.

പറങ്കിയായാലും ബ്രിട്ടീഷായാലും ഫ്രഞ്ചായാലും കച്ചവടക്കണ്ണുകളോടെ ഭാരതിലെത്തിയ ഈ
വിദേശീയര്‍ക്കെതിരെ നാട്ടുകാരില്‍ നിന്ന് ചെറുത്ത് നില്പുണ്ടായിട്ടുണ്ടെന്നുള്ളത് സത്യം.
ഈ ചിത്രത്തില്‍ പറഞ്ഞിരിക്കുന്ന ചരിത്രം ശരിയോ തെറ്റോ എന്നെനിക്കറിയില്ല. പക്ഷേ
ഐലന്‍റ്എക്സ്പ്രസ് എന്ന ചിത്രത്തിലൂടെ ശങ്കര്‍ രാമകൃഷ്ണന്‍റെ തിരക്കഥയില്‍ പൂര്‍ത്തിയായ ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടും എന്നത് തീര്‍ച്ച.

വാല്‍ : കാര്യമിതൊക്കെയാണെങ്കിലും, രാത്രി ജീവന്‍വയ്ക്കുന്ന നാഗത്തെ കാട്ടിത്തരാമെന്ന് പറഞ്ഞ്
പറ്റിച്ചത് വല്ലാത്തൊരു കഷ്ടമായിപ്പോയി.

കഷ്ണം : ഷോ കഴിഞ്ഞിറങ്ങിയപ്പോള്‍ അടുത്ത ഷോയ്ക്കായി സാമാന്യം നല്ല തിരക്കുണ്ടെന്നുള്ളത്
സന്തോഷം തരുന്നൊരു കാഴ്ച്ചയായിരുന്നു.

Saturday, February 26, 2011

തടസ്സങ്ങളില്ലാതെ ട്രാഫിക്


വെള്ളിയാഴ്ച്ചയുണ്ടായിരുന്ന പരീക്ഷയ്ക്ക് ലീവെടുത്തെത്തിയ ഞാന്‍ പരീക്ഷ കഴിഞ്ഞ് ബാക്കി സമയം, പതിവ് പരിപാടികളായ ചാറ്റ്, ട്വീറ്റ്, ബ്ലോഗ് വായന, കമന്‍റ് എന്നിവയില്‍ ബിസി ആയിരിക്കുന്പോളാണ് ഒരു ചാറ്റ് പോപ് ചെയ്ത വന്നത്....

'നിങ്ങളീ ആഴ്ച്ച വരുന്നുണ്ടെങ്കില്‍ ട്രാഫിക്കിന് പോയാലോ? നിങ്ങളും ഉണ്ടെങ്കില്‍ നമുക്ക് രാവിലത്തെ ഷോക്ക് പോകാം' ചാറ്റിലൂടെ മജോണിന്‍റെ ക്ഷണം.

'പിന്നെന്താ, പോണെന്നുറപ്പാണെങ്കില്‍ നേരത്തെ പറയണം, കുളിക്കണോ വേണ്ടയോന്ന് തീരുമാനിക്കാനുള്ളതാ' തിരിച്ച് ഞാനും പിംഗ് ചെയ്തു.

'കോയന്പത്തൂര്‍ പോയതിന് ശേഷം കുളിയൊന്നുമില്ലേ മനുഷ്യാ'

'അതല്ലടേയ്, നാളെ മുടിവെട്ടിക്കണമെന്ന് വിചാരിച്ചിരുന്നതാ, സിനിമക്ക് പോകുവാണേല്‍ അത് പിന്നെപ്പോളെങ്കിലും ആക്കാം'

'ഉം ഉം, ഞാനിത് നാലാളോട് പറയട്ടേ'

'നീ ആരോട് വേണമെങ്കിലും പറഞ്ഞോ, വേറെ ആരൊക്കെ വരുന്നുണ്ട്' വിഷയം മാറ്റി ഞാന്‍ രക്ഷപ്പെടാനൊരു ചെറിയ ശ്രമം നടത്തി.

'വേറെ എല്ലാവന്മാരും കണ്ടു, ഞാനും സുള്ളനും പിന്നെ ഹൃദയവും കാണും...'

'ആര് നിധീഷോ, അവന്‍ സിനിമയ്ക്കൊക്കെ വരുമോ?' മജോണിന് മറുപടി കേട്ട് ഞാനൊന്ന് ഞെട്ടി.....

'കല്യാണം കഴിഞ്ഞ് സിനിമക്കൊക്കെ പോകാനുള്ളതല്ലേ, അതിന്‍റെ പ്രാക്ടീസാവും' മജോണ്‍ സംഭാഷ്ണത്തിന് മേന്പൊടി ചേര്‍ത്തു


'നീ പ്രോഗ്രാമെന്താണെന്ന് കറക്ടായി വിളിച്ച് പറ, ഞാന്‍ സൈന്‍ഔട്ട് ചെയ്യുകയാ, സിസ്റ്റം തൂങ്ങുന്നു പണ്ടാരം വൈറസുകളെല്ലാം കൂടി ഇത് കുളമാക്കുമെന്നാ തോന്നണേ' ചാറ്റ് വിന്‍ഡോകളിലെ ക്ലോസ് ബട്ടണുകളില്‍ ക്ലിക്കമര്‍ന്നു....


മലയാള സിനിമ പ്രേക്ഷകരില്‍ ഭൂരിഭാഗവും നല്ലതെന്ന് പറഞ്ഞ ട്രാഫിക് എന്ന ചിത്രം എനിക്കിതുവരെ കാണാനായിട്ടില്ല. ഈ വരവിന് ആ കുറവ് നികത്തണമെന്ന് വിചാരിച്ചിരുന്നതാണ്. പഴയ സിനിമാ മേറ്റ് രമേഷന്‍ ചെന്നൈക്ക് കടന്നതിന് ശേഷം സിനിമ കാണല്‍ കുറഞ്ഞിട്ടുണ്ട്.

പിറ്റേന്ന് രാവിലെ(9.30 എന്ന് വായിക്കുക) എണീറ്റ് കുളിയും കാര്യങ്ങളുമെല്ലാം കഴിഞ്ഞ് ആന്‍റിവൈറസും അപ്ഡേറ്റ് ചെയ്തിരിക്കുന്പോള്‍ മജോണിന്‍റെ കോള്‍

'നിന്നെ വിളിക്കണമെന്ന് വിചാരിച്ചതേ ഉള്ളു, ഏതാ തിയേറ്റര്‍ ' മജോണിനോട് ഞാന്‍ ചോദിച്ചു

'ചേട്ടാ ഒരു പ്രശ്നമുണ്ട്, സുള്ളന് രാവിലെ എത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല, ഇന്ന് ഓഫീസുള്ളതല്ലേ, ഹൃദയവും ഉണ്ടാവില്ലെന്ന് പറഞ്ഞു'

'ഹൃദയത്തിനെന്താ പ്രശ്നം'

'അവനിപ്പോ കിടന്നിട്ടേ ഉണ്ടാവുള്ള രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഫോണിന്‍ പരിപാടിയല്ലേ'

'ശരി ശരി, വൈകുന്നേരമായാല്‍ രണ്ടുപേര്‍ക്കും ഓക്കെ ആയിരിക്കുമല്ലോ'

'സുള്ളന്‍ ഓക്കെയായിരിക്കും, പക്ഷേ ഹൃദയം....'

'അവനെന്താ പ്രശ്നം?'

'വൈകുന്നേരം വീണ്ടും, ഫോണിന്‍ പ്രോഗ്രാം തുടങ്ങുമല്ലോ...'

'എന്തുവാടേയ് കല്യാണം ഉറപ്പിച്ചാല്‍ എല്ലാവനും ഇങ്ങനെയാവുമോ?'

'ആരും ഒന്നും പറയേണ്ട, അധികം വൈകാതെ നമ്മളും നിങ്ങളോട് ഈ ചോദ്യം ചോദിക്കുന്നത് കാണാം....' മജോണ്‍ നമുക്കിട്ടൊന്ന് ചാന്പി

'ശരി ശരി, വൈകുന്നേരം കാണാം ' കോള്‍ കട്ട് ചെയ്ത്, ഞാന്‍ വൈറസ് പിടുത്തത്തിലേക്ക് നീങ്ങി.....


ട്രാഫിക്കിനെക്കുറിച്ച് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാര്‍ക്കും അറിയാം, നല്ലതും ചീത്തയും(http://malayal.am എന്ന സൈറ്റില്‍ വന്ന റിവ്യൂ) നിങ്ങള്‍ വായിച്ചതാണ്. ബിജെപിയുടെ രക്ഷായാത്ര(ഇപ്പോള്‍ യാത്രകളുടെ സീസണാണല്ലോ) സൃഷ്ടിച്ച ട്രാഫിക്ക് ബ്ലോക്കില്‍ നിന്ന് രക്ഷപ്പെട്ട് തിയേറ്ററിലെ ടിക്കറ്റ് കൌണ്ടറിലെത്തിയ നമ്മള്‍ വ്യത്യസ്തമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചു. 'ട്രാഫിക്ക് ഫ്രണ്ടസ്' എന്ന പേരില്‍ രാജേഷ്പിള്ളയുടെ(സംവിധായകന്‍ ) സുഹൃത്തുക്കളുടെ വക രൂപികരിച്ച ഒരു സൌഹൃദ കൂട്ടായമയുടെ വക ട്രാഫിക്കിന്‍റെ 51ാമത് ദിവസത്തിന്‍റെ ആഘോഷ പരിപാടികള്‍ നടക്കുകയായിരുന്നു അവിടെ(രമ്യ-ധന്യ തിയേറ്റര്‍ ).


മലയാള സിനിമയുടെ കാര്‍ണവര്‍ മധു, ഡയറക്ടര്‍ രാജേഷ്പിള്ള, തിരക്കഥാകൃത്ത് സഞ്ജയ്, സംഗീതസംവിധായകന്‍ മെജോ ജോസഫ്-സാംസണ്‍കോട്ടൂര്‍‍ , സിനിമയില്‍ അഭിനയിച്ച ചില സഹനടി-നടന്മാര്‍ക്കും, മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കുമായി ഒരു സ്വീകരണം(മുന്‍ നിര നടന്മാരാരും ചടങ്ങില്‍ എത്തിയിട്ടില്ലായിരുന്നു). കൂട്ടത്തില്‍ എടുത്ത്ശ്രദ്ധിക്കപ്പെട്ടത് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന ചെറുപ്പക്കാരനായ ഈ ചിത്രത്തിന്‍റെ പ്രൊഡ്യൂസറെയാണ്. മുപ്പതിന് താഴെ മാത്രം പ്രായം വരുന്ന ഈ ചെറുപ്പക്കാരനാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ചിത്രത്തില്‍ റഹ്മാനെ കാണിക്കുന്ന ആദ്യ സീനുകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ലിസ്റ്റിന്‍ . ലിസ്റ്റിന്‍ പറഞ്ഞത് പോലെ സാധാരണ ഒരു ചിത്രത്തിന്‍റെ പ്രോഡ്യൂസറാണ് ആ ചിത്രത്തിന്‍റെ വിജയം ആഘോഷിക്കാനായി ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കാറ്. പക്ഷേ ഇവിടെ അവരുടെ സുഹൃത്തുക്കള്‍ അവര്‍ക്കായി ഒരു സ്വീകരണം ഒരുക്കിയിരിക്കുന്നു. അപ്രതീക്ഷിതമായെങ്കിലും എനിക്കും അതില്‍ പങ്കുചേരാനായി എന്നുള്ളതില്‍ സന്തോഷമുണ്ട്.


ഒരു സിനിമ വിജയിക്കുന്നത്, പ്രേക്ഷകരെയും ആ കഥ പറച്ചിലിനൊപ്പം കൊണ്ടു പോകാന്‍ കഴിയുന്പോളാണ്. സ്ക്രീനില്‍ തെളിയുന്ന ചിത്രങ്ങളില്‍ അത്രമാത്രം ലയിച്ചിരുന്ന് കണ്ട ചിത്രങ്ങളാണ് ലഗാനും, ചക്ദേ ഇന്ത്യയുമെല്ലാം. അവയ്ക്കൊപ്പം വയ്ക്കാനാവുമോ എന്നൊരു ചോദ്യം ബാക്കി നില്‍ക്കുന്പോഴും, ഒന്ന് തീര്‍ച്ചയാണ് ദൈനംദിന ജീവിതത്തിലെ ട്രാഫിക്ക് മലയാളികള്‍ക്ക് സുപരിചിതമാണ്. പക്ഷേ മലയാളസിനിമയിലെ ഈ ട്രാഫിക്ക് അവര്‍ക്കെന്നും വ്യത്യസ്തമായിരിക്കും. ഈ ചിത്രത്തിലെ ആക്സിഡന്‍റ് സീനുകള്‍ മാത്രം മതി അത് തെളിയിക്കാന്‍


വാല്‍ : ചിത്രം തുടങ്ങുന്നതിന് മുന്പ് ചാക്കോച്ചന്‍ ഫാന്‍സ് അസോസിയേഷന്‍കാരുടെ ലഡ്ഡുവിതരണം ഉണ്ടായിരുന്നു. അവധി ദിവസമായതോണ്ടായിരിക്കാം ബാല്‍ക്കണി ഹൌസ്ഫുള്ളുമായിരുന്നു......

ഇതൊക്കെയാണെങ്കിലും പറയാതെ വയ്യ, തിരക്കുള്ള കോളനിയിലെ ആളുകളെ ഒഴിപ്പിക്കാനായി കാറിനെക്കാളും വേഗത്തിലോടി വഴി ക്ലിയറാക്കുന്ന ആസിഫ് അലിയുടെ കഥാപാത്രം വിചാരിച്ചിരുന്നേല്‍ ഈ ബുദ്ധിമുട്ടൊന്നുമില്ലാതെ കൊച്ചി ടു പാലക്കാട് ഓടിയെത്താമായിരുന്നില്ലേ എന്നൊരു സംശയം തോന്നും പ്രേക്ഷകര്‍ക്ക് ചില സീനുകള്‍ കാണുന്പോള്‍


ക്കഷ്ണം : സിനിമയില്‍ ഏറ്റവും ഫീല്‍ ചെയ്തത് റെയ്ഹാന്‍റെ അച്ഛനെയും അമ്മയേയും ഓര്‍ത്താണ്. ഒരു മാതാപിതാക്കള്‍ക്കും അങ്ങനൊരു അവസ്ഥയിലൂടെ സഞ്ചരിക്കേണ്ടി വരരുതേയെന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.....


ഒരു No പ്രത്യേകിച്ചൊരു മാറ്റവും കൊണ്ടുവരില്ല, എന്നാലൊരു Yes പുതിയൊരു തുടക്കം കുറിച്ചേക്കാം. നാളെ അത് ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടേണ്ട ഒന്നായി മാറാം.


നമ്മളെല്ലാരും നല്‍കിയ ഈ യെസ് ഇനിയും ഇത് പോലുള്ള ചിത്രങ്ങളെടുക്കാന്‍ പലരെയും പ്രേരിപ്പിക്കട്ടെ.......


Wednesday, January 5, 2011

പുതുവര്‍ഷ ചിന്തകള്‍

ലക്ഷങ്ങള്‍ ചിലവാക്കി ചാന്ദ്രയാനും മറ്റു പരീക്ഷണങ്ങളും നടത്തിയപ്പോള്‍, പലരും പറഞ്ഞു എന്തിനിത്രയും പണം ഇതിനായി ചിലവാക്കുന്നു, അത് പാവങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികള്‍ക്ക് ഉപയോഗിച്ചൂടെ....
അന്നെനിക്കറിയാമായിരുന്നു ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഇത് അത്യാവശ്യമായിരുന്നു(പാവങ്ങള്‍ക്ക് അനുവദിച്ച പദ്ധതികള്‍ കൈയ്യിട്ടു വാരി തീര്‍ക്കുന്നു, ഇനി ഇതിലും കൂടി കൈയ്യിടണമോ?)

കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഇത്രയധികം പണം ചിലവാക്കുന്നതിനെ മുന്‍ സ്പോര്‍ട്സ് മന്ത്രി തന്നെ എതിര്‍ത്തപ്പോളും, എന്റെ തോന്നല്‍ ഇന്ത്യയുടെ കായിക വളര്‍ച്ചയ്ക്ക് ഈ കായിക മാമാങ്കം സഹായകരമാകുമെന്ന്(പലരുടെയും വളര്‍ച്ചയ്ക്കൊപ്പം ഇന്ത്യന്‍ കായിക രംഗവും, കോമണ്‍വെല്‍ത്ത് ഗെയിംസോട് കൂടി ചെറുതായി വളര്‍ന്നുവെന്ന് വിശ്വസിക്കുന്നു ഞാന്‍)

പക്ഷേ ഒന്നു മാത്രം എനിക്ക് മനസ്സിലാകുന്നില്ല

അജ്മല്‍ കസബിനായി എന്തിന് ലക്ഷങ്ങളും കോടികളും ചിലവാക്കുന്നു.

മുംബൈ ആക്രമണത്തില്‍, എത്ര തെളിവുകള്‍ കൊടുത്താലും, തെളിവ് പോരാ തെളിവ് പോരാ എന്ന് പറയുന്ന പാക്കിസ്ഥാന്റെ പങ്കു വെളിപ്പെടുത്തുവാനുള്ള ഏക തെളിവാണെന്ന് മാത്രം പറയരുത്....


സംശയം പിന്നെയും ബാക്കി

ഒരു വിമാനറാഞ്ചലിന് കൂടി അവസരം ഉണ്ടാക്കാനോ? അതുവഴി മേജര്‍ രവിക്ക് വീണ്ടും ഒരു 'ക'മാന്‍ഡോ ചിത്രം ഒരുക്കുവാനുള്ള അവസരത്തിനായോ?

Saturday, October 30, 2010

തൃശ്ശൂരില്‍ നിന്ന് സ്വന്തം പ്രാഞ്ചിയും പുണ്യാളനും

കണ്ടും കേട്ടും പറഞ്ഞും നിങ്ങളിത് കുറേ കേട്ടതാണെങ്കിലും, എന്താണെന്നറിയില്ല, പടം കണ്ട ശേഷം എന്റെ വകയും ഒന്നാവാന്ന് ഭയങ്കര പൂതി. എന്നാല്‍ പിന്നെ എങ്ങനാ തൊടങ്ങല്ലേ പ്രാഞ്ചിയുടെ വിശേഷം.





പൊതുവേ മമ്മൂട്ടി പടങ്ങള്‍ തിയേറ്ററില്‍ പോയി കാണുന്ന പതിവ് എനിക്ക് കുറവാണ് . ഇത് പിന്നെകാണാനുള്ള കാരണം എന്താച്ചാല്‍ , ഒന്ന് പൂനെയില്‍ നിന്ന് നാട്ടിലെത്തിയ ഷംനാറുമൊത്ത് ഫിലിം കാണുക(അതും തമാശ പടം) എന്നതിന്റെ ഒരു രസം. പിന്നെ മ്മടെ തൃശ്ശൂര് ഭാഷയില്‍ മമ്മൂട്ടിയങ്ങ് കാച്ചുകയാണെന്ന് പരക്കെയുള്ള റിപ്പോര്‍ട്ട്. തൃശ്ശൂരിനോട് എന്താണെന്നറിയില്ല, ഭയങ്കര ഒരു ഇതാണ്. അതിപ്പോ തൃശ്ശൂര്‍ റൌണ്ടായാലും, വടക്കുന്നാഥന്‍ ക്ഷേത്രമായാലും
ഒറ്റ തവണ കണ്ട പൂരമാണോ, അതോ അവിടത്തെ ക്ടാങ്ങളയാലും ശരി, ആ ഒരിതുണ്ടല്ലോ, അത് വല്ലാത്തൊന്നാണ്. അതോ തൂവാനത്തുമ്പികളിലൂടെ "നമുക്കൊരു നാരങ്ങാ വെള്ളമായാലോ, ഐസിട്ട് " എന്ന് ലാലേട്ടന്‍ പറയണ കേട്ടത് മുതലുള്ള ഇഷ്ടാണോന്നറിയില്ല. പൂരത്തിനായി തൃശ്ശൂര്‍ക്കാരന്‍ ഷോബിയുടെ വീട്ടില്‍ തങ്ങിയ ആ മൂന്ന് നാളും ദാ ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു.


ഒരു പേരിലെന്തിരിക്കുന്നു എന്ന് ഷേക്ക്സ്പിയറിന് പറയാം ചോദിക്കാം, പക്ഷേ അരിപ്രാഞ്ചിക്ക് അതങ്ങട് സമ്മതിച്ച് കൊടുക്കാനാവില്ല. കാരണം ഗുമ്മുള്ള ഒരു പേരിനായുള്ള നെട്ടോട്ടതിനിടയില്‍ സംഭവിച്ച അക്കിടികളല്ലേ മൂപ്പര് ഫ്രാന്‍സിസ് പുണ്യാളനോട് പറയണേ. പള്ളിയില്‍ വെച്ച് അവര്‍

തമ്മില്‍ കാണണ മുതല്‍ മമ്മൂട്ടി തൃശ്ശൂര്‍ സ്ലാംഗില്‍ അങ്ങ് കസറാണ്. സംഭവത്തിന്റെ കളി മുഴുവനും ഡയലോഗിലാണ് അതിന്റെ ക്രഡിറ്റ് ഫുള്ള് രഞ്ജിത്തിനാണ് പക്ഷേ മറന്നുകൂടാത്ത പ്രകടനം മമ്മൂട്ടിയുടെ കൈയ്യില്‍ നിന്നുണ്ട്. ഒന്നിന്ന് പുറകെ ഒന്നന്നായി വരുന്ന ഡയലോഗുകള്‍ കേട്ട്

മാലപ്പടക്കത്തിന് തിരികൊളുത്തിയ പോലെ ചിരിക്കുന്ന ഷംനാറിനെ (അവനെ നമ്മള്‍ ചിരിക്കുടുക്കയെന്നാണ് വിളിക്കാറ്) മുന്നിലിരുന്ന ഫാമിലി ഇടയ്ക്കിടയ്ക്ക് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.

രാജമാണിക്യമെന്ന ചിത്രത്തില്‍ മമ്മൂട്ടി ഇതിന് മുമ്പ് ഈ കളി കളിച്ചിട്ടുണ്ട്, പക്ഷേ അന്ന് പുള്ളി ഒറ്റയ്ക്കായിരുന്നു, പക്ഷേ രഞ്ജിത്തിന്റെ പടത്തില്‍ സ്ക്രീനില്‍ വരുന്ന ഓരോരുത്തരും പറയണത് നല്ല കിണ്ണംകാച്ചിയ തൃശ്ശൂര്‍ ഭാഷയാണ്. അത് തന്നെയാണ് ചിത്രത്തിന്റെ വിജയമെന്നും പറയാം.

ഇന്നസെന്റും പ്രിയാമണിയും സിദ്ദിക്കും ഖുശ്ബുവും ടിനിടോമും,ഗണപതിയും പിന്നെ അങ്ങനെയങ്ങനെ കുറെയധികം ആര്‍ടിസ്റ്റുകളഭിനയിക്കുന്ന ഈ ചിത്രം രണ്ടാം പകുതിയില്‍ എന്തോ ഒന്ന് മിസ്സ് ചെയ്യണ ഫീലിംഗ്സ് ഉണ്ടാക്കുന്നുണ്ടെങ്കിലും, മോശം പറയാനാവാത്ത ഒരു ചിത്രം.

പല ഡയലോഗും ഇവിടെ പറയണമെന്നുണ്ടെങ്കിലും, അതിന്റെ ആ സുഖം അനുഭവിക്കണമെങ്കില്‍ നിങ്ങള്‍ അത് രഞ്ജിത്ത് രചിച്ച്, മമ്മൂട്ടിയുടെ തൃശ്ശൂര്‍ സ്ലാംഗില്‍ തന്നെ കേള്‍ക്കണം.


ജോലിത്തിരിക്കില്‍ നിന്നും മറ്റും ഒന്ന് റിലാക്സ് ചെയ്യാന്‍ പ്ലാനുള്ളവര്‍ക്ക് നല്ല ഡീസന്റായി ചിരിച്ച് മറിഞ്ഞ് രണ്ട് രണ്ടര മണിക്കൂറ് ടിമ്മീന്ന് പറഞ്ഞ് കളയാനുള്ള ബെസ്റ്റ് വഴിയാണ് രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ്.


മമ്മൂട്ടിയെന്ന നടന്റെ മികച്ച വേഷങ്ങളെന്ന്(മുഖ്യധാരാ ചിത്രങ്ങളില്‍) എനിയ്ക്ക് തോന്നിയ ചുരുക്കം ചില ചിത്രങ്ങളെയുള്ളു(ഹിറ്റ്ലര്‍ , അമരം,മൃഗയ) (മനസ്സില്‍ തോന്നിയ ഒന്നുരണ്ടെണ്ണം പറഞ്ഞുവെന്നേയുള്ളു) അതിന്റെയൊപ്പം കണ്ണുമടച്ച് ഞാന്‍ പ്രാഞ്ചിയേട്ടനെയും ഉള്‍പ്പെടുത്തും.


മമ്മൂട്ടി ചിത്രമല്ലേ, റിവ്യൂവിന്റെ ആവശ്യമൊന്നുമില്ല എന്ന് കട്ട(കടുത്ത) ലാല്‍ ഫാനായ മനസ്സ് പറഞ്ഞെങ്കിലും, ഓരോ ദിവസവും, അന്നാ തിയ്യേറ്ററിലിരുന്ന ചിരിച്ച നിമിഷങ്ങള്‍ ഓര്‍മ്മ വരുമ്പോള്‍, ഇത്രയെങ്കിലും ഇവിടെ വന്ന് പറഞ്ഞില്ലെങ്കില്‍, അത് ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന ചതിയായിരിക്കും. അതോണ്ട് മാത്രം പറയുന്നു.


'ഗഡി കിണ്ണംകാച്ചീട്ടാ..... '


വാല്‍ക്കഷ്ണം:ഷംനാറുമായി(അവനെ പരിചയമുള്ളവര്‍) സിനിമ കാണാന്‍ ഒരു ചാന്‍സ് കിട്ടിയാല്‍ മിസ്സാക്കരുത്(ചിരിക്കാന്‍ വകയുള്ള സിനിമികള്‍). ഞാനീ പറയുന്നത് ടിക്കറ്റിന്റെ പൈസ അവന്‍ കൊടുക്കുമെന്നുള്ളത് കൊണ്ട് മാത്രമല്ല..............................






Saturday, September 25, 2010

എല്‍സമ്മ : ബാലന്‍പിള്ള സിറ്റിയിലെ ആണ്‍കുട്ടി



വീക്കെന്‍ഡാവുമ്പോള്‍ നാട്ടിലേക്കോടാനുള്ള വെമ്പലാണ് മനസ്സില്‍. കോയമ്പത്തൂരുള്ള കൂട്ടുകാര്‍ ചോദിച്ചാല്‍ വീട്ടില്‍ പോണമെന്ന് പറയുമെങ്കിലും, നാട്ടിലെത്തിയാല്‍ വീട്ടിലിരിക്കുന്നത് ചുരുക്കം ചില അവസരങ്ങളില്‍ മാത്രമാണ്.

നാട്ടിലേക്കുള്ള ഈ വരവ് എല്‍സമ്മയോടൊപ്പം ചെലവഴിക്കുവാനുള്ള തീരുമാനത്തിന് പ്രധാനകാരണം ലാല്‍ജോസ് എന്ന സംവിധായകന്‍ തന്നെയാണ്. പിന്നെ ടിവിയിലും മറ്റും കണ്ട പടത്തിന്റെ ട്രെയിലറുകളും.




ഒരു ലാല്‍ജോസ് ചിത്രം റിലീസ് ആവുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഞാനാദ്യം ശ്രദ്ധിക്കുന്നത് അതിന്റെ ടൈറ്റില്‍ എഴുതുന്ന രീതിയെയാണ്. ഇത് വരെയുള്ള എല്ലാ ചിത്രങ്ങളുടെ ടൈറ്റിലിലും ആ ലാല്‍ജോസ് ടച്ച് നമ്മള്‍ കണ്ടിട്ടുണ്ട്.


എല്‍സമ്മയുടെ ജീവിതരീതി ഒരു ഗാനത്തിലൂടെ പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങുന്ന ചിത്രം, ഈയടുത്തിറങ്ങിയ ശിക്കാറിനെപ്പോലെത്തന്നെ

ഇടുക്കിയുടെ പ്രകൃതിഭംഗി നമുക്കായി വീണ്ടും കാട്ടിത്തരുന്നുണ്ട്. ബാലന്‍പിള്ള സിറ്റിയെന്ന മലയോര ഗ്രാമം, ശിക്കാറിലെ ചിറ്റാഴ പോലെത്തന്നെ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമെന്ന തോന്നല്‍ നമ്മിലുളവാക്കുന്നതാണ്. മലയാള സിനിമയ്ക്ക് ഇപ്പോള്‍ കഥയും തിരക്കഥയും തിരഞ്ഞെടുക്കുന്നതില്‍ തെറ്റിയാലും ലൊക്കേഷന്‍ സെലക്ഷനില്‍ നൂറില്‍ നൂറാണ് മാര്‍ക്ക്.

ആന്‍ അഗസ്റ്റിന്‍ എന്ന പുതുമ താരം അവതരിച്ച, ഇത്തിരി പത്രംവിതരണം,ഇത്തിരി ലോക്കല്‍ റിപ്പോര്‍ട്ടിംഗ്, ഇത്തിരി സാമൂഹ്യപ്രവര്‍ത്തനം ഇതെല്ലാം കൈവശമുള്ള എല്‍സമ്മയെന്ന കേന്ദ്രകഥാപാത്രമുള്‍പ്പടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പിടി കഥാപാത്രങ്ങളെ നമുക്ക് ബാലന്‍പിള്ള സിറ്റിയില്‍ കാണാം.

എല്‍സമ്മയെ ആശ്രയിച്ച് ഒരു കുടുംബം മാത്രമല്ല, ഒരു ഗ്രാമം തന്നെയുണ്ടെന്ന് ചിത്രം നീങ്ങിത്തുടങ്ങുമ്പോള്‍ നമുക്ക് മനസ്സിലാവും. എല്‍സമ്മയായി ആന്‍ നല്ല പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ ഡബ്ബിംഗില്‍ ചേര്‍ച്ചക്കുറവനുഭവപ്പെടുന്നുണ്ടായിരുന്നു.

എടുത്ത് പറയേണ്ട മറ്റ് രണ്ട് അഭിനേതാക്കള്‍ ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബ്ബനുമാണ്.

ഇന്ദ്രജിത്ത് എന്ന നടനിലെ കഴിവ് ഇത്തിരിയെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് ലാല്‍ജോസാണെന്ന കാര്യം പറയാതെ വയ്യ. ലാല്‍ജോസ് ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം അതിനുദാഹരണമാണ്. കുഞ്ചാക്കോ ബോബനും പാലുണ്ണി എന്ന തന്റെ കഥാപാത്രത്തെ ഭംഗിയാക്കി അവതരിപ്പിച്ചു.

കുറെ നല്ല രംഗങ്ങളും ഓര്‍ത്തിരിക്കാന്‍ ചില നല്ല ഡയലോഗുകളുള്ള(നര്‍മ്മം) ഈ ചിത്രത്തില്‍ ജഗതിയും സുരാജും ബോറാക്കിയില്ല. അത് പോലത്തന്നെ വിജയരാഘവനും, മണിയന്‍പിള്ള രാജുവും, ജനാര്‍ദ്ദനനും, നെടുമുടിവേണുവുമെല്ലാം എല്‍സമ്മയോടൊപ്പം സ്ക്രീനിലെത്തുന്നുണ്ട്.

ഡബ്ബിംഗ് പ്രശ്നവും, സ്ക്രീനിലാകൊയൊരു മങ്ങലും(തിരുവനന്തപുരം ശ്രീപദ്മനാഭയില്‍) അനുഭവപ്പെട്ടെങ്കിലും, മുന്‍പിറങ്ങിയ ലാല്‍ജോസ് ചിത്രങ്ങളുടെ അത്രയുമില്ലെങ്കിലും, സൂപ്പര്‍ താരങ്ങളുടെ റംസാന്‍ റിലീസില്‍ എല്‍സമ്മയും ഒരു പിടി പിടിക്കും. ഇന്നത്തെ മാറ്റിനിക്ക് ലേഡീസും
ഫാമിലിയുമായിരുന്നു കൂടുതലെന്നത് അതിനുള്ളൊരു തെളിവാ.....

ഗ്രാമീണത്തനിമയുള്ള ചിത്രങ്ങളെടുക്കുന്നതില്‍ സത്യന്‍ അന്തിക്കാടിന് പഴയ ടച്ചിപ്പോളില്ലാത്തതിനാല്‍ നമുക്ക് ഇടയ്ക്കെങ്കിലും ഒരു പ്രതീക്ഷ നല്‍കാനായി ലാല്‍ജോസില്‍ നിന്ന് ഇനിയും ഇത് പോലത്തെ ചിത്രങ്ങളുണ്ടാകട്ടെ.....

വാല്‍ക്കഷ്ണം:മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ഒരു സിനിമയെക്കുറിച്ചും ഒരു സിംഗിള്‍ ഒപ്പീനിയനില്ലെന്നാണ് തോന്നുന്നത്. മലര്‍വാടി, അപൂര്‍വ്വരാഗം, പ്രാഞ്ചി, ശിക്കാര്‍ എന്നിവ പോലെ എല്‍സമ്മയും മികസഡ് റെസ്പോണ്‍സുമായി മുന്നോട്ട് നീങ്ങുന്നു.......

Friday, September 10, 2010

സിനിമാ ഹണ്ട് : ശിക്കാര്‍

ജോലി തേടി തിരുവനന്തപുരം നഗരം വിട്ടതിന് ശേഷം, അവധിക്ക് നാട്ടിലേക്കുള്ള മടക്കത്തിന് ശേഷമുള്ള സിനിമാ ഹണ്ടിന്റെ തുടക്കം‍ എല്‍സമ്മ കണ്ടാവണമെന്നായിരുന്നു ആഗ്രഹം, പക്ഷേ ലാലേട്ടന്റെ ശിക്കാര്‍ ആയത് യാദൃശ്ചികം മാത്രം. കൂട്ടുകാരന്റെ കല്യാണസദ്യയിലെ പായസം കുടിക്കുമ്പോഴാണ് സുഹൃത്തിന്റെ കോള്‍. ശിക്കാര്‍ കാണാനുള്ള ക്ഷണവുമായി. ലാലേട്ടന്‍ ഫാന്‍ ആയോണ്ടുള്ളൊരു ഔദാര്യം.



ശ്രീകുമാര്‍/ശ്രീവിശാഖില്‍ നല്ല തിരക്ക്, ഇതിനിടയില്‍ അവര്‍ എങ്ങനെ ടിക്കറ്റെടുക്കുന്ന് സംശയിച്ച് നില്‍ക്കുമ്പോഴാണ് വീണ്ടും കോള്‍, പടം ന്യൂവിലുമുണ്ട്, അങ്ങോട്ടെത്താന്‍. അവിടെ മറ്റ് രണ്ടിടത്തും അപേക്ഷിച്ചുള്ള തിരക്കൊന്നുമില്ല. നഗരത്തിലെ പോസ്റ്ററുകളില്‍ മുഴുവന്‍ വന്ദേമാതരം - ന്യൂ എന്ന് പതിച്ചിരിക്കുന്നതോണ്ടാവുമോ ഈ തിരക്കില്ലായ്മ(ഞാനൊരു ലാല്‍ ഫാനാണേ... :) ).

ചിത്രം കണ്ടിറങ്ങുമ്പോള്‍ മോഹന്‍ലാലിന്റെ ബലരാമനെക്കാള്‍ മനസ്സില്‍ തങ്ങി നിന്നത് സമുതിരകനിയുടെ അബ്ദുള്ളയെന്ന നക്സല്‍ നേതാവാണ്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയപേക്ഷിച്ച് ചുരുക്കം സീനുകളില്‍ മാത്രമേ എത്തുന്നുള്ളുവെങ്കിലും
അബ്ദുള്ളയായി സമുതിരകനിയുടെ പ്രകടനം അവിസ്മരണീയം എന്ന് തന്നെ വിശേഷിപ്പിക്കണം.

ഇത്രയും നല്ല സ്ഥലങ്ങള്‍ നമ്മുടെ നാട്ടിലുണ്ടല്ലേ എന്ന് തോന്നിപ്പിക്കുന്നതാണ് ചിറ്റാഴയുടെ പ്രകൃതിഭംഗി. അത് അതിന്റെതായ ഭംഗിയില്‍ നമ്മളിലെത്തിക്കാന്‍ ക്യാമറ ചലിപ്പിച്ച മനോജ് പിള്ള പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഇത് ശരിക്കും എവിടെയാ സ്ഥലമെന്നറിയുന്നവര്‍ ഒന്ന് കമന്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....

ലാലേട്ടനെക്കുറിച്ച് പറയേണ്ട കാര്യമില്ല, ഇതിനു മുമ്പും പലപ്പോഴായി പറഞ്ഞിട്ടുള്ളതാണിതൊക്കെ. സ്റ്റണ്ട് രംഗങ്ങളിലെ തന്റെ മെയ്‍വഴക്കം ഇനിയും കൈമോശം വന്നിട്ടില്ലെന്നദ്ദേഹം കാണിച്ചു. സൂപ്പര്‍ താരങ്ങളില്‍ സംഘടന രംഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ തന്നെ കഴിഞ്ഞേ വേറാരുമുള്ളു എന്ന് അദ്ദേഹം വീണ്ടും കാണിച്ചു. ഭ്രമരത്തിന് ശേഷം ലാലേട്ടന്‍ വീണ്ടും തിളങ്ങി(അത്രേം വരുമോ?)എന്ന പൊതു അഭിപ്രായം നല്‍കുന്ന ചിത്രം. ഇതിനിടയില്‍ ഞാന്‍ ഇവിടം സ്വര്‍ഗ്ഗമാണ് മാത്രമേ

കണ്ടുള്ളു എന്നത് വേറൊരു കാര്യം. ലാലേട്ടനെ ഇണ്ട്രോഡ്യൂസ് ചെയ്യുന്ന സീനിലെ മൂപ്പരുടെ ആ നില്പ് എനിക്ക് വളരെയധികം ഇഷ്ടമായി. അത് പോലെ തന്നെ പാറയിടുക്കുകള്‍ക്കിടയിലൂടെയുള്ള ക്ലൈമാക്സ് രംഗത്തിലെ സ്റ്റണ്ടും എടുത്ത് പറയേണ്ടവയാണ്.

കലാഭവന്‍ മണി, ലാലു അലക്സ്, തലൈവാസല്‍ വിജയ്, അനന്യ, സ്നേഹ, ലക്ഷമി ഗോപാലസ്വാമി, മൈഥിലി, സുരാജ്, ജഗതി, കൈലാഷ്, ബാബുനമ്പൂതിരി, കൊച്ചുപ്രേമന്‍, കണ്ണൂര്‍ ശ്രീലത, രശ്മിബോബന്‍ തുടങ്ങി ഒരു പിടി അഭിനേതാക്കള്‍ ചിത്രത്തില്‍ വന്നു പോകുന്നുണ്ട്.

ഈറ്റ വെട്ടുകാരുടെ കഥയാണെങ്കിലും, ഈറ്റ വെട്ടിന് വല്യ പ്രാമുഖ്യം നല്‍കുന്നതിന് ആരും ശ്രദ്ധ ചെലുത്തിയതായി കണ്ടില്ല. നല്ലൊരു പുഴയയുടെ തീരമായിരുന്നു ലൊക്കേഷനെങ്കിലും, നരന്‍ എന്ന ചിത്രത്തിലെ പോലെ പുഴയെ നല്ലരീതിയിലുപയോഗിക്കാനും സംവിധായകന്‍ ശ്രമിച്ചില്ലെന്ന് വേണം പറയാന്‍(ഈറ്റക്കെട്ടുകള്‍ വെള്ളത്തില്‍ ഒലിച്ച് പോകുന്നതും, ലാലേട്ടന്‍ അത് നീന്തിപിടിച്ച് കരയ്ക്കടുപ്പിക്കുന്നതും etc എടക് ;) )

മൈഥിലി എന്ന നടിയും, സ്വാഭാവികതയില്ലാതെ എങ്ങനേലും പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ഹാസ്യരംഗങ്ങളും, അഞ്ചുമിനുട്ടില്‍ ഒരു ഗാനം എന്ന റേഷിയോയും ഒഴിവാക്കിയിരുന്നെങ്കില്‍ എത്രയോ ഭേദമാകുമായിരുന്ന, ക്യാമറ(മനോജ് പിള്ള),അബ്ദുള്ള(സമുതിരകനി),ബലരാമന്‍(ലാലേട്ടന്‍) എന്നിവരുടെ പ്രകടനം കൊണ്ട് മികച്ചു നില്‍ക്കുന്ന ഒരു തരക്കേടില്ലാത്ത ചിത്രം.(ആകെ കണ്‍ഫ്യൂനായോ? :p)


വാല്‍ക്കഷ്ണം: കേരളത്തിലെ അണ്‍എക്സപ്ലോറ്ഡ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ചിറ്റാഴ(ഒറിജിനല്‍) മാറട്ടേയെന്ന് പ്രത്യാശിക്കുന്നു. അവിടെ ചെല്ലുമ്പോള്‍ ഇതെല്ലാം ക്യാമറ ടെക്നിക്ക് മാത്രമായിരുന്നു എന്ന് തോന്നിക്കരുതേ.

പറയാന്‍ വിട്ട് പോയ ഒരു കാര്യം, ഇതില്‍ എല്‍ദോ മാഷിന്റെ ഒരു ഡാന്‍സ്/സോംഗ് നമ്പറുമുണ്ട്.......
Related Posts with Thumbnails